UPDATES

വിദേശം

മലേഷ്യന്‍ വിമാനദുരന്തം വന്‍ രാഷ്ട്രീയ പ്രശ്നമാകുമ്പോള്‍

Avatar

 ടീം അഴിമുഖം

298 പേരുടെ മരണത്തിന് ഇടയാക്കി കൊണ്ട് മലേഷ്യന്‍ എയര്‍വേസ് ജെറ്റ് വിമാനം വെടിവച്ചിട്ടത് ഒഴിവാക്കാനാവാത്ത ഒരു ഭൗമ-രാഷ്ട്രീയ പ്രശ്‌നമായി വളരുകയാണ്.

സംഭവത്തെ കുറിച്ച് ഒരു സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണം ആവശ്യമാണെന്ന മുറവിളി ഉയരുന്നതിനിടയില്‍ യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി അടിയന്തിര യോഗം വിളിക്കാന്‍ ഐക്യരാഷ്ട്ര രക്ഷാസമിതി തീരുമാനിച്ചിട്ടുണ്ട്. വിമാനം തകരാനുണ്ടായ കാരണങ്ങളെ കുറിച്ച് ‘വിശദവും സുവ്യക്തവും സ്വതന്ത്രവുമായ ഒരു അന്താരാഷ്ട്ര അന്വേഷണം’ ആവശ്യപ്പെട്ടും ‘അപകടത്തിന്റെ കാരണം നിര്‍ണയിക്കുന്നതിനായി ബന്ധപ്പെട്ട കക്ഷികള്‍ സംഭവ സ്ഥലത്തേക്ക് അന്വേഷകര്‍ക്ക് ഉടനടി പ്രവേശനം നല്‍കണം’ എന്ന ആവശ്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുമുള്ള ഒരു പ്രഖ്യാപനം യുഎന്നില്‍ ബ്രിട്ടന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് രക്ഷാസമിതി ചര്‍ച്ച ചെയ്യും. അന്താരാഷ്ട്ര വ്യോമയാന മാര്‍ഗനിര്‍ദ്ദേശപ്രകാരമുള്ള അന്വേഷണത്തിനും ‘കൃത്യമായ വിശ്വാസ്യത ലഭിക്കുന്നതിനും’ വേണ്ടിയാണ് ബ്രിട്ടന്‍ ഈ പ്രഖ്യാപനം തയ്യാറാക്കിയിരിക്കുന്നതെന്ന് റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അത് പ്രകാശനം ചെയ്യുന്നതിന് മുമ്പ് സുരക്ഷാസമിതിയില്‍ 15 അംഗങ്ങളും പ്രഖ്യാപനത്തില്‍ ഒപ്പ് വയ്‌ക്കേണ്ടതുണ്ട്. ‘പൂര്‍ണവും സുതാര്യവുമായ ഒരു അന്താരാഷ്ട്ര അന്വേഷണത്തിന്റെ ആവശ്യകത നിലനില്‍ക്കുന്നു’ എന്ന് ദുരന്തത്തില്‍ തന്റെ അനുശോചനം അറിയിച്ചുകൊണ്ട് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി-മൂണ്‍ അഭിപ്രായപ്പെട്ടിരുന്നു.

മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച് 17 വിമാനം തങ്ങളുടെ വ്യോമാതിര്‍ത്തിയില്‍ വെടിവച്ചിട്ടതിനെ പറ്റി അന്വേഷണം നടത്താന്‍ യുക്രൈന് പ്രഥമിക ബാധ്യത ഉണ്ടെങ്കിലും വിശാലമായ അന്താരാഷ്ട്ര അന്വേഷണങ്ങള്‍ നടന്നതിന്റെ ചില മുന്‍മാതൃകകള്‍ നിലവിലുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ നശിപ്പിച്ചിരിക്കാം എന്ന ആശങ്ക നിലനില്‍ക്കുമ്പോഴും ഒരു ബഹുരാഷ്ട്ര അന്വേഷണം വേണമെന്നാണ് ലോക നേതാക്കള്‍ ആവശ്യപ്പെടുന്നത്. പൂര്‍ണവും സ്വതന്ത്രവുമായ അന്വേഷണം നടത്തുമെന്ന് യുക്രൈന്‍ സര്‍ക്കാര്‍ തനിക്ക് വാഗ്ദാനം നല്‍കിയതായി മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് പറഞ്ഞു. ഒരു ദുരന്ത നിവാരണ, സഹായ ടീമിനെ യുക്രൈനിലേക്ക് അയയ്ക്കാന്‍ മലേഷ്യ തീരുമാനിച്ചിട്ടുണ്ട്.

അനുശോചനം അറിയിക്കുന്നതിനും ഡച്ച് വിദഗ്ധരെ അന്വേഷണത്തില്‍ സഹായിക്കുന്നതിനായി അയയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതിനുമായി യുക്രൈന്‍ പ്രസിഡന്റ് പെട്രോ പോരോഷെന്‍കോ ഡച്ച് പ്രധാനമന്ത്രി മാര്‍ക് റൂട്ടിനെ വിളിച്ചിരുന്നന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. യുഎസ് ഭാഷ്യത്തില്‍ റഷ്യന്‍ നിര്‍മിത വിമാനവേധ മിസൈല്‍ തകര്‍ത്ത വിമാനത്തില്‍ 150ല്‍ ഏറെ ഡച്ച് പൗരന്മാര്‍ ഉണ്ടായിരുന്നതായാണ് കണക്ക്.

‘ലോകം വീക്ഷിക്കുകയാണ്,’ എന്നും ‘എന്താണ് സംഭവിച്ചതെന്നും, എന്തുകൊണ്ടാണ് സംഭവിച്ചതെന്നും നിര്‍ണയിക്കുന്നതിനായി സാധ്യമായ എല്ലാ യുഎസ് സഹായവും വാഗ്ദാനം ചെയ്യുന്നതായും’ ഒബാമ പറഞ്ഞു.

‘പൂര്‍ണവും വിശ്വാസ്യവും മുന്‍വിധികള്‍ ഇല്ലാത്തതുമായ അന്വേഷണം എത്രയും വേഗം നടത്തണം’ എന്ന് വൈറ്റ്ഹൗസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇതില്‍ യുഎന്‍, യൂറോപ്പിലെ സഹകരണത്തിനും സുരക്ഷയ്ക്കുമായുള്ള സംഘടന തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികളുടെ പങ്ക് ‘നിര്‍ണായകം’ ആണെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു. 

‘സംഭവ സ്ഥലം, അവശിഷ്ടങ്ങള്‍, ബ്ലാക് ബോക്‌സ്, ഈ ദൗര്‍ഭാഗ്യ സംഭവത്തിലേക്ക് വെളിച്ചം വീശാന്‍ കഴിയുന്ന വ്യക്തികള്‍’ എന്നിവയിലേക്ക് പൂര്‍ണ പ്രാപ്യതയുള്ള സ്വതന്ത്രവും ബഹുരാഷ്ട്ര തലത്തിലുള്ളതുമായ അന്വേഷണം വേണമെന്ന യുഎന്‍ പ്രമേയത്തിന് തന്റെ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് പാര്‍ലമെന്റില്‍ പറഞ്ഞു.

അന്താരാഷ്ട്ര വ്യോമയാന നിയമങ്ങള്‍ പ്രകാരം വിമാനം തകര്‍ന്നു വീണ രാജ്യത്തിനാണ് അവശിഷ്ടങ്ങളുടെ നിയമപരമായ അവകാശവും അന്വേഷണ ചുമതലയുടെ നേതൃത്വവും. ഈ സംഭവത്തില്‍ സ്വാഭാവികമായും ഈ ചുമതല യുക്രൈനാണ് നിര്‍വഹിക്കേണ്ടത്.

റഷ്യന്‍ അനുകൂല വിമതര്‍ക്ക് നിയന്ത്രണമുള്ള കിഴക്കന്‍ യുക്രൈനില്‍ വിമാനം തകര്‍ന്ന് വീണതിനെ കുറിച്ച് അന്വേഷണം നടത്തുന്നതിന്, മറ്റ് രാജ്യങ്ങള്‍ക്ക് യുക്രൈന്റെ അനുമതി ആവശ്യമാണ്. യുഎന്‍ സംഘടനയായ അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ അഭിപ്രായപ്രകാരം തകര്‍ന്ന് വീണ സ്ഥലത്തിന്റെയും അതിനോടനുബന്ധിച്ചുള്ള സര്‍വ സാധനങ്ങളുടെയും അധികാരം അത് സംഭവിച്ച രാജ്യത്തിന് അവകാശപ്പെട്ടതാണ്. വിമാനം രജിസ്റ്റര്‍ ചെയ്ത സ്ഥലമോ, എവിടെ നിന്ന് പറന്നുയര്‍ന്നു എന്നതോ, എങ്ങോട്ട് പറന്നുവെന്നതോ, അല്ലെങ്കില്‍ വിമാനത്തിന്റെ ആസ്ഥാനം എവിടെയാണെന്നതോ ഇവിടെ ബാധകമല്ല.മറ്റൊരാള്‍ വിമാനത്തിന്റെ ഫ്‌ളൈറ്റ് ഡാറ്റായോ, വോയ്‌സ് റെക്കോര്‍ഡറോ എന്തിന് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പോലും സംഭവ സ്ഥലത്തുനിന്നും നീക്കുന്നത് അന്താരാഷ്ട്ര ഉടമ്പടികളുടെ ലംഘനമായിരിക്കുമെന്ന് സംഘടന പറയുന്നു. അന്വേഷണ ചുമതലയുള്ള ആളെ നിയമിക്കാനുള്ള പൂര്‍ണ അധികാരം യുക്രൈനായിരിക്കും. പിന്നീട് ആ ചുമതലയുള്ള ആളാണ് അനുയോജ്യരായ മറ്റ് കക്ഷികളെ അന്വേഷണത്തില്‍ പങ്കാളികളാക്കുന്നത്. 

യഥാര്‍ത്ഥത്തില്‍ ഇത്തരത്തിലുള്ള എല്ലാ അന്വേഷണങ്ങള്‍ക്കും ഒരു ആഗോളതലമുണ്ട്. കാരണം ദുരന്തം നടന്ന രാജ്യത്തെ ഉദ്യോഗസ്ഥര്‍ക്ക് വിമാനത്തിന്റെ ആസ്ഥാന രാജ്യവുമായും വിമാനത്തിന്റെ യന്ത്രഭാഗങ്ങള്‍ നിര്‍മിച്ച രാജ്യവുമായുമൊക്കെ നിരന്തരം ബന്ധം ആവശ്യമായി വരും.

എന്നാല്‍ ചില കേസുകളില്‍ മറ്റ് രാജ്യങ്ങള്‍ നിര്‍ണായക പങ്ക് വഹിക്കേണ്ടി വരും. ഉദാഹരണത്തിന് കഴിഞ്ഞ മാര്‍ച്ചില്‍ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ തന്നെ എംഎച്ച് 370 വിമാനത്തിന്റെ കാര്യമെടുത്താല്‍ മറ്റ് രാജ്യങ്ങളുടെ വൈദഗ്ധ്യവും വിഭവങ്ങളും സാങ്കേതിക ജ്ഞാനവും സംഭവത്തിന്റെ രാഷ്ട്രീയ മാനങ്ങളും ആ അന്വേഷണത്തില്‍ ഉപയോഗിക്കപ്പെട്ടു.

റഷ്യയ്ക്ക് സംഭവത്തില്‍ എന്തെങ്കിലും ഔദ്ധ്യോഗിക പങ്കുണ്ടോ എന്നത് കൗതുകകരമായ കാര്യമാണ്. എന്നാല്‍ റഷ്യന്‍ നിര്‍മിത മിസൈലാണ് വിമാനം തകര്‍ത്തതെന്ന് സംശയം ഉയര്‍ന്നു വന്നിട്ടുണ്ട്.

സംഘര്‍ഷം നിലനില്‍ക്കുന്ന തങ്ങളുടെ പ്രദേശത്ത് യുക്രൈന് പ്രത്യേകിച്ച് നിയന്ത്രണം ഒന്നുമില്ല. റഷ്യയെ പോലെ തന്നെ മറ്റ് അന്താരാഷ്ട്ര സംഘങ്ങളും ഇവിടെ ആയുധകൈമാറ്റം നടത്തുന്നുണ്ട്. മാത്രമല്ല, വിമാനത്തില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരും ഉണ്ടായിരുന്നു. ഇതെല്ലാം ദുരന്തത്തില്‍ വലിയ ദുരൂഹത ഉയര്‍ത്തുന്നുണ്ട്. 

വീറ്റോ അധികാരമുള്ള അഞ്ചില്‍ നാല് രാജ്യങ്ങളായ റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍, യുഎസ് എന്നിവര്‍ തങ്ങളിലുള്ള ഭിന്നതകള്‍ മൂലം യുക്രൈന്‍ പ്രതിസന്ധിയില്‍ വ്യക്തമായ ഒരു തീരുമാനമെടുക്കാന്‍ ഇതുവരെ സുരക്ഷ സമിതിക്ക് സാധിച്ചിട്ടില്ലെന്ന് റോയിട്ടര്‍ ചൂണ്ടിക്കാട്ടുന്നു.

അന്വേഷണത്തില്‍ സഹകരിക്കാതിരിക്കുകയോ തങ്ങളുടെ കരാറുകള്‍ ലംഘിച്ചവരെ കൈമാറാന്‍ തയ്യാറാവാതിരിക്കുകയോ ചെയ്താല്‍ റഷ്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ രക്ഷാസമിതിയുടെയും തങ്ങളുടെ സഖ്യരാജ്യങ്ങളുടേയും സഹായം തേടാന്‍ യുക്രൈന് സാധിക്കും.

ഇത്തരം ദുരന്തങ്ങളോ ഭീകരാക്രമണങ്ങളോ നടന്നപ്പോള്‍ അന്താരാഷ്ട്ര ഇടപെടല്‍ നടന്നതിന്റെ മുന്‍മാതൃകകള്‍ ധാരാളം ഉണ്ട്. 243 യാത്രക്കാരുടെ മരണത്തിന് ഇടയാക്കിയ ലോകെര്‍ബൈ ബോംബാക്രമണത്തെ കുറിച്ച് സ്‌കോട്ടിഷ് അധികാരികളും എഫ്ബിഐയും സംയുക്തമായാണ് അന്വേഷണം നടത്തിയത്. തീവ്രവാദ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് ലിബിയന്‍ പൗരന്മാരെ കൈമാറാത്തതിന്റെ പേരില്‍ ലിബിയയ്‌ക്കെതിരെ അന്താരാഷ്ട്ര ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

അന്താരാഷ്ട്ര നിയമ പ്രകാരം രണ്ട് ചോദ്യങ്ങളാണ് പ്രസക്തം. വിമാനം വെടിവച്ചിട്ടത് യുക്രൈന്‍ വിമതസേനകള്‍ ആണോ? ആണെങ്കില്‍ അവര്‍ അത് യാത്രാ വിമാനമാണെന്ന് അറിഞ്ഞുകൊണ്ടാണോ അതോ യുദ്ധവിമാനമാണെന്ന് തെറ്റിദ്ധരിച്ചാണോ അങ്ങനെ ചെയ്തത്?

സൈനിക വിമാനമാണെന്ന് തെറ്റിധരിച്ചാവാം സംഭവത്തിലെ പ്രതികള്‍ ഇത് ചെയ്തതെന്ന നിഗമനം ശക്തമാണ്. എന്നാല്‍ തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത് സൈനിക വിമാനമാണെന്ന് ഉറപ്പ് വരുത്തുന്നതില്‍ പ്രതികള്‍ പരാജയപ്പെട്ടതിനാല്‍ ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ്. 

1988ല്‍ പേര്‍ഷ്യന്‍ കടലിടുക്കില്‍ വച്ച് അമേരിക്കന്‍ യുദ്ധക്കപ്പല്‍ ഒരു ഇറാനിയന്‍ യാത്രാ വിമാനത്തെ വെടിവച്ചിട്ട സംഭവവുമായാണ് പലരും ഇതിനെ താരതമ്യപ്പെടുത്തുന്നത്. അതൊരു സൈനിക വിമാനമാണെന്ന് യുഎസ് സേന തെറ്റിധരിച്ചു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ സംഭവത്തെ ഒരു ‘അസഹ്യ മനുഷ്യ ദുരന്തം’ എന്ന് വിശേഷിപ്പിച്ചപ്പോള്‍ അതൊരു കുറ്റകൃത്യം ആയിരുന്നു എന്ന് ഇറാന്‍ തിരിച്ചടിച്ചു. സംഭവത്തിന്റെ നിയമപരമായ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അമേരിക്ക തയ്യാറായില്ലെങ്കിലും അവര്‍ ഇറാന് നഷ്ടപരിഹാരം നല്‍കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍