UPDATES

വിദേശം

വിഘടന വാദത്തിനും വിമാന ദുരന്തത്തിനുമിടയില്‍ ഉക്രയിന്‍ നമ്മുടെ അസഹിഷ്ണുത ആകാശത്തെ തീപിടിപ്പിക്കുമ്പോള്‍

Avatar

മൈക്കല്‍ ബ്രിന്‍ബൌം
(വാഷിംഗ്ടണ്‍ പോസ്റ്റ്)

സോവിയറ്റ് കാലത്തെ ശീതീകരിച്ച ട്രെയിന്‍ കാറുകള്‍ക്ക് മരണത്തിന്റെ ദുര്‍ഗന്ധത്തെ തടഞ്ഞുനിര്‍ത്താനാവുന്നില്ല.

ഈ ചെറിയ ഉക്രെയിന്‍ പട്ടണത്തിലെ ഉറക്കംതൂങ്ങിയ വെള്ളപൂശിയ സ്റ്റേഷനില്‍, ഗോതമ്പും സൂര്യകാന്തിയും പൂത്തുവിളഞ്ഞുനില്‍ക്കുന്ന പാടങ്ങളില്‍ ചിതറിവീണ ശവങ്ങള്‍ പെറുക്കിയെടുത്ത് സൂക്ഷിച്ച ശവമുറികളായി മാറി ഈ കാറുകള്‍. മൂന്നുമാസം മുമ്പ് തുടങ്ങിയ വിഘടനവാദ പോരാട്ടം കിഴക്കന്‍ ഉക്രെയിനെ ഇതിനോടകം യുദ്ധമേഖലയാക്കി മാറ്റിയിട്ടുണ്ട്. ഒരു യാത്രാവിമാനത്തെ തകര്‍ത്തിട്ടതോടെ സംഘര്‍ഷം ആഗോളമാനം കൈവരിക്കുകയും ചെയ്തു.

യുദ്ധം ഹതാശരാക്കിയ പ്രദേശവാസികള്‍ നിരാശയോടെ തല കുലുക്കുമ്പോള്‍, ഡച്ച് ഫോറന്‍സിക് വിദഗ്ദ്ധരുടെ ഒരു സംഘം തങ്ങളുടെ കടുത്ത ചുമതലക്കായി തയ്യാറെടുക്കുകയാണ്. വിമതര്‍ ഒരു കാറിന്റെ വാതില്‍ തുറന്നതോടെ അസഹനീയമായ ദുര്‍ഗന്ധം 50 അടി അകലെ നില്‍ക്കുന്ന സാക്ഷികള്‍ക്കടുത്തുവരെ എത്തി. തങ്ങള്‍ ഭീകരവാദികളാണെന്ന് ലോകം കരുതുമെന്ന് തീവണ്ടി സ്റ്റേഷന്റെ അടുത്ത് താമസിക്കുന്ന ഒരു സ്ത്രീ പറഞ്ഞു.

മലേഷ്യന്‍ വിമാനം, എം എച്ച് 17 തകര്‍ത്തിട്ടതില്‍, 298 യാത്രക്കാരും ജീവനക്കാരും കൊല്ലപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. “മൃതദേഹങ്ങള്‍ തിരിച്ചറിയാനാകുന്ന അവസ്ഥയിലാണ് ഇപ്പൊഴും”,  ഡച്ച് സംഘത്തിന്റെ തലവന്‍ പീറ്റര്‍ വാന്‍ വ്ലിയേറ്റ് പറഞ്ഞു. എന്നാല്‍ കാലാവസ്ഥ അത്ര അനുകൂലമല്ലതാനും.

കനപ്പിച്ച മുഖവുമായി നിന്ന വിമതപോരാളികള്‍ ഡച്ച് സംഘത്തിനടുത്തേക്ക് പോകാന്‍ ആരെയും അനുവദിച്ചില്ല. അവരുടെ കയ്യിലെ ഉഗ്രന്‍ തോക്കുകള്‍ അക്കാര്യത്തില്‍ ഒരു സംവാദം അസാധ്യവുമാക്കി. ഒരാളെങ്കിലും ഒരു മുഖമ്മൂടി ധരിച്ചിരുന്നു.

“കാര്യങ്ങളാകെ കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്,” തീവണ്ടി സ്റ്റേഷന്റെ അടുത്ത് താമസിക്കുന്ന ലിലിയ പറഞ്ഞു. “ഞങ്ങള്‍ സമാധാനമായി ജീവിച്ചിരുന്നതാണ്. ഇപ്പോള്‍ ഞങ്ങള്‍ക്ക്  മനസ്സിലാക്കാന്‍ പോലും കഴിയാത്ത എന്തിന്റെയൊക്കെയോ ഭാഗമാണ് ഞങ്ങള്‍.”

ഉക്രെയിനിലെ സംഘര്‍ഷം സങ്കീര്‍ണ്ണമാണ്. ഫെബ്രുവരിയില്‍ റഷ്യന്‍ അനുകൂല പ്രസിഡണ്ട് വിക്ടര്‍ യാനുകോവിച്ചിനെ പുറത്താക്കുന്നു. മാര്‍ച്ചില്‍ റഷ്യ ക്രിമിയയെ തങ്ങളുടെ രാജ്യവുമായി കൂട്ടിച്ചേര്‍ക്കുന്നു. ഏപ്രിലില്‍ കിഴക്കന്‍ ഉക്രെയിനിലെ പ്രധാന പട്ടണങ്ങളും കെട്ടിടങ്ങളും ഒരു പ്രാദേശിക റഷ്യന്‍ അനുകൂല വിഘടനവാദികള്‍ കയ്യടക്കുന്നു. മെയ്യില്‍  അധികവും റഷ്യന്‍പൌരന്മാരായ നേതാക്കള്‍ ഇവര്‍ക്ക് പകരം വരുന്നു.

ഇപ്പോള്‍ കയ്യില്‍കിട്ടിയ എന്തു വസ്തുവും ഉപയോഗിച്ചുണ്ടാക്കിയ-റബ്ബര്‍ ടയര്‍, കോണ്‍ക്രീറ്റ് കട്ടകള്‍, ചിലയിടത്തൊക്കെ ഈ ഖനന മേഖലയില്‍ കല്‍ക്കരിക്കൂനകളും- പരിശോധനാകേന്ദ്രങ്ങളില്‍ യുദ്ധവേഷങ്ങളില്‍ വിമതപോരാളികള്‍ കാവല്‍ നില്ക്കുന്നു. ഇതൊക്കെ താത്ക്കാലിക നിര്‍മ്മാണങ്ങളാണെങ്കിലും ആയുധങ്ങള്‍ അങ്ങനെയല്ല. ആധുനിക ആയുധങ്ങളാണ് വിമതരുടെ കൈവശം.

അവരുടെ ആയുധങ്ങള്‍ നാള്‍ക്കുനാള്‍ നൂതനമാവുകയാണ്. റഷ്യ വിമതര്‍ക്ക് നല്കി എന്നു അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ആരോപിച്ച വിമാനവേദ മിസൈല്‍ സംവിധാനം ബുക് എം- 1 വരെ. വ്യാഴാഴ്ച ബോയിങ് 777-200 വിമാനത്തെ തകര്‍ത്തത് ഇത്തരമൊരു മിസൈലാണെന്ന് ഉക്രെയിനും യു എസും കരുതുന്നു.

ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന മൌറീസ് തോറെയുടെ പേരിലുള്ള ഒരു കല്‍ക്കരി ഖനന പാര്‍പ്പിട പ്രദേശം.ഒരു പലചരക്കുകട. വെള്ളപൂശിയ സ്റ്റേഷനടുത്ത്, ചുട്ടുപഴുത്ത് നിരവധി രണ്ടുനില കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍.

രണ്ടു ഡസനോളം ആയുധധാരികളായ വിമതര്‍ ഡച്ച് പരിശോധകര്‍ക്കൊപ്പം നോക്കിനിന്നു. Organization for Security and Cooperation in Europe (OSCE) സംഘവും അവര്‍ക്കൊപ്പമുണ്ട്. പരിശോധകര്‍ 5 വെള്ള SUV-കളില്‍ വിമതരുടെ അകമ്പടിയോടെ പോയി.

വിമാനം തകര്‍ന്നുവീണ പ്രധാനസ്ഥലത്ത്, ഹ്രാബോവ് നഗരത്തിനടുത്ത്, ഡോനേട്സ്കില്‍ നിന്നും 50 മൈലും, റഷ്യന്‍ അതിര്‍ത്തിയില്‍ നിന്നും 25 മൈലും അകലെ, വരണ്ട മൂകതയാണ്.

 കടുംപച്ച നിറത്തിലുള്ള ഒരു ട്രക് മുരണ്ടുകൊണ്ട് പോയി. കൂടുതല്‍ ശരീരഭാഗങ്ങള്‍ സഞ്ചിയിലാക്കി കൊണ്ടുപോവുകയാണ്.   കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, ചെരുപ്പുകള്‍ അങ്ങനെ ആ  വിമാനയാത്രികരുടെ ജീവിതത്തിന്റെ അവശേഷിപ്പുകള്‍ ആ വഴിയരികില്‍ ചിതറിക്കിടന്നു.

മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തില്‍ തങ്ങള്‍ക്ക് മതിപ്പുണ്ടെന്ന് ഡച്ച് ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. എന്നാല്‍ വിമാനാക്രമണത്തെ പറ്റി പ്രയോജനപ്രദമായ അന്വേഷണത്തിന് പറ്റുന്ന രീതിയിലാണോ സംഭവസ്ഥലം ഇപ്പോള്‍ എന്ന കാര്യത്തില്‍ അവര്‍ക്കുറപ്പില്ല.

നിഷ്പക്ഷമായ ഒരു അന്വേഷണത്തിനുള്ള  സാധ്യത മങ്ങിയതാണ്. വിമാനഭാഗങ്ങള്‍ മൈലുകളോളം ചിതറിക്കിടക്കുന്നു. പലതും ഇതിനകം ആളുകള്‍ തൊട്ടിരിക്കാം. ഒരു എഞ്ചിന്റെ ഭാഗങ്ങള്‍ കത്തിക്കരിഞ്ഞ ഒരു പ്രദേശത്ത് കിടക്കുന്നു. അതിലൂടെ ഒരു ട്രക് പോയ ചക്രപ്പാടുകള്‍. വളച്ചുകെട്ടിയ നാടകള്‍  പൊട്ടിച്ചുകളഞ്ഞു നാട്ടുകാര്‍ അതിലൂടെ നടക്കുന്നു. കോക്പിറ്റിന്റെ മൂക്ക് “ പിളരുകയോ വേറെയാക്കുകയോ ചെയ്തിട്ടുണ്ട്” എന്നാണ് OSCE വക്താവ് പറഞ്ഞത്.

സംഭവസ്ഥലത്ത് തങ്ങള്‍ ദിവസങ്ങളോളം മേല്‍നോട്ടം നടത്തി എന്നു അത്യാഹിത സന്ദര്‍ഭങ്ങള്‍ക്കുള്ള മന്ത്രാലയത്തിന്റെ ഡോനേട്സ്ക് പ്രാദേശിക കാര്യാലയം പറയുന്നു. പക്ഷേ അതിനി അവര്‍ അവസാനിപ്പിക്കുകയാണ്.

“ഇന്നാണ് അവസാന ദിവസം,” പെട്ടികളും മറ്റ് സാധനങ്ങളും ശേഖരിക്കുന്ന സ്ഥലത്തെ ഇഗോര്‍ എന്ന ജീവനക്കാരന്‍ പറഞ്ഞു. “രാത്രി മുഴുവനും ഇനിയാരും ഇരിക്കില്ല.”

ടീം അഴിമുഖം

തൊണ്ണൂറുകളുടെ അവസാനമാണ് അത് സംഭവിച്ചത്, പക്ഷെ തീയതി കൃത്യമായി ഓര്‍ക്കുന്നില്ല. എന്നാല്‍ ഈ സംഭവത്തെ കുറിച്ച് വിശ്വസനീയമായ കേന്ദ്രങ്ങള്‍ വര്‍ഷങ്ങളായി നമ്മോട് വിശദീകരിച്ചുകൊണ്ടിരിക്കുന്നു. പാകിസ്ഥാനില്‍ നിന്നും തിരിച്ചറിയാനാവാത്ത വസ്തുക്കള്‍ ഇന്ത്യയിലേക്ക് പറക്കുന്നതായി ഇന്ത്യന്‍ റഡാറുകള്‍ കണ്ടെത്തി. കിലോമീറ്ററുകളോളം നീളുന്ന ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഇവ പതിച്ചതായും സ്ഥിരീകരിക്കപ്പെട്ടു. ഈ കടന്നു കയറ്റം സുരക്ഷ ഭീതി ഉണര്‍ത്തുകയും, പട്ടാള ആസ്ഥാനത്തുനിന്നും ഒരു ഉന്നത ഉദ്യോഗസ്ഥന്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തു. വസ്തു എവിടെയാണെന്ന് നിര്‍ണയിക്കപ്പെട്ടപ്പോള്‍ അതിനടുത്തേക്ക് നീങ്ങാന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ ഒരു യുദ്ധ വിമാനത്തിന് ഉന്നത ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കി. വസ്തുവിന്റെ അടുത്തെത്തിയപ്പോള്‍ അതിനെ വെടിവയ്ക്കാന്‍ അദ്ദേഹം ഉത്തരവിട്ടു. ഭാഗ്യത്തിന് മിസൈല്‍ ലുഫ്ത്താന്‍സയുടെ യാത്ര വിമാനത്തില്‍ കൊണ്ടില്ല. അങ്ങനെ നൂറുകണക്കിന് യാത്രക്കാരെ വെടിവച്ചു എന്ന നാണക്കേടില്‍ നിന്നും ഇന്ത്യ കഷ്ടിച്ച് രക്ഷപ്പെട്ടു. പിന്നീട് ഇത് സംബന്ധിച്ച അന്വേഷണങ്ങള്‍ മൂടിവയ്ക്കപ്പെട്ടു. കടന്നുകയറ്റക്കാരനോട് സ്വയം വെളിപ്പെടുത്താന്‍ തങ്ങള്‍ ദിവസങ്ങളായി ആവശ്യപ്പെടുകയായിരുന്നു എന്ന് സംഭവവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നിരന്തരം വിശദീകരിക്കുകയും ചെയ്തു. എതായാലും ഇന്ത്യ അന്താരാഷ്ട്രതലത്തില്‍ നാണക്കേടിന് തൊട്ടടുത്തെതിയ സംഭവമായിരുന്നു ഇതെന്നാണ് യാഥാര്‍ത്ഥ്യം.

പക്ഷെ നമ്മുടെ മുന്‍നിശ്ചിതമല്ലാത്ത ആഗോളയാത്രകള്‍ക്ക് വിമാനങ്ങളെ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഇക്കാലത്ത്, അതിര്‍ത്തികള്‍ക്കപ്പുറത്ത് രാജ്യങ്ങളും സംഘടനകളും യാത്രാ വിമാനങ്ങള്‍ തകര്‍ത്തിട്ടുണ്ട്. ഭൂമിക്കും വിഭവങ്ങള്‍ക്കും അധികാരത്തിനും വേണ്ടി മനുഷ്യ സമൂഹം ആര്‍ത്തിപിടിക്കുന്ന കാലത്തിന്റെ ഒടുവിലത്തെ രക്തസാക്ഷിയാണ് കഴിഞ്ഞ ദിവസം 295 യാത്രക്കാരുമായി ഉക്രൈന്‍ അതിര്‍ത്തിയില്‍ വെടിവെച്ചു വീഴ്ത്തപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്17 വിമാനം.

മോസ്‌കോയെ അനുകൂലിക്കുന്ന വിമതര്‍ നിലത്ത് നിന്നും ഉതിര്‍ത്ത മിസൈലാണ് വിമാനം തകരാന്‍ കാരണമായതെന്ന് ഏകദേശം ഉറപ്പാണ്. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുള്ള ഉക്രൈന്‍ സര്‍ക്കാരും റഷ്യയുടെ പിന്തുണയുള്ള വിമതരും തമ്മിലുള്ള രക്തരൂക്ഷിത പോരാട്ടത്തിന് ഉക്രൈന്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ശീതയുദ്ധം ശമിച്ചിട്ടുണ്ടാവാം. എന്നാല്‍ ആഗോള അധികാരത്തിന് വേണ്ടിയുള്ള യുദ്ധങ്ങള്‍ക്ക് ഇനിയും അറുതിയായിട്ടില്ല. 

ആ പ്രദേശത്ത് വിമതര്‍ ആദ്യമായി വെടിവെച്ചിടുന്ന വിമാനമല്ല ബോയിംഗ് 777. നിഗൂഢമായ ചില പ്രത്യശാസ്ത്രങ്ങള്‍ക്ക് വേണ്ടിയോ അല്ലെങ്കില്‍ പണത്തിന് വേണ്ടിയോ തന്നെ മനുഷ്യരെ കൊല്ലാന്‍ മടിക്കാത്ത സായുധ സേനകള്‍, തീവ്രവാദികള്‍, കടന്നുകയറ്റക്കാര്‍ തുടങ്ങി നിരുത്തരവാദപരമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് വിനാശകരമായ ആയുധങ്ങള്‍ കൈമാറുന്ന പ്രവണത അവസാനിപ്പിക്കാന്‍ നമ്മുടെ ആധുനിക രാഷ്ട്രങ്ങള്‍ തയ്യാറാകാത്ത പക്ഷം ഇത് അവസാനത്തേതും ആയിരിക്കില്ല. 

ഇന്ത്യയും പാകിസ്ഥാനുമുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളെല്ലാം സായുധ സംഘടനകളെ ആയുധവല്‍ക്കരിക്കുന്ന പ്രവണത തങ്ങളുടെ രാഷ്ട്രതന്ത്രത്തിന്റെ ഭാഗമായി മാറ്റിയിരിക്കുന്നു എന്നാണ് ഈ അപകടം വ്യക്തമായി ചൂണ്ടിക്കാണിക്കുന്നത്. എല്‍ടിടിഎ സൃഷ്ടിക്കുന്നതില്‍ ഒരു പങ്കും ഇല്ലായിരുന്നു എന്ന് ഇന്ത്യയ്ക്ക് അവകാശപ്പെടാനാവുമോ? കാശ്മീര്‍ തീവ്രവാദികളെയും സിഖ് വിഘടനവാദികളെയും താലിബാനെയും സൃഷ്ടിച്ചതിലുള്ള പങ്ക് പാകിസ്ഥാന് നിഷേധിക്കാനാവുമോ?

കൊല്ലുന്ന വിമതര്‍
രാജ്യങ്ങള്‍ ഇത്തരം പാമ്പുകള്‍ക്ക് പാല് കൊടുക്കുന്നതിന്റെ നൈരന്തര്യമാണ് ആധുനിക ചരിത്രം. 1970 കളുടെ അവസാനം കാബൂള്‍ കീഴടക്കിയ സോവിയറ്റ് യൂണിയനെ നേരിടുന്നതിനായി അഫ്ഗാനിസ്ഥാനിലെ മുസ്ലീം വിമതര്‍ക്ക് യുഎസ് ആയുധങ്ങള്‍ വിതരണം ചെയ്തു. സ്വന്തം തോളിലുറപ്പിച്ച് വിമാനങ്ങളും ഹെലികോപ്ടറുകളും വെടിവച്ചിടാന്‍ വിമതരെ സഹായിക്കുന്ന അസാമാന്യ പ്രഹരശേഷിയുള്ള സ്റ്റിംഗര്‍ മിസൈലുകളായിരുന്നു ഇവയില്‍ പ്രധാനം. ഇങ്ങനെ നിരവധി സോവിയറ്റ് വിമാനങ്ങള്‍ വെടിവച്ചിടപ്പെട്ടു. പല സ്റ്റിംഗര്‍ മിസൈലുകളും ഇപ്പോഴും എവിടെയാണെന്നറിയില്ല. അന്താരാഷ്ട്ര വ്യോമയാനത്തിന് ഇപ്പോഴും വലിയ സുരക്ഷ ഭീഷണിയായി ഇത് നിലനില്‍ക്കുന്നു.

സോവിയറ്റ് സേനയ്‌ക്കെതിരെ അമേരിക്ക പരിശീലിപ്പിച്ച ചാവേറുകളില്‍ ഒസാമ ബിന്‍ ലാദന്‍ എന്നൊരാളും ഉണ്ടായിരുന്നു. തന്റെ ആദ്യ ഉടമകള്‍ക്ക് എന്ത് സമ്മാനം നല്‍കിയാണ് അയാള്‍ ഒടുങ്ങിയതെന്നത് ചരിത്രപാഠം.

1998 ഒക്ടോബര്‍ 20ന് കലാപബാധിത കോംഗോയില്‍ 40 യാത്രക്കാരുമായി സഞ്ചരിച്ച ഒരു ജറ്റ് വിമാനം വിമതര്‍ വെടിവച്ചിട്ടു. എണ്ണ മുതല്‍ രത്‌നങ്ങള്‍ വരെയുള്ളവയുടെ വേട്ടയ്ക്കായുള്ള പാശ്ചാത്യ വന്‍കിട കമ്പനികളുടെ ദുരയ്ക്കും ഒരു പരിധിവരെ മനുഷ്യസഹജമായ വര്‍ണ, അധികാര യുദ്ധങ്ങളുടെ ആഫ്രിക്കന്‍ വൈരുദ്ധ്യങ്ങള്‍ക്കും ബലിയാവുകയായിരുന്നു കോംഗോ എയര്‍ലൈന്‍സും അതിലെ 40 യാത്രക്കാരും.

1993 സപ്തംബറില്‍ ജോര്‍ജിയയിലെ അബ്ഘാസ്യന്‍ വിമതര്‍ രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ രണ്ട് വിമാനങ്ങള്‍ വെടിവച്ചിട്ടു. ആദ്യത്തെ സംഭവത്തില്‍ 28 പേരും സപ്തംബര്‍ 22ന് നടന്ന രണ്ടാമത്തെ സംഭവത്തില്‍ 80 പേരും കൊല്ലപ്പെട്ടു.

1988 ഏപ്രില്‍ പത്തിന് അഫ്ഗാന്‍ വിമതര്‍, സ്റ്റിംഗര്‍ മിസൈല്‍ എന്ന് വിശ്വസിക്കപ്പെടുന്ന ആയുധം ഉപയോഗിച്ച് സോവിയറ്റ് വിമാനം വെടിവച്ചിട്ടു. തൊട്ടുടുത്ത വര്‍ഷം സോവിയറ്റ് യൂണിയന്‍ അപമാനിതരായി കാബൂള്‍ വിടുകയും, കമ്മ്യൂണിസം തകരുകയും, ബര്‍ലിന്‍ മതില്‍ ഇടിഞ്ഞു വീഴുകയും, ശീതയുദ്ധം അവസാനിക്കുകയും ചെയ്തു. എന്നാല്‍, യുഎസ്-സൗദി-പാകിസ്ഥാന്‍ ത്രിമൂര്‍ത്തികള്‍ ഊട്ടി വളര്‍ത്തുകയും ധനസഹായം നല്‍കുകയും ചെയ്ത മുസ്ലീം തീവ്രവാദം തഴച്ചുവളര്‍ന്നു. നമ്മുടെ ജീവിതങ്ങളെ എല്ലാക്കാലത്തേക്കും മാറ്റി മറിച്ച താലിബാന്‍, അല്‍ഖ്വയ്ദ തുടങ്ങിയ സംഘടനകളുടെ സൃഷ്ടിയുമായി അവര്‍ മുന്നേറി. 


ടൊറൊന്‍റോയിലെ കനിഷ്ക വിമാന ദുരന്ത സ്മാരകം

കാനഡയിലെ സിഖ് തീവ്രവാദികള്‍ സ്ഥാപിച്ച ബോംബ് സമുദ്രനിരപ്പില്‍ നിന്നും 31,000 അടി ഉയരത്തില്‍ വച്ച് അഗ്നിഗോളമാക്കിയ എമ്പയര്‍ കനിഷ്‌കയുടെ ദുരന്തം ഇന്ത്യയ്ക്ക് തീര്‍ച്ചയായും മറക്കാനാവില്ല. 182 യാത്രക്കാരുടെ ജീവനാണ് അന്ന് പൊലിഞ്ഞത്. മോണ്‍ട്രിയലില്‍ നിന്നും ലണ്ടന്‍ വഴി ദില്ലിയിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. 1985 ജൂണ്‍ 23ന് പാതിവഴിയില്‍ വച്ചുണ്ടായ ദുരന്തത്തില്‍ വിമാനം ചാമ്പലായപ്പോള്‍, നമ്മുടെ ഭരണാധികാരികളുടെ വൃത്തികെട്ട രാഷ്ട്രീയ കളികള്‍ നമ്മെ വേട്ടയാടി. സിഖ് വിമതര്‍ക്ക് ആദ്യം പിന്തുണ നല്‍കിയത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. പിന്നീട് അത് കോണ്‍ഗ്രസിനോട് എന്താണ് ചെയ്തതെന്ന് നമ്മള്‍ കണ്ടതാണ്.

കൊല്ലുന്ന സര്‍ക്കാരുകള്‍
നിരപരാധികളുമായി സഞ്ചരിക്കുന്ന വിമാനങ്ങള്‍ വെടിവച്ചിടുന്നത് സായുധ വിമതര്‍ മാത്രമല്ല. വികസന വിസ്‌ഫോടനത്തിന്റെ ഈ കാലത്തെ ഭരിക്കുന്ന അസ്വസ്ഥതകളുടേയും സംശയങ്ങളുടേയും പ്രദര്‍ശനമെന്നോണം രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ വഹിക്കുന്ന പങ്കും പരാമര്‍ശ വിധേയമാണ്. 1988 ജൂലൈ മൂന്നിന് അമേരിക്കന്‍ യുദ്ധക്കപ്പലായ വിനസെന്നീസ് പേര്‍ഷ്യന്‍ ഗള്‍ഫില്‍ വച്ച് ഒരു ഇറാനിയന്‍ യാത്രാവിമാനം വെടിവച്ചിട്ടു. പിന്നീട് അതൊരു യുദ്ധ വിമാനമാണെന്ന് തങ്ങള്‍ തെറ്റിധരിച്ചതായി കുറ്റസമ്മതം വന്നു. ഇറാന്‍-ഇറാഖ് യുദ്ധം നടന്നിരുന്ന അക്കാലത്ത്, ഇറാഖിനെ പിന്തുണച്ചുകൊണ്ട് പ്രദേശത്ത് തങ്ങളുടേതായ രാഷ്ട്രീയ കളികളില്‍ മുഴുകിയിരിക്കുകയായിരുന്നു അമേരിക്ക.

ശീതയുദ്ധത്തിന്റെ മൂര്‍ദ്ധന്യകാലമായിരുന്ന 1983 സപ്തംബര്‍ ഒന്നിന്, അമേരിക്കയില്‍ നിന്നും സോളിലേക്ക് പറക്കുകയായിരുന്ന കൊറിയന്‍ എയര്‍ലൈന്‍സ് വിമാനം സഖാലിന്‍ ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തുവച്ച് സോവിയറ്റ് യൂണിയന്‍ വെടിവച്ചിട്ടുണ്ട്. മേജര്‍ ജെന്നാഡി ഓസിപോവിച്ച് വിക്ഷേപിച്ച മിസൈല്‍ കവര്‍ന്നത് വിമാനത്തിലുണ്ടായിരുന്ന 269 പേരുടെ ജീവനാണ്.  

1978 ഏപ്രില്‍ 28ന് 110 ആളുകളുമായി പറക്കുകയായിരുന്ന മറ്റൊരു ദക്ഷിണ കൊറിയന്‍ വിമാനത്തെ സോവിയറ്റ് യുദ്ധവിമാനം ആക്രമിക്കുകയും മുര്‍മാനസക്കിന് സമീപമുള്ള തണുത്തുറഞ്ഞ തടാകത്തില്‍ ഇറക്കാന്‍ നിര്‍ബന്ധിതമാക്കുകയും ചെയ്തു. ഭാഗ്യത്തിന് സംഭവത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ ജീവഹാനി സംഭവിച്ചുള്ളു.

1973 ഫെബ്രുവരി 21ന് ട്രിപ്പോളിയില്‍ നിന്നും കെയ്‌റോയിലേക്ക് പോകുകയായിരുന്ന ലിബിയന്‍ എയര്‍ലൈന്‍സ് വിമാനം 114 പെട്ടെന്ന് ദിശമാറുകയും സുയസ് കനാല്‍ കടന്ന് ഇസ്രായേലിന്റെ അധീനതയിലുള്ള സിനായ് മരുഭൂമിയില്‍ എത്തപ്പെടുകയും ചെയ്തു. അന്ത്യനിമിഷങ്ങളില്‍ എന്താണ് സംഭവിച്ചതെന്ന് പുറം ലോകം അറിഞ്ഞില്ലെങ്കിലും വിമാനം തകര്‍ന്ന് 108 യാത്രക്കാര്‍ മരിച്ചത് മാത്രം വാര്‍ത്തയായി. അഞ്ച് പേര്‍ക്ക് ജീവന്‍ തിരിച്ചുകിട്ടി.

നമുക്ക് പറന്നേ മതിയാവൂ
ഒരു വിമാനത്താവളം സന്ദര്‍ശിക്കാത്ത ഒരാള്‍ പോലും ഇത് വായിക്കുന്നുണ്ടാവില്ല. അകലെ ആകാശത്ത് കാണുന്ന വിമാനങ്ങളുടെ ചെറു ബിന്ദുക്കള്‍ ആകര്‍ഷിക്കാത്ത മനുഷ്യജീവികള്‍ ഉണ്ടാവില്ല തന്നെ. സ്വപ്‌നങ്ങളുമായും നിരാശകളുമായും അലക്ഷ്യയാത്രാ പദ്ധതികളുമായും ചെക്കിന്‍ ചെയ്യാന്‍ നില്‍ക്കുന്ന എത്ര മുഖങ്ങളാണ് തിരക്കേറിയ വിമാനത്താവളങ്ങളില്‍ നമുക്ക് കണ്ടെത്താനാവുക. 

നമ്മുടെ വിമാനത്താവളങ്ങളില്‍ ഭാഗ്യങ്ങളും മെച്ചപ്പെട്ട ഭാവി ജീവിതവുമായി വന്നിറങ്ങുന്ന അത്തരം സ്ത്രീകളുടെയും പുരുഷന്മാരുടെയും നിശ്ചയദാര്‍ഢ്യമാണ് ആധുനിക ജീവിതത്തിന്റെ മുഖമുദ്ര. വിവിധ വിമാനങ്ങളില്‍ ദൈനംദിനം സഞ്ചരിക്കുന്ന നമ്മുടെ യുവജനങ്ങളുടെ ആഗ്രഹങ്ങളാണ് ആധുനിക മനുഷ്യജീവിതത്തിന്റെ മുദ്രണം.

കഴിഞ്ഞ നൂറ് വര്‍ഷത്തെ നമ്മുടെ ജീവിതത്തെ ബിംബവല്‍ക്കരിക്കുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അത് വ്യോമയാനമാണ്. 1903ല്‍ റൈറ്റ് സഹോദരന്മാര്‍ ആദ്യമായി പറന്നതിന് ശേഷം നമ്മള്‍ വിമാനങ്ങളിലും ജറ്റുകളിലും വൈദഗ്ധ്യം നേടുകയും നമ്മുടെ ആകാശങ്ങളുടെ പരിധി വിട്ട് നമ്മള്‍ സഞ്ചരിക്കുകയും ചെയ്തു. വളരെ പെട്ടെന്ന് ഒരു ദിവസം നമ്മള്‍ ചക്രവാളസീമകളില്‍ അന്യഗ്രഹ ജീവികളെ കണ്ടു എന്നുവരും. 


മലേഷ്യന്‍ വിമാനം തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഉക്രെയിന്‍ ആകാശത്ത് നിന്ന്‍ വഴിമാറി പറക്കുന്ന വിമാനങ്ങള്‍

നമ്മുടെ സ്വപ്‌നങ്ങളുടെയും ആഗ്രഹങ്ങളുടെയും വളര്‍ച്ചയുടേയും ആത്യന്തികബിംബം അങ്ങനെ ആകാശയാത്രയായി മാറി.അതുകൊണ്ട് തന്നെ നമ്മുടെ വിമാനങ്ങള്‍ ആകാശങ്ങളില്‍ സുരക്ഷിതമാണെന്നും ഭൂമിയിലെ വിദ്വേഷങ്ങളില്‍ നിന്നും അവ മുക്തമാണെന്നും ഉറപ്പുവരുത്താന്‍ സര്‍ക്കാരുകളും വിമതരും നമ്മള്‍ ഓരോരുത്തരും തയ്യാറാവണം.

നമ്മുടെ സ്വപ്‌നങ്ങളിലെ സുവര്‍ണ നഗരികളിലേക്ക്, പര്യവേഷണം നടത്തപ്പെടാത്ത ലോകത്തിന്റെ വിദൂര കോണുകളിലേക്ക്, 600 വര്‍ഷം മുമ്പ് യൂറോപ്യന്മാര്‍ സഞ്ചരിച്ചത് പോലെ പ്രപഞ്ചത്തിന്റെ അനന്തകോണുകളിലേക്ക് നമുക്ക് പറക്കേണ്ടിയിരിക്കുന്നു. പുതിയ ലോകങ്ങളും ജീവിതങ്ങളും നമ്മെ കാത്തിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍