UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അസ്ഥിയിലകള്‍ കൊണ്ടു തുന്നിയ ജീവിതം

Avatar

ടാന്നര്‍ കോള്‍ബി
(സ്ലേറ്റ്)

മനോഹരമായ ഒരു വേനല്‍ പകലായിരുന്നു അത്. എന്റെ വീട്ടിലെ ഓഫീസ് മുറിയിലിരുന്ന് ഫേസ്ബുക്ക് നോക്കുകയായിരുന്നു. പെട്ടെന്നാണ് തലക്കെട്ടുകളുടെ ഒരു പ്രളയം ഉണ്ടായത്. അധികം വൈകും മുന്‍പ് ഞാന്‍ നാളുകളായി കേള്‍ക്കാതിരുന്ന പാട്ടുകള്‍ വീണ്ടും കേള്‍ക്കാന്‍ തുടങ്ങി. അന്ന് ഉച്ചതിരിഞ്ഞ് മുഴുവന്‍ ഞാന്‍ ആ പാട്ടുകള്‍ കേട്ടുകൊണ്ടേയിരുന്നു. താഴെ കടന്നുപോകുന്ന വണ്ടികളില്‍ നിന്നും ജനലുകള്‍ തുറന്നുകിടന്നിരുന്ന വീടുകളില്‍ നിന്നും ഇത് തന്നെയാണ് കേട്ടിരുന്നത്.

 

അഞ്ചുവര്‍ഷം മുന്‍പ് മൈക്കല്‍ ജാക്സണ്‍ മരിച്ച ദിവസത്തെ വാര്‍ത്ത കേട്ടത് എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാകും. ഉറക്കമില്ലായ്മ മാറ്റാന്‍ വേണ്ടി ഏതോ അനസ്തെറ്റിക്ക് മരുന്ന് കഴിച്ചായിരുന്നു മരണം. സ്നേഹവും നൊസ്റ്റാള്‍ജിയയും ഒക്കെ ഉണ്ടായിരുന്നെങ്കിലും നമ്മള്‍ ഓര്‍മ്മിക്കുന്ന ഈ മനുഷ്യനെ ആര്‍ക്കും അറിയുമായിരുന്നില്ല. പൊതുജനത്തിന് അവസാനവര്‍ഷങ്ങളിലെങ്കിലും മൈക്കല്‍ ജാക്സണ്‍ ഒരു വ്യക്തിപോലുമായിരുന്നില്ല, ഒരു ടാബ്ലോയിഡ് കാര്‍ട്ടൂണ്‍ ആയിരുന്നു, മയക്കുമരുന്നുകാരന്‍ മൈക്കല്‍ ജാക്സണ്‍. ആളുകള്‍ വേഗത്തില്‍ എഴുതിവിട്ട മരണാന്തരക്കുറിപ്പുകള്‍ എല്ലാം തന്നെ പ്ലാസ്റ്റിക് സര്‍ജറിയെപ്പറ്റിയും ഭ്രാന്തമായ സ്വഭാവങ്ങളെപ്പറ്റിയും കുട്ടികളെ പീടിപ്പിച്ചുവോ ഇല്ലയോ എന്ന അഭ്യൂഹങ്ങളെപ്പറ്റിയും ഒക്കെയായിരുന്നു. പുകഴ്ത്തലിന്റെ ഓരോ വാക്കിലും ഒരു ഇകഴ്ത്തലിന്റെ അടിക്കുറിപ്പ് ചേര്‍ത്തിരുന്നു. നമ്മള്‍ വിലപിച്ചത് യുവാവായ ഒരു തവിട്ടുപയ്യന്‍ ഒരു ദുരന്തകഥാപാത്രമായി മാറിയത് ഓര്‍ത്തിട്ടാണ്. നമ്മള്‍ ആ മനുഷ്യനെയോര്ത്തല്ല വിലപിച്ചത്.

 

ഇന്ന് നമ്മള്‍ ജാക്സന്റെ ജീവിതത്തെപ്പറ്റി ചിന്തിക്കുമ്പോഴും പാട്ടുകളെ ഒരു കള്ളിയിലും സ്വകാര്യജീവിതത്തെ വേറൊരു കള്ളിയിലും നിക്ഷേപിച്ച് അതേപ്പറ്റിയൊന്നും കൂടുതല്‍ സംസാരിക്കാതിരിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ രണ്ടുവര്‍ഷം മുന്‍പ് എനിക്ക് ഇതില്‍ നിന്ന് മാറിനടക്കേണ്ടിവന്നു. ജാക്സന്റെ സെക്യൂരിറ്റി ടീമിലുള്ള ബില്‍ വിറ്റ്ഫീല്‍ഡും ജേവന്‍ ബിയെര്‍ഡും ജാക്സന്റെ അവസാനദിവസങ്ങളെപ്പറ്റി ഒരു പുസ്തകമെഴുതാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. ലാസ്വേഗാസിലെ ഒരു വാടകമാളികയുടെ മതില്‍ക്കെട്ടിനുള്ളില്‍ സ്പോട്ട് ലൈറ്റില്‍ നിന്ന് അകന്നുമാറിയുള്ള ജീവിതം. ഒരു അബ്സ്ട്രാക്ഷന്‍ ഉപയോഗിച്ചു ഒരു ജീവിതമെഴുതാന്‍ കഴിയില്ല. ദശാബ്ദങ്ങള്‍ കൊണ്ട് ഉണ്ടായ കെട്ടുകഥകളില്‍ നിന്നും നുണകളില്‍ നിന്നും ഒരു മനുഷ്യനെ വേര്‍തിരിച്ചെടുക്കുകയാണ് ചെയ്യേണ്ടത്. ഏറ്റവും ആവശ്യമായി വേണ്ടത് സഹാനുഭൂതിയാണ്. മൈക്കല്‍ജാക്സനെപ്പറ്റി ഇതുവരെ എഴുതപ്പെട്ട ഒന്നിലും ഇല്ലാത്തതും അതുതന്നെ. നമ്മള്‍ അയാളെ പുകഴ്ത്തും, വില്ലനാക്കും, സഹതപിക്കും, അയാളുടെ രൂപമെടുത്ത് നമ്മള്‍ ലിംഗ-വര്‍ഗ പഠനങ്ങള്‍ നടത്തും. ഇതൊക്കെ ചെയ്താലും ഇങ്ങനെ ഒരാളെ മനസിലാക്കാന്‍ മാത്രം ആരും ശ്രമിക്കാറില്ല.

 

മൈക്കല്‍ ജാക്സണ്‍ എന്ന മനുഷ്യന്‍ എന്നത് ഇപ്പോഴും ഒരു പരിഷ്കരണആശയമായി നിലനില്‍ക്കുകയാണ്. എന്നാല്‍ ഈ പുസ്തകം എഴുതുന്നതിനിടെയാണ് ഞാന്‍ ആ മനുഷ്യനെ അറിയുന്നത്. ബില്ലിന്റെയും ജേവനിന്റെയും കണ്ണുകളിലൂടെ ഞാന്‍ ജാക്സണ്‍ എന്ന മനുഷ്യന്റെ ദൈനംദിനജീവിതം അറിഞ്ഞു. കുട്ടികളുടെ ഹോംവര്‍ക്ക് ചെയ്യാന്‍ സഹായിക്കുന്ന, അവരുടെയൊപ്പം ബാസ്ക്കറ്റ്ബോള്‍ കളിക്കുന്ന അച്ഛന്‍. ഭ്രാന്തമായ സ്വഭാവങ്ങള്‍ അദ്ദേഹത്തിനുണ്ടായിരുന്നു എന്നത് ശരിയാണ്, എന്നാല്‍ അതിനെ അതിന്റെ സന്ദര്‍ഭത്തില്‍ ആലോചിച്ചാല്‍ അതിനെ മനസിലാക്കാന്‍ കഴിയും. മൈക്കല്‍ ജാക്സണ്‍ എന്തിന് ചില തീരുമാനങ്ങള്‍ എടുത്തു എന്ന് എനിക്കറിയാന്‍ കഴിഞ്ഞു.

 

 

പീഡനകഥകളാണ് ഏറെയുള്ളത്. എന്നാല്‍ അതെപ്പറ്റി കൂടുതല്‍ പഠിച്ചപ്പോഴാണ് ഈ ആരോപണങ്ങള്‍ വെറും കപടആരോപണങ്ങള്‍ മാത്രമാണ് എന്നെനിക്ക് മനസിലായത്. ജാക്സന് എതിരെയുള്ള ആരോപണങ്ങള്‍ ജൂറി അംഗങ്ങള്‍ നിരസിച്ചതാണ്. ഒരു ഇന്റര്‍നെറ്റ് കണക്ഷനും അഞ്ചുമിനുറ്റ് സമയവുമുള്ള ആര്‍ക്കും ഇത് കാണാവുന്നതാണ്. എന്നിട്ടും ജാകസന്റെ നിഷ്കളങ്കത ഒരു ചോദ്യമാണ്. ജാക്സനെ പറ്റിയുള്ള കഥകള്‍ അവസാനിക്കുന്നില്ല.

  

ജാക്സണ്‍ വ്യത്യസ്തനായിരുന്നു എന്നതാണ് ഇതിന്റെ കാരണം. അയാളുടെ പ്രവര്‍ത്തികള്‍ സാമ്പ്രദായികചട്ടക്കൂടിന് വെളിയിലായിരുന്നു. ആളുകള്‍ക്ക് ജാക്സനെ മനസിലാക്കണമെങ്കില്‍ ഒരു സന്ദര്‍ഭവും ഒരു സാഹചര്യവും വേണം. മനുഷ്യര്‍ കഥകള്‍ പറയുന്നവരാണ്. വസ്തുതകളെ ഒരു കഥയുടെ രൂപത്തില്‍ പറയുന്നത് നമ്മുടെ സ്വഭാവമാണ്. ജാക്സനെ പറ്റിയുള്ള കഥകള്‍ പറഞ്ഞത് ടാബ്ലോയിഡ് പത്രങ്ങളാണ്. എല്ലാവരും അത് സ്വീകരിക്കുകയും ചെയ്തു. ജീനിയസായ ഒരു യുവാവിനെ ഒരു വിചിത്രസ്വഭാവിയും പോരെങ്കില്‍ ഒരു ക്രിമിനലുമായാണ് ആളുകള്‍ കണ്ടത്. ആ കഥമാത്രമാണ് നമുക്ക് അറിവുള്ളത്. അതിനെ എതിര്‍ക്കാന്‍ പറ്റിയ തൃപ്തികരമായ എതിര്‍കഥകള്‍ ഉണ്ടായിട്ടുമില്ല. അയാള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞിട്ട് നാളുകള്‍ക്ക് ശേഷവും മറ്റൊരു സത്യം ഈ നുണകളുടെ സ്ഥാനത്ത് വന്നിട്ടില്ല. അതാണ്‌ പ്രശ്നം. പുതിയൊരു സത്യം ഇല്ലാത്ത അവസ്ഥയില്‍ ആളുകള്‍ക്ക് അയാളെപ്പറ്റി എന്തും പറയാം. ഒന്നെങ്കില്‍ സീരിയല്‍ ബാലപീഡകനായോ അല്ലെങ്കില്‍ കന്യകനായ ആണ്‍കുട്ടിയായോ കാണാം. ഇത് രണ്ടുമായും കാണാം.

 

മൈക്കല്‍ ജാക്സണ് കുറച്ചുകൂടി സത്യസന്ധമായ ഒരു ജീവിതകഥ ഉണ്ടാകേണ്ടതാണ്. സ്വന്തം കഥ നന്നായി അവതരിപ്പിക്കപ്പെടല്‍ അയാള്‍ അര്‍ഹിക്കുന്നുണ്ട്. അഞ്ചുവര്‍ഷം കഴിഞ്ഞ് ആ മരണത്തെ നമ്മള്‍ തിരിഞ്ഞുനോക്കുമ്പോള്‍ അയാളെപ്പറ്റി അറിയാവുന്നതെല്ലാം നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. ജാക്സണ്‍ പറഞ്ഞ ഏറ്റവും നടുക്കുന്ന വാചകം ഇതായിരിക്കും: “ഞാന്‍ പീറ്റര്‍ പാനാണ്.”, മാര്‍ട്ടിന്‍ ബഷീറിന്റെ 2003-ലെ ഡോക്യുമെന്ടറിയായ ലിവിംഗ് വിത്ത്‌ മൈക്കല്‍ ജാക്സണിലാണ് ഇത് പറയുനത്.  ഞാന്‍ പീറ്റര്‍ പാനാണ് എന്ന് ജാക്സണ്‍ പറയുമ്പോള്‍ ജാക്സനെ ഒരു മനോരോഗിയായി ചിത്രീകരിക്കാനാണ് ബഷീര്‍ ശ്രമിച്ചത്. ഒരു ഭ്രാന്തനായി സ്വയം ജാക്സണ്‍ തന്നെ മനസിലാക്കുന്നു എന്നാണ് ആ ഡോക്യുമെന്ടറി തന്ന ചിത്രം- അങ്ങനെയൊരാള്‍ക്ക് ഒരു കുറ്റവാളിയാകാതിരിക്കാന്‍ കഴിയില്ല എന്ന് ആളുകള്‍ കരുതിയത് സ്വാഭാവികം.

 

എന്നാല്‍ ജാക്സനെയും പീറ്റര്‍ പാനെയും തെറ്റായി മനസിലാക്കിയതിലൂടെയാണ് ഇങ്ങനെയൊരു ധാരണയുണ്ടായത്. മൈക്കല്‍ ജാക്സണ്‍ മറ്റുപലതുമായിരുന്നു. ഗഹനമായ വായനയുള്ള ഒരാളായിരുന്നു അയാള്‍. പുസ്തകക്കടകളില്‍ പാതിരാത്രി സന്ദര്‍ശനങ്ങള്‍ നടത്തുന്ന അയാള്‍ അയ്യായിരം ഡോളറിനുള്ള പുസ്തകങ്ങള്‍ ഒരോ തവണയും വാങ്ങിയിരുന്നു. ചരിത്രം, കല, ശാസ്ത്രം, മതം, ഫിലോസഫി എന്നിങ്ങനെ പല വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ വീട്ടിലിരുന്ന് ജാക്സണ്‍ വായിച്ചുതീര്‍ത്തിരുന്നു. വീടുവിട്ടുപോകാന്‍ കഴിയാത്തത്ര പ്രശസ്തനായ, ഒരു ഉറക്കമില്ലാത്തയാളാണ് നിങ്ങളെങ്കില്‍ നിങ്ങളും വായിക്കും. ജാകസന്റെ പീറ്റര്‍ പാന്‍ പ്രേമത്തിന്റെ കാരണം ഡിസ്നിയുടെ സിനിമ മാത്രമല്ല മറിച്ച് ജെഎം ബാരിയുടെ ഒറിജിനല്‍ നാടകമാണ്. അതിന്റെ വിന്റെജ് എഡിഷനുകള്‍ ജാക്സണ്‍ തന്റെ പുസ്തകശേഖരത്തില്‍ ചേര്‍ത്തിരുന്നു.

 

ബാരിയുടെ കഥയിലെ പീറ്റര്‍ പാന്‍ വ്യത്യസ്തനാണ്. വളരാന്‍ കഴിയാത്തതുകൊണ്ട് അനശ്വരവര്‍ത്തമാനകാലത്തില്‍ പെട്ടുപോയ ആളാണ്‌ പീറ്റര്‍പാന്‍. പരിണതഫലങ്ങളില്ലാത്ത ജീവിതമാണ് പീറ്റര്‍ പാനിന്റെത്. അയാള്‍ക്ക് ഓര്‍മ്മയില്ല, തന്റെ പ്രവര്‍ത്തികള്‍ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് അറിയില്ല. മറ്റുള്ളവരുമായി പൂര്‍ണ്ണമായ സഹാനുഭൂതി അയാള്‍ക്ക് സാധ്യമല്ല. അയാള്‍ തനിച്ചാണ്. യാഥാര്‍ഥ്യത്തില്‍ നിന്ന് വിട്ടുമാറിയ നെവര്‍ലാന്‍ഡ് എന്ന ദ്വീപാണ് പീറ്റര്‍ പാനിന്റെ വീട് എന്നതില്‍ അത്ഭുതമില്ല. ഒരിക്കലും എത്താന്‍ കഴിയാത്ത ഒരിടമാണ് അത്.

 

എല്ലാ മികച്ച ബാലസാഹിത്യവും പോലെ പീറ്റര്‍ പാനും വളരെ ഇരുണ്ട ഒരു കൃതിയാണ്. ഒരാള്‍ക്ക് ഒരു കുട്ടിയെ നഷ്ടപ്പെട്ടു എന്ന് പറയുമ്പോള്‍ നാം എന്താണ് മനസിലാക്കുന്നത്? ആ കുട്ടി മരിച്ചുവെന്നാണ്. അതാണ്‌ ഈ കഥയിലെ നഷ്ടപ്പെട്ട കുട്ടികള്‍. മറ്റൊരു ലോകത്തിലെത്തുന്നതിനുമുന്‍പ് തൊട്ടിലുകളില്‍ നിന്ന് തട്ടിയെടുക്കപ്പെട്ട ആത്മാക്കള്‍. പീറ്റര്‍ പാനിന്റെ വേഷവും പച്ചക്കുപ്പായമല്ല. കഥയില്‍ അസ്ഥിയിലകള്‍ കൊണ്ട് തുന്നിയ കുപ്പായം എന്നാണ് പറയുന്നത്. അതിന്റെ ധ്വനി കാണാതിരിക്കാനാകില്ല. നെവര്‍ലാന്‍ഡും നഷ്ടപ്പെട്ട കുട്ടികളും പാനും എല്ലാം മരണത്തെ പ്രതിനിധീകരിക്കുന്നു. തമാശയായി തോന്നുമെങ്കിലും എന്നും കുട്ടിയായി ഇരിക്കുക, വളരാതെയിരിക്കുക എന്നാല്‍ മരിച്ചുപോവുക എന്നാണ് അര്‍ഥം. തമാശകളുമായി പകല്‍ കടന്നുപോകുന്നെങ്കിലും പാനിന്റെ രാത്രികള്‍ പേടിസ്വപ്നങ്ങളുടെതാണ്. പാനിനെ ആര്‍ക്കും ആശ്വസിപ്പിക്കാനാകില്ല.

 

ഞാന്‍ പീറ്റര്‍പാനാണ് എന്ന് മൈക്കിള്‍ ജാക്സണ്‍ പറഞ്ഞപ്പോള്‍ താന്‍ ഒരു കാര്‍ട്ടൂണ്‍ ആണ് എന്നായിരിക്കില്ല ജാക്സണ്‍ പറഞ്ഞത്. ഈ തെറ്റിദ്ധാരണകളുടെ ഒരു ദുരന്തം അത് യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ആളുകളുടെ ശ്രദ്ധ തിരിച്ചുവന്നതാണ്. തെറ്റായൊന്നും ജാക്സണ്‍ ചെയ്തില്ല എന്ന് വിചാരണസമയത്ത് ഒരു കൂട്ടം സാക്ഷികള്‍ പറയുന്നുണ്ട്. അവര്‍ വെറും സുഹൃത്തുക്കളായിരുന്നു എന്നാണ് അവര്‍ പറയുന്നത്. ജാകസന്റെ കുട്ടികളുമായുള്ള ബന്ധം എന്തെങ്കിലും പ്രശ്നങ്ങള്‍ ഉള്ളതാണെന്ന് ഞാന്‍ പറയില്ല, അത് വളരെ ബോറന്‍ ബന്ധമായിരുന്നു എന്ന് പറയേണ്ടിയും വരും. ആദ്യനോട്ടത്തില്‍ അസ്വാഭാവികമെന്ന് തോന്നുമെങ്കിലും അതില്‍ സിനിമകളും പാര്‍ക്കുകളും ഒക്കെ മാത്രമാണുള്ളത്. ജാക്സണ് മുതിര്‍ന്നവരുമായുള്ള ബന്ധമോ ബന്ധമില്ലായ്മയൊ ആണ് കുട്ടികളുമായുള്ള ബന്ധം ഒരു പ്രശ്നമാണ് എന്ന് തോന്നിപ്പിക്കുന്നത്. അതാണ്‌ ഈ മനുഷ്യനെ വ്യത്യസ്തനാക്കുന്നതും.

 

പത്തുവയസുമുതല്‍ വിനോദവ്യവസായത്തിന്റെ ഭാഗമായയാളാണ് ജാക്സണ്‍. അയാള്‍ക്ക് അറിയാവുന്ന എല്ലാബന്ധവും കച്ചവടബന്ധമായിരുന്നു. റെക്കോര്‍ഡ് കമ്പനിക്ക് ജാക്സണ്‍ ഒരു കച്ചവടവസ്തുവായിരുന്നു, കുടുംബത്തിനു തങ്ങളുടെ ഭക്ഷണം നേടിത്തരുന്ന വസ്തുവും. ജാക്സണ് ചുറ്റുമുള്ള എല്ലാവര്‍ക്കും പണം കിട്ടിയിരുന്നു. പണം കിട്ടുന്നത് നിന്നപ്പോള്‍ അവര്‍ അടുത്തുവരുന്നതും നിന്നു. “ഞാന്‍ ജീവിതത്തില്‍ ഒരുപാട് പേരെ കണ്ടു. എന്നാല്‍ യഥാര്‍ത്ഥ സുഹൃത്തുക്കളെ വിരലിലെണ്ണം.” എന്ന് ജാക്സണ്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അവസാനകാലത്ത് എല്ലാവരും പേരിനു മാത്രമാണ് അടുത്തുണ്ടായിരുന്നത്. ബില്ലും ജേവനും പറയുന്നത് “മൈക്കല്‍ ജാകസന്റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് പേരുണ്ട്, എന്നാല്‍ അയാളുടെ ജീവിതത്തില്‍ ആരും ഉണ്ടായിരുന്നില്ല” എന്നാണ്.

 

ബെസ്റ്റ് ഓഫ് അഴിമുഖം

ദിക്‌ലാകെ കിനാരാ മുഝെ മല്ലാഹ് നെ ലൂട്ടാ…
രാജഹംസമേ… എവിടെയായിരുന്നു ചന്ദ്രലേഖ?
കര്‍ണാടക സംഗീതത്തെ കൊലയ്ക്ക് കൊടുക്കുന്നവര്‍
ഹാര്‍മോണിസ്റ്റുകള്‍ ഇല്ലാതായിപ്പോകുന്നതിന് മുമ്പ്
പിന്നണി രഹസ്യങ്ങള്‍

ജാകസന്റെ ഏകാന്തതയ്ക്ക് ജാക്സനും ഉത്തരവാദിയാണ്‌. ജീവിതകാലം മുഴുവന്‍ ഉപയോഗിക്കപ്പെട്ട ഒരാള്‍ എന്ന നിലയ്ക്ക് സ്വാഭാവികബന്ധങ്ങളെ മനസിലാക്കാനും ജാക്സണ് കഴിഞ്ഞിരുന്നില്ല. തന്റെ ഏകാന്തതയെപ്പറ്റി ഓരോ പാട്ടിലും പാടിയെങ്കിലും ആഗ്രഹിക്കുന്ന ബന്ധം നിലനിറുത്താന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. ജാക്സണ്‍ ആളുകളോട് അനുകമ്പയും ദയയും ഒക്കെ കാണിക്കുമെങ്കിലും ആളുകള്‍ക്ക് അതുമായി താദാത്മ്യപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. സ്വന്തം ലോകത്തിന്റെ കേന്ദ്രമായാണ് ജാക്സണ്‍ വളര്‍ന്നത്. എല്ലാവരും തനിക്കുവേണ്ടി ജീവിക്കുന്നതാണ് ജാക്സണ്‍ കണ്ടത്. ബന്ധങ്ങള്‍ കൂടുതല്‍ ആവശ്യപ്പെടുമ്പോള്‍ ജാക്സണ്‍ അവയെ അറുത്തുമാറ്റി. വെഗാസിലേയ്ക്ക് താമസം മാറ്റിയപ്പോള്‍ സഹോദരങ്ങളില്‍ നിന്നെല്ലാം ജാക്സണ്‍ അകന്നിരുന്നു. ജാകസന്റെ രണ്ടു വിവാഹങ്ങളും ഇതിനുദാഹരണമാണ്. ജാക്സന്റെ ജീവിതത്തിലെ മറ്റുകാര്യങ്ങള്‍ പോലെ ഈ വിവാഹങ്ങളും ആളുകള്‍ നിരന്തരം വിലയിരുത്തിക്കൊണ്ടിരുന്നു. എന്നാല്‍ ഇവ രണ്ടും അധികകാലം നീണ്ടുനിന്നില്ല എന്നതും പരിഗണിക്കേണ്ട കാര്യമാണ്.

 

കുട്ടികളുടെ ലോകം ജാക്സണ്‍ തെരഞ്ഞെടുത്തെങ്കില്‍ അവിടെ മാത്രം അയാള്‍ക്ക് സുരക്ഷിതത്വം തോന്നിയതുകൊണ്ടാകും അത്. കുട്ടികള്‍ “എന്നില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കുന്നില്ല” എന്ന് ജാക്സണ്‍ പറഞ്ഞിട്ടുണ്ട്. റെക്കോര്‍ഡിംഗ് സ്റ്റുഡിയോയുടെ വെളിയില്ജാക്സണ് ആകെ മൂന്നുബന്ധങ്ങളെ ഉണ്ടായിരുന്നുള്ളൂ. അമ്മയുമായി, ആരാധകരുമായി, കുട്ടികളുമായി. ഇവയ്ക്കെല്ലാം ഒരു പ്രധാനഘടകമുണ്ട്‌. ഇവയെല്ലാം എളുപ്പമാണ്. അമ്മയുടെ സ്നേഹത്തിനു അതിരുകളില്ല. ആരാധകരുടേതിനു അത്രകൂടി അതിരില്ല. കുട്ടിയുടെ കണ്ണിലെ സ്നേഹമോ അതിലുമേറെ അതിരില്ലാത്തത്. ഇത്തരം സ്നേഹം ലഭിക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യേണ്ട കാര്യമില്ല. സ്നേഹം ലഭിക്കുന്ന ആളിന് വെല്ലുവിളികള്‍ ഇല്ല. എന്നാല്‍ ഈ സ്നേഹം തന്നെയാണ് ജാക്സനെ മാറാന്‍ കഴിയാത്തയാളാക്കി മാറ്റിയതും.

 

ജാകസന്റെ വലിയ ആരാധകര്‍ സാധാരണ മനുഷ്യര്‍ ചെയ്യുന്നത് പോലെ അയാളെ വിലയിരുത്തി വിമര്‍ശിച്ചില്ല എന്നത് പ്രധാനമാണ്. എന്നാല്‍ ഒരു പങ്കാളിയൊ ഒരു സുഹൃത്തോ ഉണ്ടാകേണ്ടയിടം ഒരു ആരാധകന് ഒരിക്കലും നികത്താനാകില്ല. അത്തരം ബന്ധങ്ങളാണ് നമ്മളെ നല്ലയാളുകളാകാന്‍ നിര്‍ബന്ധിക്കുന്നത്. മൈക്കല്‍ ജാക്സണ്‍ ആരുടെകൂടെ കിടന്നു എന്ന ചോദ്യങ്ങള്‍ക്കിടയില്‍ ചോദിക്കാന്‍ മറന്നുപോയത് വേറെ ചിലതാണ്. മൈക്കല്‍ ജാക്സണ് ആരോടായിരുന്നു ആത്മബന്ധം? പക്വതയോടെ പരസ്പരം ജാക്സനെയും തിരിച്ചും സ്നേഹിച്ചത് ആരാണ്? ആരുമില്ല. സ്റ്റേജിലെ വിളക്കുകള്‍ അണഞ്ഞപ്പോള്‍ ജാക്സണ്‍ തനിച്ചായിരുന്നു. തനിച്ചല്ലാതാകാനുള്ള ഒരു സാധ്യതപോലുമില്ലാതെ തനിച്ച്.

 

 

ജാകസന്റെ അവസാനനാളുകളിലെ തെളിച്ചമുള്ള ഒരേയൊരു കാര്യം മൂന്നുമക്കളായിരുന്നു. അവര്‍ക്ക് ജാക്സണ്‍ അങ്ങേയറ്റം സ്നേഹവും കരുതലുമുള്ള അച്ഛനായിരുന്നു. ജാക്സണ്‍ തന്നെ സമ്മതിച്ചിട്ടുള്ളതുപോലെ ഒരു അപൂര്‍ണ്ണനായ അച്ഛനുമായിരുന്നു അയാള്‍. ഒരു അച്ഛന്‍ ചെയ്യേണ്ടതെല്ലാം അയാള്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. നമുക്ക് സാധാരണം എന്ന് തോന്നുകയും ജാക്സണ് ചെയ്യാന്‍ കഴിയാത്തതുമായ ഒരുപാട് കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് വിര്‍ജീനിയയിലെ ഒരു പബ്ലിക് പാര്‍ക്കില്‍ തങ്ങളുടെ കൂടെ കളിക്കാന്‍ വരാന്‍ കുട്ടികള്‍ ജാക്സണോട് കേണുപറഞ്ഞുവെങ്കിലും കുട്ടികളുടെ കൂടെ ഫോട്ടോയെടുത്ത് അവരെ പാപ്പരാസികളുടെ മുന്നില്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ജാക്സണ്‍ അത് വിസമ്മതിക്കേണ്ടി വന്നു. ബോഡിഗാര്‍ഡുമാര്‍ കുട്ടികളെ കൊണ്ടുപോയി അവര്‍ കളിച്ച് തിരിച്ചുവരുന്നത് വരെ ടിന്റട് ഗ്ലാസിനുപിന്നില്‍ മറഞ്ഞിരുന്ന് അത് കാണേണ്ടിവന്നയാളാണ് ജാക്സണ്‍. അവര്‍ വളര്‍ന്നുതുടങ്ങിയപ്പോള്‍ ഇത്തരം പ്രശ്നങ്ങള്‍ കൂടിയതേയുള്ളൂ. എല്ലാ കൗമാരക്കാരെയും പോലെ അവരും ജാക്സണ്‍ അവര്‍ക്കു വേണ്ടി നിര്‍മ്മിച്ച ഈ ലോകം ഉപേക്ഷിച്ചാല്‍ എന്തു സംഭവിക്കും?

 

പീറ്റര്‍പാന്‍ ശുഭപര്യവസായിയല്ല. കുട്ടികള്‍ക്ക് വീട്ടില്‍ പോകണമെന്ന് തോന്നിയപ്പോള്‍ അവര്‍ പാനിനോട് അവരെ വീട്ടിലെത്തിക്കാന്‍ അഭ്യര്‍ഥിച്ചു. പാന്‍ അത് ചെയ്യുകയും ചെയ്തു. അവര്‍ അവരുടെ തൊട്ടിലുകളില്‍ തിരിച്ചെത്തി. മാതാപിതാക്കള്‍ സന്തോഷിച്ചു. കുടുംബത്തിന്റെ ചൂടുള്ള ആലിംഗനത്തില്‍ പെടാന്‍ കഴിയാതെ പാന്‍ വെളിയില്‍ തനിച്ച് അത് നോക്കിനിന്നു. “മറ്റുകുട്ടികള്‍ക്ക് മനസിലാക്കാന്‍ കഴിയാത്ത തരം ജീവിതമായിരുന്നു ജാകസന്റെത്. എന്നാല്‍ ഒരിക്കലും തനിക്ക് അനുഭവിക്കാന്‍ കഴിയാത്ത സന്തോഷം ചില്ലിനുള്ളില്‍ ഇരുന്ന് കാണേണ്ട അവസ്ഥയും അയാളുടെതാണ്.” ബാരി പറയുന്നു.

 

ധാരാളം ആനന്ദങ്ങള്‍, എന്നാല്‍ സാധാരണ മനുഷ്യരുടെ സന്തോഷങ്ങള്‍ നിഷേധിക്കപ്പെടുക; ജാകസന്റെ സ്വര്‍ണ്ണക്കൂട്ടിനുള്ളിലെ ജീവിതമാണ് അത്. ഒരുപക്ഷെ ടിവിയില്‍ വന്നു സ്വയം പീറ്റര്‍ പാന്‍ എന്ന് വിളിക്കുന്നയാള്‍ ഭ്രാന്തനല്ലായിരിക്കും. പീറ്റര്‍ പാനും മൈക്കല്‍ ജാക്സനും തമ്മില്‍ ഞാന്‍ കാണുന്ന ഒരു വ്യത്യാസം ഇതാണ്. പാനിന് ഓര്‍മ്മയില്ല, എന്തുകൊണ്ടാണ് പേടിസ്വപ്നങ്ങള്‍ വരുന്നതെന്ന് അറിയുകയുമില്ല. എന്നാല്‍ തനിക്ക് രാത്രി ഉറക്കം വരാത്തത് എന്താണെന്ന് ജാക്സണ് നന്നായി അറിയുമായിരുന്നു. അതുകൊണ്ടാണ് നേരം വെളുപ്പിക്കാനായി ജാക്സണ്‍ സിറിഞ്ചിനെയും മരുന്നുകുപ്പികളെയും കൂട്ടുപിടിച്ചത്.

 

സ്വന്തം ഭാരങ്ങള്‍ സഹിക്കാനായി ജാക്സണ്‍ അനാരോഗ്യകരമായ ഒരുപാട് തീരുമാനങ്ങലെടുത്തു. എന്നാല്‍ ആ തീരുമാനങ്ങള്‍ എന്തിനെടുത്തു എന്നതിനെപ്പറ്റി നാം അയാളെ മുന്‍വിധിയോടെ നോക്കാന്‍ പാടില്ല. കഴിഞ്ഞവര്‍ഷം ഫോര്‍ബ്സ് ലിസ്റ്റില്‍ ഏറ്റവും അധികം വരുമാനമുള്ള സെലിബ്രിറ്റി ജാക്സണ്‍ ആണ്. ജാകസന്റെ കടത്തിലായ കൊട്ടാരം ഒരു ബില്യന്‍ ഡോളര്‍ സ്ഥാപനമാക്കിമാറ്റിയപ്പോഴാണ് അത് സംഭവിച്ചത്. അയാളുടെ പ്രൊഫഷണല്‍ ജീവിതം പുനരുദ്ധരിപ്പിക്കാന്‍ അത്രയൊക്കെ ചെയ്യാമെങ്കില്‍ അയാളുടെ സ്വകാര്യജീവിതത്തോടും അല്‍പ്പം നീതി കാണിക്കാവുന്നതാണ്. മൈക്കല്‍ ജാകസന്റെ കഥ തിരുത്തി എഴുതേണ്ടതാണ്. അസാധാരണമായ ഒരു ജീവിതമായിരുന്നു അയാളുടേത്. അസാധാരണമാംവിധം ബുദ്ധിമുട്ടേറിയ ജീവിതം. അടിക്കുറിപ്പുകലില്ലാത്ത ഒരു അവസാനവാചകം അയാള്‍ അര്‍ഹിക്കുന്നുണ്ട്.

 

Tanner Colby, a co-author of Remember the Time, is also the author of Some of My Best Friends Are Black: The Strange Story of Integration in America

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍