UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മിഷേലിന്റെ മരണം: നിരപരാധിയെന്ന് ക്രോണിന്‍; മരിച്ചെന്നറിഞ്ഞിട്ടും 12 മെസേജുകള്‍ അയച്ചെന്ന് പോലീസ്

ക്രോണിന്‍ തലേന്ന് അയച്ച 89 മെസേജുകള്‍ മായ്ച്ചു കളഞ്ഞ നിലയിലായിരുന്നു

മരിച്ചെന്നറിഞ്ഞിട്ടും മിഷേലിന്റ ഫോണിലേക്ക് ക്രോണിന്‍ 12 എസ്.എം.എസ് അയച്ചിരുന്നതായി പോലീസ്. കഴിഞ്ഞയാഴ്ച കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി.എ വിദ്യാര്‍ഥി മിഷേലിന്റെ മരണത്തില്‍ ആത്മഹത്യാ കുറ്റം ചുമത്തപ്പെട്ട ക്രോണിന്‍ അലക്‌സാണ്ടര്‍ ഇതിന്റെ തലേന്ന് 89 മെസേജുകള്‍ മിഷേലിന് അയച്ചിരുന്നുവെന്നും എന്നാല്‍ ഇത് മായ്ച്ചു കളഞ്ഞ നിലയിലായിരുന്നുവെന്നുവെന്നുമാണ് പോലീസ് പറയുന്നത്. അതിനിടെ, കേസ് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിന്റെ ഡി.വൈ.എസ്.പി കെ.എ ശശീധരന്റെ നേതൃത്വത്തിലുള്ള സംഘം മിഷേലിന്റെ വീട്ടുകാരുമായി കൂടിക്കാഴ്ച നടത്തി.

കേസുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതേ സമയം, മിഷേലിന്റെ മരണം ആത്മഹത്യയാണെന്ന നിലപാടില്‍ പോലീസും അല്ലെന്ന നിലപാടില്‍ കുടുംബവും ഉറച്ചുനില്‍ക്കുകയാണ്. മിഷേലിന്റെ മരണവുമായി ബന്ധമില്ലെന്നും സാധാരണ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നതെന്നുമാണ് ക്രോണിന്റെ നിലപാട്. അറസ്റ്റിലായ ക്രോണിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയ സാഹചര്യത്തില്‍ ജാമ്യം നല്‍കാനാവില്ല എന്നായിരുന്നു കോടതി നിലപാട്.

മിഷേലിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ പോലീസിനെ സമീപിച്ചെങ്കിലും തുടക്കത്തില്‍ അനങ്ങാപ്പാറ നയമാണ് പോലീസ് സ്വീകരിച്ചതെന്ന് മാതാവ് കഴിഞ്ഞ ദിവസം അഴിമുഖത്തോട് വെളിപ്പെടുത്തിയിരുന്നു. അന്വേഷണം തുടങ്ങിയ ശേഷം മിഷേലിന്റെ കോള്‍ വിവരങ്ങള്‍ ശേഖരിച്ച പോലീസ് ക്രോണിനുമായും ബന്ധപ്പെട്ടിരുന്നുവെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. മിഷേലിന്റെ മൃതദേഹം അപ്പോള്‍ കണ്ടുകിട്ടിയിരുന്നില്ല. എന്നാല്‍ അതിനുശേഷം ക്രോണിന്‍ പ്രേമപൂര്‍വം മിഷേലിന് 12 മെസേജുകള്‍ അയയ്ക്കുകയും ഇവ മായ്ച്ചു കളയാതെ സൂക്ഷിക്കുകയും ചെയ്തു. അതേ സമയം, തലേന്ന് അയച്ച 89 മെസേജുകള്‍ മായ്ച്ചു കളഞ്ഞ നിലയിലായിരുന്നു. ഇത് തന്റെ നിരപരാധിത്വം ഉറപ്പിക്കുന്നതിനു വേണ്ടി ക്രോണിന്‍ ചെയ്തതാണ് എന്നാണ് പോലീസ് പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍