UPDATES

‘ഞാനവരുടെ കാലുപിടിച്ച് കേണപേക്ഷിച്ചു, എന്റെ കുഞ്ഞിനെ കണ്ടെത്തണമെന്ന്, പക്ഷേ പോലീസ് കേട്ടില്ല’; മിഷേലിന്റെ അമ്മ

ആത്മഹത്യയോ കൊലപാതകമോ ആവട്ടെ, ഒരു അസ്വാഭാവിക മരണം നടന്നിട്ട് അതെങ്ങനെ സംഭവിച്ചു എന്ന് വ്യക്തമായ ഒരു മറുപടി പോലീസില്‍ നിന്ന് നല്‍കാത്തതാണ് കുറ്റകരമായ അനാസ്ഥ

‘ഞാനവരുടെ കാല് പിടിക്കുമ്പോലെ കരഞ്ഞു. ഞാനൊരമ്മയാണ്, എന്റെ കുഞ്ഞിനെ കാണാതായതിന്റെ വേദന ഒന്ന് മനസ്സിലാക്കണമെന്ന് അവിടെയുണ്ടായിരുന്ന എല്ലാവരോടും കേണപേക്ഷിച്ചു. പക്ഷെ എന്റെ അപേക്ഷ ആരും കേട്ടില്ല. കേട്ടിരുന്നെങ്കില്‍ ഒരു പക്ഷേ എന്റെ പൊന്നുമോള്‍ പോവില്ലായിരുന്നു.’  ഇന്ന് ഈ അമ്മയുടെ നിലവിളി കേള്‍ക്കാന്‍ നിരവധി പേരുണ്ട്. പക്ഷെ കേള്‍ക്കേണ്ടിയിരുന്ന സമയത്ത് അത് കേള്‍ക്കാന്‍ നീതിയുടെ കര്‍ണ്ണങ്ങളുണ്ടായിരുന്നില്ല.

ഇത് ശൈലമ്മ. ഒരാഴ്ച മുമ്പ് കൊച്ചിക്കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേലിന്റെ അമ്മ. നെഞ്ചുപൊട്ടുന്ന വേദനയ്ക്കിടയിലും മകളെ കാണാതായ അന്നുമുതല്‍ നിയമപാലകരില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന അവഗണനയെക്കുറിച്ച് മാത്രമേ ഈ അമ്മയ്ക്ക് പറയാനുള്ളൂ.

‘എന്റെ കുഞ്ഞ് ആത്മഹത്യ ചെയ്യില്ല. അവളെ ആരോ അപായപ്പെടുത്തിയതാവാനേ തരമുള്ളൂ. പക്ഷെ പോലീസുകാര്‍ക്ക് ആദ്യം മുതലേ ഇത് ആത്മഹത്യയാക്കിയാല്‍ മതി. അങ്ങനെ പറഞ്ഞ് എഴുതിത്തള്ളിയാല്‍ അവരുടെ പണി എളുപ്പമായല്ലോ. പെണ്‍കുഞ്ഞുങ്ങള്‍ക്കും അവരുടെ അമ്മമാര്‍ക്കും വിശ്വസിക്കാവുന്ന ഒരു നിയമം ഇവിടെയുണ്ടോ? സങ്കടം പറഞ്ഞ് ചെല്ലുന്ന അമ്മമാരെ കൈവിടാതെ, അവരെ സഹായിക്കാന്‍ തയ്യാറുള്ള പോലീസുണ്ടോ? ഇന്നേവരെ കേട്ടിട്ടേയുള്ളാരുന്നു. ഇപ്പോള്‍, നേരിട്ടറിഞ്ഞു. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയ്ക്ക് എന്നെ കൊച്ച് വിളിച്ചിരുന്നു. പള്ളിയില്‍ പോകുവാണെന്ന് പറയാന്‍. പിറ്റേന്ന് അവളെക്കാണാന്‍ പോവുമ്പോ കൊടുക്കാനുള്ള ചക്ക ഉപ്പേരിയും ഉണ്ടാക്കിക്കൊണ്ടിരുന്ന ഞാന്‍ പിന്നെ അവളെ വിളിക്കാന്‍ വിട്ടു. എട്ടരയായപ്പോള്‍ അവളുടെ ഒരു കൂട്ടുകാരിയാണ് ആദ്യം വിളിക്കുന്നത്. മിഷേല്‍ ഉണ്ടോയെന്ന് ചോദിച്ച്. ഹോസ്റ്റലില്‍ ആണെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവിടെയെത്തിയിട്ടില്ല, മിഷേലിനെ കാണാനില്ല എന്ന് ആ കുട്ടി പറഞ്ഞു. പിന്നെയാണ് ഹോസ്റ്റലില്‍ നിന്ന് വിളി വരുന്നത്. അപ്പോഴൊക്കെ ഞങ്ങളെ കാണാന്‍ കൊതിച്ചിട്ട് അവള്‍ ഇങ്ങോട്ട് പോന്നിരിക്കുമെന്നാണ് കരുതിയത്. എറണാകുളത്തു നിന്ന് വരുന്ന അവസാന ബസും ഞങ്ങള്‍ കാത്തു നിന്നു. പക്ഷെ അവള്‍ വന്നില്ല. ഫോണില്‍ വിളിച്ചിട്ടും കിട്ടുന്നില്ല. രാത്രി ഒമ്പതര കഴിഞ്ഞിട്ടാണ് ഞാനും മിഷേലിന്റെ പപ്പയും എല്ലാവരും കൂടി എറണാകുളത്തേക്ക് പോവുന്നത്.

മകളെ കാണാനില്ലെന്ന പരാതിയുമായി ആദ്യം വനിതാ പോലീസ് സ്‌റ്റേഷനിലേക്കാണ് പോയത്. അവിടെ നിന്ന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലേക്ക് വിട്ടു. കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞിട്ടും ഞങ്ങള്‍ കൊടുത്ത പരാതി പോലും അവര്‍ സ്വീകരിച്ചില്ല. അടുത്ത ദിവസം രാവിലെ എസ്.ഐ വന്നിട്ടേ പരാതി സ്വീകരിക്കൂ എന്നാണവര്‍ പറഞ്ഞത്. എന്റെ കുഞ്ഞിനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചു തരണമെന്ന് ഞാന്‍ കരഞ്ഞു പറഞ്ഞു. പക്ഷെ മിഷേലിനെ കാണാതായതില്‍ അവര്‍ക്കും വിഷമമുണ്ടെന്നും എന്നാല്‍ നടപടിക്രമങ്ങള്‍ അനുസരിച്ചല്ലാതെ അവര്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നുമാണ് പോലീസ് പറഞ്ഞത്. ഒരു പെണ്‍കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് ചെല്ലുന്നവര്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും നല്ല മറുപടിയല്ലേ ഇത്? മോളുടെ മൊബൈല്‍ നമ്പര്‍ ട്രേസ് ചെയ്ത് അവള്‍ എവിടെയുണ്ടെന്നെങ്കിലും ഒന്ന് നോക്കാന്‍ ഞങ്ങള്‍ അപേക്ഷിച്ചു. രാവിലെ വരെ കാത്തിരിക്കാനാണ് അവര്‍ ആവശ്യപ്പെട്ടത്.

പിന്നെ ഞങ്ങള്‍ ആ നഗരം മുഴുവന്‍ ഓടി. അവള്‍ പോയ കലൂര്‍ പള്ളിയില്‍ ചെന്ന് പാതിരാത്രിയില്‍ തന്നെ സിസിടിവി ദൃശ്യങ്ങള്‍ എടുത്തു. അതില്‍ ഞങ്ങള്‍ അവളെക്കണ്ടു. ജീവനോടെ അവസാനമായി. സിസിടിവി പകര്‍ത്തിയ ചിത്രങ്ങളുമായി ഞങ്ങള്‍ വീണ്ടും പോലീസ് സ്‌റ്റേഷനിലെത്തുമ്പോള്‍ വെളുപ്പിന് അഞ്ച് മണി കഴിഞ്ഞു. തെളിവുകള്‍ നല്‍കിയിട്ട് പോലും പോലീസുകാര്‍ തിരിഞ്ഞ് നോക്കിയില്ല. അവസാനം തിങ്കളാഴ്ച രാവിലെ എട്ട് മണിയായപ്പോള്‍ ഞങ്ങളുടെ പരാതി അവര്‍ എഴുതി വാങ്ങി. പക്ഷെ അതില്‍ തിങ്കളാഴ്ചത്തെ തീയതി തന്നെ എഴുതണമെന്ന് പോലീസുകാര്‍ ശഠിച്ചു. ഞായറാഴ്ച തന്നെ പരാതിയുമായെത്തിയെന്ന ഞങ്ങളുടെ വാദത്തിനൊന്നും അവിടെ ഒരു പരിഗണനയും കിട്ടിയില്ല.

അന്ന് വൈകിട്ടാണ് കൊച്ചിന്റെ മൃതദേഹം കിട്ടുന്നത്. അപ്പോള്‍ മുതല്‍ ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. ഞാന്‍ വിശ്വസിക്കില്ല. ഞായറാഴ്ച മൂന്ന് മണിക്ക് കൂടി എന്നെ വിളിക്കുമ്പോള്‍ ഞാനും പപ്പയും എപ്പഴാ ചെല്ലുന്നതെന്നാ അവള്‍ ചോദിച്ചത്. അവള്‍ക്ക് പരീക്ഷയ്ക്ക് പഠിയ്ക്കാനുള്ള ഒരു ബുക്ക് ഇവിടെയായിപ്പോയി. വരുമ്പോള്‍ അതും ചക്ക ഉപ്പേരിയും കൊണ്ടുവരണമെന്ന് അവള്‍ പ്രത്യേകം പറഞ്ഞു. അതിലും അവള്‍ക്ക് താത്പര്യമുള്ള ഒന്നുണ്ടായിരുന്നു. 18 വയസ്സാവാന്‍ കാത്തിരുന്നിട്ടാണ് ഡ്രൈവിങ് ലൈസന്‍സ് എടുത്തത്. കഴിഞ്ഞതിന്റെ മുമ്പത്തെ ആഴ്ചയായിരുന്നു ഡ്രൈവിങ് ടെസ്റ്റ്. ലൈസന്‍സ് കയ്യിലേക്ക് കിട്ടാന്‍ കൊതിച്ചിരിക്കുവായിരുന്നു അവള്. ആ ശനിയാഴ്ച വീട്ടിലേക്ക് വരണ്ടെന്ന് ഞാനാണ് പറഞ്ഞത്. പരീക്ഷയായതിനാല്‍ ഹോസ്റ്റലില്‍ തന്നെ നിന്നോളാനും ഞങ്ങള്‍ അങ്ങോട്ട് വരാമെന്നും ഞാന്‍ പറഞ്ഞു. അപ്പഴേക്കും ഡ്രൈവിങ് ലൈസന്‍സ് വീട്ടിലെത്തിയിരുന്നു. ഞങ്ങള്‍ ചെല്ലുമ്പോള്‍ അത് കയ്യിലേക്ക് കിട്ടുവെന്നതിന്റെ സന്തോഷവും അവള്‍ക്കുണ്ടായിരുന്നു. അങ്ങനെയൊക്കെയുള്ള കൊച്ച് എങ്ങനെയാണ് ആത്മഹത്യ ചെയ്യുന്നത്?

ഒരാഴ്ച അവളെ കണ്ടില്ലെങ്കില്‍ എന്റെ ചങ്ക് പൊട്ടും. അവളിങ്ങോട്ട് വന്നില്ലെങ്കില്‍ പപ്പ തിരക്കാണെങ്കിലും ഞാനും മോനും കൂടി അവളെ ഹോസ്റ്റലില്‍ പോയി കാണും. ഇതിപ്പോ ഒരാഴ്ച കഴിഞ്ഞു എന്റെ മോളെ ഒന്ന് കണ്ടിട്ട്… ഒരു വിളി പോലുമില്ലാതായിട്ട്… അവളുടെ സ്വരം ഒന്നു കേട്ടാ മതിയായിരുന്നു. അവക്ക് എന്നാ പറ്റീന്നെങ്കിലും ഒന്നറിഞ്ഞാ മതിയാരുന്നു…’

Also Read: മുഖ്യമന്ത്രീ, അങ്ങയുടെ പോലീസിന്റെ തലയില്‍ ഇണങ്ങുക പൊന്‍തൂവലല്ല, വിഴുപ്പുകളാണ്

ആത്മഹത്യയോ കൊലപാതകമോ ആവട്ടെ, ഒരു അസ്വാഭാവിക മരണം നടന്നിട്ട് അതെങ്ങനെ സംഭവിച്ചു എന്ന് വ്യക്തമായ ഒരു മറുപടി പോലീസില്‍ നിന്ന് നല്‍കാത്തതാണ് കുറ്റകരമായ അനാസ്ഥ. മകളെ കാണാനില്ലെന്ന പരാതിയുമായി ചെന്ന ഒരച്ഛന്റേയും അമ്മയുടേയും പരാതി സ്വീകരിക്കാതിരുന്നതു മുതല്‍ പ്രകടമാണ് ഈ അനാസ്ഥ. എഫ്ഐആര്‍ തയ്യാറാക്കല്‍ ഒരു ദിവസം വൈകിച്ചാലും പരാതി ലഭിക്കുന്ന മുറയ്ക്ക് തന്നെ ജി.ഡി. എന്‍ട്രി നടത്തി പരാതി സ്വീകരിക്കണം എന്നത് നിയമമാണ്. 18 വയസ്സുള്ള ഒരു പെണ്‍കുട്ടിയെ എറണാകുളം പോലൊരു നഗരത്തില്‍ കാണാതായപ്പോള്‍ അത് സംബന്ധിച്ച പരാതി സ്വീകരിക്കുകയോ പ്രാഥമിക അന്വേഷണത്തിന് പോലും തയ്യാറാവുകയോ ചെയ്തില്ല എന്നതാണ് ഗൗരവമേറിയത്.

തിങ്കളാഴ്ച വൈകിട്ട് മിഷേലിന്റെ മൃതശരീരം ലഭിച്ചതിന് ശേഷവും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇത് ആത്മഹത്യ എന്ന് വിധിയെഴുതുകയാണ് പോലീസ് ചെയ്തത്. ദിവസങ്ങള്‍ കഴിഞ്ഞ് മാധ്യമങ്ങള്‍ മിഷേലിന്റെ മരണം ഏറ്റെടുത്തതിന് ശേഷം മാത്രമാണ് ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തില്‍ ഒരന്വേഷണത്തിന് പോലീസ് മുതിര്‍ന്നതെന്നും ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലാണ് ഇക്കാര്യത്തില്‍ പോലീസില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ ഒരു ചലനം ഉണ്ടാവുന്നത്. മിഷേലിന്റെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ബന്ധുക്കള്‍ ആരോപിച്ചിട്ടും കഴിഞ്ഞ ഒരാഴ്ചയായി പോലീസില്‍ നിന്ന് തൃപ്തികരമായ യാതൊരു മറുപടിയും ലഭിച്ചിരുന്നില്ല. ഇന്നലെ രാവിലെ മിഷേലിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെത്ത പോലീസ് ചോദ്യം ചെയ്യലുകള്‍ക്കൊടുവില്‍ മിഷേലിന്റേത് ആത്മഹത്യ തന്നെയാണെന്ന് ഉറപ്പിച്ച് പറഞ്ഞു. മരണം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം വിശദീകരണവുമായി പോലീസ് എത്തിയെങ്കിലും കേസിന്റെ തുടക്കം മുതലുള്ള കൃത്യവിലോപത്തിന് ഉത്തരം പറയേണ്ട ബാധ്യത പോലീസിനുണ്ട്. ഇതിനിടെ കേസന്വേഷണം ക്രൈബ്രാഞ്ചിനെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച വൈകിട്ട് മരണം ആത്മഹത്യതന്നെയാണെന്ന് പോലീസ് പറഞ്ഞതോടെ ഇക്കാര്യത്തില്‍ ദിവസങ്ങളായുണ്ടായിരുന്ന അവ്യക്തത ഇല്ലാതായി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്ന ക്രോണിനുമായി മിഷേലിന് മൂന്ന് വര്‍ഷത്തെ അടുപ്പമുണ്ടായിരുന്നതായി അയാള്‍ ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തി. ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഇയാളുടെ സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയാണ് മിഷേല്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്. മരിക്കുന്ന അന്നും അതിന് മുമ്പുള്ള ദിവസവും നിരവധി തവണ ഇയാള്‍ മിഷേലിനെ വിളിക്കുകയും മെസ്സേജ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്. മിഷേലിന്റെ അകന്ന ബന്ധു കൂടിയായ ക്രോണിനെതിരെ ആത്മഹത്യ പ്രേരണയ്ക്കാണു കുറ്റം ചുമത്തിയിരിക്കുന്നത്.

ഇക്കാര്യത്തില്‍ പോലീസിന്റെ കണ്ടെത്തലിന് ബലം നല്‍കുന്നതാണ് മിഷേലിന്റെ അടുത്ത സുഹൃത്തുക്കളുടെ വെളിപ്പെടുത്തലുകള്‍. ‘മിഷേലിന് ക്രോണിനുമായി പ്ലസ്ടുവിന് പഠിക്കുമ്പോള്‍ മുതലുള്ള ബന്ധമാണ്. ഇവര്‍ തമ്മില്‍ വഴക്കുകള്‍ പതിവാണ്. ക്രോണിന്‍ വളരെ പൊസ്സസ്സീവ് ആയ ആളാണ്. മിഷേലിനെ സംശയമുള്ളതുപോലെയായിരുന്നു അയാളുടെ പെരുമാറ്റം. അവസാനം ഈ ടോര്‍ച്ചറിങ് സഹിക്കാന്‍ വയ്യാതായിപ്പോള്‍ അവള്‍ ആ ബന്ധം ഉപേക്ഷിച്ചതാണ്. പക്ഷെ അയാള്‍ അതിന് തയ്യാറായിരുന്നില്ല. എറണാകുളത്ത് സി.എ. എന്‍ട്രന്‍സ് കോച്ചിങ്ങിന് ചേര്‍ന്നത് മുതലാണ് എനിക്ക് പരിചയം. ഒരിക്കല്‍ മിഷേലിനെ ഹോസ്റ്റലില്‍ നിന്ന് വിളിച്ചിറക്കി നടുറോഡില്‍ വച്ച് ഉപദ്രവിച്ച സംഭവം വരെയുണ്ടായിട്ടുണ്ട്. വാസ്തവത്തില്‍ മിഷേലിനും അയാളെ ജീവന് തുല്യം ഇഷ്ടമായിരുന്നു. അതാണ് ബന്ധം പിരിഞ്ഞിട്ടും അയാള്‍ ഫോണ്‍ വിളിക്കുമ്പോള്‍ എടുത്തിരുന്നത്. അവള്‍ തിരിച്ചും വിളിക്കാറുണ്ടായിരുന്നു. ക്രോണിന്റെ സ്വഭാവത്തില്‍ എന്നെങ്കിലും മാറ്റം വരുമെന്നായിരുന്നു അവളുടെ പ്രതീക്ഷ. ഏത് സമയവും സന്തോഷത്തോടെയിരിക്കുന്ന പ്രകൃതമായിരുന്നു അവളുടേത്. ക്രോണിന്റെ ഫോണ്‍ കോള്‍ വന്നാല്‍ പിന്നെ രണ്ട് ദിവസത്തേക്ക് ആകെ അസ്വസ്ഥയായിരിക്കും. ഇവരുടെ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ കാരണം പലതവണ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന് അവള്‍ എന്നോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇനി ഒരിക്കലും അത്തരത്തിലൊരു ചിന്ത പോലുമുണ്ടാവില്ലെന്ന് വാക്ക് പറഞ്ഞിരുന്നതാണ്. എല്ലാ ദിവസവും വിളിക്കുമായിരുന്നു. ഒരു ഘട്ടത്തില്‍ അവളെ ഇത്രയും മാനസികമായി ഉപദ്രവിക്കുന്ന ക്രോണിനെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ എന്നോട് പറയേണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പിന്നീടൊരിക്കലും അക്കാര്യം മിണ്ടിയിട്ടില്ല. അങ്ങനെ പറയേണ്ടായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു. അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ എന്നോട് പറയാനുള്ള അവസരം ഉണ്ടായിരുന്നെങ്കില്‍, ആ അവസരം ഞാന്‍ കൊടുത്തിരുന്നെങ്കില്‍ അവള്‍ ഇത് ചെയ്യുമായിരുന്നില്ലായിരിക്കാം.’ മിഷേല്‍ സിഎ പഠിച്ചിരുന്ന പാലാരിവട്ടം ലോജിക്കിലെ ഒരു വിദ്യാര്‍ഥി പറയുന്നു.

Also Read: സ്ത്രീപീഡനത്തിന്റെ സ്വന്തം നാടോ കേരളം?

‘അവള്‍ മാര്‍ച്ച് രണ്ടിനാണ് എന്നെ അവസാനമായി വിളിച്ചത്. എപ്പോഴത്തേം പോലെ അന്നും വലിയ സന്തോഷത്തിലായിരുന്നു. പഠനത്തില്‍ ശ്രദ്ധ വയ്ക്കാനായി ക്രോണിനുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് അവള്‍ രണ്ട് മാസം മുമ്പ് പറഞ്ഞിരുന്നു. അതിന് ശേഷം അക്കാര്യം സംസാരിച്ചിട്ടേയില്ല. അയാള്‍ ഇടയ്ക്കിടെ വിളിച്ച് ശല്യം ചെയ്യാറുണ്ടെന്ന് പറഞ്ഞിരുന്നു. പക്ഷെ അവള്‍ ഇക്കാരണത്താല്‍ ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. പപ്പയും മമ്മിയുമാണ് എന്റെ ജീവിതത്തില്‍ എനിക്ക് ഏറ്റവും വലുത്. പലപ്പോഴും ആത്മഹത്യ ചെയ്യാന്‍ തോന്നിയിരുന്നെങ്കിലും അവരെ ഓര്‍ത്ത് അത് ചെയ്തില്ലെന്നും ഇനിയെന്ത് വന്നാലും നേരിടുമെന്നും അവള്‍ ഇടയ്ക്കിടെ എന്നോട് പറയാറുണ്ടായിരുന്നു. ഞാനറിയുന്ന മിഷേല്‍ ആത്മഹത്യ ചെയ്യില്ലെന്ന് തന്നെയാണ് ഇപ്പോഴും എന്റെ പൂര്‍ണ വിശ്വാസം’, മിഷേലിന്റെ വളരെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞതിങ്ങനെയാണ്.

മിഷേലിന്റെ മരണത്തിലുള്ള പോലീസ് അനാസ്ഥയില്‍ പ്രതിഷേധിച്ച് ഇന്ന് പിറവത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍