UPDATES

ട്രെന്‍ഡിങ്ങ്

ഞാനൊരു തീരുമാനമെടുത്തു, നീയത് തിങ്കളാഴ്ച അറിയും: മരണവിവരം മിഷേല്‍ അറിയിച്ചത് ഇങ്ങനെ

മിഷേല്‍ മറ്റാരുമായി അടുക്കുന്നത് ഇഷ്ടമല്ലാതിരുന്ന ക്രോണിന്‍ ഇതിന്റെ പേരില്‍ നിരന്തരം കലഹിച്ചിരുന്നു

ക്രോണിന്റെ തുടര്‍ച്ചയായ കലഹമാണ് മിഷേലിന്റെ മരണത്തില്‍ കലാശിച്ചതെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. മിഷേലും ക്രോണിനും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ വീണ്ടെടുത്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.

‘ഞാനൊരു തീരുമാനമെടുത്തിട്ടുണ്ട്, നീയത് തിങ്കളാഴ്ച അറിയും’ എന്നാണ് മിഷേല്‍ ക്രോണിന് സന്ദേശം അയച്ചത്. എന്നാല്‍ തന്നെ ഒഴിവാക്കാനാണ് തീരുമാനമെങ്കില്‍ തന്റെ ശവമാകും കാണുകയെന്നായിരുന്നു ക്രോണിന്റെ മറുപടി. മാനസിക സമ്മര്‍ദ്ദത്തിനടിപ്പെട്ടാണ് മിഷേല്‍ മരണത്തിലേക്ക് നീങ്ങിയതെന്ന അന്വേഷണ സംഘത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനം ഇതാണ്. മിഷേലിനെ കാണാതായ ഞായറാഴ്ചയാണ് ഈ സന്ദേശം അയച്ചത്.

മിഷേല്‍ മറ്റാരുമായി അടുക്കുന്നത് ഇഷ്ടമല്ലാതിരുന്ന ക്രോണിന്‍ ഇതിന്റെ പേരില്‍ നിരന്തരം കലഹിച്ചിരുന്നു. പൂര്‍ണമായും മിഷേല്‍ തന്നെ അനുസരിക്കണമെന്നായിരുന്നു ഇയാളുടെ വാശി. ഇവരുടെ അടുപ്പം വീട്ടുകാര്‍ക്കും അറിയാമായിരുന്നെന്നും വ്യക്തമായിട്ടുണ്ട്. ക്രോണിന്റെ വിചിത്ര സ്വഭാവം അംഗീകരിക്കാനാകില്ലെന്ന് മിഷേല്‍ പറഞ്ഞിരുന്നതായി ചെന്നൈയില്‍ ഉപരിപഠനം നടത്തുന്ന കൂട്ടുകാരി വെളിപ്പെടുത്തി. മിഷേലിനും ചെന്നൈയില്‍ തന്നെ പഠിക്കാനായിരുന്നു ആഗ്രഹം. എന്നാല്‍ ക്രോണിന്റെ പിടിവാശിക്ക് വഴങ്ങി അത് ഉപേക്ഷിക്കുകയായിരുന്നു.

മറ്റൊരു യുവാവുമായി മിഷേലിന് സൗഹൃദമുണ്ടായിരുന്നതിനെ ചൊല്ലിയും ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നു. നിരന്തരം കൊച്ചിയിലെത്തുന്ന ക്രോണിന്‍ ഒരിക്കല്‍ പരസ്യമായി മിഷേലിനെ തല്ലയതായും സുഹൃത്തുക്കള് അറിയിച്ചു. സുഹൃത്തായ യുവാവിനെ ക്രോണിന്‍ വിളിച്ച് താക്കീത് ചെയ്തതിന്റെ രേഖകളും പോലീസിന് ലഭിച്ചു.

ഞായറാഴ്ച രാവിലെ മുതല്‍ ക്രോണിന്‍ വിളിച്ച് വഴക്കുണ്ടാക്കുകയും നിരന്തരം മെസേജുകള്‍ അയയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മിഷേല്‍ ക്രോണിന്റെ ഫോണ്‍ എടുത്തില്ല. ഇതോടെ അസ്വസ്ഥനായ ക്രോണിന്‍ സ്വന്തം അമ്മയെ വിളിച്ച് മിഷേല്‍ ഫോണെടുക്കുന്നില്ലെന്നും ഇങ്ങനെ പോയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും അറിയിച്ചിരുന്നു. അമ്മ വിളിച്ചുപറഞ്ഞത് അനുസരിച്ച് ക്രോണിനെ വിളിച്ച മിഷേലിനോട് ‘നീ എന്നെ ഒഴിവാക്കുകയാണ്, അങ്ങനെ സംഭവിച്ചാല്‍ താന്‍ മരിക്കും’ എന്ന് പറഞ്ഞു.

എന്നാല്‍ നീ മരിക്കണ്ട, ഞാന്‍ മരിക്കാം എന്നായിരുന്നു മിഷേലിന്റെ മറുപടി. തുടര്‍ന്നും കലഹം മൂര്‍ച്ഛിച്ചപ്പോഴാണ് ‘ഞാനൊരു തീരുമാനമെടുത്തിട്ടുണ്ട്, നീയത് തിങ്കളാഴ്ച അറിയും’ എന്ന് മിഷേല്‍ പറഞ്ഞത്.

അപ്പനെയും അമ്മയെയും കാണണമെന്ന് പറഞ്ഞ് അന്ന് രണ്ട് വട്ടം മിഷേല്‍ വിളിച്ചിരുന്നു. രാവിലെ ഒരു ചടങ്ങുള്ളതിനാല്‍ വരാന്‍ പറ്റില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. വൈകുന്നേരവും വിളിച്ചെങ്കിലും സമയം വൈകിയില്ലേ, ഇനി അധികനേരം കാണാനാകില്ലല്ലോയെന്നായിരുന്നു മറുപടി. വൈകുന്നേരം ഏഴ് മണിക്കായിരുന്നു മിഷേലിന് ഹോസ്റ്റലില്‍ കയറേണ്ടത്. അതേസമയം പിറ്റേന്ന് മിഷേലിന് പരീക്ഷ കൂടിയുണ്ടായിരുന്നതിനാലാണ് കാണാന്‍ പറ്റില്ലെന്ന് പറഞ്ഞതെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഇതോടെയാണ് മിഷേല്‍ പുറത്തിറങ്ങിയതും പള്ളിയില്‍ പോയതും. പള്ളിയില്‍ നിന്നിറങ്ങി ബസില്‍ ഹൈക്കോടതിക്ക് സമീപം എത്തിയ ശേഷമാണ് മിഷേല്‍ നടന്ന് ഗോശ്രീ പാലത്തിന് സമീപമെത്തിയതെന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സാഹചര്യ തെളിവുകള്‍ വ്യക്തമാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍