UPDATES

Avatar

കാഴ്ചപ്പാട്

കെ എസ് ബിനു

ന്യൂസ് അപ്ഡേറ്റ്സ്

മൈക്രോഫിനാന്‍സിന്റെ വിപണിവത്ക്കരണം കേരളത്തില്‍- ഒരു വിശകലനം

കെ എസ് ബിനു

അഖില്‍ സി.എസ്

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ അവികസിത രാജ്യങ്ങളിലെ ജനതയ്ക്ക് ഒരുപാടു പുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിച്ച ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടിയായിരുന്നു മൈക്രോഫിനാന്‍സ്; അഥവാ ചെറുവായ്പകള്‍. സ്ത്രീകളുടെയോ പുരുഷന്മാരുടെയോ ചെറുസംഘങ്ങള്‍ക്ക് തുച്ഛമായ പലിശനിരക്കില്‍ വായ്പ നല്‍കുക എന്നതായിരുന്നു ഈ പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്. മുഹമ്മദ് യൂനുസിന്റെ ‘ഗ്രാമീണ്‍ ബാങ്ക് വിപ്ലവ’ത്തിലൂടെ ഇത് ലോകശ്രദ്ധ ആകര്‍ഷിച്ചു. ഒട്ടുമിക്ക വികസ്വര, അവികസിത രാജ്യങ്ങളും ഈ മാതൃക സ്വീകരിച്ച് വ്യത്യസ്ത രീതിയിലുള്ള മൈക്രോഫിനാന്‍സ് പരിപാടികള്‍ ആവിഷ്‌കരിച്ചു. ലാറ്റിന്‍ അമേരിക്ക, തെക്കനേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയായിരുന്നു പ്രധാന ഗുണഭോക്താക്കള്‍. ലോകബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ കയ്യയച്ച സഹായവും പ്രോത്സാഹനവും മൈക്രോഫിനാന്‍സിനെ കൂടുതല്‍ ജനകീയമാക്കി. ഇന്നു പാശ്ചാത്യ മാധ്യമങ്ങളും അക്കാദമിക പണ്ഡിതന്മാരും ഗവേഷകരും പാടിപ്പുകഴ്ത്തുന്ന വികസന പരിപാടിയാണിത്. മാത്രമല്ല, വളരെ കുറച്ച് മാത്രം വിമര്‍ശന വിധേയമായതുമാണ്. എന്നാല്‍ ഒരു സാമ്പത്തിക ഉന്നമന പരിപാടി എന്ന നിലയില്‍ ചില ഗവേഷകരെങ്കിലും ഭയന്നപോലെ മൈക്രോഫിനാന്‍സ് ലാഭം നേടുന്നതിനുള്ള ഒരു സാമ്പത്തിക ഉപകരണം എന്ന തലത്തിലേക്ക് മാറാന്‍ തുടങ്ങിയിരിക്കുന്നു. ഇന്നു പല സ്വകാര്യ ബാങ്ക് ഇതര സ്ഥാപനങ്ങള്‍ക്കും പണമിടപാടുകാര്‍ക്കും പ്രിയം മൈക്രോഫിനാന്‍സിനോടാണ്. ഇത്തരം ഒരു സാഹചര്യത്തില്‍ മൈക്രോഫിനാന്‍സിന്റെ വിപണിവല്‍കരണത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെയും കേരളത്തിലെ മൈക്രോഫിനാന്‍സ് രംഗത്തെ അടിസ്ഥാനമാക്കി ചര്‍ച്ച ചെയ്യുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.

 

ഗ്രാമീണ ബാങ്കിംഗ് മേഖലയിലെ ഔദ്യോഗിക സ്ഥാപനങ്ങളുടെ പരിമിതികളും പോരായ്മകളും മുതലെടുത്താണ് അനൗദ്യോഗിക പണമിടപാട് സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നടത്തുന്നത്. അത്തരം സ്ഥാപനങ്ങള്‍ വളരെ ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പകള്‍ നല്‍കിയും നിര്‍ബന്ധിത തിരിച്ചടവ് മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. ഇത്തരം ചൂഷങ്ങളാണ് മൂന്നാം ലോക രാജ്യങ്ങളിലെ ഗ്രാമീണ ബാങ്കിംഗ് മേഖല നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനു പരിഹാരമായി ഗ്രാമീണ മേഖലയിലെ ഔദ്യോഗിക സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയും ബാങ്ക് ദേശസാല്‍ക്കരണം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കിയും ഗ്രാമീണര്‍ക്ക് കുറഞ്ഞ നിരക്കില്‍ വായ്പകള്‍ ലഭ്യമാക്കാന്‍ ശ്രമം നടന്നു. ഈ ശ്രമങ്ങളൊക്കെ താല്ക്കാലികമായി ലക്ഷ്യം നേടിയെങ്കിലും എഴുപതുകളുടെ അവസാനത്തില്‍ ആരംഭിച്ച സാമ്പത്തിക ഉദാരവല്‍ക്കരണ നടപടികളും ബാങ്കിംഗ് രംഗത്തുണ്ടായ ശക്തമായ നിയന്ത്രണങ്ങളും സാധാരണക്കാരന് ചെലവ് കുറഞ്ഞ വായ്പകള്‍ നിഷേധിക്കാന്‍ കാരണമായി. വായ്പകള്‍ ആവശ്യപ്പെടുന്ന ഈട് നല്‍കാന്‍ കഴിയാത്തതിനാല്‍ സാധാരണക്കാര്‍ സ്വകാര്യ പണമിടപാടുകാരെ സമീപിക്കേണ്ടിയും വരുന്നു. പക്ഷെ, ഉയര്‍ന്ന പലിശ ഈടാക്കി സാധാരണക്കാരെ കൂടുതല്‍ ചൂഷണത്തിന് ഇരകളാക്കുകയാണ് ഇവരും ചെയ്യുന്നത് . മൈക്രോഫിനാന്‍സിനെ പറ്റി നടക്കുന്ന ഗവേഷണപഠനങ്ങളില്‍ മിക്കതും ഔദ്യോഗിക സംവിധാനങ്ങളുടെ പാളിച്ചകളെപ്പറ്റിയാണ് സംസാരിച്ചത്. ഈടില്ലാതെ വായ്പകള്‍ നല്‍കുന്നതും കടം വാങ്ങുന്ന വ്യക്തികളുടെ തിരിച്ചടവിനുള്ള കഴിവിനെപ്പറ്റി കൃത്യമായ ധാരണയില്ലത്തതുമാണ് പ്രധാന കാരണങ്ങളായി കണ്ടെത്തിയത് .എന്നാല്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ക്ക്, കടം വാങ്ങുന്നവരുടെ തിരിച്ചടവ് ശേഷിയെ പറ്റി പ്രാദേശികമായുള്ള അറിവുകളും ധാരണകളും ഗ്രാമീണ ബാങ്കിംഗ് രംഗത്ത് മേല്‍കൈ നേടാന്‍ സഹായകരമായി. ഔദ്യോഗിക സാമ്പത്തിക സ്ഥാപനങ്ങള്‍ നേരിടുന്ന ഈ പ്രശ്‌നത്തെ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ ‘ ലോക്കല്‍ ഇന്‍ഫര്‍മേഷന്‍ പ്രോബ്ലം’ (പ്രാദേശിക വിവരങ്ങളുടെ അപര്യാപ്തത) എന്നു വിളിച്ചു.

വര്‍ഷങ്ങളോളം ഭരണാധികാരികളെയും ഗവേഷകരേയും കുഴക്കിയ ഈ പ്രശ്‌നത്തിന് ഒരു പരിഹാരമാര്‍ഗ്ഗം ഉരുത്തിരിഞ്ഞത് 1980-കളിലാണ് . ഇടപാടുകാരെപ്പറ്റിയുള്ള വിവരങ്ങളുടെ അഭാവം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ എക്കാലവും നിലനില്‍ക്കുമെന്നും, ആയതിനാല്‍ ഗ്രാമീണ മേഖലയില്‍ വ്യക്തികള്‍ക്ക് പകരം സംഘങ്ങള്‍ക്കോ, കൂട്ടായ്മകള്‍ക്കോ വായ്പകള്‍ നല്‍കുന്നതാണ് അഭികാമ്യം എന്ന നിഗമനത്തിലെത്തി. വ്യക്തിയില്‍ നിന്നും ഒരു കൂട്ടം വ്യക്തികളിലേക്ക് വായ്പകള്‍ എത്തുമ്പോള്‍ അതിന്റെ സ്വഭാവം മാറുകയും തിരിച്ചടവ് സുഗമമാകുകയും ചെയ്യുന്നു. കാരണം, കൂട്ടുത്തരവാദിത്തം (Joint liability) ആണു സംഘങ്ങളുടെ അടിസ്ഥാനം. അതിന്റെ മേല്‍ ലഭിക്കുന്ന വായ്പകള്‍ തിരിച്ചടയ്‌ക്കേണ്ട ചുമതല ഓരോ അംഗത്തിനും തുല്യമാണ്. ആയതിനാല്‍ സംഘങ്ങള്‍ക്കുള്ളിലുള്ള സമ്മര്‍ദ്ദവും അംഗങ്ങള്‍ തമ്മിലുള്ള നിരീക്ഷണവും (Monitoring) വായ്പാ തിരിച്ചടവ് എളുപ്പമാക്കുന്നു. പ്രാദേശിക വിവരങ്ങളുടെ അഭാവം മറികടക്കാന്‍ ഇത്തരം സംഘങ്ങള്‍ക്ക് വായ്പകള്‍ നല്‍കുന്നതിലൂടെ സാധിക്കുമെന്ന് നോബേല്‍ സമ്മാന ജേതാവായ ജോസഫ് സ്റ്റിഗ്ലിറ്റ്‌സ് ഉള്‍പ്പെടെയുള്ളവര്‍ വാദിച്ചു. ഈ വാദങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുകയും വാണിജ്യ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ഔദ്യോഗിക സ്ഥാപനങ്ങള്‍ ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തു.

 

വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മൈക്രോഫിനാന്‍സ് അഥവാ ചെറുവായ്പകള്‍ നല്‍കുന്ന രീതി 1970-കളില്‍ തന്നെ നിലവിലുണ്ടായിരുന്നു. ചെറിയ തുകകള്‍ ഉപഭോക്താവിനു മുകളിലുള്ള സമ്മര്‍ദ്ദം കുറയ്ക്കുകയും വായ്പാ തിരിച്ചടവ് സുഗമമാക്കുകയും ചെയ്യും എന്ന ബോധത്തിന്റെ അടിസ്ഥാനത്തിലാണ് വാണിജ്യ ബാങ്കുകളും എന്‍.ജി.ഒകളും ഇത്തരം ചെറുവായ്പകല്‍ നല്‍കി തുടങ്ങിയത്. എന്നാല്‍ സംഘങ്ങള്‍ക്ക് വായ്പ നല്‍കുന്നതിലെ മെച്ചങ്ങള്‍ തിരിച്ചറിഞ്ഞതോടെ ഈ രണ്ടു കാഴ്ചപ്പാടുകളും ഒന്നിക്കുകയും ഗ്രാമീണ സംഘങ്ങള്‍ക്ക് / കൂട്ടായ്മകള്‍ക്ക് ചെറു വായ്പകള്‍ നല്കുന്ന സംവിധാനം നിലവില്‍ വരുകയും ചെയ്തു. ഇന്നു ലോകം മുഴുവന്‍ അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്ന മൈക്രോഫിനാന്‍സ് പരിപാടിയുടെ തുടക്കം ഇങ്ങനെയായിരുന്നു. അതായത് ചെറുവായ്പകള്‍ ഗ്രാമീണ ജനതയുടെ കൂട്ടായ്മകള്‍ക്ക് തുച്ചമായ നിരക്കില്‍ നല്‍കുന്ന സംവിധാനം എന്ന് മൈക്രോഫിനാന്‍സിനെ നിര്‍വചിക്കാം. കഴിഞ്ഞ 25 വര്‍ഷങ്ങളായി മൂന്നാം ലോക രാജ്യങ്ങളിലെ ഗ്രാമീണ ബാങ്കിംഗ് മേഖലയില്‍ നിരവധി മൈക്രോഫിനാന്‍സ് മാതൃകകള്‍ വിജയകരമായി നടപ്പിലാക്കി വരുന്നു. എന്നിരുന്നാലും മുഹമ്മദ് യുനുസിന്റെ ‘ഗ്രാമീണ്‍ സോളിഡാരിറ്റി’ മാതൃകയാണ് മൈക്രോഫിനാന്‍സിന്റെ സാധ്യതകളെ വിപുലപ്പെടുത്തിയത്.

ഇന്ത്യയില്‍ നിരവധി പ്രവര്‍ത്തന മാതൃകകള്‍ നിലവിലുണ്ടെങ്കിലും, പ്രധാനമായും രണ്ടു മാതൃകകളാണ് ദേശീയ തലത്തില്‍ സ്വീകാര്യത നേടിയത്. ഗ്രാമീണ്‍ ബാങ്കില്‍ നിന്ന് കടമെടുത്ത എസ്.എച്.ജി (Self help group) മാതൃകയും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ആരംഭിച്ച ജെ.എല്‍.ജി (Joint liability group) മാതൃകയുമാണ്. എസ്.എച് .ജി മാതൃക ജനകീയമായത് നബാര്‍ഡിന്റെ മൈക്രോഫിനാന്‍സ് പരിപടികളിലൂടെയാണ്. ജെ.എല്.ജി മാതൃകകള്‍ കൂടുതലായി ഉപയോഗപ്പെടുത്തുന്നത് വാണിജ്യ താല്പര്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്. ജെ.എല്‍.ജി സംഘങ്ങളില്‍ നടക്കുന്ന ഏക പ്രവര്‍ത്തനം വായ്പകള്‍ നല്‍കുക എന്നതാണ്. മാത്രമല്ല എസ്.എച്.ജി മാതൃക പോലെ അംഗങ്ങളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കുനതിനോ ഉത്പാദന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനോ പ്രോത്സാഹനം നല്‍കുന്നുമില്ല. ശക്തമായ നിരീക്ഷണവും കൂട്ടയ്മയ്ക്കുള്ളിലെ സമ്മര്‍ദ്ദത്തെ (Group pressure) പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തിയുള്ള തിരിച്ചടവ് രീതികളും ഈ മാതൃകയെ വ്യത്യസ്തമാക്കുന്നു. ഇന്ത്യയില്‍ ഏറ്റവും വിജയകരമായി ജെ.എല്‍.ജി സംഘങ്ങള്‍ പ്രവര്‍ത്തിച്ചത് ആന്ധ്രാ പ്രദേശിലാണ്. പക്ഷെ, 2008-ല്‍ ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ നടന്ന കര്‍ഷകാത്മഹത്യകള്‍ ഇന്ത്യയിലെ മൈക്രോഫിനാന്‍സ് പരിപാടികള്‍ക്ക് ഏറ്റ കനത്ത തിരിച്ചടിയായിരുന്നു. ആത്മഹത്യകളുടെ കാരണം അന്വേഷിച്ച ആന്ധ്ര സര്‍ക്കാര്‍ കണ്ടെത്തിയത് ആത്മഹത്യ ചെയ്തവരെല്ലാം വിവിധ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ഉപഭോക്താക്കള്‍ ആയിരുന്നു എന്നതാണ്. വിലയിലുണ്ടായ ഏറ്റക്കുറച്ചിലുകള്‍ പരിഹരിക്കാന്‍ ഒന്നില്‍ കൂടുതല്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്ന് അവര്‍ വായ്പകളെടുക്കുകയും, കൂട്ടുത്തരവാദിത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കു പോലും വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാതാകുകയും അതിന്റെ ഫലമായി ആത്മഹത്യകള്‍ ഉണ്ടാവുകയുമായിരുന്നു. ഈ പ്രതിഭാസം പഠനവിധേയമാകുകയും, ഇന്ത്യയിലെ മൈക്രോഫിനാന്‍സ് രംഗം വിപണിവല്‍കരണത്തിനു വിധേയമാകുന്നു എന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിച്ചേരുകയും ചെയ്തു.

 

മൈക്രോഫിനാന്‍സിന്റെ വിപണിവല്‍കരണം
ഈ പ്രതിഭാസം ‘ലക്ഷ്യത്തില്‍ നിന്നുള്ള വ്യതിചലനം’ (Mission drift) എന്ന പേരിലും അറിയപ്പെടുന്നു. 21-ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ ലോകത്താകമാനം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ഉപഭോക്തൃ കേന്ദ്രീകൃതമായ, കുറഞ്ഞ നിരക്കിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിന്നു വ്യതിചലിച്ച് ലാഭം ലക്ഷ്യമിടുന്ന റെഗുലേറ്റഡ് ധനകാര്യ സ്ഥാപനങ്ങളായി മാറാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഈ മാറ്റം മൈക്രോഫിനാന്‍സിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്നുള്ള പിന്മാറലാണ്. കാരണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ അമിത ലാഭം പ്രതീക്ഷിച്ച് ഒരു കച്ചവടമായി മാറുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ നിരവധിയാണ്. കൂടുതല്‍ ലാഭം നേടുന്നതിനായി അവര്‍ കൂടുതല്‍ സംഘങ്ങള്‍ക്ക് വായ്പ നല്‍കുകയോ, ഉയര്‍ന്ന പലിശ ഈടാക്കുകയോ, വലിയ തുകകള്‍ ഉയര്‍ന്ന പലിശയ്ക്ക് വായ്പയായി നല്‍കുകയോ ചെയ്യുന്നു. എന്നാല്‍ കൂടുതല്‍ സംഘങ്ങള്‍ക്ക് വായ്പ നല്‍കുന്നതിനേക്കാള്‍ വേഗത്തില്‍ ലാഭം നേടാന്‍ കഴിയുന്നത് ഉയര്‍ന്ന തുകകള്‍ വായ്പ നല്‍കുന്നതിലൂടെയാണ്. അതുമല്ലെങ്കില്‍ നല്‍കുന്ന എല്ലാ വായ്പകള്‍ക്കും വലിപ്പ ചെറുപ്പമില്ലാതെ ഉയര്‍ന്ന പലിശ ഈടാക്കണം. ഇത്തരത്തില്‍ ലാഭം തേടിയുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ തുടങ്ങിയതോടെ പാവപ്പെടവര്‍ ഒന്നുകില്‍ അവഗണിക്കപ്പെടുകയും, അല്ലെങ്കില്‍ ചൂഷണത്തിന് വിധേയരാകുകയും ചെയ്യുന്നു. അതായത് , ഉയര്‍ന്ന വായ്പകളില്‍ നിന്നു അവരെ പൂര്‍ണ്ണമായും ഒഴിവാക്കുകയും നല്‍കുന്ന ചെറു വായ്പകള്‍ക്ക് ഉയര്‍ന്ന പലിശ ഈടാക്കുകയും ചെയ്തു.അതോടെ ലാഭം കുത്തനെ കൂടുന്നു.

ഇന്ത്യയില്‍ വിപണിവത്ക്കരണം പ്രകടമായി പുറത്ത് വന്നത് ആന്ധ്രപ്രദേശ് സംഭവത്തോടെയായിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ആന്ധ്ര, കേന്ദ്ര സര്‍ക്കാരുകള്‍ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നെങ്കിലും സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ആന്ധ്രപ്രദേശ് ഒഴികയുള്ള സംസ്ഥാനങ്ങളില്‍ വിപണി കണ്ടെത്തി. SKS, SHARE തുടങ്ങി ആന്ധ്രയില്‍ വിവാദമുണ്ടാക്കിയ മൈക്രോഫിനാന്‍സ് വമ്പന്മാരൊക്കെ മറ്റു തെക്കന്‍ സംസ്ഥാനങ്ങളെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെയും ലക്ഷ്യം വച്ചു. കര്‍ഷകരെ ഒഴിവാക്കിയും സ്ത്രീകളുടെ സംഘങ്ങള്‍ മാത്രം രൂപീകരിച്ചും നിര്‍ബന്ധിത തിരിച്ചടവ് മാര്‍ഗ്ഗങ്ങള്‍ ഒഴിവാക്കിയും അവര്‍ പ്രവര്‍ത്തന ശൈലിയില്‍ അടിമുടി മാറ്റം വരുത്തി. പക്ഷെ പ്രധാന ലക്ഷ്യം ഉയര്‍ന്ന ലാഭം നേടുക എന്നത് തന്നെയായിരുന്നു. ഇവയെ ‘രണ്ടാം തലമുറ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍’ (Second Generation Microfinance Institutions) എന്നു വിളിക്കുന്നു.

 

 

കേരളത്തിലെ മൈക്രോഫിനാന്‍സ് പ്രവര്‍ത്തനങ്ങള്‍
കേരളത്തെ അന്താരാഷ്ട്ര മൈക്രോഫിനാന്‍സ് ഭൂപടത്തില്‍ രേഖപെടുത്തിയത് കുടുംബശ്രീയാണ്. കുടുംബശ്രീയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്‍പുതന്നെ നബാര്‍ഡിന്റെ ബാങ്കിംഗ് ലിങ്കേജ് പരിപാടിയുടെ ഭാഗമായി നിരവധി എന്‍.ജി.ഒകള്‍ മൈക്രോഫിനാന്‍സ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. പക്ഷേ അവയില്‍ പലതിന്റെയും പ്രവര്‍ത്തന മേഖല വളരെ ചുരുങ്ങിയതായിരുന്നു. മറ്റു സ്ഥാപനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും എസ്.എച് .ജി മാതൃകയാണ് സ്വീകരിച്ചത്. തുടക്കത്തില്‍ പുരുഷന്മാരുടെ സംഘങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് സ്തീകളുടെ സംഘങ്ങള്‍ മാത്രമായി. സംഘങ്ങള്‍ക്ക് വാണിജ്യ ബാങ്കുകളില്‍ നിന്ന് വായ്പകള്‍ ലഭിക്കുന്നതിനു സഹായിക്കുക, സംഘങ്ങളുടെ രൂപീകരണത്തിന് സഹായിക്കുക തുടങ്ങിയവയായിരുന്നു ഇത്തരം സ്ഥാപനങ്ങളുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍.

 

കുടുംബശ്രീയുടെ എസ്.എച്ച്.ജി സംഘങ്ങളുടെ രൂപീകരണമാണ് കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേക്കും മൈക്രോഫിനാന്‍സിനെയും സ്വയംസഹായ സംഘങ്ങളെയും എത്തിച്ചത്. കുടുംബശ്രീ സ്വയംസഹായ സംഘങ്ങളുടെ എണ്ണം 1999-ലെ 7538-ല്‍ നിന്ന് 2006 ആയപ്പോഴേക്കും 1,67,907 ആയി വര്‍ദ്ധിച്ചു. മാത്രമല്ല ആകെ വായ്പാ തുക മൂന്നിരട്ടിയായും കൂടി. അങ്ങനെ കുടുംബശ്രീ സംഘങ്ങള്‍ കേരളത്തിലെ മൈക്രോഫിനാന്‍സിന്റെ അവസാന വാക്കായി മാറി. എന്നാല്‍ 2005-നു ശേഷം കേരളത്തില്‍ കുടുംബശ്രീ എസ്.എച്ച്.ജി മാതൃകകളില്‍ നിന്ന് വ്യത്യസ്തമായി വിപണിവത്ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളായി പ്രവര്‍ത്തനമാരംഭിച്ചു. അവയില്‍ പലതും ആന്ധ്രയില്‍ നിന്നുള്ള സ്വകാര്യ മൈക്രോഫിനാന്‍സ് ഭീമന്മാരായിരുന്നു. കൂട്ടുത്തരവാദിത്വ സംഘങ്ങള്‍ (Joint Liability Groups) രൂപീകരിച്ചുള്ള അവരുടെ പ്രവര്‍ത്തനം വേഗത്തില്‍ വിജയം കാണുകയും കഴിഞ്ഞ 10 വര്‍ഷ കാലയളവില്‍ വലിയ തോതിലുള്ള വളര്‍ച്ച കൈവരിക്കാനും കഴിഞ്ഞു. കുടുംബശ്രീ-നബാര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്ന മേധാവിത്വം നഷ്ടപ്പെടുകയും വിപണിവത്ക്കരണത്തിന്റെ വക്താക്കളായ സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്ക് ഇടം ലഭിക്കുകയും ചെയ്യുന്നു. കുടുംബശ്രീക്ക് ശക്തമായ വേരുകളുള്ള ഗ്രാമീണ മേഖലയില്‍ പോലും ഇവര്‍ക്ക് ലഭിക്കുന്ന സ്വീകാര്യത അത്ഭുതമുളവാക്കുന്നതായിരുന്നു.

ഇന്നു കേരളത്തില്‍ നിരവധി സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് പ്രവര്‍ത്തിച്ചിരുന്ന നിരവധി എന്‍.ജി.ഒകള്‍ സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളായി രൂപാന്തരം പ്രാപിച്ചു. അതുകൂടാതെ ഇതരസംസ്ഥാന മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളും ബാങ്കിതര ധനകാര്യ സ്ഥപനങ്ങളും വിവിധ ജാതിമത സംഘടനകളും മൈക്രോഫിനാന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്തതും ചെയ്യാത്തതുമായ 30-ഓളം സ്ഥാപങ്ങള്‍ ഇന്നു കേരളത്തിന്റെ ഗ്രാമീണ മേഖലയില്‍ സ്ത്രീകളുടെ കൂട്ടായ്മകള്‍ക്ക് രൂപം നല്‍കി വായ്പകള്‍ നല്‍കിവരുന്നു. എന്റെ ഗവേഷണ പ്രബന്ധത്തിന്റെ ഭാഗമായി നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമാകുന്നത്, 2008 മുതല്‍ കേരളത്തിലെ സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ വളര്‍ച്ചയുടെ പാതയിലാണ് എന്നതാണ്. ഉപഭോക്താക്കളുടെ എണ്ണത്തിലും ആകെ വായ്പ തുകയിലും (Gross Loan Amount) വലിയ വര്‍ധനവ്വ് രേഖപ്പെടുത്തുന്നു. മാത്രമല്ല ശരാശരി വായ്പ ചിലവും (Average cost per loan) മറ്റു ചിലവുകളും കുറഞ്ഞു വരികയും അതേസമയം തന്നെ വരുമാനം കുത്തനെ ഉയരുകയും ചെയ്യുന്നു. ഈ കണക്കുകളെല്ലാം തന്നെ ഇത്തരം സ്ഥാപങ്ങള്‍ വലിയ ലാഭം നേടുന്നുണ്ട് എന്നതിന് ഉദാഹരണങ്ങളാണ്. ധനകാര്യ സ്ഥാപനങ്ങള്‍ ലാഭമുണ്ടാക്കുന്നത് പുതുമയുള്ള കാര്യമല്ല. പക്ഷെ, പ്രധാന ഉത്കണ്ഠ, അടിസ്ഥാന ലക്ഷ്യങ്ങളായ ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, പാവപ്പെട്ടവരുടെ അഭിവൃദ്ധി എന്നിവയില്‍ നിന്ന് ഇത്തരം മൈക്രോഫിനാന്‍സ് സ്ഥാപങ്ങള്‍ വ്യതിച്ചലിക്കുന്നുണ്ടോ എന്നതാണ്. ഇവരുടെ വളര്‍ച്ചയുടെ കണക്കുകള്‍ നിരത്തി, ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടികള്‍ ശക്തിപ്രാപിക്കുന്നു എന്നു പ്രഖ്യാപിക്കാനാണ് സര്‍ക്കാരുകള്‍ക്കും നബാര്‍ഡ് പോലെയുള്ള വികസന സ്ഥാപനങ്ങള്‍ക്കും താത്പര്യം. 

 

വിപണിവല്‍ക്കരണം ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കളെ എങ്ങനെയാണു ബാധിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി നടത്തിയ പ്രാഥമിക സര്‍വ്വേയില്‍ നിന്ന് വ്യക്തമാകുന്നത്, ലാഭം നേടുന്നതിനായി ഇത്തരം സ്ഥാപനങ്ങള്‍ മൈക്രോഫിനാന്‍സിന്റെ എല്ലാ അടിസ്ഥാനതത്വങ്ങളും അവഗണിക്കുന്നു എന്നതാണ്. പ്രധാനമായും ഉയര്‍ന്ന പലിശ നിരക്ക്. 15,000 രൂപയുടെ വായ്പകള്‍ക്ക് 25 ശതമാനം വരെ പലിശ ഈടാക്കുന്നു. വായ്പ തുക ഉയരുന്നതിനോടൊപ്പം പലിശ നിരക്കും വര്‍ധിക്കുന്നു. ഇത്തരം സ്ഥാപങ്ങളില്‍ പലതും എന്‍.ജി.ഒകള്‍ ആയിരുന്ന കാലത്ത് പരമാവധി 10 ശതമാനം മാത്രം പലിശ ഈടാക്കിയിരുന്നവരാണ്. സംഘങ്ങളില്‍ നിക്ഷിപ്തമായ കൂട്ടുത്തരവാദിത്തം വായ്പാതിരിച്ചടവ് സുഗമമാക്കും എന്നു നല്ല തിരിച്ചറിവുള്ള ഇക്കൂട്ടര്‍ ഉയര്‍ന്ന പലിശ നിരക്കില്‍ വലിയ തുകകള്‍ വായ്പ നല്‍കി അമിത ലാഭം നേടുകയാണ്. ജാതിമത സംഘടനകളുടെ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളില്‍ പലിശ നിരക്കില്‍ കുറവുണ്ടെങ്കിലും നബാര്‍ഡ്-കുടുംബശ്രീ പരിപാടിയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കൂടുതലാണ്.

 

മറ്റൊരു പ്രധാന സൂചകം ഓരോ ഉപഭോക്താവിന്റെയും ശരാശരി വായ്പ തുകയാണ്. മെച്ചപ്പെട്ട സാമ്പത്തികശേഷിയുള്ള ഉപഭോക്താവിന്റെ ശരാശരി വായ്പ ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുകയും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ഉപഭോക്താക്കളുടെ ശരാശരി വായ്പാതുക കുറഞ്ഞുവരുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്യുന്നു. കാലക്രമേണ പാവപ്പെട്ടവരെ പൂര്‍ണ്ണമായും പ്രവര്‍ത്തനങ്ങളില്‍ നിന്നു നീക്കം ചെയ്യാനും വലിയ തുകകള്‍ തിരിച്ചടയ്ക്കാന്‍ ശേഷിയുള്ള സംഘങ്ങളെ കണ്ടെത്താനുമാണ് ഇത്തരം സ്ഥാപനങ്ങള്‍ ശ്രമിക്കുന്നത്. അതുകൂടാതെ വായ്പതിരിച്ചടവിനു സാധ്യത തീരെ കുറവുള്ള സംഘങ്ങള്‍ക്ക് ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ നിന്ന് വായ്പകളെടുക്കുവാന്‍ (Multiple Borrowing) മൌനാനുവാദം നല്‍കുന്നു. ഇന്നു കേരളത്തില്‍ ഒരേസമയം മൂന്നു സ്ഥാപനങ്ങളില്‍ നിന്ന് ഒരേ സമയം വായ്പകള്‍ എടുക്കുന്ന നിരവധി സംഘങ്ങളുണ്ട്. ആന്ധ്രയില്‍ കര്‍ഷകാത്മഹത്യകള്‍ക്ക് പ്രധാന കാരണം ഇതായിരുന്നു. ഒന്നില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ നിന്ന് വായ്പകളെടുക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ തിരിച്ചടവവ് ഉറപ്പിക്കാന്‍ എന്നും ഈ മാര്‍ഗ്ഗം സ്വീകരിക്കുന്നു. ഇതെല്ലാം പാവപ്പെട്ട സ്ത്രീകളുടെ കൂട്ടങ്ങളെ ‘കടത്തിന്റെ ദൂഷിതവലയ’ത്തിലേക്ക് (vicious cycle of debt) തള്ളിവിടുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല.

ഇത്തരത്തില്‍ അന്ധമായ വിപണിവത്ക്കരണമാണ് മൈക്രോഫിനാന്‍സ് രംഗത്ത് നടന്നു വരുന്നത്. ഇതിന്റെ സധ്യതകള്‍ മനസിലാക്കി നിരവധി സ്വകാര്യ പണമിടപാടുകാര്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷേ അവസാനമായി ഒരു ചോദ്യം കൂടി അവശേഷിക്കുന്നുണ്ട്. എങ്ങനെയാണ് കുടുംബശ്രീ അടക്കി ഭരിച്ചിരുന്ന കേരളത്തിലെ മൈക്രോഫിനാന്‍സ് പ്രവര്‍ത്തനങ്ങള്‍ ഇത്രത്തോളം വിപണിവത്ക്കരിക്കപ്പെട്ടത്. സ്വകാര്യ സ്ഥാപനങ്ങളുടെ കടന്നുവരവിനു ശേഷമുള്ള വര്‍ഷങ്ങളിലെ കുടുംബശ്രീയുടെ വര്‍ഷിക റിപ്പോര്‍ട്ടുകളില്‍ നിന്ന് മൈക്രോഫിനാന്‍സ് പ്രവര്‍ത്തനങ്ങളുടെ കണക്കുകള്‍ പോലും അപ്രത്യക്ഷമായി. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി മൈക്രോഫിനാന്‍സ് പ്രവര്‍ത്തനങ്ങളിലുള്ള കുടുംബശ്രീയുടെ താല്‍പര്യം അല്ലെങ്കില്‍ ശ്രദ്ധ കുറഞ്ഞു വരുന്നു. ഈ കാലഘട്ടത്തില്‍ മറ്റു പരിപാടികളിലൂടെ കുടുംബശ്രീ സ്ത്രീകള്‍ക്കിടയില്‍ കൂടുതല്‍ ജനകീയമായെങ്കിലും, കുടുംബശ്രീ സംഘങ്ങളുടെ മൈക്രോഫിനാന്‍സ് പദ്ധതി ആകെ താളം തെറ്റിയ നിലയിലായിരുന്നു. വായ്പ തിരിച്ചടവ് നിരക്ക് കുറഞ്ഞു, കുടുംബശ്രീ ഉദ്യോഗസ്ഥര്‍ കൃത്യമായ നിരീക്ഷണം (Monitoring) നടത്തുന്നില്ല. സംഘങ്ങള്‍ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ നബാര്‍ഡിന്റെ സഹായത്തോടെ ബാങ്കുകള്‍ വഴിയുള്ള വായ്പകള്‍ സ്വീകരിക്കാന്‍ വിമുഖത കാട്ടുന്നു. ഇത്തരം പ്രശ്‌നങ്ങളൊക്കെ കൃത്യമായി പഠിച്ച് നടപടികള്‍ സ്വീകരിക്കാന്‍ ആരും തയ്യാറായില്ല.

 

സ്വകാര്യ സ്ഥാപനങ്ങളാകട്ടെ ഈ അവസരം നന്നായി വിനിയോഗിച്ചു. കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോഴേ അവരുടെ പ്രധാന ഉന്നം പ്രവര്‍ത്തനരഹിതമയതോ, അസംതൃപ്തിയുള്ളതോ ആയ കുടുംബശ്രീ സംഘങ്ങളായിരുന്നു. കൂട്ടുത്തരവാദിത്തത്തെപ്പറ്റി സ്ത്രീകള്‍ക്ക് കുടുംബശ്രീയില്‍ നിന്ന് ലഭിച്ച പരിശീലനവും ധാരണകളും തിരിച്ചടവ് എളുപ്പമാക്കും എന്നതാണ് കാരണം. സ്വകാര്യ സ്ഥാപനങ്ങള്‍ 100 ശതമാനം തിരിച്ചടവ് നിരക്ക് കൈവരിക്കാന്‍ പ്രധാന കാരണവും ഇതുതന്നെ. ഇത്തരത്തില്‍ കുടുംബശ്രീയുടെ മൈക്രോഫിനാന്‍സ് ഇടങ്ങള്‍ കൈയ്യടക്കുക വഴി വിപണി വിപുലപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചു. സംഘങ്ങളുടെ രൂപീകരണത്തിലും ഉപഭോക്താക്കളെ തിരഞ്ഞെടുക്കന്നതിലും അവര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിവരുന്നു. അംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ ജാതി, മത സംഘടനകളുടെ സ്ഥാപങ്ങള്‍ ഒഴികെയുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ ഉപഭോക്താവിന്റെ ജാതി, മതം, വായ്പയുടെ ഉപയോഗം എന്നിവയെപ്പറ്റി ശ്രദ്ധിക്കാറില്ല. എന്നാല്‍, വരുമാന മാര്‍ഗ്ഗങ്ങള്‍, വസ്തുവകകള്‍ എന്നിവയെപ്പറ്റി അന്വേഷണം നടത്താറുമുണ്ട്. ആന്ധ്രയിലെ സംഭവങ്ങള്‍ക്ക് ശേഷം നിര്‍ബന്ധിത തിരിച്ചടവ് മാര്‍ഗ്ഗങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചെങ്കിലും ഉപഭോക്താക്കളില്‍ സമ്മര്‍ദം ചെലുത്താന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഇന്നും അവലംബിക്കുന്നുണ്ട് .ഇത്തരത്തില്‍ ഏതുവിധേനയും തിരിച്ചടവ് ഉറപ്പാക്കി ലാഭം നേടുക എന്നതാണ് വിപണിവത്ക്കരണത്തിന്റെ സന്താനങ്ങളായ സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുടെ ഏക ലക്ഷ്യം. നമ്മുടെ ഔദ്യോഗിക സംവിധാനങ്ങളുടെ പാളിച്ചകള്‍ ആയിരക്കണക്കിന് സ്ത്രീ കൂട്ടായ്മകളെ ചൂഷണം ചെയ്യുന്നതിന് സഹായകരമാകുന്നു എന്നത് ഖേദകരമാണ്. ലിംഗനീതി ഉറപ്പിക്കുന്നത് പോലെയും അഴിമതി ഇല്ലാതാക്കുന്നത് പോലെയും പ്രാധാന്യമര്‍ഹിക്കുന്നതാണ് ഇത്തരം ചൂഷണങ്ങളില്‍ നിന്ന് സ്ത്രീ കൂട്ടായ്മകളെ സംരക്ഷിക്കുക എന്നുള്ളത്.

ആരുടെ കരങ്ങളില്‍ നിന്നാണോ ഗ്രാമീണ ജനതയെ കുടുംബശ്രീ രക്ഷിച്ചത്, അവരുടെ കെണിയിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് സംജാതമായിരിക്കുന്നത്. ഇന്ന് കുടുംബശ്രീ തെളിച്ച വഴികളിലൂടെ നടക്കുന്നത് ലാഭം ലക്ഷ്യമിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങളും പണമിടപാടുകാരുമാണ്. ഗ്രാമീണ മേഖലയില്‍ വ്യക്തിഗത വായ്പകള്‍ നല്‍കുമ്പോള്‍ ഉണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളും കൂട്ടുത്തരവാദിത്ത സംഘങ്ങള്‍ക്ക് വായ്പ നല്‍കുന്നതിലൂടെ പരിഹരിക്കാം എന്ന് മനസിലാക്കിയ ഇക്കൂട്ടര്‍ മൈക്രോഫിനാന്‍സ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ഒരു ദു:സൂചന തന്നെയാണ്. ഗ്രാമീണ മേഖലയിലെ കൊള്ള പലിശക്കാരുടെ തിരിച്ചുവരവിനാണ് പരോക്ഷമായെങ്കിലും ഇതെല്ലാം വഴിയൊരുക്കുന്നത്.

2014 വരെ ഒരു മൈക്രോഫിനാന്‍സ് സ്ഥാപനത്തിന് ഈടാക്കാവുന്ന പരമാവധി പലിശ നിരക്ക് 26 ശതമാനമായിരുന്നു. സ്വകാര്യ സ്ഥാപനങ്ങള്‍ ഈ വ്യവസ്ഥ ലംഘിക്കാറുണ്ടെങ്കിലും ഒരു പരിധിയില്‍ കൂടുതല്‍ പലിശ ഈടാക്കാറില്ലായിരുന്നു. എന്നാല്‍ വിപണിവത്ക്കരണ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി റിസര്‍വ്വ് ബാങ്ക് ഈ പലിശ നിയന്ത്രണം കൂടി ഒഴിവാക്കിയതോടെ പാവപ്പെട്ടവര്‍ക്ക് മൈക്രോഫിനാന്‍സ് പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്ന എല്ലാ വിശ്വാസവും നഷ്ടപ്പെട്ടു. പൂര്‍ണ്ണമായും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളായി മാറിക്കഴിഞ്ഞ ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ സംസ്ഥാനതലത്തില്‍ നിയമനിര്‍മ്മാണം ആവശ്യമാണ്. കാരണം, കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ച മൈക്രോഫിനാന്‍സ് നിയന്ത്രണ ബില്‍, 2011 ഇപ്പോഴും പാസ്സാക്കാന്‍ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാവിധ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളെയും (ജാതി, മത സംഘടനകളുടേതുള്‍പ്പെടെ) കണ്ടെത്തുകയും അവരെ നിയന്ത്രണങ്ങളുടെ പരിധിയില്‍ കൊണ്ടുവരേണ്ടതും അത്യാവശ്യമാണ്. മാത്രമല്ല മൈക്രോഫിനാന്‍സ് പരിപാടികളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിലൂടെ മാത്രമേ വിപണിവത്ക്കരണത്തിനു തടയിടാന്‍ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം കേരളം മറ്റൊരു ആന്ധ്രയാകുന്ന കാലം വിദൂരമല്ല.

 

(തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസില്‍ ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Avatar

കെ എസ് ബിനു

തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസില്‍ ഗവേഷക വിദ്യാര്‍ഥി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍