UPDATES

സയന്‍സ്/ടെക്നോളജി

യീസ്റ്റ് അത്ര ചെറിയ പുള്ളിയല്ല; നൊബേല്‍ ജേതാവ് യോഷിനോരി ഒസുമി പറയുന്നു

Avatar

ദ ജപ്പാന്‍ ന്യൂസ്/ യോമിയുറി

“സൂക്ഷ്മജീവികള്‍ ഈ ലോകത്തിലെ ജീവന്‍റെ നിലനില്‍പ്പിന് ആവശ്യമാണ്. ആ വിഷയത്തില്‍ ഒരു ഗവേഷണ സ്ഥാപനം തുടങ്ങുകയെന്നത് എന്‍റെ ആഗ്രഹമാണ്,” ഫിസിയോളജി/വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചതറിഞ്ഞതിന്‍റെ പിറ്റേന്ന് ജാപ്പനീസ് മൈക്രോബയോളജിസ്റ്റായ യോഷിനോരി ഒസുമി പറഞ്ഞു. മൈക്രോബയോളജിയിലെ ഗവേഷണത്തിനായി ഒരു റിസെര്‍ച്ച് സെന്‍റര്‍ സ്ഥാപിക്കാനും വളര്‍ന്നു വരുന്ന ശാസ്ത്രകാരന്മാര്‍ക്കു വേണ്ട സംവിധാനമൊരുക്കാനും തനിക്ക് അതിയായ താല്‍പ്പര്യമുണ്ടെന്ന് യോമിയുരി ഷിംബനിന് നല്‍കിയ അഭിമുഖത്തില്‍ 71കാരനായ ഒസുമി വ്യക്തമാക്കി.

ടോക്യോ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് ടെക്നോളജിയില്‍ ഓണററി പ്രഫസറാണ് അദ്ദേഹം. “ചെറുപ്പക്കാരായ ഗവേഷകര്‍ക്ക് കൂടുതല്‍ കരുത്തോടെ അവരുടെ പഠനങ്ങള്‍ നടത്താനുള്ള അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയെന്നതാണ് എന്‍റെ താല്‍പ്പര്യം.”

നൊബേല്‍ പുരസ്കാര ജേതാവെന്ന നിലയ്ക്ക് ഒസുമിക്ക് ലഭിക്കുന്ന സമ്മാനത്തുക എട്ടു മില്ല്യണ്‍ സ്വീഡിഷ് ക്രോണയാവും (ഏതാണ്ട് 937,000 യു‌എസ് ഡോളര്‍). യുവശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കാനുള്ള തന്‍റെ പ്രോജക്ടിന് ഗവണ്‍മെന്‍റിന്‍റെ ധനസഹായം തേടാന്‍ ശ്രമിക്കുമെന്ന് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു.

“(സമ്മാനമായി ലഭിക്കുന്നത്) നല്ലൊരു തുകയാണ്. പക്ഷേ അതുകൊണ്ടു മാത്രം മതിയാകില്ല. ഗവണ്‍മെന്‍റ് ഇത്തരമൊരു സംവിധാനമൊരുക്കുന്നതില്‍ അല്‍പ്പമെങ്കിലും താല്‍പ്പര്യമെടുത്താല്‍ അതൊരു വലിയ കാര്യമാകും. അതിനായി ഞാന്‍ എല്ലാ ശ്രമവും നടത്തും,” അദ്ദേഹം പറഞ്ഞു.

മുന്‍പ് മറ്റൊരു പത്രസമ്മേളനത്തില്‍ ഒസുമി ഇങ്ങനെ പറഞ്ഞിരുന്നു, “ഒരു ആഡംബര വീട്ടില്‍ താമസിക്കണമെന്നോ വിദേശ നിര്‍മ്മിത കാര്‍ ഓടിച്ചു നടക്കണമെന്നോ എനിക്കാഗ്രഹമില്ല. ഈ പണം കൊണ്ട് മറ്റുള്ളവര്‍ക്ക് സഹായം ചെയ്യാന്‍ കഴിഞ്ഞാല്‍ എനിക്കു സന്തോഷമാകും.”

ബയോളജിയിലെ അടിസ്ഥാനരീതിയിലുള്ള ഒരു ഗവേഷണമാണ് ഓട്ടോഫജി (autophagy). യീസ്റ്റ് കോശങ്ങള്‍ ഉള്‍പ്പടെയുള്ള സൂക്ഷ്മജീവികളെ കുറിച്ച് പഠിക്കേണ്ടതിന്‍റെ ആവശ്യകത ഒസുമി ആവര്‍ത്തിച്ചു. എളുപ്പം നിരീക്ഷിക്കാവുന്ന യീസ്റ്റ് കോശങ്ങളിലാണ് നൊബേല്‍ സമ്മാനാര്‍ഹമായ തന്‍റെ പഠനങ്ങള്‍ അദ്ദേഹം നിര്‍വ്വഹിച്ചത്. “അപ്ളൈഡ് റിസര്‍ച്ച് ഒരിക്കലും അടിസ്ഥാനപഠനങ്ങളില്‍ നിന്നു വേറിട്ടു നില്‍ക്കുന്നില്ല.”

ഏറെക്കാലമായി ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന തന്‍റെ അഭിപ്രായം അദ്ദേഹം പറഞ്ഞു, “കാര്യങ്ങള്‍ എങ്ങനെയെങ്കിലും ശരിയായി വരുമെന്നു വിശ്വസിച്ചുകൊണ്ട് ചെറുപ്പക്കാര്‍ വെല്ലുവിളികള്‍ ഏറ്റെടുക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.” 

“ഒരു മൈക്രോസ്കോപ്പിനു താഴെ എപ്പോഴും അറിവുകള്‍ ഒളിഞ്ഞിരിക്കുന്നു,” 2016ലെ ഫിസിയോളജി/ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഒസുമിക്ക് നല്‍കുന്നതായി കാരോലിന്‍സ്ക ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചതിനു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കോശഭാഗങ്ങളില്‍ ആവശ്യമില്ലാത്തവയുടെ നാശത്തിനും പുനര്‍നിര്‍മ്മിതിക്കും കാരണമാകുന്ന പ്രക്രിയയായ ഓട്ടോഫജിയുടെ പുറകിലെ പ്രവര്‍ത്തനങ്ങള്‍ കണ്ടുപിടിച്ചതിന് നൊബേല്‍ ജേതാവായ ഒസുമിയുടെ ദൃഢവിശ്വാസം ആ വാക്കുകളില്‍ കാണാം.

“മറ്റുള്ളവര്‍ ചെയ്യാത്തത് ഞാന്‍ ചെയ്യുമെന്നുറപ്പിച്ചാണ് യീസ്റ്റ് കോശങ്ങളെ കുറിച്ചുള്ള പഠനമാരംഭിച്ചത്,” വല്ലപ്പോഴുമുള്ള പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു.

അപ്ളൈഡ് റിസര്‍ച്ചിനു പുറകെ പോകുന്ന പ്രവണതയില്‍ നിന്നു മാറി സ്വന്തം ജിജ്ഞാസകളെ ഉറച്ച തീരുമാനത്തോടെ പിന്തുടര്‍ന്നതിന് അദ്ദേഹത്തെ തേടിയെത്തിയത് ശാസ്ത്രലോകത്തെ ഏറ്റവും മഹത്തായ ബഹുമതിയാണ്.


യോഷിനോരി ഒസുമിയും ഭാര്യ മരികോയും

ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് അദ്ദേഹമുപയോഗിച്ച യീസ്റ്റ് പലതരത്തിലുള്ളവയായിരുന്നു. ചിലത് നേര്‍ത്തത്, ചിലത് ഉരുണ്ടത്. ‘Starving state’ലുള്ള കോശങ്ങളില്‍ ചെറിയ തരി പോലെയുള്ള പദാര്‍ത്ഥങ്ങള്‍ രൂപം കൊണ്ട് അതിവേഗം ചലിക്കുന്നത് ഈ പഠനത്തിന്‍റെ ഭാഗമായി അദ്ദേഹം മനസിലാക്കി. 

ഒരു അമേരിക്കന്‍ യൂണിവേഴ്സിറ്റിയിലെ മൂന്നു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി മടങ്ങിയെത്തി ഏകദേശം 10 വര്‍ഷങ്ങള്‍ കഴിഞ്ഞ്, 1988ലെ വേനലില്‍ ഒരു ഒപ്റ്റിക്കല്‍ മൈക്രോസ്കോപ്പിലൂടെ ഓട്ടോഫജിക്ക് പിന്നിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒസുമി കണ്ടെത്തി. ഈ രംഗത്ത് ലോകത്തെ ആദ്യ നേട്ടം. കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ചികില്‍സയ്ക്കായുള്ള ഗവേഷണത്തില്‍ ഈ പഠനങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്.

1974ല്‍ അന്ന് 29കാരനായിരുന്ന ഒസുമി യു എസ്സിലേയ്ക്ക് പഠനത്തിനായി പോയി. അതിനും ഒരു വര്‍ഷം മുന്‍പാണ് താടി വളര്‍ത്തുന്ന ശീലമാരംഭിച്ചത്; അക്കാലം മുതല്‍ അതദ്ദേഹത്തിന്‍റെ ട്രേഡ് മാര്‍ക്കാണ്. “എനിക്ക് പയ്യന്‍മാരുടെ പോലെയുള്ള മുഖമാണ്. എല്ലാവരും എന്നെ ഒരു ചെറുപ്പക്കാരനായി കാണരുതെന്നു കരുതി.”

ഒരു പ്രത്യേക തരം ‘Cell Division Cyle’ല്‍ (കോശ വിഭജന ചക്രം) ആ സമയം മുതല്‍ ഒസുമി തല്‍പ്പരനായിരുന്നു. അമേരിക്കയിലേക്ക് പോകുന്ന ചിന്ത അദ്ദേഹത്തെ ആവേശഭരിതനാക്കി. അവിടെ വച്ചാണ് യീസ്റ്റ് കോശങ്ങളെ കുറിച്ചുള്ള പഠനം ഒരു ശാസ്ത്രീയ മേഖലയായി അദ്ദേഹം കണ്ടത്. നൊബേല്‍ സമ്മാനാര്‍ഹമായ ഗവേഷണവും ആ മേഖലയില്‍ തന്നെയായി.

രോഗങ്ങളുമായി ബന്ധപ്പെട്ട് ഓട്ടോഫജി വളരെ വേഗം ശ്രദ്ധേയമായി തുടങ്ങി; ഈ രംഗത്ത് പ്രസിദ്ധീകരിക്കപ്പെടുന്ന പേപ്പറുകളുടെ എണ്ണവും കൂടിത്തുടങ്ങി. എങ്കില്‍ക്കൂടെ സ്വന്തം ഗവേഷണം തുടരാനാണ് ഒസുമിയുടെ ഉറച്ച തീരുമാനം.

“സയന്‍സിന് ഒരു ഫിനിഷിങ് ലൈനില്ല,” അദ്ദേഹം പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍