UPDATES

ന്യൂസ് അപ്ഡേറ്റ്സ്

2ജി കള്ളന്‍മാര്‍ ഒരു ലിങ്ക്ഡ്ഇന്‍ മാത്രമേ മോഷ്ടിച്ചുള്ളൂ

Avatar

ടീം അഴിമുഖം

വിവര സാങ്കേതികവിദ്യ മേഖലയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ ഇടപാടുകളിലൊന്നില്‍ LinkedIn വാങ്ങാനായി തിങ്കളാഴ്ച്ച, മൈക്രോസോഫ്റ്റ് 26.2 ബില്ല്യണ്‍ ഡോളര്‍ വാഗ്ദാനം ചെയ്തിരിക്കുന്നു. വാസ്തവത്തില്‍ അതിന്റെ മൂല്യമെത്രയാണ്?

ചൊവ്വാഴ്ച്ച രാവിലെയുള്ള ഒരു ഡോളറിന് 67.08 രൂപ എന്ന വിനിമയനിരക്കില്‍ ഇത് 1,75,749.6 കോടി രൂപ വരും. ഞെട്ടണ്ട, ശരിയായാണ് വായിച്ചത്. ഒരുലക്ഷത്തി എഴുപത്തി അയ്യായിരത്തി എഴുന്നൂറ്റി നാല്‍പ്പത്തൊമ്പത് ദശാംശം ആറ് കോടി രൂപ. ഇതു മുഴുവന്‍ രൊക്കം പണമായും നല്‍കും. 

ഒക്ടോബര്‍ 2014 നു ഫേസ്ബുക്ക് വാട്‌സ് ആപ് വാങ്ങിയപ്പോള്‍ 19 ബില്ല്യണ്‍ ഡോളര്‍ നല്‍കി അവര്‍ വാണിജ്യലോകത്തെ ഞെട്ടിച്ചു. എന്നാലിപ്പോള്‍ മൈക്രോസോഫ്റ്റ് അതിനെയും കടത്തിവെട്ടിയിരിക്കുന്നു. 

ഇത്രയും പണം നല്‍കാന്‍ മാത്രം LinkedIn-ല്‍ മൈക്രോസോഫ്റ്റ് എന്താണ് കണ്ടത്?

ആദ്യത്തെ കാരണം, അതിനു 43.3 കോടി ഉപയോക്താക്കളുണ്ട് എന്നാണ്. മിക്കവാറും എല്ലാവരും ലോകത്തെമ്പാടുമുള്ള വിദഗ്ദ്ധ തൊഴിലാളികള്‍. വിഷയപ്രസക്തമായ ഗൗരവമായ കാര്യങ്ങള്‍ വായിക്കുകയും ജോലികള്‍ അന്വേഷിക്കുകയും തൊഴിലവസരങ്ങള്‍ പരസ്യപ്പെടുത്താനുമൊക്കെയായി ഉപയോഗിക്കുകയും ചെയ്യുന്ന ഇതുപോലൊരു ഓണ്‍ലൈന്‍ സംവിധാനം വേറെയില്ല. ഇതില്‍ 10.5 കോടിയോളം പേര്‍ പ്രതിമാസ സജീവ ഉപയോക്താക്കളാണ്. 70 ലക്ഷം ജോലിയൊഴിവുകള്‍ സൈറ്റിലുണ്ട്. ലോകത്തെ 200ലേറെ രാജ്യങ്ങളില്‍ സൈറ്റ് സജീവമാണ്. അതായത് ഐക്യരാഷ്ട്ര സഭയിലെ ഏതാണ്ട് എല്ലാ അംഗരാജ്യങ്ങളും ഇതിലുണ്ട്. 

ആധുനികലോകത്തെ ഭീമന്‍ കോര്‍പ്പറേഷനുകള്‍ പോലും ഇത്രയും വലിയ ജനപ്രിയതയും ഉപയോക്താക്കളേയും നേടിയിട്ടില്ല. വ്യാവസായിക ലോകത്തെ ഏറ്റവും വലിയ വിജയഗാഥകളിലൊന്നായ ടൊയോട്ടയുടെ കാര്യമെടുക്കൂ. വര്‍ഷത്തില്‍ ഒരു കോടിയോളം കാറുകളാണ് അവര്‍ ഉണ്ടാക്കുന്നത്. 2012ല്‍ അവര്‍ ലോകത്താദ്യമായി ഒരു കോടി കാറുകള്‍ ഉണ്ടാക്കിയ വാഹനനിര്‍മ്മാണ സ്ഥാപനമായപ്പോള്‍ അതിന് 77 വര്‍ഷം പ്രായമായിരുന്നു. അതിന്റെ ചരിത്രത്തിലാകെയായി ടൊയോട്ട ഉണ്ടാക്കിയത് 20 കോടി കാറുകളും. 

LinkedIn-ന്റെ 43 കോടി വിശ്വസ്ത ഉപയോക്താക്കളെ തങ്ങളുടെ കൂടി വിശ്വസ്ത ഉപഭോക്താക്കളാക്കാന്‍ പറ്റുമോ എന്നാണ് മൈക്രോസോഫ്റ്റ് നേരിടാന്‍ പോകുന്ന വെല്ലുവിളി. LinkedIn പ്രവര്‍ത്തനങ്ങളെ ഒരു പണം വാരല്‍ പ്രക്രിയയാക്കാന്‍ പറ്റുമോയെന്നും.

അപ്പോള്‍, മൈക്രോസോഫ്റ്റ് ഈ വെബ്‌സൈറ്റ് സ്വന്തമാക്കാന്‍ നല്‍കുന്ന 1,75,749.6 കോടി രൂപയുടെ വലിപ്പം ഇന്ത്യക്കാര്‍ക്ക് മനസിലാക്കാന്‍ അതിനെ ഒന്നു ഭാരതീയമാക്കിനോക്കിയാല്‍ മതി. 

കേരളത്തിന്റെ വാര്‍ഷിക ജി ഡി പിയുടെ പകുതിയേക്കാള്‍ അല്പം കുറവ് മാത്രമാണിത്. ഖനി സമ്പുഷ്ടമായ ജാര്‍ഖണ്ഡിന്റെ ജി ഡി പിയോളം വരും. 2ജി അഴിമതി ഓര്‍മ്മയില്ലേ? സി എ ജിയുടെ കണക്ക് പ്രകാരം മൊബൈല്‍ തരംഗരാജികള്‍ അനുവദിച്ചതിലെ അഴിമതിയും ക്രമക്കേടും മൂലം രാജ്യത്തിന് 1, 76, 000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. അതേ, 2 ജി കള്ളന്മാര്‍ വെറുമൊരു LinkedIn മാത്രം മോഷ്ടിക്കാനാണ് ശ്രമിച്ചത്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍