UPDATES

സയന്‍സ്/ടെക്നോളജി

ലോകത്തിലെ ഏറ്റവും വലിയ വിമാനവുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലെന്‍

Avatar

ക്രിസ്റ്റ്യന്‍ ഡാവന്‍പോര്‍ട്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ബഹിരാകാശ മത്സരത്തിലെ പുതിയ കക്ഷിക്ക് റൈറ്റ് സഹോദരന്മാരുടെ ആദ്യവിമാനയാത്രകളുടെ ദൂരത്തേക്കാള്‍ നീളമുള്ള  ചിറകുകളുണ്ട്. നിലത്തിറങ്ങാനുള്ള ചക്രങ്ങള്‍ മൊത്തം 28 എണ്ണം വരും. ലോകത്തെ ഏറ്റവും വലിയ വിമാനമാകാന്‍ പോകുന്ന ഇത് പണിയാനുള്ള ചട്ടക്കൂടിന്റെ നിര്‍മ്മാണത്തിന് പ്രദേശത്തെ അധികൃതരില്‍ നിന്നും പ്രത്യേക നിര്‍മ്മാണാനുമതി വേണ്ടിവന്നു.

മൈക്രോസോഫ്റ്റ് സഹസ്ഥാപകനും ശതകോടീശ്വരനും Seattle Seahawks ഉടമയും ബഹിരാകാശ സ്വപ്നസഞ്ചാരിയുമായ പോള്‍ അലെനെ പോലെ ഒരാള്‍ക്കെ ഇതുപോലൊന്ന് നിര്‍മ്മിക്കാന്‍  തുനിഞ്ഞിറങ്ങാനാകൂ: ഇരട്ട ഉടലെന്ന് പറയാവുന്ന വിമാനത്തിന് ഒരു പന്തുകളി മൈതാനത്തിന്റെ വലിപ്പം വരും. എല്ലാമടക്കം മൊത്തം ഭാരം 589,700 കിലോഗ്രാം. ആറ് 737 എഞ്ചിനുകളാണ് ഇതിനെ പറത്തുക. അതിലെ വൈദ്യുതി അടക്കമുള്ള കമ്പികളുടെ ശൃംഖലക്ക് 60 മൈല്‍ നീളമുണ്ട്.

സ്ട്രാറ്റോലോഞ്ച് എന്നു പേരിട്ട ഈ വിമാനം 1947-ല്‍ ഒരുതവണ പറന്ന ഹോവാര്‍ഡ് ഹ്യൂസിന്റെ സ്പ്രൂസ് ഗൂസിനെക്കാള്‍ വലുതാണ്. ബഹിരാകാശ വ്യവസായത്തില്‍ എലന്‍ മസ്ക്, ജെഫ് ബെസോസ് (വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഉടമ കൂടിയാണയാള്‍), റിച്ചാഡ് ബ്രാന്‍സന്‍ തുടങ്ങിയ സംരംഭകര്‍ പണമിറക്കാന്‍ തുടങ്ങിയതിന് ശേഷമാണ് അലെന്‍റെ വരവ്.

ഈ ഭീമന്‍ വിമാനം ഭൂമിക്കപ്പുറത്തുള്ള സ്വപ്നങ്ങളുമായാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്: ഇതിന്റെ വയറ്റില്‍ പിടിപ്പിക്കുന്ന ഒരു റോക്കറ്റ് ഈ വിമാനത്തെ 35,000 അടി ഉയരത്തിലെത്തിക്കും. ശേഷം റോക്കറ്റ് പണികഴിഞ്ഞു കത്തിത്തീരുന്നതോടെ വിമാനത്തെ ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള ജോലി എഞ്ചിനുകള്‍ ഏറ്റെടുക്കും.

ഈ പദ്ധതി വര്‍ഷങ്ങളായി ഉണ്ടെങ്കിലും, അലന്റെ ബഹിരാകാശ കമ്പനി ഇപ്പോള്‍ വിമാനവുമായി പരസ്യമായി രംഗത്ത് വന്നിരിക്കുന്നു, ഒപ്പം ബഹിരാകാശത്തെ എങ്ങനെ മാറ്റിമറിക്കുമെന്നുള്ള അലന്റെ സങ്കല്പങ്ങളും. ഭൂമിയില്‍ നിന്നും ഇരുന്നൂറോളം കിലോമീറ്ററുകള്‍ അകലെ വരെയുള്ള താഴ്ന്ന ഭൌമ ഭ്രമണപഥത്തിലെ യാത്രകള്‍ ഇടയ്ക്കിടക്ക് നടത്തുകയാണ് ലക്ഷ്യം.

“ബഹിരാകാശത്തിലേക്കുള്ള അത്തരം യാത്രകള്‍ പതിവാകുമ്പോള്‍ നമുക്കിപ്പോള്‍ ചിന്തിക്കാവുന്നതിലും ഏറെയപ്പുറം കണ്ടുപിടുത്തങ്ങള്‍ ഉണ്ടാകും,” അലന്‍ പറയുന്നു. “അതാണ് പുതിയ അടിത്തറകളുടെ ഗുണം; അത് സുഗമമായി ലഭിക്കുകയും സൌകര്യപ്രദവും താങ്ങാവുന്ന ചെലവുമാത്രം ഉള്ളതുമാകുമ്പോള്‍ പുതിയ ആശയങ്ങള്‍ സാക്ഷാത്കരിക്കാന്‍ സംരഭകരും മറ്റും മുന്നോട്ടുവരും.”

‘പേഴ്സണല്‍ കമ്പ്യൂട്ടറിനെ വീടുകളിലെത്തിച്ച് സമൂഹത്തില്‍ ഉണ്ടാക്കിയ വിപ്ലവം പോലെയാണ്’ അലന്‍ ഇതുദേശിക്കുന്നത്.

അലന്‍ പറയുന്നു: “മുപ്പതു കൊല്ലം മുമ്പ് പി സി വിപ്ലവം ലക്ഷക്കണക്കിനാളുകളുടെ കയ്യിലേക്ക് കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ എത്തിക്കുകയും മനുഷ്യശേഷിയുടെ അപരിമിതമായ സാധ്യതകളെ തുറന്നിടുകയും ചെയ്തു. ഇരുപതു കൊല്ലം മുമ്പ് വെബ് കണ്ടുപിടിച്ചതോടെയും പിന്നെ സ്മാര്‍ട് ഫോണുകള്‍ വന്നതോടെയും സ്ഥല, കാല, വാണിജ്യ  പരിമിതികളെ ആളുകള്‍ മറികടന്നു. ഇന്നിപ്പോള്‍ ബഹിരാകാശത്തിലേക്കുള്ള ഈ കുതിപ്പും സമാനമായ വിപ്ലവകരമായ മാറ്റമുണ്ടാക്കും.”

പക്ഷേ ആരുടെ റോക്കറ്റുകളുപയോഗിച്ചാണ് സ്ട്രാറ്റോലോഞ്ച് ബഹിരാകാശത്തേക്ക് പറക്കുന്നതെന്ന് തീര്‍ച്ചയായിട്ടില്ല. SpaceX, ഇപ്പോള്‍ Orbital ATK എന്നറിയപ്പെടുന്ന കമ്പനികളുമായുള്ള അതിന്റെ പങ്കാളിത്തം അവസാനിച്ചിരിക്കുന്നു.

മാത്രമല്ല, മത്സരവും നേരിടുന്നുണ്ട്. ബ്രാന്‍സന്റെ വിര്‍ജിന്‍ ഗലാക്റ്റിക് ചെറിയ ഉപഗ്രഹങ്ങളെ വഹിക്കുന്ന വിക്ഷേപണ റോക്കറ്റുകള്‍ ഉണ്ടാക്കാനുള്ള ആലോചനയിലാണ്.

സ്ട്രാറ്റോലോഞ്ചിന്‍റെ വലിപ്പം അതിനു വലിയ റോക്കറ്റുകളെയും കൊണ്ട് കൂടുതല്‍ ഭാരം വഹിക്കാന്‍ പ്രാപ്തമാക്കും. സാധാരണ പോലെ കുത്തനെയുള്ള ഒരു വിക്ഷേപണതറയില്‍ നിന്നുമല്ലാതെ ഒരു റണ്‍വെ ഉപയോഗിച്ചായിരിക്കും ഈ വിമാനം ഉയരുക. വിമാനത്താവളത്തിന് സദൃശമായ പ്രവര്‍ത്തനം നടത്താന്‍ ഇത് സഹായിക്കും. ഏത് കമ്പനിയെയാണ് വിക്ഷേപണത്തിനുള്ള റോക്കറ്റുകള്‍ക്കായി തെരഞ്ഞെടുത്തതെന്ന് വ്യക്തമാക്കിയിട്ടില്ല. കൂറ്റന്‍ ഉപഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ചെരുപ്പുപ്പെട്ടിയുടെ വലിപ്പമുള്ള, ഇന്ധനം അധികം വേണ്ടാത്ത ചെറിയ ഉപഗ്രഹങ്ങളുണ്ടാക്കലാണ് അലന്റെ പദ്ധതി. കംപ്യൂട്ടറുകള്‍ അവയുടെ വലിപ്പം സ്മാര്‍ട് ഫോണ്‍ പോലെ കുറച്ചുകൊണ്ടുവന്ന രീതിയില്‍. അത് ഇപ്പോള്‍ ബഹിരാകാശ വിക്ഷേപണത്തില്‍ കാര്യമായി ഗണിക്കാത്ത വേഗതയും സൌകര്യവും പ്രധാന ഘടകങ്ങളാക്കി മാറ്റും.

“മൈക്രോ കംപ്യൂട്ടര്‍ പോലെ മൈക്രോ സാറ്റലൈറ്റ് ഉണ്ടാക്കുന്നതിലേക്കുള്ള യാത്രയിലാണ് നമ്മള്‍,”അലന്റെ ബഹിരാകാശപദ്ധതി വള്‍ക്കാന്‍ എയറോസ്പ്പെയ്സിന്റെ മേധാവി ചക് ബീംസ് പറയുന്നു. “പേഴ്സണല്‍ കംപ്യൂട്ടര്‍ 70-കളിലും 80-കളിലും കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങള്‍ പോലെയിരിക്കും ഇതും.”

ഇത് ബഹിരാകാശ മേഖലയിലെ അലന്റെ രണ്ടാമത്തെ സംരംഭമാണ്. ബഹിരാകാശത്തേക്കുള്ള അതിര്‍ത്തി കടന്ന് രണ്ടുതവണ ആളെ വഹിച്ച് ബഹിരാകാശ വാഹനം പറത്തിയതിന് 2004-ലെ Ansari X Prize-10 ദശലക്ഷം ഡോളര്‍- നേടിയ ബര്‍ട് റുത്താന്റെ Scaled Composites-നെ അലന്‍ പിന്തുണച്ചിരുന്നു.

അതൊരു ചരിത്ര സംഭവമായിരുന്നു. ബഹിരാകാശത്തേക്കുള്ള ആദ്യത്തെ വാണിജ്യ വാഹനം. പക്ഷേ ആളെ വെച്ചുള്ള കളിക്ക് അലന്‍ ഒരിയ്ക്കലും തയ്യാറല്ല. ആരുടെയെങ്കിലും ജീവന്‍ തുലാസിലാടുന്നത് താങ്ങാന്‍ തനിക്കാവില്ലെന്ന് ‘Idea Man’ എന്ന ആത്മകഥയില്‍ അയാള്‍ പറയുന്നുണ്ട്. ആ സാങ്കേതികവിദ്യയുടെ അനുമതി അലന്‍ പിന്നീട് റിച്ചാഡ് ബ്രാന്‍സന്റെ വിര്‍ജിന്‍ ഗലാക്ടിക്കിന് നല്കി.

“ഒരു ബഹിരാകാശയാത്രയുടെ ഉള്ളിലുള്ളതൊക്കെ അടുത്തുകാണുന്നതു തന്നെ എന്നെ ഭയപ്പെടുത്തും. ഉദാഹരണത്തിന്, ഞാനൊരു പാരച്യൂട് ചാട്ടം പോലും നടത്തിയിട്ടില്ല.”

ബഹിരാകാശ മോഹങ്ങള്‍ അയാള്‍ വിറ്റെന്നാണ് കരുതിയിരുന്നത്. അപ്പോഴാണ് 2011-ല്‍ ലോകത്തിലെ ഏറ്റവും വലിയ വിമാനം താന്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നു എന്നയാള്‍ പ്രഖ്യാപിച്ചത്. ആ വര്‍ഷമാണ് ബഹിരാകാശ കേന്ദ്രങ്ങള്‍ അവസാനിപ്പിച്ച് NASA ബഹിരാകാശ യാത്രികരെ വിടാന്‍ റഷ്യയെ ആശ്രയിച്ച് തുടങ്ങിയത്. “അമേരിക്കയെ ബഹിരാകാശ പര്യവേഷണത്തിന്റെ മുന്‍പന്തിയില്‍ നിര്‍ത്താനാണ്,” തന്റെ ശ്രമമെന്ന് അലന്‍ അന്ന് പറഞ്ഞിരുന്നു.

ആ തലമുറയിലെ പലരെയും പോലെ 1960-കളിലെ അപ്പോളോ ദൌത്യങ്ങളുടെ പ്രഭയിലാണ് അലനും വളര്‍ന്നത്. തന്റെ ആരാധനാപാത്രങ്ങളായ ജോണ്‍ ഗ്ലെന്‍, അലന്‍ ഷെപ്പേട്, നീല്‍ ആംസ്ട്രോങ് എന്നിവരെപ്പോലെ ബഹിരാകാശത്തേക്ക് പോകുന്നത് സ്വപ്നം കണ്ടിരുന്ന അലന്‍ ചൊവ്വയില്‍ പോകാന്‍ ഒരു റോക്കറ്റിന്റെ മാതൃക വരെ തയ്യാറാക്കി. കുട്ടിക്കാലം മുതല്‍ക്കേ ശാസ്ത്ര നോവലുകളുടെ വലിയ വായനക്കാരനായിരുന്നു. കുട്ടിക്കാലത്ത് ഒരു സുഹൃത്തിനൊപ്പം ചേര്‍ന്ന് ഒരു അലുമിനിയം കസേരയുടെ കാലില്‍ സിങ്കും സള്‍ഫറും നിറച്ചു ഒരു വിക്ഷേപണ പരീക്ഷണത്തിനും മുതിര്‍ന്നു. പക്ഷേ നടന്നില്ല എന്നു തന്റെ ഓര്‍മ്മകുറിപ്പില്‍ അയാള്‍ എഴുതുന്നു.

വര്‍ഷങ്ങളായി പരസ്യമാക്കാതെ കിടന്ന ഈ സ്ട്രാറ്റോലോഞ്ച് ദൌത്യത്തിന്റെ വിമ്മാണം ഇപ്പോള്‍ 76% പൂര്‍ത്തിയായതായി ബീംസ് പറഞ്ഞു.

അതെന്നാണ് പറക്കുക എന്നു തീര്‍ച്ചയില്ല. വിശദാംശങ്ങള്‍ നല്കാന്‍ ബീംസ് തയ്യാറായില്ല. ഈ പതിറ്റാണ്ടിന്റെ അവസാനം ഭ്രമണപഥത്തിലേക്ക് എത്തിക്കലാണ് അലന്റെ ലക്ഷ്യം.

“ഇത് തികച്ചും പുതിയ അതിരുകളാണ്,” ബീംസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍