UPDATES

മ്യൂസ് മേരി

കാഴ്ചപ്പാട്

മ്യൂസ് മേരി

ന്യൂസ് അപ്ഡേറ്റ്സ്

ബ്രൌസറുകള്‍ അരങ്ങ് വാഴുന്ന ഈ കാലത്ത്, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പിന്‍വാങ്ങുമ്പോള്‍

മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്‍ഡോസ് 10 ഈ വര്‍ഷം വിപണിയില്‍ എത്തുകയാണ് . വിന്‍ഡോസ് 10 നൊപ്പം പുതിയ ഒരു വെബ് ബ്രൗസര്‍ കൂടി അവതരിപ്പിക്കാന്‍ ആണ് മൈക്രോസോഫ്റ്റിന്റെ പദ്ധതി . ‘പ്രോജക്റ്റ് സ്പാര്‍ട്ടന്‍’ എന്ന പേരില്‍ ആരംഭിച്ച ഈ ബ്രൗസര്‍ പ്രോജക്റ്റ് ‘ മൈക്രോസോഫ്ട് എഡ്ജ്’ എന്ന പേരില്‍ വിപണിയില്‍ എത്തുന്നതോടെ ‘ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍’ന്റെ കാലം അവസാനിക്കുന്നു എന്ന് വേണം കരുതാന്‍. കഴിഞ്ഞ ദശകത്തില്‍ പേഴ്‌സണല്‍ കമ്പ്യുട്ടറുകളിലെ ഇന്റര്‍നെറ്റ് ബ്രൗസിംഗ് വിപണി അടക്കി വാണിരുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ, വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ കടുത്ത ആരാധകര്‍ പോലും ഇപ്പോള്‍ തഴഞ്ഞ മട്ടാണ്. വിന്‍ഡോസില്‍ മോസില്ലയോ ക്രോമോ പോലുള്ള മറ്റ് ഏതെങ്കിലും ബ്രൗസര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉള്ള ഒരു മാധ്യമം മാത്രമായി ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ കാണുന്നവരും കുറവല്ല . ഇക്കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷങ്ങളിലായി മൂന്ന് നാല് പതിപ്പുകള്‍ തുടര്‍ച്ചയായി പുറത്തിറക്കിയിട്ടും നഷ്ടപ്പെട്ട വിപണി മേധാവിത്വം തിരിച്ച് പിടിക്കാന്‍ കഴിയാത്തതും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ കയ്യൊഴിയാന്‍ മൈക്രോസോഫ്ടിനെ പ്രേരിപ്പിച്ചു കാണണം.

1995 ല്‍ പുറത്തിറങ്ങി നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ പതിനൊന്ന് പതിപ്പുകള്‍ ആയിട്ടാണ് . ‘ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍’ ലഭ്യമായത്.

അല്‍പ്പം ചരിത്രം
ഇന്റര്‍നെറ്റ് എന്ന ആശയം അവതരിപ്പിക്കപ്പെട്ട കാലത്ത് തന്നെ ഇന്റര്‍നെറ്റ് ബ്രൗസറുകളെ കുറിച്ചും ഈ രംഗത്തുള്ളവര്‍ ചിന്തിച്ച് തുടങ്ങിയിരുന്നു. 1990 ല്‍ ‘വേള്‍ഡ് വൈഡ് വെബി’ന്റെ ഉപജ്ഞാതാവായ ടിം ബെര്‍ണേഴ്‌സ് ലീ തന്നെ ആണ് ആദ്യത്തെ വെബ് ബ്രൗസര്‍ രൂപകല്‍പ്പന ചെയ്തത് . യഥാര്‍ത്ഥത്തില്‍ അദ്ദേഹം തന്റെ ബ്രൗസറിന് ആണ് ആദ്യം ‘വേള്‍ഡ് വൈഡ് വെബ്’ എന്ന് പേരിട്ടത് . പിന്നീട് ഈ പേര് ഇന്റര്‍നെറ്റിനെ പൊതുവെ സൂചിപ്പിക്കാന്‍ ഉപയോഗിച്ച് തുടങ്ങിയതോടെ ബ്രൗസറിന്റെ പേര് ‘നെക്‌സസ്’ എന്നാക്കി മാറ്റി. ഇതിന് പിന്നാലെ വെബ് പരതുന്നതിനായി പല സോഫ്റ്റ്‌വെയറുകളും എത്തി എങ്കിലും ‘മൊസൈക്ക്’ എന്ന ബ്രൗസറിന്റെ വരവായിരുന്നു ഇന്റര്‍നെറ്റ് വ്യാപനത്തില്‍ ആദ്യകാലത്ത് നിര്‍ണ്ണായകമായത്. 1993 ല്‍ ആദ്യ പതിപ്പ് യുണിക്‌സിലും പിന്നീട് വിന്‍ഡോസിലും മാക്കിന്റൊഷിലും മൊസൈക്ക് ബ്രൗസര്‍ എത്തി . സോഫ്റ്റ്‌വെയറുകളുടെ ലോകത്ത് ഗ്രാഫിക്കല്‍ ഇന്റര്‍ഫേസുകള്‍ ചുവടുറപ്പിക്കുന്ന കാലം ആയിരുന്നു അത് . ‘മൊസൈക്ക്’ വന്നത് ഗ്രാഫിക്കല്‍ ഇന്റര്‍ഫെസുമായിട്ടായിരുന്നു. സാങ്കേതിക വിദഗ്ധരുടെ ചെറുവൃത്തത്തില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് പ്രാപ്യമാക്കുന്നതില്‍ ഒരു നിര്‍ണ്ണായക ചുവടുവയ്പ്പായിരുന്നു ഇത്.

ഒന്നാം ബ്രൗസര്‍ യുദ്ധം
‘മൊസൈക്ക്’ ബ്രൗസറിന്റെ ശില്‍പ്പികള്‍ തന്നെ ‘നെറ്റ്‌സ്‌കേപ്’ എന്ന കമ്പനി രൂപീകരിച്ച് തൊട്ടടുത്ത വര്‍ഷം നാവിഗേറ്റര്‍ എന്ന പേരില്‍ പുതിയ ഒരു ബ്രൗസര്‍ വിപണിയില്‍ എത്തിച്ചു . പിന്നാലെ 1995ല്‍ മൈക്രോസോഫ്റ്റ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററുമായി രംഗപ്രവേശം ചെയ്തു. അക്കാലത്തെ ഇന്റര്‍നെറ്റിന് ഇന്നത്തെതുമായി താരതമ്യം പോലുമില്ല. ടെലഫോണ്‍ ലൈനുകള്‍ ഉപയോഗിച്ചുള്ള ‘ഡയല്‍ അപ്’ ആണ് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ ഉള്ള പ്രധാന മാര്‍ഗ്ഗം.

ഉപയോക്താക്കളുടെ ക്ഷമ പരീക്ഷിക്കാന്‍ തക്ക വേഗതക്കുറവും. പക്ഷെ കമ്പ്യുട്ടര്‍ മേഖലയിലെ വമ്പന്മാരെല്ലാം ഇത്തരം ഒരു സോഫ്റ്റ്‌വെയറിന്റെ സാധ്യത മനസ്സിലാക്കി തുടങ്ങിയിരുന്നു. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ രണ്ടാം പതിപ്പ് മാസങ്ങള്‍ക്കുള്ളില്‍ തന്നെ മൈക്രോസോഫ്റ്റ് പുറത്തിറക്കി. പിന്നീട് ‘ഒന്നാം ബ്രൗസര്‍ യുദ്ധം’ എന്ന പേരില്‍ അറിയപ്പെട്ട വിപണി മത്സരവും ആരംഭിച്ചു .

‘ഒന്നാം ബ്രൗസര്‍ യുദ്ധ’ത്തില്‍ ഒരു ഭാഗത്ത് നെറ്റ്‌സ്‌കേപ്പും മറുഭാഗത്ത് മൈക്രോസോഫ്റ്റും ആണ് അണിനിരന്നത് . ഈ യുദ്ധത്തിന്റെ ആദ്യപാദത്തില്‍ വിജയം നെറ്റ്‌സ്‌കേപ്പിനൊപ്പം നിന്നു. സാങ്കേതിക മികവ് തന്നെ ആയിരുന്നു അവരെ മുന്നില്‍ എത്തിച്ചത്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ നാലാം പതിപ്പ് വന്നതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു . അന്ന് വരെ ഏതൊരു സോഫ്റ്റ്‌വെയറുകളെയും പോലെ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിയിരുന്ന ‘ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍’ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഭാഗം തന്നെ ആയി . വിന്‍ഡോസിനൊപ്പം കൂട്ടിചേര്‍ത്ത് തികച്ചും സൗജന്യമായി ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ നല്‍കാനുള്ള മൈക്രോസോഫ്റ്റിന്റെ തീരുമാനം ഫലം കണ്ടു. പേഴ്‌സണല്‍ കമ്പ്യുട്ടറുകളിലെ സിംഹഭാഗവും വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ആയിരുന്നത് കാര്യങ്ങള്‍ എളുപ്പമാക്കി . 14 ശതമാനം മാത്രം വിപണി വിഹിതം ഉണ്ടായിരുന്ന ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ ജനപ്രീതി കുത്തനെ വര്‍ദ്ധിച്ചു. സാങ്കേതിക മികവില്‍ നാവിഗേറ്ററിന് ഒപ്പം എത്താന്‍ കഴിഞ്ഞില്ലെങ്കിലും ഉപയോക്താക്കളുടെ എണ്ണത്തില്‍ മൈക്രോസോഫ്റ്റ് എല്ലാവരെയും അമ്പരപ്പിച്ചു . മൈക്രോസോഫ്റ്റിന്റെ കൈവശം ഉണ്ടായിരുന്ന അതിഭീമമായ മൂലധനവും , വിഭവശേഷിയും അതിലുപരി തുല്യത നിഷേധിക്കുന്ന തരത്തിലുള്ള വിപണന തന്ത്രവും ചേര്‍ന്നപ്പോള്‍ താരതമ്യേന കുഞ്ഞന്‍ ആയ നെറ്റ്‌സ്‌കേപ്പിന്റെ നടുവൊടിഞ്ഞു. ഏകദേശം അന്‍പത് ഡോളര്‍ വിലയ്ക്ക് വിറ്റിരുന്ന നാവിഗേറ്ററിന്റെ സ്ഥാനത്ത് തികച്ചും സൗജന്യമായിട്ടാണ് ‘ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍’ ലഭ്യമായത് .

ഏതാണ്ട് ഇതേ സമയം തന്നെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ ‘ആപ്പിള്‍’ തങ്ങളുടെ ഓപ്പറേറ്റിംഗ് സിസ്റ്റമായ മക്കിന്റോഷിന്റെ ഭാഗമാക്കാനും തീരുമാനിച്ചു. ഇവിടെയും പരിക്ക് പറ്റിയത് നെറ്റ്‌സ്‌കേപ്പിന് തന്നെ . കാരണം സ്ഥാനം നഷ്ടപ്പെട്ടത് അവരുടെ നാവിഗേറ്ററിന് ആയിരുന്നു. മക്കിന്റൊഷില്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ അത്ര മികച്ചതൊന്നും ആയിരുന്നില്ല എങ്കിലും 2003 ല്‍ ആപ്പിളിന്റെ സ്വന്തം ബ്രൗസര്‍ ആയ സഫാരി വരുന്നത് വരെ ഈ ബന്ധം തുടര്‍ന്നു.

ഇന്റര്‍നെറ്റില്‍ അന്ന് കൃത്യവും നിയതവുമായ നിയമങ്ങള്‍ ഉണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രാരംഭദശയില്‍ മാത്രമായിരുന്നു . വെബ് സ്റ്റാന്‍ഡേര്‍ഡുകള്‍ നിലവില്‍ വന്നിട്ടില്ലാത്തതിനാല്‍ ഓരോ കമ്പനിയും അവരുടെ ബ്രൌസറുകളില്‍ പുതുമകള്‍ കൂട്ടി ചേര്‍ത്തപ്പോള്‍ വ്യതസ്തവഴികളില്‍ ആണ് സഞ്ചരിച്ചത്. ഇത് വെബ് സൈറ്റുകള്‍ രൂപകല്‍പ്പന ചെയ്യുന്നവരെയും വെബ് പ്രോഗ്രാമ്മര്‍മാരെയും കുറച്ചൊന്നുമല്ല കുഴപ്പത്തില്‍ ആക്കിയത് . അവസാനം വെബ്‌സൈറ്റുകള്‍ക്ക് താഴെ ‘Best viewed in IE ‘ അല്ലെങ്കില്‍ ‘Best viewed in Netscape ‘ എന്നൊക്കെ എഴുതി വച്ച് അവര്‍ തടി തപ്പി അഥവ അവരുടെ പക്ഷപാതിത്വം പ്രഖ്യാപിച്ചു .

2003 ആവുമ്പോഴേക്കും ബ്രൗസര്‍ വിപണിയുടെ 96 ശതമാനവും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ കയ്യടക്കി. ഈ മേഖലയിലെ ഏക കുത്തക ആയി അത് മാറി . മള്‍ട്ടിമീഡിയയും, ജാവയും, ആക്റ്റീവ് എക്‌സും ഒക്കെ ബ്രൗസറിന്റെ ഭാഗമായി നല്‍കി പറ്റാവുന്ന രീതിയില്‍ ഒക്കെ ഉപയോക്താക്കളെ പിടിച്ച് നിര്‍ത്തുന്നതില്‍ മൈക്രോസോഫ്ട് വിജയിച്ചു .

രണ്ടാം ബ്രൗസര്‍ യുദ്ധം 
നെറ്റ്‌സ്‌കേപ്പ് നാവിഗേറ്ററിന്റെ പതനം മറ്റൊരു തരത്തില്‍ ഗുണം ചെയ്തു . നെറ്റ്‌സ്‌കേപ്പ് , മോസില്ല ഫൗണ്ടേഷന്‍ രൂപീകരിച്ച് നാവിഗേറ്ററിന്റെ സോഴ്‌സ് കോഡ് ഓപ്പണ്‍ സോഴ്‌സ് ആയി പ്രസിദ്ധീകരിച്ചു. ഇതൊരു പുതു തലമുറ ബ്രൗസറിന്റെ പിറവിക്ക് വഴി തെളിച്ചു. ആദ്യം ഫീനിക്‌സ് എന്നും പിന്നീട് ഫയര്‍ബേഡ് എന്നും പേരിട്ട പുതിയ ബ്രൗസര്‍ ഫയര്‍ ഫോക്‌സ് എന്ന പേരില്‍ 2004 ല്‍ മോസില്ല ഫൗണ്ടേഷന്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കി .

വളരെ സാവധാനത്തില്‍ ഫയര്‍ഫോക്‌സ് വിപണിയില്‍ സാന്നിധ്യം അറിയിച്ചു. മറ്റൊരു ബ്രൗസര്‍ ആയ ഓപ്പറയുമായി ചേര്‍ന്ന് വെബില്‍ സ്റ്റാന്‍ഡേര്‍ഡുകള്‍ നടപ്പില്‍ വരുത്താന്‍ അവര്‍ ശ്രമവും തുടങ്ങി ഈ സമയത്തും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ തങ്ങളുടെ രീതിയില്‍ തന്നെ മുന്നോട്ടു പോയി. 2008 ല്‍ ഗൂഗിള്‍, ക്രോം ബ്രൗസര്‍ അവതരിപ്പിക്കുമ്പോഴും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് 70 ശതമാനത്തിലധികം വിപണി വിഹിതം ഉണ്ടായിരുന്നു. ഗൂഗിളിന്റെ ജനപ്രീയ ഉല്‍പ്പന്നങ്ങള്‍ ആയ സെര്‍ച്ചിനോപ്പവും, ജി മെയിലിനൊപ്പവും സമര്‍ത്ഥമായി പരസ്യം നല്‍കിയാണ് ക്രോം വിപണിയില്‍ സ്ഥാനം പിടിച്ചത്. അടിസ്ഥാനപരമായി ബ്രൗസര്‍ സാങ്കേതിക വിദ്യയില്‍ വ്യത്യാസം ഒന്നും പുലര്‍ത്തിയില്ല എങ്കിലും കൂടുതല്‍ വേഗത്തില്‍ സേര്‍ച്ച് ചെയ്യാം , കൂടുതല്‍ വേഗത്തില്‍ വെബ് പരതാം എന്നൊക്കെ ആയിരുന്നു ആ പരസ്യങ്ങള്‍. ചെറിയ നുറുങ്ങ് വിദ്യകളിലൂടെ ഒരു പരിധി വരെ വേഗത കൂടി എന്ന തോന്നല്‍ ഉപയോക്താവില്‍ ഉണ്ടാക്കുവാന്‍ ക്രോമിന് കഴിയുകയും ചെയ്തു. എല്ലാത്തിനുമുപരി ഗൂഗിളിന്റെ സ്വതസിദ്ധമായ ഡിസൈന്‍ ലാളിത്യവും കൂടി ചേര്‍ന്നപ്പോള്‍ ക്രോമിന് തുടക്കം തന്നെ കുറെ ആരാധകരെ ലഭിച്ചു.

വെബ് സാങ്കേതിക വിദ്യയില്‍ ദ്രുതഗതിയില്‍ ആണ് മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നത്. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഒഴികെയുള്ള പുതിയ ബ്രൌസറുകള്‍ എല്ലാം തന്നെ പ്രോഗ്രാമര്‍മാരെ സഹായിക്കുന്ന ടൂളുകള്‍ ഉള്‍പ്പെടുത്തി. ഇത് പ്രോഗ്രാമര്‍മാരെ കൂടുതല്‍ ഈ ബ്രൗസറുകളിലേക്ക് അടുപ്പിച്ചു. ഇക്കാലയളവില്‍ മൈക്രോസോഫ്റ്റിന്റെതായ ഒരു ധാരയും മറ്റുള്ള ബ്രൌസര്‍ കമ്പനികള്‍ എല്ലാം കൂടി ചേര്‍ന്ന് വെബ് സ്റ്റാന്‍ഡേര്‍ഡുകള്‍ രൂപീകരിക്കാന്‍ വേണ്ടിയുള്ള മറ്റൊരു ധാരയും പ്രബലമായിരുന്നു. രണ്ടാമത്തെ ശ്രമങ്ങളുടെ ഫലമാണ് ഇന്ന് നിലവില്‍ വന്ന പുതിയ വെബ് സ്റ്റാന്‍ഡേര്‍ഡ് ആയ HTML 5. വെബ് പ്രോഗ്രാമര്‍മാര്‍ വ്യാപകമായി ഉപയോഗിച്ച PNG ഫയലുകള്‍ കൃത്യമായി കാണിക്കാന്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ആറാം പതിപ്പിന് കഴിയാഞ്ഞത് വലിയ ഒരു പോരായ്മ ആയി. ബാക്ക്ഗ്രൗണ്ട് സുതാര്യത ആയിരുന്നു PNG ചിത്രങ്ങളുടെ ഒരു പ്രത്യേകത. ആ സുതാര്യത പ്രതിഫലിപ്പിക്കാന്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്, പ്രത്യേകിച്ചും ആറാം പതിപ്പിന് കഴിഞ്ഞില്ല .ഇത്തരം PNG ഫയലുകള്‍ ഉപയോഗിച്ച വെബ്‌സൈറ്റുകള്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ കാണുമ്പോള്‍ വികൃതമായിരുന്നു. ഇതൊരു പ്രത്യക്ഷ ഉദാഹരണം മാത്രം. സ്‌റ്റൈല്‍ ഷീറ്റ്, ജാവ സ്‌ക്രിപ്റ്റ് പോലുള്ള പുതുതലമുറ ടൂളുകള്‍ വ്യത്യസ്ത രീതിയില്‍ പെരുമാറുന്നത് വെബ് പ്രോഗ്രാമ്മര്‍മാരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. ഇക്കാലത്ത് എല്ലാ ബ്രൌസറുകള്‍ക്കും പരിഗണിക്കേണ്ടുന്ന വിപണി വിഹിതം ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ എല്ലാത്തരം ഉപയോക്താക്കളെയും സംതൃപ്തരാക്കാന്‍ സൈറ്റുകള്‍ രൂപകല്‍പ്പന ചെയ്യുന്നവര്‍ക്ക് അത്യദ്ധ്വാനം വേണ്ടി വന്നു. ഇന്നും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ ആറാം പതിപ്പിനെ ഒരു ദുഃസ്വപ്നം ആയി കണക്കാക്കുന്ന വെബ് പ്രോഗ്രാമര്‍മാര്‍ കുറവല്ല . 

സാങ്കേതിക തലത്തില്‍ ഉള്ള പോരാട്ടത്തിനൊപ്പം ഈ കമ്പനികള്‍ തമ്മില്‍ നിയമപോരാട്ടങ്ങളും ലോകത്തിന്റെ പല കോണുകളിലായി നടക്കുന്നുണ്ടായിരുന്നു. മൈക്രോസോഫ്റ്റ് വിന്‍ഡോസില്‍ തങ്ങളുടെ ബ്രൗസറുകള്‍ക്ക് തുല്യ അവസരം നിഷേധിക്കുന്നു എന്ന മറ്റ് കമ്പനികളുടെ പരാതിയില്‍ യൂറോപ്യന്‍ യുണിയന്‍ അനുകൂലമായി തീരുമാനം എടുത്തത് ഇതില്‍ എടുത്ത് പറയേണ്ടതാണ്. അതെ തുടര്‍ന്ന് മൈക്രോസോഫ്റ്റിന്, അവരുടെ വിന്‍ഡോസില്‍ ഉപയോക്താവിന് ബ്രൗസര്‍ തെരഞ്ഞെടുക്കാന്‍ ഉള്ള അവസരം നല്‍കുന്ന തരത്തില്‍ ഒരു പുതിയ സ്‌ക്രീന്‍ കൂടി ഉള്‍പ്പെടുത്തേണ്ടി വന്നു. ഈ തീരുമാനം മറ്റു കമ്പനികള്‍ക്ക് ഒരു ലെവല്‍ പ്ലേയിംഗ് ഫീല്‍ഡിനുള്ള അവസരം തുറന്നു. 

ക്രോം വിപണിയില്‍ എത്തിയ കാലത്ത് തന്നെ ബ്രൗസിംഗിനായി പേഴ്‌സണല്‍ കമ്പ്യൂട്ടറുകളോടൊപ്പം മൊബൈല്‍ ഡിവൈസുകളും രംഗത്തെത്തി. ആദ്യം മൊബൈല്‍ ജാവ അടിസ്ഥാനമാക്കിയ മൊബൈല്‍ ഫോണുകളും തൊട്ടു പിന്നാലെ ആന്‍ഡ്രോയിഡും ഐ ഓ എസും അടിസ്ഥാനമാക്കിയ മൊബൈല്‍ ഫോണുകളും ടാബ്ലെടുകളും വെബ് പരതുവാന്‍ വ്യാപകമായി ഉപയോഗിച്ച് തുടങ്ങി. മൊബൈല്‍ ഡിവൈസുകളുടെ മേഖലയില്‍ മൈക്രോസോഫ്റ്റ് എല്ലാ തരത്തിലും പിന്നോക്കം ആയിരുന്നു .ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ ഒരു മൊബൈല്‍ ബ്രൗസര്‍ ആയി ഭൂരിഭാഗം പേരും ഇതേ വരെ പരിഗണിച്ചിട്ട് പോലും ഇല്ല എന്നതാണ് വാസ്തവം. മൊബൈല്‍ ബ്രൗസര്‍ വിപണിയില്‍ 2.5 % മാത്രമാണ് ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെത്. സഫാരിയും ഓപ്പറയും ആന്‍ഡ്രോയിഡ് ബ്രൌസറും ക്രോമും ചേര്‍ന്നാണ് ഇവിടം അടക്കിവാഴുന്നത് .

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പെഴ്‌സണല്‍ കമ്പ്യുട്ടര്‍ ബ്രൗസിംഗ് വിപണിയില്‍ ഇപ്പോഴും അവഗണിക്കാന്‍ കഴിയില്ല എങ്കിലും ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്റെ ജനപ്രീതി താഴേക്ക് തന്നെയാണ്. രണ്ടാം ബ്രൗസര്‍ യുദ്ധത്തില്‍ സമ്പൂര്‍ണ്ണ ആധിപത്യം ആര്‍ക്കും നേടാന്‍ കഴിഞ്ഞില്ലെങ്കിലും നഷ്ടം മുഴുവനും മൈക്രോസോഫ്റ്റിന് തന്നെ ആയിരുന്നു. ഇക്കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ മൂന്ന് നാല് പതിപ്പുകള്‍ വന്നുവെങ്കിലും ഒരിക്കല്‍ വീണ ചീത്തപ്പേര് മായിച്ചു കളയാന്‍ അതിന് കഴിഞ്ഞില്ല. പുതിയ പതിപ്പുകള്‍ HTML 5 വെബ് സ്റ്റാന്‍ഡേര്‍ഡ് ഒക്കെ പിന്തുടരുന്നുണ്ടെങ്കിലും പല കാര്യത്തിലും മറ്റ് ബ്രൗസറുകളെക്കാള്‍ പിന്നില്‍ ആണ്. മോസില്ലയും ക്രോമും WEBRTC പോലുള്ള പുതുമകള്‍ ഉള്‍പ്പെടുത്തി ബ്രൗസറുകള്‍ നവീകരിക്കുമ്പോള്‍ മൈക്രോസോഫ്റ്റ് അതിനോടൊക്കെ ഇപ്പോഴും പുറം തിരിഞ്ഞ് നില്‍ക്കുകയാണ്. ഇതൊക്കെ ആണെങ്കിലും ചില കാര്യങ്ങളില്‍ പുതിയ പതിപ്പുകള്‍ മികവ് പ്രകടിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും യുണികോഡ് മലയാളം കാണിക്കുന്നതില്‍ വിന്‍ഡോസ് 8.1 നൊപ്പം ലഭ്യമായ പതിനൊന്നാം പതിപ്പ് മറ്റ് ബ്രൗസറുകളെക്കാള്‍ ഒരു പടി മുന്നില്‍ ആണ് എന്നതാണ് സ്വകാര്യ അനുഭവം .

പഴയ പ്രതാപത്തിലേക്ക് തിരികെ പോകാന്‍ കഴിയില്ല എന്ന തിരിച്ചറിവില്‍ നിന്നാവണം ഒരു പുതിയ ബ്രൗസര്‍ എന്ന ആശയത്തിലേക്ക് മൈക്രോസോഫ്റ്റ് പോവുന്നത്. ഒരു തലമുറയെ തന്നെ ഇന്റര്‍നെറ്റ് ബ്രൗസിംഗ് പഠിപ്പിച്ച ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ വിട വാങ്ങുകയാണ്. ബ്രൌസറുകള്‍ അരങ്ങ് വാഴുന്ന ഈ കാലത്ത് തന്നെ.

മ്യൂസ് മേരി

മ്യൂസ് മേരി

ഓര്‍മകള്‍ക്ക് എല്ലായ്പ്പോഴും ഒരു രുചിയുണ്ട്, മണമുണ്ട്. കടന്നു പോന്നവര്‍, കൂടെയുള്ളവര്‍, യാത്രകളിലെ പരിചിതവും അപരിചിതവുമായ മുഖങ്ങള്‍. കുട്ടിക്കാലത്തില്‍ നിന്നും മുതിര്‍ച്ചയിലേക്കുള്ള ആ ദൂരം കടക്കുമ്പോള്‍ അറിയുന്നതൊക്കെ അനുഭവങ്ങളാണ്. മണം, സ്പര്‍ശം, രുചി, വിവിധ കേള്‍വികള്‍ അങ്ങനെ ജീവിതം അറിഞ്ഞ ചില അനുഭങ്ങളാണ് ഈ കുറിപ്പുകള്‍. കവി, ആലുവ യു.സി. കോളേജ് അധ്യാപിക. മെര്‍ക്കുറി.. ജീവിതത്തിന്റെ രസമാപിനി (എന്‍ബിഎസ്), സ്ത്രീയേ എനിക്കും നിനക്കും എന്ത്? (സിഎസ്എഫ് തിരുവല്ല), സ്ത്രീപക്ഷ മാധ്യമ പഠനങ്ങള്‍ (കറന്‍റ് ബുക്സ്), ഉടലധികാരം (ഒലീവ്), ഡിസ്ഗ്രേസ് (വിവര്‍ത്തനം), ഇസ്പേട് റാണി, രഹസ്യേന്ദ്രിയങ്ങള്‍ (കവിത) തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍