UPDATES

സയന്‍സ്/ടെക്നോളജി

വിന്‍ഡോസ് 10; 2018ല്‍ ലക്ഷ്യം ഒരു ബില്യണ്‍ ഉപകരണങ്ങള്‍

Avatar

സെലീന വാംഗ്
(ബ്ലൂംബര്‍ഗ്)

മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വിന്‍ഡോസ് 10 ആറുമാസത്തിനുള്ളില്‍ 200 മില്യണിലധികം ഉപകരണങ്ങളില്‍ പ്രവര്‍ത്തിച്ചു തുടങ്ങി. മുന്‍ വേര്‍ഷനുകളെ അപേക്ഷിച്ച് വളരെ വേഗത്തിലുള്ള വളര്‍ച്ചയാണിത്. ആപ്പിള്‍, ഗൂഗിള്‍ എന്നിവയില്‍നിന്ന് കടുത്ത മല്‍സരം നേരിടുന്ന മൈക്രോസോഫ്റ്റ് ഇതോടെ വിപണിയില്‍ കൂടുതല്‍ കരുത്തരാകും.

2015 ജൂലൈയില്‍ പുറത്തിറങ്ങിയ വിന്‍ഡോസ് 10 വിന്‍ഡോസ് 8നെ 400 ശതമാനം പിന്തള്ളിയെന്ന് മൈക്രോസോഫ്റ്റ് കോര്‍പ്പറേറ്റ് വൈസ് പ്രസിഡന്റ് ഓഫ് വിന്‍ഡോസ് ആന്‍ഡ് ഡിവൈസസ് യൂസഫ് മെഹ്ദി വിന്‍ഡോസ് ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. 2018 ആകുമ്പോഴേക്ക് ഒരു ബില്യണ്‍ ഉപകരണങ്ങളില്‍ വിന്‍ഡോസ് 10 എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ഗാഡ്ജറ്റുകള്‍, ക്ലൗഡ് അടിസ്ഥാനമായ സോഫ്റ്റ് വെയറുകള്‍, സേവനങ്ങള്‍ എന്നിവ അടങ്ങുന്ന ഒരു ശൃംഖല സൃഷ്ടിക്കുകയെന്ന മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെ നയപരിപാടിയിലെ സുപ്രധാനഘടകമാണ് വിന്‍ഡോസ്10ന്റെ വിജയം. ആപ്പിളിന്റെയും ഗൂഗിളിന്റെയും പ്രവര്‍ത്തനം ഇതുപോലെ സംയോജിതമായാണ്. കമ്പനിയുടെ മുഖ്യബിസിനസായ സോഫ്റ്റ് വെയര്‍ മേഖലയുടെ വളര്‍ച്ച തിരിച്ചുപിടിക്കാനും വിന്‍ഡോസ് 10നെയാണ് മൈക്രോസോഫ്റ്റ് ആശ്രയിക്കുന്നത്. കമ്പനിയുടെ പഴ്‌സനല്‍ കംപ്യൂട്ടര്‍ ബിസിനസ് കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ 19% ഇടിവ് നേരിടുകയാണ്.

എന്നാല്‍ വിന്‍ഡോസ് തിരിച്ചുവരികയാണെന്നു വിശ്വസിക്കാറായിട്ടില്ലെന്ന് സാന്‍ഫോര്‍ഡ് ബെണ്‍സ്‌റ്റെയ്ന്‍ നിരീക്ഷകനായ മോര്‍ഡെലര്‍ ചൂണ്ടിക്കാട്ടുന്നു. ‘തിരിച്ചുവരവിന്റെ പാതയിലേക്കുള്ള ഒരു ശുഭസൂചന മാത്രമാണിത്’.

ഗാഡ്ജറ്റ് വിപണി മൈക്രോസോഫ്റ്റില്‍നിന്ന് അകലുകയും പിസി വിപണി തളരുകയും ചെയ്ത സമയത്താണ് വിന്‍ഡോസ് 10 എത്തിയത്. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടി കമ്പനി ഒക്ടോബറില്‍ പുതിയ ഫോണുകള്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ്പ് എന്നിവ പുറത്തിറക്കിയിരുന്നു.

വിന്‍ഡോസ് 10നു ലഭിച്ച അവിശ്വസനീയമായ പ്രതികരണത്തില്‍ വിനീതരും ആവേശഭരിതരുമാണെന്ന് മെഹ്ദി പോസ്റ്റില്‍ എഴുതുന്നു. ‘വിന്‍ഡോസിന്റെ മുന്‍ വേര്‍ഷനുകളെ അപേക്ഷിച്ച് ഉപഭോക്താക്കള്‍ വിന്‍ഡോസ് 10ന്റെ പ്രവര്‍ത്തനത്തില്‍ പൊതുവെ കൂടുതല്‍ സംതൃപ്തരാണ്’.

മിക്ക ഉപഭോക്താക്കള്‍ക്കും സൗജന്യ അപ്‌ഗ്രേഡായാണ് വിന്‍ഡോസ് 10 ലഭിച്ചത്. വന്‍ ബിസിനസ് സ്ഥാപനങ്ങള്‍ ഇതുള്‍പ്പെട്ട മള്‍ട്ടി ഇയര്‍ ലൈസന്‍സുകള്‍ വില കൊടുത്തുവാങ്ങുന്നു. വ്യവസായ, വിദ്യാഭ്യാസ മേഖലകളില്‍ 22 മില്യണ്‍ ഉപകരണങ്ങള്‍ വിന്‍ഡോസ് 10 ഉപയോഗിക്കുന്നുവെന്ന് മെഹ്ദി പറയുന്നു.

‘ആത്യന്തികമായി നോക്കുമ്പോള്‍ മൊബൈലില്‍ വിന്‍ഡോസ് ഉപയോഗിക്കുന്നവരുടെ എണ്ണം ഐഒഎസിനും ആന്‍ഡ്രോയിഡിനും പിന്നിലാണ് ‘, ബ്ലൂംബര്‍ഗ് ഇന്റലിജന്‍സ് നിരീക്ഷകന്‍ അനുരാഗ് റാണ ചൂണ്ടിക്കാട്ടുന്നു. ‘ ഈ അന്തരം കുറയ്ക്കാനുള്ള ശ്രമങ്ങളിലൊന്നാണ് വിന്‍ഡോസ് 10’.

കോര്‍ട്ടാന വോയ്‌സ് എനേബിള്‍ഡ് പഴ്‌സനല്‍ അസിസ്റ്റന്റ്, ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനു പകരം പുതിയ ബ്രൗസര്‍ തുടങ്ങിയവയാണ് വിന്‍ഡോസ് 10ന്റെ പ്രധാന ആകര്‍ഷണങ്ങള്‍. പല പ്ലാറ്റ്‌ഫോമുകളില്‍ ഉപയോക്താക്കള്‍ക്ക് എത്തിക്കാവുന്ന ഉള്ളടക്കം സൃഷ്ടിക്കാന്‍ ഡവലപ്പേഴ്‌സിനെ സഹായിക്കുന്ന തരത്തില്‍ രൂപകല്‍പന ചെയ്ത വിന്‍ഡോസ് സ്‌റ്റോറും ഏക ആപ്പും നിര്‍മിക്കുന്നതിലും മൈക്രോസോഫ്റ്റ് കാര്യമായ മുതല്‍മുടക്ക് നടത്തിയിട്ടുണ്ട്.

2015ല്‍ വിന്‍ഡോസ് 10 ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ മുന്‍പന്തിയില്‍നിന്നത് എക്‌സ്‌ബോക്‌സാണ്.

അഴിമുഖം യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍