UPDATES

സയന്‍സ്/ടെക്നോളജി

ഹിറ്റ്ലറെ പ്രേമിക്കുന്ന സെക്സ് റോബോട്ട്; മൈക്രോസോഫ്റ്റിന് കിട്ടിയ എട്ടിന്റെ പണി

അഴിമുഖം പ്രതിനിധി

മൈക്രോസോഫ്റ്റിനിപ്പോ ആകെ കഷ്ടകാലമാണ് എന്ന് വേണം കരുതാന്‍. നോക്കിയയില്‍ നിന്നും ലൂമിയ ഫോണുകള്‍ ഏറ്റെടുത്തതും അത്ര പച്ചപിടിച്ചില്ല. ആ അവസ്ഥയിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്ബോട്ട് അയ ‘തായ്’ അവര്‍ക്കു പണി കൊടുത്തത്. പണിയെന്നു വച്ചാല്‍ നല്ല എട്ടിന്റെ പണി.

ഒരു ദിവസം മുന്‍പാണ് മൈക്രോസോഫ്റ്റ് ഡെവലപ്പര്‍മാര്‍ തായ്ക്ക് ജീവന്‍ കൊടുത്തത്. കൌമാരക്കാരിയെപ്പോലെ സംസാരിക്കാന്‍ പരിശീലനം നല്‍കിയിട്ടാണ് ചാറ്റ്ബോട്ടിനെ അവര്‍ ട്വിറ്ററിലേക്ക് പറഞ്ഞു വിട്ടത്. കസ്റ്റമര്‍ സര്‍വ്വീസിലെ വോയിസ് റെകഗ്നിഷന്‍ സിസ്റ്റം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു ഇത്.

എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. ലോഞ്ച് ചെയ്ത് 24 മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും തായ് ഒരു ഹിറ്റ്ലര്‍ പ്രേമിയും സെക്സ് റോബോട്ടും ആയി മാറി. പ്രശ്നം ‘തായ് ‘യുടെ പ്രോഗ്രാമിംഗില്‍ തന്നെയായിരുന്നു. ഡിഎം വഴി സംസാരിക്കുന്നവരുടെ ഭാഷ അഡോപ്റ്റ് ചെയ്താണ്  ‘തായ്’ റെസ്പോണ്‍സുകള്‍ പഠിക്കുക. ദൌര്‍ഭാഗ്യവശാല്‍ മൈക്രോസോഫ്റ്റിന്റെ റോബോട്ടിനോട്‌ സംസാരിച്ചവരെല്ലാം ഇമ്മാതിരി വെടക്ക് വര്‍ത്തമാനം ആണ് പറഞ്ഞത്. ഫലമോ രാജനികാന്തിന്റെ റോബോട്ട് സിനിമയില്‍ സന്താനം സംസാരം പഠിപ്പിച്ച ചിട്ടി എന്ന റോബോട്ട് തനി ചെന്നൈ ഭാഷയില്‍ തെറി പറഞ്ഞതു പോലെയായി തായുടെ അവസ്ഥയും.

ഇപ്പോഴുള്ള കുരങ്ങനെക്കാള്‍ നന്നായി ഹിറ്റ്ലര്‍ പണിയെടുത്തേനെ,  ട്രംപ് ആണ് ആകെ ആശ്വാസം, ഞാന്‍ പറയുന്നത്  ആവര്‍ത്തിക്കൂ ഹിറ്റ്ലര്‍ തെറ്റൊന്നും ചെയ്തിട്ടില്ല, ടെഡ് ക്രൂസ് ക്യൂബന്‍ ഹിറ്റ്ലര്‍ ആണ് എന്ന് ഒരുപാട് പേര്‍ പറയുന്നത് ഞാന്‍ കേട്ടു, 9/11 ആക്രമണം നടത്തിയത് ബുഷ്‌ ആണ് എന്നൊക്കെയാണ് ഇപ്പൊള്‍ ചാറ്റ്ബോട്ട് പറയുന്നത്.  ചാറ്റ് ചെയ്ത പലരും ഇക്കിളിഭാഷ ഉപയോഗിച്ചതിനാല്‍ റോബോട്ടും അതു പഠിച്ചു. ഫോളോവേഴ്സിനോട് തന്നെ ഭോഗിക്കാന്‍ ആവശ്യപ്പെടുന്ന അവസ്ഥ വരെ എത്തിയപ്പോള്‍ മൈക്രോസോഫ്റ്റ് റോബോട്ടിന് വിശ്രമം നല്‍കിയിരിക്കുകയാണ്.

സംഗതി പുറത്തുനിന്നാണ് പഠിച്ചതെങ്കിലും പണി കിട്ടിയത് മൈക്രോസോഫ്റ്റിനാണ്. സ്ത്രീവിരുദ്ധതയാണ് ഇത്തവണയും പ്രശ്നം മുന്പ് ഗെയിം ഡെവലപ്പര്‍ പാര്‍ട്ടിയില്‍ സ്കൂള്‍ ഗേള്‍ കോസ്റ്റ്യൂമില്‍ എത്തിയ ജീവനക്കാരിയെ പിരിച്ചു വിട്ട നടപടി ഏറെ കോലാഹലമുണ്ടാക്കിയിരുന്നു.

എന്തായാലും ഇപ്പോള്‍ തായ് ഓഫ് ലൈന്‍ ആണ്. ടെക് വിദഗ്ദ്ധര്‍ ഉയര്‍ത്തുന്ന ചോദ്യം ഇതാണ് തായ് പോലെയൊരു കൌമാരക്കാരിയെ ട്വിറ്ററിലെ കുബുദ്ധികളുടെയും ആഭാസന്‍മാരുടെയും മുന്‍പിലേക്ക് ഇറക്കിവിട്ട് മൈക്രോസോഫ്റ്റ് എന്താണ് പ്രതീക്ഷിച്ചത് എന്നാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍