UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഇന്ത്യന്‍ ആകാശത്തെ വിമാനദുരന്തം, ഷാങ്ഹായ് ട്രാന്‍സ്‌റാപിഡിന്റെ റെക്കോര്‍ഡ് വേഗം

Avatar

1996 നവംബര്‍ 12
ന്യൂഡല്‍ഹിയുടെ ആകാശത്ത് വിമാനദുരന്തം

സൗദി അറേബ്യയുടെ ബോയിംഗ് 747-100ബി എയര്‍ലൈന്‍സും കസാഖിസ്ഥാന്‍ എയര്‍ലൈന്‍സ് ആയ ഇല്യൂഷിന്‍ ഐഎല്‍-76 ഉം തമ്മില്‍ ആകാശമാര്‍ഗേ കൂട്ടിയിടിച്ച് 349 യാത്രക്കാര്‍ കൊല്ലപ്പെട്ടു. 1996 നവംബര്‍ 12 നായിരുന്നു ലോകത്തെ നടുക്കിയ ഈ ദുരന്തം സംഭവിക്കുന്നത്. ന്യൂഡല്‍ഹിയുടെ പ്രാന്തപ്രദേശമായ ചര്‍കി ദാദ്രിയുടെ ആകാശത്ത് വച്ചായിരുന്നു ഈ ദുരന്തം സംഭവിക്കുന്നത്. യാത്രവിമാനങ്ങളുടെ ചരിത്രത്തില്‍ എഴുതപ്പെട്ട ഏറ്റവും ദാരുണമായ ഒരു ദുരന്തമായിരുന്നു അന്ന് നടന്നത്. ഇന്ത്യയില്‍ സംഭവിച്ചതില്‍വെച്ച് ഏറ്റവും വലുതും ലോകത്തില്‍ നടന്നിട്ടുള്ളതില്‍വെച്ച് മൂന്നാമത്തെ വലിയ ആകാശദുരന്തവുമായാണ് ഈ അപകടത്തെ പരിഗണിക്കുന്നത്.

312 യാത്രക്കാരുമായി ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് അന്ന് വൈകുന്നേരമാണ് സൗദി വിമാനം ഉയര്‍ന്നുപൊങ്ങിയത്. ഈ സമയം കസാഖ് വിമാനം ലാന്‍ഡിംഗിനായി അതേ വിമാനത്താവളത്തിലേക്ക് താഴുകായിരുന്നു. ഇതിനിടയിലാണ് ചാര്‍കി ദാദ്രിയ്ക്കു മുകളില്‍വച്ച് ഇരുവിമാനങ്ങളും കൂട്ടിമുട്ടുന്നത്. നിമിഷം നേരം കൊണ്ട് ആകാശത്തൊരു അഗ്നിഗോളം സൃഷ്ടിക്കപ്പെടുകയായിരുന്നു. വിമാനവശിഷ്ടങ്ങള്‍ അഞ്ചുകിലോമീറ്റര്‍ അപ്പുറത്തുള്ള ഒരു നെല്‍പ്പാടത്തില്‍ തെറിച്ചുവീഴുകായിരുന്നു. ഗ്രൗണ്ട് കണ്‍ട്രോളര്‍ ഇംഗ്ലീഷില്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കസാഖ് വിമാനത്തിലെ പൈലറ്റിന് മനസ്സിലാക്കാന്‍ കഴിയാതെ പോയതാണ് അപകടകാരണമെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ പറയുന്നുണ്ട്.

2003 നവംബര്‍ 12
ഷാങ്ഹായ് ട്രാന്‍സ്‌റാപിഡ് ട്രെയിന്‍ വേഗതയില്‍ റെക്കോര്‍ഡ് ഇടുന്നു

ഷാങ്ഹായ് ട്രാന്‍സ്‌റാപിഡ് അഥവ ഷാങ്ഹായ് മാഗ്‌ലെവ് ട്രെയിന്‍ ഏറ്റവും വേഗതയില്‍ കുതിച്ച ട്രെയിന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കുന്നത് 2003 നവംബര്‍ 12 നാണ്. പരീക്ഷണാര്‍ത്ഥം നടത്തിയ ഈ ഓട്ടത്തില്‍ മണിക്കൂറില്‍ 501 കിലോമീറ്റര്‍(311 എംപിഎച്ച്) വേഗതയാണ് ഈ ട്രെയിന്‍ സ്വന്തമാക്കിയത്. ലോകറെക്കോര്‍ഡായിരുന്നു ഈ വേഗത.

ഈ ട്രെയിന്‍ അതിന്റെ യാത്ര തുടങ്ങിയത് തന്നെ ലോകത്തിലെ ഏറ്റവും വേഗമേറിയ ട്രെയിന്‍ എന്ന ഖ്യാതിയുമായാണ്. യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള ആ യാത്രകളില്‍ ട്രെയിന്റെ വേഗത മണിക്കൂറില്‍ 431 കിലോമീറ്റര്‍ ആയിരുന്നു. 2001 ല്‍ ആരംഭിച്ച പുതിയ പാത നിര്‍മ്മാണം പൂര്‍ത്തിയായശേഷമായിരുന്നു റെക്കോര്‍ഡ് വേഗത്തില്‍ പരീക്ഷണയോട്ടം നടത്തിയത്. ഷാങ്ഹായ് പുഡോംഗ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഷാങ്ഹായ് മെട്രോയ്ക്കും ഇടയിലാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍