UPDATES

വിദേശം

പശ്ചിമേഷ്യയിലെ അവസാനിക്കാത്ത യുദ്ധങ്ങള്‍

Avatar

നിക് ഡാന്‍ഫോര്‍ത്ത്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പശ്ചിമേഷ്യയിലെ അവസാനിക്കാത്ത സംഘര്‍ഷത്തെ വിഭാഗീയമായി വിശദീകരിക്കാനാണ് മിക്കപ്പോഴും തോന്നുക. ഉദാഹരണത്തിന് ഇറാക്കില്‍ സുന്നി തീവ്രവാദികളും ഷിയാ മിതവാദികളും തമ്മിലാണ് പോരാട്ടം. സിറിയയില്‍ ഷിയാ പ്രസിഡണ്ട് ബഷര്‍ അല്‍ അസദും സുന്നി വിമതരും. യെമനില്‍ സുന്നി സൗദി അറേബ്യയും ഷിയാ ഇറാനും തമ്മില്‍ പകരക്കാരെ നിര്‍ത്തിയുള്ള നിഴല്‍യുദ്ധം. ചില നിരീക്ഷകരുടെ അഭിപ്രായത്തില്‍ , 17-ാം നൂറ്റാണ്ടില്‍ മുപ്പതാണ്ട് നീണ്ട പ്രൊട്ടെസ്റ്റന്റ് കാത്തലിക് യുദ്ധം യൂറോപ്പിനെ കീറി മുറിച്ചതുപോലെ, മേഖല മുഴുവനും മതപരമായ വന്‍ യുദ്ധത്തിന്റെ വക്കിലാണ്. 

മുഹമ്മദിന്റെ പിന്തുടര്‍ച്ചക്കാര്‍ ആരാകണം എന്ന കാര്യത്തെ ചൊല്ലി ഷിയാകളും സുന്നികളും തമ്മില്‍ ഏഴാം നൂറ്റാണ്ട് മുതല്‍ ഈ ക്രൂരമായ വിട്ടുവീഴ്ച്ചയില്ലാത്ത യുദ്ധം തുടരുകയാണ്. ഷിയാകള്‍ മുഹമ്മദിന്റെ ബന്ധു അലിയെ പിന്താങ്ങി; സുന്നികള്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായ ഉപദേശകന്‍ അബു ബക്കറിനേയും. ഈ തര്‍ക്കം മൂര്‍ച്ഛിച്ച് ചരിത്രപ്രധാനമായ കര്‍ബല യുദ്ധത്തില്‍ (എ ഡി 680നോടടുത്ത്) അലിയുടെ കുടുംബം തോല്‍ക്കുന്നതിലെത്തി. അന്ന് മുതല്‍ ഇരുകൂട്ടരും പരസ്പരം കൊന്നൊടുക്കുകയാണ്. ഈ പുരാതന ചരിത്രത്തിനുമേല്‍ അടയിരിക്കുന്നത് ഒഴിവാക്കിയില്ലെങ്കില്‍ ഇനിയും അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും. 

ഒരുപക്ഷേ ഈ ചരിത്രാഖ്യാനത്തിന്റെ ഏറ്റവും വലിയ കുഴപ്പം എ ഡി 680-നും 1980-നും ഇടയില്‍ സംഭവിച്ചതിനെയെല്ലാം അത് അവഗണിക്കുന്നു എന്നതാണ്. പൗരാണികവും കാലങ്ങളോളം പഴയതുമായ സുന്നി-ഷിയാ യുദ്ധത്തെക്കുറിച്ച് പറയുന്നവരെല്ലാം നിര്‍ണായകമായ 13-ാം നൂറ്റാണ്ടിനെ അപൂര്‍വമായേ പരാമര്‍ശിക്കുന്നുള്ളൂ. സുന്നികളും ഷിയാകളും മുഴുവന്‍ കാലവും സംഘര്‍ഷത്തിലേര്‍പ്പെട്ടു എന്ന് കരുതേണ്ട സമയം. ലോകത്തെല്ലായിടത്തും പോലെ ഇവിടേയും ആളുകള്‍ ചില സംഘര്‍ഷത്തിലൊക്കെ ഏര്‍പ്പെട്ടിരിക്കാം. സുന്നി-ഷിയാ സംഘര്‍ഷത്തിന്റെ ചില ഉദാഹരണങ്ങള്‍ ചരിത്രകാരന്‍മാര്‍ നല്‍കുകയും ചെയ്യും. പക്ഷേ വിഭാഗീയ സ്വത്വം പശ്ചിമേഷ്യയിലെ ജനങ്ങളെ യുദ്ധത്തിലേക്കെത്തിച്ച പ്രധാന പ്രശ്‌നമായത് ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമാണ്. 

നിശ്ചയിച്ചുവെച്ച അസ്തിത്വങ്ങള്‍ക്കപ്പുറം രാഷ്ട്രീയ സാഹചര്യങ്ങളോടുള്ള പ്രതികരണങ്ങള്‍ ആവശ്യപ്പെടും രൂപത്തില്‍ മാറുംവിധം ചലനാത്മകമാണ് ഇത്തരം വിഭാഗീയ അടയാളങ്ങള്‍ എന്നതാണു ഒരു വസ്തുത. ഷിയാ വിഭാഗം തന്നെ ഒരു വിശ്വാസവിഭാഗം എന്നതിനേക്കാള്‍ തങ്ങളുടെ ഭരണാധികാരികളെ വെല്ലുവിളിക്കുന്നവര്‍ക്കുള്ള വാദമുഖങ്ങളായാണ് പലപ്പോഴും നിലനിന്നത്. മാര്‍ഷല്‍ ഹോഡ്ജ്‌സന്‍ 1950-കളില്‍, ഷിയാകളെക്കുറിച്ച് മാത്രമല്ല ഷിയാതരത്തില്‍ പ്രവണതയുള്ള’ വരെക്കൂടി പറഞ്ഞപ്പോള്‍ ഈ വ്യത്യാസമാണ് ഭംഗിയായി സൂചിപ്പിച്ചത്. 

ആധുനിക ഇറാക്ക് കേന്ദ്രമായിരുന്ന, ‘അറേബ്യന്‍ രാവുകള്‍’ പോലുള്ള സാംസ്‌കാരിക സംഭാവനകളുടേയും പൂജ്യം എന്ന സങ്കല്‍പ്പത്തിന്റേയും പേരില്‍ അറിയപ്പെടുന്ന ഒമ്പതാം നൂറ്റാണ്ടിലെ അബാസിഡ് രാജവംശത്തെ ഉദാഹരണമായെടുക്കുക. ഇസ്‌ളാമിക ചരിത്രത്തിലെ ഏറ്റവും പ്രശസ്തരായ സുന്നി ഖിലാഫത് ആയാണ് ചരിത്രം അവരെ കണക്കാക്കുന്നത്. പക്ഷേ ആദ്യത്തെ അബാസിഡ് ഖലീഫ അധികാരം പിടിച്ചെടുത്തപ്പോള്‍ അയാള്‍ എതിരിട്ടത് മറ്റൊരു സുന്നി രാജവംശമായ ഉമയ്യാദിനെ ആയിരുന്നു. അങ്ങനെ ചെയ്തപ്പോള്‍ അയാളുടെ പ്രചാരണം ഷിയാ വിശ്വാസത്തോട് അടുത്ത് നിന്നു മുഹമ്മദിനോട് കൂടുതല്‍ അടുപ്പമുള്ള തന്നെപ്പോലുള്ളവര്‍ക്കാണ് ഇസ്ലാമിന്റെ നേതൃത്വം വേണ്ടതെന്ന്. വിഖ്യാത പണ്ഡിതന്‍ ബെര്‍നാഡ് ലൂയിസ് നിരീക്ഷിക്കുന്നത് ഉമയ്യാദുകളുടെ മേല്‍ അബാസിഡുകള്‍ നേടിയ വിജയം അത്തരത്തില്‍ നോക്കിയാല്‍ ഷിയാ വിശ്വാസത്തിന്റെ വലിയ വിജയവും, ഷിയാ പ്രമാണങ്ങള്‍ സുന്നി ഇസ്ലാമില്‍ നിന്നും ഏറെ വ്യത്യസ്തമൊന്നുമല്ലെന്നുമാണ്. 

പക്ഷേ യുദ്ധത്തില്‍ ഷിയാ വിശ്വാസങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച അബാസിഡുകള്‍ തങ്ങള്‍ക്കെതിരായ ഷിയാ സംഘങ്ങളുടെ കലാപത്തിനെ പ്രതിരോധിക്കാന്‍ സുന്നി വാദം ഉപയോഗിച്ചു. ഒരു നൂറ്റാണ്ടിന് ശേഷം അബാസിഡുകളെ തോല്പ്പിച്ചു ഭൂയ്യിടുകള്‍ എന്ന ഷിയാ രാജവംശം വന്നപ്പോഴും തങ്ങളുടെ പ്രതീകാത്മക തലവനായി സുന്നി ഖലീഫമാരെ വെക്കാനാണ് വിപ്ലവകാരികള്‍ തയ്യാറായത്. 

കാലാകാലങ്ങളില്‍ സുന്നി, ഷിയാ പണ്ഡിതന്മാര്‍ പ്രമാണങ്ങളും പ്രതിപ്രമാണങ്ങളും രൂപപ്പെടുത്തിക്കൊണ്ടിരുന്നു. പക്ഷേ ഇപ്പോള്‍ പോലും, ഇരുവശത്തെയും തീവ്രവാദികള്‍ നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കും പോലെ രാഷ്ട്രീയ ചേരികളുടെ അടയാളങ്ങളല്ല അവ. 1980-കളില്‍ ഷിയാ ഇറാനെതിരെ സുന്നിയായ സദ്ദാം ഹുസൈന് വേണ്ടി നിരവധി ഷിയാകള്‍ വിശ്വസ്തയോടെ യുദ്ധം ചെയ്തു. അതുപോലെ സിറിയയില്‍ ആദ്യഘട്ടത്തില്‍ അസദിന്റെ ഷിയാ അല്‍വായിത് ഭരണത്തെ നിരവധി സുന്നി വ്യാപാരികള്‍ പിന്തുണച്ചിരുന്നു. അതേസമയം ജനാധിപത്യ വാദികളായ പല ഷിയാകളും അസദിന്റെ ഏകാധിപത്യ ഭരണത്തിനു അന്ത്യം കുറിക്കാന്‍ പ്രതിപക്ഷനിരയിലും ചേര്‍ന്നു. അതുപോലെ ഇത്തരം ചേരിതിരിവുകളെ മറികടന്നു രൂപം കൊണ്ട കുടുംബങ്ങളില്‍ ഈ അസ്തിത്വങ്ങള്‍ വ്യക്തിപരവും രാഷ്ട്രീയവുമായി തികച്ചും അപ്രസക്തവുമാണ്. 

ഇന്നൊരു വിഭാഗീയ യുദ്ധം തീര്‍ത്തൂം അസാധ്യമാണെന്നല്ല ഈ ചരിത്രപാഠം. അതൊരു സാധ്യത തന്നെയാണ് 1000 കൊല്ലങ്ങള്‍ക്ക് മുമ്പ് എന്തു സംഭവിച്ചു എന്നതുകൊണ്ടല്ല, മറിച്ച് അത്രയും കൊല്ലം മുമ്പ് സംഭവിച്ചതിനെ ആളുകള്‍ ഇന്ന് എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതുകൊണ്ടാണ്. പിന്നെ എല്ലാ തെളിവുകള്‍ക്കും എതിരെ നിന്ന്, കഴിഞ്ഞ 13 നൂറ്റാണ്ടുകളായി തങ്ങള്‍ നിരന്തരം യുദ്ധം ചെയ്യുകയായിരുന്നു എന്നു ആളുകള്‍ വാശിപിടിക്കാന്‍ തുടങ്ങിയാല്‍ അതൊരു അപകടകരമായ സൂചനയാണ്. 

തങ്ങളുടെ പോരാട്ടങ്ങളെ രാഷ്ട്രീയമായി അടയാളപ്പെടുത്തുന്നതിന് പകരം അതിനെ തീര്‍ത്തൂം മതപരമായ ഭാഷയില്‍ പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. അസദിന്റെ മതപ്രചോദിതരായ എതിരാളികള്‍ അയാളുടെ അനുയായികളെ ഒരു സ്വേച്ഛാധിപത്യഭരണത്തിന്റെ കൂട്ടാളികള്‍ എന്ന നിലക്കല്ല മതഭ്രംശരായ ഷിയാകള്‍ എന്ന നിലക്കാണ് എതിര്‍ക്കുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റിനെ പല ഷിയാകളും എതിര്‍ക്കുന്നത് ഒരു ഭീകര സംഘടന എന്ന രീതിയിലല്ല, മറിച്ച് ഒരു സഹസ്രാബ്ദത്തിലേറെയായി തങ്ങളെ വേട്ടയാടുന്ന സുന്നി ഭീകരതയുടെ മറ്റൊരു രൂപം എന്ന രീതിയിലാണ്. ഇതിന് കനം കൂട്ടാനായി സിറിയന്‍ യുദ്ധത്തെ ഉമയ്യാദ് രാജവംശത്തിന്റെ യുദ്ധങ്ങളുമായി ബന്ധിപ്പിക്കുന്നുണ്ട്. 

സമകാലിക രാഷ്ട്രീയവുമായി പൊരുത്തപ്പെടാന്‍ എത്ര വേഗത്തിലാണ് ചരിത്രത്തെ മാറ്റിയെഴുതാനാവുക എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സുന്നി തുര്‍ക്കിയും ഷിയാ ഇറാനും തമിലുള്ള പുതിയ ബന്ധം. സിറിയയിലെ ആഭ്യന്തര യുദ്ധത്തില്‍ ഇരുരാജ്യങ്ങളും എതിര്‍ ധ്രുവങ്ങളിലായതിനാല്‍ 16-ാം നൂറ്റാണ്ടു മുതലേ ഇരുകൂട്ടരും ശത്രുതയിലായിരുന്നു എന്നാണ് പുതിയ വിഷയം പരാമര്‍ശിക്കുന്ന ലേഖനങ്ങളിലെല്ലാം പറയുന്നത്. അക്കാലത്തെ ഒട്ടോമന്‍ സഫാവിദ് സംഘട്ടനങ്ങള്‍ അതിന്റെ എല്ലാ ഭൗമ-രാഷ്ട്രീയ ലക്ഷ്യങ്ങളോടും കൂടി വിഭാഗീയ സംഘര്‍ഷത്തിന്റെ വാചകമടികളെ ആശ്രയിച്ചിരുന്നു. 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പക്ഷേ, കഴിഞ്ഞ കുറച്ചു നൂറ്റാണ്ടുകളായുള്ള ഒട്ടോമന്‍-സഫാവിദ് ബന്ധങ്ങള്‍ ഒരു ദശാബ്ദം മുമ്പ് വരെ തീര്‍ത്തും വിഭിന്നമായിരുന്നു. 2006-ല്‍ തുര്‍ക്കി, ഇറാന്‍ സര്‍ക്കാരുകള്‍ ഉഭയകക്ഷി ബന്ധം ത്വരിതഗതിയില്‍ മെച്ചപ്പെടുത്തുകയും, കരാറുകളില്‍ ഒപ്പുവെക്കുകയും, കുര്‍ദ് വിഘടനവാദം നേരിടാന്‍ ഏകോപിതനീക്കങ്ങള്‍ക്ക് ആലോചിക്കുകയുമായിരുന്നു. വിഭാഗീയതയ്ക്ക് പകരം തുര്‍ക്കി-ഇറാന്‍ ബന്ധത്തിന്റെ നീണ്ടകാലത്തെ ഊഷ്മളതയെ കുറിച്ചാണ് ഇരുകൂട്ടരും സംസാരിച്ചത്. ഈ നല്ല ബന്ധത്തിനിടയില്‍ 1639-ല്‍ ഒട്ടോമന്‍-സഫാവിദ് സമാധാന ഉടമ്പടിക്ക് ശേഷം തുര്‍ക്കി-ഇറാന്‍ അതിര്‍ത്തി തര്‍ക്കം ഉണ്ടായില്ലെന്ന അവകാശവാദത്തെ ചരിത്രകാരന്‍മാര്‍ക്ക് വെല്ലുവിളിക്കേണ്ടിവന്നു. 

അപ്പോള്‍ തുര്‍ക്കിയും ഇറാനും ഒരിക്കല്‍ കൂടി ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ എന്താകും വ്യാഖ്യാനം? ഈ സുന്നി-ഷിയാ രാജ്യങ്ങള്‍ തമ്മില്‍ ഒരു വലിയ യുദ്ധം ഒടുവിലവസാനിച്ചത് 1823-ലാണ്. അങ്ങനെ നോക്കിയാല്‍ ഇറാന്‍-തുര്‍ക്കി യുദ്ധത്തിന് യു.എസ്-ബ്രിട്ടന്‍ യുദ്ധത്തോളം പഴക്കമുണ്ട്(അവസാനയുദ്ധം 1815. അല്ലെങ്കില്‍ ബ്രിട്ടന്‍-ഫ്രാന്‍സ് സംഘര്‍ഷത്തോളം(1815). 

കഴിഞ്ഞ ഒരു ദശാബ്ദമായി മേഖലയിലെ സ്വത്വ സങ്കീര്‍ണതകളെ സുന്നി-ഷിയാ വിഭജനത്തിലേക്ക് ഒതുക്കാനാണ് തീവ്രവാദികള്‍ ശ്രമിക്കുന്നത്. അതൊരു കല്പിത കഥയാണ്. നിര്‍ഭാഗ്യവശാല്‍ ഇത്തരം ആഖ്യാനങ്ങളാണ് സമ്മതി നേടുന്നത്. അല്‍വായിറ്റുകളെ കൊല്ലുന്നതില്‍ ആഹ്ലാദിക്കുന്ന ഒരു വിമതന്റെ ആക്രോശം കേള്‍ക്കുമ്പോള്‍ അസദ് വിരുദ്ധനായ ഒരു ഉദാരവാദി അല്‍വായിറ്റ് തന്റെ നിലനില്‍പ്പിനെ ഏകാധിപതിയുടെ നിലനില്‍പ്പുമായി ബന്ധിപ്പിക്കുന്നതില്‍ അത്ഭുതമില്ല. പരസ്പരം കൊന്നൊടുക്കുന്നതിന് ഇങ്ങനെ ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നവര്‍ മിക്കപ്പോഴും വിജയിക്കുന്നു എന്നതിന്റെ മടുപ്പിക്കുന്ന ഓര്‍മ്മപ്പെടുത്തലാണ് ഇത്തരം സംഗതികള്‍.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍