UPDATES

വിദേശം

ഉത്തര കൊറിയന്‍ അഭയാര്‍ത്ഥികളുടെ മകനായ മധ്യഇടതു നേതാവ് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ്

സമ്മര്‍ദവും ഉപരോധവും നടപ്പിലാക്കുന്നതിനിടയിലും ഉത്തര കൊറിയയുമായി ചര്‍ച്ചകള്‍ നടത്തണമെന്ന് വാദിക്കുന്നയാളാണ് മൂണ്‍ ജെ ഇന്‍

ദക്ഷിണ കൊറിയയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം അന്താരാഷ്ട്ര സമൂഹത്തിന് തന്നെ തീരെ അപ്രതീക്ഷിതമായിരുന്നു. ലിബറല്‍ കാഴ്ചപ്പാടുള്ള ഇരു കൊറിയകളും ഒന്നിക്കണമെന്ന് ആവശ്യപ്പെടുന്ന മധ്യഇടതു നേതാവായ മൂണ്‍ ജേ-ഇന്നാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ഉത്തര കൊറിയയെ ഒറ്റപ്പെടുത്താന്‍ യുഎസ് ശ്രമിച്ചുകൊണ്ടിക്കുന്നതിനിടയിലാണ് ഇരു കൊറിയകളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തണം എന്ന് വാദിക്കുന്ന മൂണ്‍ അമേരിക്കയുടെ സഖ്യകക്ഷിയായ ദക്ഷിണ കൊറിയയുടെ ഭരണത്തിന്റെ തലപ്പത്തെത്തുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയാണ് 64കാരനും അഭിഭാഷകനുമായ മൂണ്‍.

അഴിമതി ആരോപണങ്ങളുടെ പേരില്‍ പാര്‍ക്ക് ജ്യൂന്‍-ഹീയെ പുറത്താക്കിയതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനായി തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. തകര്‍ന്ന സാമ്പത്തികരംഗം മെച്ചപ്പെടുത്തുമെന്നും ഉത്തരകൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും മൂണ്‍ വാഗ്ദാനം ചെയ്യുന്നു. തിരഞ്ഞെടുപ്പില്‍ മൂണ്‍ വിജയിച്ചതായി തെക്കന്‍ കൊറിയന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതോടെ ബുധനാഴ്ച രാവിലെ അദ്ദേഹം അധികാരം ഏറ്റെടുത്തു. സൈനീക മേധാവിയുമായി മൂണ്‍ ആഭ്യന്തര സുരക്ഷയെ കുറിച്ചും ഉത്തരകൊറിയന്‍ സംഭവവികാസങ്ങളെ കുറിച്ചും ചര്‍ച്ച നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു.

ഉത്തര കൊറിയന്‍ അഭയാര്‍ത്ഥികളുടെ മകനായി പിറന്ന മൂണ്‍, മനുഷ്യാവകാശ അഭിഭാഷകനായി ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് സൈനിക സേവനം നടത്തിയിരുന്നു. സമ്മര്‍ദവും ഉപരോധവും നടപ്പിലാക്കുന്നതിനിടയിലും ഉത്തര കൊറിയയുമായി ചര്‍ച്ചകള്‍ നടത്തണമെന്ന് മൂണ്‍ വാദിക്കുന്നു. സാമ്പത്തിക രംഗത്തെ നിയന്ത്രിക്കുന്ന ചെയ്‌ബോള്‍സ് എന്ന കുടുംബ കുത്തക കമ്പനിയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കണം എന്നതാണ് മൂണിന്റെ മറ്റൊരു പ്രധാന നിര്‍ദ്ദേശം. സൈനിക നേതാവായിരുന്ന പാര്‍ക്ക് ചുങ്-ഹീയുടെ ഭരണത്തിനെതിരെ പോരാട്ടം നടത്തിയതിന് 1970കളില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മൂണ്‍ 41.1 ശതമാനം വോട്ടുകള്‍ നേടിയാണ് ചൊവ്വാഴ്ച വിജയപീഢത്തില്‍ ഏറിയത്. നീതിയുക്തവും ഏകീകൃതവുമായ ഒരു രാജ്യം കെട്ടിപ്പടുക്കുന്നതിനായി എല്ലാ തെക്കന്‍ കൊറിയക്കാരുടെയും പ്രസിഡന്റായി താന്‍ ഭരിക്കുമെന്നാണ് ചൊവ്വാഴ്ച അനുയായികളെ അഭിവാദ്യം ചെയ്തുകൊണ്ട് മൂണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ അഴിമതി വിമുക്തമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഉത്തരകൊറിയയുടെ ആയുധ വികസനം തടയുന്നതില്‍ മുന്‍ സര്‍ക്കാരുകള്‍ പരാജയമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ചെറുകിട വ്യാപാരമേഖലയെ പരിപോഷിപ്പിച്ചുകൊണ്ട് രാജ്യത്ത് സാമ്പത്തിക പരിഷ്‌കരണം നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു.

ഉത്തര കൊറിയയെ എതിര്‍ക്കുന്ന വലതുപക്ഷ കക്ഷികളാവും ഭരണത്തില്‍ എത്തുക എന്ന് അന്താരാഷ്ട്ര സമൂഹം പ്രതീക്ഷിച്ചിരുന്നെങ്കിലും രാജ്യത്ത് നിലനില്‍ക്കുന്ന അഴിമതിയും സാമ്പത്തിക തളര്‍ച്ചയും വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയുമാണ് തെക്കന്‍ കൊറിയക്കാരെ കൂടുതല്‍ ആശങ്കപ്പെടുത്തിയതെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍