UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തുകൊണ്ട് ജാമിയയില്‍ മാത്രം റെയ്ഡ്? വിദ്യാര്‍ഥികളുടെ തുറന്ന കത്ത്

Avatar

ഡല്‍ഹിയിലെ പ്രശസ്തമായ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ ഹോസ്റ്റലുകളില്‍ പോലീസ് റെയ്ഡ്  നടത്തി. സ്വാതന്ത്യ ദിനത്തോടനുബന്ധിച്ചുള്ള പതിവ് പരിശോധനയാണ് നടന്നത് എന്നാണ് പോലീസിന്റെ നിലപാട്. എന്നാല്‍ ജാമിയ സര്‍വകലാശാലയ്ക്കെതിരെ തുടര്‍ച്ചയായി നടന്നു കൊണ്ടിരിക്കുന്ന വിവേചനങ്ങളുടെ ബാക്കിയായാണ് റെയ്ഡ് എന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. റെയ്ഡിനെതിരെ വിദ്യാര്‍ത്ഥികള്‍ എഴുതിയ തുറന്ന കത്ത്. 

അര്‍ദ്ധരാത്രിയില്‍ ജാമിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ ഭരണാധികാരികള്‍ക്കെതിരെ പ്രതിഷേധം നയിക്കുന്നു. അധികൃതരാരും പരിസരത്തെങ്ങുമില്ല. ഹോസ്റ്റല്‍ പരിസരത്ത് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരെയും സിവിലിയന്‍ വേഷത്തിലുള്ള ചില അപരിചിതരെയും കണ്ടതിനെത്തുടര്‍ന്നാണ് പ്രതിഷേധം.

മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുപോലെയുള്ള മിന്നല്‍ പരിശോധനയെപ്പറ്റി അവര്‍ക്ക് വിവരമൊന്നുമില്ലെന്ന് ആണ്‍കുട്ടികളുടെ ഹോസ്റ്റലിലെത്തിയ പ്രൊക്ടറും പ്രോവോസ്റ്റും അറിയിച്ചു. എന്നാല്‍ മാധ്യമറിപ്പോര്‍ട്ടുകളില്‍ ജാമിയ അധികൃതര്‍ പറയുന്നത് ഇത് പതിവുപരിശോധനയാണ് എന്നാണ്. മിന്നല്‍ പരിശോധനയെപ്പറ്റി അറിവുണ്ടായിരുന്നില്ല എന്ന അധികൃതരുടെ വാദം ഹോസ്റ്റല്‍ നിവാസികള്‍ അംഗീകരിക്കുന്നില്ല. അങ്ങനെയൊരു പരിശോധന നടക്കുമെന്ന് കെയര്‍ ടേക്കര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി അവര്‍ പറയുന്നു.

സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് കമ്മിഷണര്‍ക്ക് കത്തെഴുതുമെന്ന് സര്‍വകലാശാല അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അധികൃതരുടെ അനുവാദമില്ലാതെ എങ്ങനെയാണ് ഡല്‍ഹി പൊലീസ് അകത്തുകടന്നതെന്നു വിശദീകരിക്കാന്‍ പത്രസമ്മേളനം വിളിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പ്രതിഷേധസൂചകമായി സര്‍വകലാശാലാ പ്രധാനകവാടത്തില്‍ നിന്നു മാറുകയില്ലെന്നു വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

ഇപ്പോഴത്തെ ഭരണകൂടം വിവിധ സര്‍വകലാശാലകളിലും വിദ്യാര്‍ത്ഥികള്‍ക്കുമേലും നടത്തുന്ന ആക്രമണങ്ങളുമായി ചേര്‍ത്താണ് ഈ സംഭവം വിദ്യാര്‍ത്ഥികള്‍ കാണുന്നത്. സംഭവം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അനേകം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ന്യൂനപക്ഷ സമുദായ സ്ഥാപനമായ ജാമിയ ഇപ്പോഴത്തെ ഭരണകൂടത്തിന്റെയും പാര്‍ട്ടിയുടെയും നോട്ടപ്പുള്ളിയായിരുന്നു. എന്തുകൊണ്ടാണ് ജാമിയ മാത്രം നിരീക്ഷണത്തിലാകുന്നത്? ഡല്‍ഹി സര്‍വകലാശാല, ജെഎന്‍യു, അംബേദ്കര്‍ സര്‍വകലാശാല, നൂറുകണക്കിന് സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ എന്തുകൊണ്ട് മിന്നല്‍ പരിശോധനകള്‍ നടക്കുന്നില്ല? മുന്‍കൂര്‍ അനുമതിയില്ലാതെ പരിശോധന നടത്താന്‍ മാത്രം എന്താണ് ജാമിയയിലും അവിടത്തെ ഹോസ്റ്റലുകളിലും നടക്കുന്നത്?

മാധ്യമങ്ങളില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍ ഞങ്ങള്‍, ജാമിയ മിലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥികള്‍, ആഗ്രഹിക്കുന്നില്ല. അതിനാല്‍ ഞങ്ങളുടെ കാര്യം എല്ലാവരെയും സ്വയം അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് എല്ലാ ജനാധിപത്യ, പുരോഗമന ശക്തികളോടും അഭ്യര്‍ത്ഥിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍