UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നജീബിനെ കണ്ടെത്താനായില്ല; ജെഎന്‍യു സംഘര്‍ഷഭരിതം; വിസിയെ തടഞ്ഞുവച്ചു

Avatar

അഴിമുഖം പ്രതിനിധി 

 

എബിവിപിയുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് ഹോസ്റ്റലില്‍ നിന്ന് കാണാതായ ഒന്നാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കണ്ടെത്തുന്നതില്‍ ജെഎന്‍യു അധികൃതര്‍ ഉപേക്ഷ കാണിക്കുന്നുവെന്ന് ആരോപിച്ച് വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെയുള്ളവരെ വിദ്യാര്‍ഥികള്‍ രാത്രി മുഴുവന്‍ തടഞ്ഞുവച്ചു. നജീബിനെ കാണാതായിട്ട് ആറു ദിവസം കഴിഞ്ഞതോടെ ക്യാമ്പസ് പ്രക്ഷോഭത്തിന്റെ മൂര്‍ധന്യത്തിലായി. ഇന്നലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത നജീബിന്റെ സഹോദരി സദഫ് മുഷറ്ഫ് സംഭവത്തിന് സാമുദായിക നിറം കൊടുക്കരുതെന്ന് അഭ്യര്‍ഥിച്ചു.

 

കഴിഞ്ഞ 15-നാണ് നജീബിനെ ജെഎന്‍യുവിലെ മാഹി-മാണ്ഡവി ഹോസ്റ്റലില്‍ നിന്ന് കാണാതായത്. തലേന്നു രാത്രി ഹോസ്റ്റല്‍ മെസ് കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനു പിന്നാലെ എബിവിപി അംഗങ്ങള്‍ ഐസ പ്രവര്‍ത്തകന്‍ കൂടിയായ നജീബിനെ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍, വിദ്യാര്‍ഥി യുണിയന്‍ പ്രസിഡന്റ് മോഹിത് പാണ്ഡെ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ നടത്തി ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നു എന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍ നജീബിനെ അപായപ്പെടുത്തുമെന്ന് എബിവിപി അംഗങ്ങള്‍ ഭീഷണി മുഴക്കിയിരുന്നതായി പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികള്‍ പറയുന്നു. സംഘര്‍ഷമുണ്ടായി പിറ്റേന്ന് രാവിലെ മുതല്‍ നജീബിനെ കാണാതായി. നജീബിന്റെ മൊബൈല്‍ ഫോണ്‍, പഴ്‌സ്, ചെരിപ്പ് എന്നിവ ഹോസ്റ്റല്‍ മുറിയില്‍ തന്നെ കണ്ടെത്തിയതോടെ നജീബിനെ ആരെങ്കിലും അപായപ്പെടുത്തിയോ എന്ന ആശങ്കയും ഉയര്‍ന്നു. ഇതിനിടെ നജീബ് ഓട്ടോയില്‍ കയറി പോയതായി ചിലര്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു.

 

സംഘര്‍ഷമുണ്ടായതിന്റെ പിന്നാലെ നജീബ് ഇക്കാര്യം വീട്ടില്‍ അറിയിച്ചിരുന്നു എന്നാണ് സൂചനകള്‍. പിറ്റേന്ന് ക്യാമ്പസിലെത്തിയ നജീബിന്റെ കുടുംബാംഗങ്ങള്‍ നജീബിനെ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ജെഎന്‍യു അധികൃതരുടെ ഭാഗത്തു നിന്ന് ഔദ്യോഗികമായി പരാതി നല്‍കാന്‍ ഇതുവരെ തയാറായിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. ഇന്നലെ രാവിലെ അധ്യാപക സംഘടനയുടേയും ഉച്ച കഴിഞ്ഞ വിദ്യാര്‍ഥി യൂണിയന്റേയും നേതൃത്വത്തില്‍ ക്യാമ്പസില്‍ പ്രക്ഷോഭ പരിപാടികള്‍ നടന്നിരുന്നു. വൈകിട്ടോടെ വൈസ് ചാന്‍സലര്‍ ജഗദീഷ് കുമാറിന്റെ ഓഫീസിനു മുന്നില്‍ തടിച്ചു കൂടിയ വിദ്യാര്‍ഥികള്‍ ഇതിനിടെ സമരം ശക്തമാക്കാന്‍ തീരുമാനിച്ചു. നിരവധി തവണ വിദ്യാര്‍ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയെങ്കിലും പിരിഞ്ഞു പോകാന്‍ വിദ്യാര്‍ഥികള്‍ തയാറായില്ല.

 

എന്നാല്‍ പോലീസിന് പുതിയ പരാതി നല്‍കണമെന്ന കാര്യത്തിലും നജീബിനെ മര്‍ദ്ദിച്ച എബിവിപി അംഗങ്ങളെ അന്വേഷണം കഴിയുന്നതുവരെ ഹോസ്റ്റലില്‍ താമസിക്കാന്‍ അനുവദിക്കരുതെന്നുമുള്ള കാര്യത്തില്‍ വാക്കാല്‍ സമ്മതിച്ചെങ്കിലും ഇക്കാര്യം രേഖാമൂലം നടപ്പാക്കാന്‍ വി.സി തയാറാകുന്നില്ലെന്ന് വിദ്യാര്‍ഥി നേതാക്കള്‍ ആരോപിച്ചു. നജീബിനെ മര്‍ദ്ദിച്ചതിന് സാക്ഷിയായവരെ എബിവിപി അംഗങ്ങള്‍ ഭീഷണിപ്പെടുത്തുന്നതായും ആരോപണമുണ്ട്. അതിനിടെ, ഇന്നലെ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്ത നജീബിന്റെ സഹോദരി സംഭവത്തിന് സാമുദായിക നിറം കൊടുക്കരുതെന്ന് അഭ്യര്‍ഥിച്ചു. ഡല്‍ഹി സ്‌കൂളില്‍ അധ്യാപികയാണ് അവര്‍. തങ്ങളെ ഇന്നലെ കാലത്ത് പോലീസ് ഒരു മൃതദേഹം തിരിച്ചറിയാന്‍ വിളിപ്പിച്ചിരുന്നുവെന്ന് പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹമെന്നും അവര്‍ പറഞ്ഞു. അത് തന്റെ സഹോദരന്റേതായിരുന്നില്ല. അത്തരമൊരവസ്ഥയില്‍ കൂടിയാണ് തങ്ങള്‍ കടന്നുപോകുന്നത്. ഹോസ്റ്റലിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് പോലീസിന് പരാതി നല്‍കാന്‍ വി.സിയോട് അഭ്യര്‍ഥിച്ചെങ്കിലും അദ്ദേഹം അതിന് തയാറായില്ല. റെക്ടര്‍ ആകട്ടെ വളരെ പരുഷമായാണ് പെരുമാറുന്നത്. ചിലര്‍ ഇതിന് ഹിന്ദു-മുസ്ലീം വിവാദമാക്കാന്‍ ശ്രമിക്കുന്നുണ്ട്. ദയവായി അങ്ങനെ ചെയ്യരുത്. ഇന്ന് നജീബ് ആണെങ്കില്‍ നാളെ കാണാതാകുന്നത് മറ്റാരും ആകാം. അതുകൊണ്ടു തന്നെ സഹോദരനെ കണ്ടെത്താന്‍ എല്ലാവരും സഹായിക്കണം. പക്ഷേ വിദ്യാര്‍ഥികള്‍ എന്ന നിലയ്ക്ക് നിങ്ങളുടെ കരിയര്‍ ഇതിന്റെ പേരില്‍ നശിപ്പിക്കരുത്. അതുകൊണ്ട് നിയമപരമായ മാര്‍ഗങ്ങളില്‍ കൂടി മാത്രമേ പ്രതിഷേധിക്കാവൂ എന്നും അഭ്യര്‍ഥിച്ചു.

 

നജീബിനെക്കുറിച്ചുള്ള വിവരങ്ങള്‍ തരുന്നവര്‍ക്ക് 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് പോലീസ് നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് വിഷയം സംബന്ധിച്ച് ഡല്‍ഹി പോലീസ് കമ്മീഷണറുമായി ചര്‍ച്ച നടത്തി. നജീബിനെ കണ്ടെത്താന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് വി.സി പറഞ്ഞു. തങ്ങളെ ഓഫീസിനുള്ളില്‍ തടഞ്ഞുവച്ചതു കൊണ്ട് പ്രശ്‌നത്തിന് പരിഹാരമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വി.സി, റെക്ടര്‍, രജിസ്ട്രാര്‍ തുടങ്ങിയവരെ തടഞ്ഞുവച്ചെങ്കിലും അവര്‍ക്ക് ഭക്ഷണവും മരുന്നുകളും അടക്കമുള്ളവ ലഭ്യമാകുന്നുണ്ടെന്ന് വിദ്യാര്‍ഥികള്‍ ഉറപ്പു വരുത്തിയിരുന്നു. അസുഖബാധിതനായതിനാല്‍ രജിസ്ട്രാറെ പിന്നീട് പോകാനും അനുവദിച്ചു. നജീബിനെ കണ്ടെത്തണമെന്ന ആവശ്യത്തില്‍ ക്യാമ്പസിലെ എബിവിപി ഒഴിച്ചുള്ള മുഴുവന്‍ സംഘടനകളും ഒറ്റക്കെട്ടായാണ് സമരമുഖത്തുള്ളത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍