UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നമ്മുടെ ഈ കുറ്റകരമായ മൗനം അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു

Avatar

എഡിറ്റോറിയല്‍ / ടീം അഴിമുഖം

കടല്‍ത്തീരത്ത് അടിയുന്ന അഭയാര്‍ത്ഥി കുഞ്ഞുങ്ങളുടെ ശവശരീരങ്ങളും പ്രൊഫസര്‍ എംഎം കല്‍ബുര്‍ഗിയുടെ കൊലപാതകവും തമ്മില്‍ എന്ത് ബന്ധം? ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളും ഫിന്‍ലന്റ് പ്രധാനമന്ത്രിയും തമ്മില്‍ എന്താണ് പൊതുവായിട്ടുള്ളത്? യൂറോപ്പിലെ സ്‌ഫോടനാത്മകമായ അഭയാര്‍ത്ഥി പ്രതിസന്ധിയും ഇന്ത്യയിലെ വിമതശബ്ദങ്ങളെ നിശബ്ദമാക്കുന്നതും തമ്മില്‍ എന്താണ് ബന്ധം?

കഴിഞ്ഞ കുറച്ച് ആഴ്ചകളായി അനിതരസാധാരണമായ അഭയാര്‍ത്ഥി പ്രശ്‌നമാണ് പൊതുബോധത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. മെഡിറ്ററേനിയന്‍, ഏജിയന്‍ കടലുകളിലൂടെയും ബാല്‍ക്കണ്‍ മലനിരകളിലൂടെയും വിള്ളല്‍ വീണ ബോട്ടുകളിലും റയില്‍വേ പാതയിലൂടെയും സഞ്ചരിച്ച് ആയിരക്കണക്കിന് മനുഷ്യജീവിതങ്ങള്‍ യൂറോപ്പിന്റെ സുരക്ഷിത ഭൂമികയിലേക്ക് ചേക്കേറാന്‍ തിരക്ക് കൂട്ടുന്നു. യുദ്ധം തകര്‍ത്തെറിഞ്ഞ സിറിയയില്‍ നിന്ന് മാത്രമല്ല, ഇങ്ങ് പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ളവര്‍ വരെ ആ കൂട്ടത്തില്‍ അണിചേരുന്നു.

ആയിരക്കണക്കിന് വരുന്ന അഭയാര്‍ത്ഥികളുടെ തള്ളിക്കയറ്റം യൂറോപ്പിനെ പിടിച്ചുലയ്ക്കുമ്പോഴും പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നുള്ള നേതാക്കളുടെയും സാധാരണ പൗരന്മാരുടെയും വാക്കും പ്രവൃത്തിയും നമ്മെ ആഹ്ലാദചിത്തരാക്കുന്നു. അതോടൊപ്പം തന്നെ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യയിലെമ്പാടും ഒരു വന്‍ഗൂഢാലോചന എന്നു തോന്നത്തക്ക രീതിയില്‍ നടക്കുന്ന ചില പ്രതിസന്ധികളുണ്ട്. അതിനോടുള്ള നമ്മുടെ നേതാക്കളുടെ പ്രതികരണശേഷിയില്ലായ്മയും ഒരു താരതമ്യ പഠനമായി പ്രവര്‍ത്തിക്കുന്നുണ്ട്. കാര്യകാരണസഹിതവും സ്വതന്ത്രമൂല്യങ്ങള്‍ പ്രതിഫലിക്കുന്നതുമായ വിമതശബ്ദങ്ങളോട് ചില തല്‍പരകക്ഷികള്‍ ആവര്‍ത്തിക്കുന്ന ആക്രമണവും ശാസ്ത്രീയ സത്യങ്ങളുടെയും വ്യക്തി സ്വാതന്ത്ര്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വക്താക്കളെ നിശബ്ദരാക്കാന്‍ അവര്‍ നടത്തുന്ന ആവര്‍ത്തിച്ചുള്ള ശ്രമങ്ങളുമാണ് ഇന്ത്യയിലെ പുതിയ പ്രതിസന്ധിക്ക് കാരണം.

ഏകദേശം 60,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കയിലെ തങ്ങളുടെ ജന്മദേശം വിട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് മനുഷ്യവംശം ചേക്കേറാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ കുടിയേറ്റത്തിന്റെയും കുടിയേറിപ്പാര്‍പ്പിന്റെയും ഒടുങ്ങാത്ത ഭീതിയുടേയും ആശയസംഘര്‍ഷങ്ങളുടെയും ചരിത്രവും ആരംഭിച്ചു. ഈ ചരിത്ര പശ്ചാത്തലത്തില്‍ നിന്നും വ്യത്യസ്തമായി എന്താണ് സംസ്‌കാരവും അനുകമ്പയും എന്ന് സമീപകാല പടിഞ്ഞാറന്‍ യൂറോപ്പ് ലോകത്തിലെ മറ്റ് മനുഷ്യര്‍ക്ക് പഠിപ്പിച്ചു കൊടുക്കുക മാത്രമല്ല, പ്രയോഗിക രാഷ്ട്രീയത്തില്‍ അതെങ്ങനെ പ്രാവര്‍ത്തികമാക്കാമെന്ന് തെളിയിക്കുകയും ചെയ്തിരിക്കുന്നു. മുഖ്യധാര യൂറോപ്പ് പ്രകടിപ്പിക്കുന്ന അനുകമ്പയുടെ ആ വലിയ പാഠം മാനവചരിത്രത്തിന്റെ തങ്കലിപികളില്‍ രേഖപ്പെടുത്തപ്പെടും. തങ്ങളുടെ തന്നെ സൃഷ്ടിയായ യുദ്ധമുഖങ്ങളില്‍ നിന്നും പലായനം ചെയ്യുന്നവരോട് സമ്പന്നരായ ഗള്‍ഫ് രാജ്യങ്ങള്‍ പ്രകടിപ്പിക്കുന്ന തണുത്ത പ്രതികരണങ്ങളില്‍ നിന്നും ഘടകവിരുദ്ധമായ സമീപനമാണ് ഇക്കാര്യത്തില്‍ യൂറോപ്പ് പുലര്‍ത്തുന്നതെന്നതും ശ്രദ്ധേയമാണ്.

പട്ടിണിയിലായ ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ ജര്‍മ്മനിയിലേയും ഓസ്ട്രിയയിലേയും റയില്‍വേ സ്‌റ്റേഷനുകളില്‍ അഭയം പ്രാപിച്ചപ്പോള്‍ അവരെ യൂറോപ്പ് സ്വീകരിച്ച രീതി അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന ഒരു സംസ്‌കാരത്തിന്റെ പ്രതിഫലനമായി മാറുന്നു. അതിലുപരിയായി അഭയാര്‍ത്ഥി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി മുന്നില്‍ നിന്ന് നയിക്കാന്‍ നിരവധി യൂറോപ്യന്‍ നേതാക്കള്‍ മുന്നോട്ട് വരുന്നു എന്നതും ശ്രദ്ധേയമാണ്. 2015 ആരംഭിച്ചതിന് ശേഷം 300,000 പരം അഭയാര്‍ത്ഥികളാണ് യൂറോപ്പില്‍ അഭയം തേടിയിരിക്കുന്നത്.

ഫിന്‍ലന്റ് പ്രധാനമന്ത്രി ജൂഹ സിപിലയുടെ പ്രതീകാത്മക പ്രവര്‍ത്തനം പോലെ ഹൃദയഹാരിയായ മറ്റൊരു ദൃശ്യം കാണാനാവില്ല. വടക്കന്‍ ഫിന്‍ലന്റിലുള്ള തന്റെ സ്വന്തം വീട്ടില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കുമെന്ന് അദ്ദേഹം ശനിയാഴ്ച പ്രഖ്യാപിച്ചു. ‘നമ്മള്‍ ഓരോരുത്തരും കണ്ണാടിയില്‍ നോക്കുകയും നമുക്ക് എങ്ങിനെ സഹായിക്കാന്‍ സാധിക്കുമെന്ന് സ്വയം ചോദിക്കുകയും ചെയ്യണം,’ എന്ന് സിപില പ്രഖ്യാപിച്ചു.

ധീരതയുടെയും അനുകമ്പയുടേയും ഇത്തരം പ്രവര്‍ത്തികള്‍ക്ക് നേര്‍ വിപരീതമാണ്, പുരോഗമന ചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും പുരോഗതിയുടെയും വക്താക്കള്‍ക്ക് നേരെ നടക്കുന്ന സംഘടിതമായ ആക്രമണങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നേതാക്കളുടെ പുതുതലമുറ പുലര്‍ത്തുന്ന കുറ്റകരമായ മൗനം.

പുരോഗമന ആശയങ്ങള്‍ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും നേരെ സാമൂഹിക വിരുദ്ധശക്തികള്‍ നടത്തുന്ന നിരന്തര ആക്രമണത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രൊഫസര്‍ എംഎം കല്‍ബുര്‍ഗിയുടെ കൊലപാതകം. വ്യക്തി സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി സ്ത്രീകളും പുരുഷന്മാരും പോരാടുകയും ക്രൂരമായി അടിച്ചമര്‍ത്തപ്പെടുകയും ചെയ്തതിന്റെ കഥകള്‍ ഈ രാജ്യത്തിന്റെ ഓരോ തെരുവിനും പറയാനുണ്ടാവും. പൂനെയിലെ ഒരു സ്വകാര്യ ജൗളി കമ്പനിയില്‍ ഐടി മാനേജരായിരുന്ന മോഹ്‌സിന്‍ ഷെയ്ഖ് 2014 ജൂണ്‍ രണ്ടാം തീയതി പ്രാര്‍ത്ഥനയ്ക്ക് ശേഷം മടങ്ങുമ്പോഴാണ് ഒരു സംഘം ഹിന്ദു മതഭ്രാന്തന്മാര്‍ അദ്ദേഹത്തെ ആക്രമിച്ച് കൊലപ്പെടുത്തിയത്. അപ്പോള്‍ നരേന്ദ്ര മോദി അധികാരത്തിലേറിയിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നില്ല. അതിന് ശേഷം ഇന്ത്യയിലെമ്പാടും യുക്തിസഹമായ ചിന്തയുടേയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും വക്താക്കള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുടെ രൂക്ഷത വര്‍ദ്ധിച്ചിട്ടേയുള്ളു. അതിന്റെ മറ്റൊരു ഉദാഹരണമാണ് ഡോ. എം.എം ബഷീര്‍ രാമായണത്തെ കുറിച്ച് എഴുതുന്നതിനെതിരെ ഹിന്ദു മതഭ്രാന്തന്‍മാര്‍ രംഗത്തു വന്നതും അദ്ദേഹം തന്റെ കോളം പാതിവഴിയില്‍ അവസാനിപ്പിച്ചതും. 

മാസങ്ങളായി, ഗ്രീന്‍പീസ് മുതല്‍ ടീസ്റ്റാ സെറ്റില്‍വാദ് വരെയുള്ളവര്‍ മോദി സര്‍ക്കാരിന്റെ ആക്രമണങ്ങള്‍ക്ക് വിധേയരാവുന്നു. അതുകൊണ്ട് തന്നെ പ്രൊഫസര്‍ കല്‍ബുര്‍ഗിയുടെയും അദ്ദേഹത്തെ പോലെയുള്ളവരുടെയും കൊലപാതകത്തില്‍ ഈ സര്‍ക്കാര്‍ മൗനംപാലിക്കുന്നതില്‍ വലിയ അത്ഭുതത്തിന് അവകാശമില്ല. എന്നാല്‍ നമ്മുടെ വിരസമായ ഈ മൗനം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ അവര്‍ നിങ്ങളെ തേടിയെത്തുമ്പോള്‍, നിങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരും ഉണ്ടാവില്ല. 

വിദേശ കടപ്പുറങ്ങളില്‍ കുട്ടികളുടെ ശവശരീരങ്ങള്‍ അടിഞ്ഞുകൂടുന്നു. ലോകത്തിന്റെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന ദുരന്തത്തെ കുറിച്ച് പടിഞ്ഞാറന്‍ സംസ്‌കാരത്തെ ബോധവാന്മാരാക്കാനെങ്കിലും ആ കുട്ടികളുടെ മരണം സഹായിക്കുന്നു. എന്നാല്‍ കഴിഞ്ഞ കുറെ നാളുകളായി, ഇന്ത്യ എന്ന മഹത്തായ ആശയത്തിന്റെ കടപ്പുറത്ത്, സ്വാതന്ത്ര്യവും അനുകമ്പയും ശാസ്ത്രബോധവും അഭിപ്രായസ്വാതന്ത്ര്യവും അടിച്ചമര്‍ത്തപ്പെടുന്നു. നമ്മുടെ നേതാക്കളുടെ മൗനത്തില്‍ നിന്നും ദുര്‍ഗന്ധം വമിച്ചുകൊണ്ടേയിരിക്കുന്നു.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍