UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുഗതകുമാരിയോട് നാം നന്ദി കാണിക്കേണ്ടതുണ്ട്

Avatar

ലിഷ അന്ന

 
സുഗതകുമാരി നമുക്കൊരു കണ്ണാടി കാണിച്ചു തന്നു. യഥാര്‍ത്ഥത്തില്‍ ചീത്ത വിളിക്കേണ്ടതിനു പകരം നാം അവരോടു നന്ദിയുള്ളവരായിരിക്കേണ്ടതുണ്ട്. ഉപരിവര്‍ഗ മലയാളിക്ക് ‘അണ്ണാച്ചി’മാര്‍ മുതല്‍ ‘ഭായി’മാര്‍ വരെയുള്ള ഇതരസംസ്ഥാന തൊഴിലാളികളോടുള്ള മനോഭാവം പൊതുസമൂഹത്തിനു മുന്നില്‍ തുറന്നു കാണിച്ചു എന്നതുമാത്രമേ അവര്‍ ചെയ്തുള്ളൂ. അതില്‍ അസ്വാഭാവികത ഒന്നും തന്നെയില്ല. തികച്ചും നോര്‍മലായ ഒരു കാര്യം, സാധാരണ എല്ലായ്പ്പോഴും സംഭവിക്കാറുള്ള പോലെ ഒരു പ്രധാനപ്പെട്ടയാള്‍ പങ്കു വച്ചപ്പോള്‍ നാം ചെവി കൊടുക്കുകയും പ്രതികരിക്കുകയും ചെയ്തിരിക്കുന്നു.
 
പൊതു ഇടങ്ങളില്‍ അപകടമോ മോഷണമോ മറ്റ് സാമൂഹ്യവിരുദ്ധപ്രശ്നങ്ങളോ ഉണ്ടാവുമ്പോള്‍ നമ്മുടെ കൈ ആദ്യം ചൂണ്ടുന്നത് ഇവര്‍ക്ക് നേരെ തന്നെയായിരിക്കും. അതില്‍ ആര്‍ക്കാണിത്ര സംശയം? പെരുമ്പാവൂരില്‍ നടന്നത് ഒരുദാഹരണം മാത്രം. ചട്ടുകങ്ങളാക്കി ഉപയോഗിക്കാനും മലയാളിക്ക്  അവരെത്തന്നെ വേണം. ആവശ്യമെന്ന് തോന്നിയാല്‍ തല്ലിക്കൊല്ലുക വരെ ചെയ്യാം. ആരും ചോദിക്കാനോ പറയാനോ വരില്ല. ഇതേ മനോഭാവം വച്ചു പുലര്‍ത്തുന്ന ഒരു വിഭാഗത്തിന്‍റെ പ്രാതിനിധ്യം വഹിച്ചുകൊണ്ട് കവി സംസാരിക്കുന്നതില്‍ നാം അസഹിഷ്ണുത കാണിക്കേണ്ടതിനു പകരം, കല്ലെറിയുന്നതിനു പകരം അവരെ അഭിനന്ദിക്കുകയല്ലേ വേണ്ടത്? പൊതുസമൂഹത്തിനു മുന്നില്‍ കപടമല്ലാത്ത കാഴ്ചപ്പാട് വിശദമാക്കാന്‍ എത്ര പേര്‍ക്കുണ്ടാവും ഈ ധൈര്യം?
 
സുഗതകുമാരി കവിതയെഴുത്ത് നിര്‍ത്തി പറമ്പിലെ ജോലിക്കോ മറ്റോ പോയി നോക്കട്ടെ, അപ്പോഴറിയാം അധ്വാനിക്കുന്ന ജനത്തിന്‍റെ പ്രശ്നങ്ങള്‍‘ എന്നതാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗത്തിന്‍റെ പ്രതികരണം. സത്യമായും അങ്ങനെയൊരു വാദത്തിനോട് യോജിപ്പില്ല. കവിത എഴുതിയും മറ്റു ജോലികള്‍ ചെയ്തുമൊക്കെ ജീവിക്കാന്‍ വക ഉണ്ടെങ്കില്‍ പിന്നെ കൂടുതല്‍ കഷ്ടപ്പെടുന്നതെന്തിന്? കഷ്ടപ്പെട്ട് ജീവിക്കുക എന്നതാണോ സാമൂഹിക വിഷയങ്ങളില്‍ അഭിപ്രായപ്രകടനം നടത്താനുള്ള അര്‍ഹതയ്ക്ക് നിങ്ങള്‍ നല്‍കുന്ന അളവുകോല്‍? എന്നാല്‍ തട്ടുമ്പുറത്തു കേറിയിരുന്ന് വീട്ടിനുള്ളിലൂടെ കുത്തിക്കേറി വരുന്ന വെള്ളപ്പൊക്കം നോക്കി പറമ്പിലെ പണിക്കാരനെ വിളിക്കുന്ന അമ്മാവന്‍ സംസ്കാരം കവിക്കെന്നല്ല, ആര്‍ക്കും ചേരുമെന്ന് തോന്നുന്നില്ല.
 
മാതാക്കന്മാരുടെ ബഹളമാണ് രാജ്യത്താകെ. കേരളമാതാവ്, ഭാരതമാതാവ്, പശുമാതാവ് എന്നിങ്ങനെ പോകുന്നു.  ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഒരു സാംസ്കാരികതയ്ക്കും കേരളത്തിലെ ഉപരിവര്‍ഗത്തിന്‍റെ മോറല്‍ സങ്കല്‍പ്പങ്ങള്‍ക്കും അനുസരിച്ച് മോള്‍ഡ് ചെയ്തു ചേര്‍ത്ത അഭിപ്രായങ്ങള്‍ നിരന്തരം പുറത്തേയ്ക്ക് വിട്ട് കേരളത്തിന്‍റെ സാംസ്‌കാരിക മാതൃത്വം ചാര്‍ത്തിക്കിട്ടിയത് സുഗതകുമാരിക്കായിരുന്നു. പുതുതലമുറയുടെ സദാചാരം മൊബൈല്‍ ഫോണിലും ഇന്‍റര്‍നെറ്റിലും ഒഴുകിപ്പോയത്രേ. ആഗോള സംസ്കാരം തലമുറയെ നശിപ്പിക്കുന്നത്രേ. അത് പറഞ്ഞതിന്‍റെ അര്‍ഥം ഇപ്പോഴാണ് മനസിലായത്. ഏതെങ്കിലും പൊട്ടക്കുഴിയിലോ എച്ചില്‍ക്കൂനയിലോ ജനിച്ച കുഞ്ഞുങ്ങളേ, നിങ്ങളൊക്കെ അവിടെത്തന്നെ ഇരുന്നും കിടന്നും തിന്നും ഉറങ്ങിയും വിസ്സര്‍ജ്ജിച്ചും അവിടെ തന്നെ കാലം കഴിക്കൂ. എന്തൊക്കെ വന്നാലും പുറത്തേയ്ക്ക് ഇറങ്ങി നമ്മുടെ സംസ്കാരം മലീമസമാക്കരുത്. സമൂഹത്തില്‍ അടിത്തട്ട് എന്നും ആവശ്യമാണ്‌. അതില്‍ നിന്നും ഒരു കാരണവശാലും പൊങ്ങിവരരുത്.
 
 
സംസ്കാരങ്ങള്‍ തമ്മില്‍ മിക്സായി പോകുമോ എന്നാണ് മറ്റൊരു പ്രധാന ഭയം. സാംസ്കാരിക സങ്കലനം കേരളത്തിന്‍റെ ജാതി-മതവ്യവസ്ഥാപിതമായ സാംസ്‌കാരിക സാഹചര്യത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമല്ലോ.
 
പണ്ട് നമുക്ക് പറമ്പില്‍ കിളയ്ക്കാനും റോഡുപണിക്കും വന്നിരുന്നത് ‘അണ്ണാച്ചി’ എന്നൊക്കെ വിളിച്ചിരുന്ന തമിഴനായിരുന്നു. അവന്‍റെ കറുത്ത കരുത്തില്‍ നമ്മള്‍ റോഡുകള്‍ പണിതു. കുളങ്ങള്‍ വെട്ടി. പറമ്പിലെ പുല്ലോതുക്കി. മണിമാളികകള്‍ പണിതു.
 
കാലം പോകെപ്പോകെ തമിഴന്‍ തിരിച്ചു പോയി. നോര്‍ത്തില്‍ നിന്നും ‘ഭയ്യ’മാര്‍ വന്നുതുടങ്ങി. ഏക്കറുകണക്കിന് ഭൂമിയുള്ളവരും ഉണ്ടായിരുന്നു അധ്വാനിക്കാന്‍ വന്നവരില്‍. പറമ്പുകളിലും കെട്ടിടം പണികളിലും എരിഞ്ഞു വീഴുന്ന വിയര്‍പ്പിന് പ്രത്യേക മുഖം ഉണ്ടായിരുന്നില്ല. സംസ്ഥാനത്തിന്‍റെ അതിര്‍ത്തികള്‍ തിരിച്ച് ‘എന്‍റെ പറമ്പില്‍ മലയാളി മാത്രം പണിഞ്ഞാ മതി’ എന്നൊരിക്കലും നമ്മള്‍ പറഞ്ഞില്ല. ശരാശരി മലയാളി തൊഴിലാളി പണിയെടുക്കുന്നതിനെക്കാള്‍ കുറഞ്ഞ കൂലിയില്‍, കൂടുതല്‍ ആത്മാര്‍ഥതയോടെ അവര്‍ ഇവിടെ പണിയെടുത്തു. മലയാളം പഠിച്ചു. നമ്മളെ ഹിന്ദി പഠിപ്പിച്ചു.
 
ചിലരൊക്കെ ഇവിടെയുള്ളവരെ കല്യാണം കഴിച്ചു. രണ്ടു വ്യത്യസ്ത സംസ്കാരങ്ങളുടെ മനോഹരമായ കൂടിച്ചേരല്‍! അതിനെയാണോ ‘സാംസ്‌കാരിക ദുരന്തം’ എന്ന് കവി ഉദ്ദേശിച്ചത്? നമുക്ക് സാംസ്കാരികമായി ഒരുതരത്തിലും പൊരുത്തപ്പെടാന്‍ പറ്റാത്ത, വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ക്രിമിനല്‍പ്പരിഷകള്‍ എന്നാക്ഷേപിച്ചത്? കേരളത്തിന്‍റെ ഹൃദയ വിശാലതയുടെ മാക്സിമം എന്നാല്‍ താനാണ് എന്നാണ് പൊതുവേ ഓരോ സാംസ്കാരികന്മാരുടെയും ധാരണ. ഇപ്പോള്‍ ഇവിടെയുള്ള തലമുറ പണ്ടത്തേതിനേക്കാള്‍ കൂടുതല്‍ യൂണിവേഴ്സലായി ചിന്തിക്കുന്നവരാണെന്ന കാര്യം മറന്നുപോകുന്നു. അല്ലെങ്കില്‍ അത് ഉള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥ അവര്‍ക്ക് ആയിട്ടില്ല തന്നെ. 
 
പറമ്പില്‍ പണിയുന്ന തമിഴനും മലയാളിയും ബംഗാളിയും ആസാമിയും എല്ലാം നമ്മളെ ഓര്‍മിപ്പിച്ചത് ഗള്‍ഫ് നാടുകളില്‍ പോയി മരിച്ച് പണിയെടുത്ത് ഇന്നത്തെ നാടിന്‍റെ സമൃദ്ധി നിലനിര്‍ത്തിയ പ്രവാസികളെയായിരുന്നു. അവിടെ ഒട്ടകത്തെ കുളിപ്പിച്ചും അറബിയുടെ അടുക്കളപ്പണി എടുത്തും ഒക്കെ നമ്മളെ തീറ്റിപ്പോറ്റിയ ഗള്‍ഫ് മലയാളികളെയായിരുന്നു. ഏറ്റവും വലിയ പ്രശ്നം നമ്മുടെ ആവശ്യത്തിന്‍റെതു തന്നെയായിരുന്നു. ബംഗാളി പോയിക്കഴിഞ്ഞാല്‍ പിന്നെ പണിയാന്‍ നമുക്ക് വേറെ ആരും വരാനുമില്ലായിരുന്നു.
 
 
ഇതര സംസ്ഥാന തൊഴിലാളികളും അവരുമായി ബന്ധപ്പെട്ട കാര്യങ്ങളും നിത്യജീവിതവുമായി ഏറെ അടുത്ത് നില്‍ക്കുന്ന പ്രശ്നമായതിനാല്‍ തന്നെ ഒരുമാതിരിപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായം പറയാത്ത ആളുകള്‍ പോലും സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതികരണവുമായി എത്തുന്നുണ്ട്.
 
സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല പറയുന്നു; ‘എല്ലാ ഇന്ത്യാക്കാരും സഹോദരീ സഹോദരന്‍മാരാണ് എന്ന പ്രതിജ്ഞ എല്ലാ പ്രവൃത്തി ദിവസവും രാവിലെ സ്കൂളുകളില്‍ ചൊല്ലുന്ന നമ്മുടെ കുട്ടികള്‍ ഉള്‍ക്കൊള്ളുന്ന മാനവിക ബോധത്തെ തലകീഴായ് നിര്‍ത്തുകയാണ് ശ്രീമതി സുഗതകുമാരി. അവരുടെ നിരീക്ഷണത്തില്‍ വ്യക്തിപരമായി അത്ഭുതമില്ല. പക്ഷേ, കേരള സമൂഹത്തില്‍ അവര്‍ക്കു ലഭിച്ചിട്ടുള്ള ഒരു സ്വീകാര്യതയുണ്ടല്ലോ. അവരുടെ കവിതയും പ്രകൃതി സ്നേഹപ്രകടനങ്ങളും നിരാലംബ പക്ഷവാദങ്ങളും ഒക്കെ ചേര്‍ത്ത് അവര്‍ സൃഷ്ടിച്ചിട്ടുള്ള ഒരു ബിംബമുണ്ടല്ലോ. അതിനെ തകര്‍ക്കുന്നതാണ് അന്യ സംസ്ഥാന തൊഴിലാളികളെ അവഹേളിക്കുന്ന പരസ്യ നിലപാട്.
 
ആരാണ് തദ്ദേശീയര്‍, ഒരു ദേശത്തിന്റെ വിഭവസമ്പത്ത് ഉപജീവനത്തിനായി പ്രയോജനപ്പെടുത്തുകയും സ്വന്തം ശേഷി ആ ദേശത്തിന്റെ വികസനത്തിനായി വിനിയോഗിക്കുകയും ചെയ്യുന്നവരാണ് തദ്ദേശീയര്‍. ആ അര്‍ത്ഥത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഇന്ന് കേരളീയരാണ്. അവരുടെ ജീവിതം മെച്ചപ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന എല്ലാത്തരത്തിലും സ്വീകാര്യമാണ്.
 
കേരള സമൂഹത്തില്‍ അവരനുഭവിക്കുന്ന അന്യതാബോധം ഭീകരമാണ്. അവര്‍ക്ക് കേരള സമൂഹവുമായി താദാത്മ്യം പ്രാപിക്കാന്‍ അവസരമൊരുക്കണം. മലയാള ഭാഷയുമായി അടുപ്പിക്കുക എന്നതാണ് അതിനൊരു മാര്‍ഗം.”
 
തിരുവനന്തപുരത്ത് സുഗതകുമാരി താമസിക്കുന്ന വീടിന്‍റെ തൊട്ടപ്പുറത്ത് പുതിയ ഒരു ഫ്ലാറ്റ് പണിയുന്നുണ്ട്. അവിടെ പണിയുന്ന ആസാമീസിനെയും ബംഗാളികളെയും ബീഹാറികളെയും മറ്റും നോക്കി നിന്നപ്പോഴായിരിക്കണം കവിക്ക് ഇങ്ങനോരാത്മാഗതം ഇത്തിരിയുറക്കെ വന്നു പോയത്. എന്ന് തോന്നുന്നു. അവരെ പൂര്‍ണമായും കുറ്റം പറയാന്‍ പറ്റില്ല. വൃത്തിയില്ലായ്മ, ലഹരി ഉപയോഗം ഒക്കെയാണെല്ലോ നമ്മള്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്നങ്ങള്‍. കാറ്റും വെളിച്ചവും കടക്കാത്ത ഒരു മുറിക്കുള്ളില്‍ പത്തും പതിനഞ്ചും പേര്‍ മത്തി അടുക്കുന്ന പോലെ താമസിച്ചും സകല രോഗങ്ങളും ഉണ്ടാകുന്ന തരത്തിലുള്ള വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ചോറ് വയ്ക്കാനും കുളിക്കാനും ഒക്കെ മാത്രം കഴിയുന്ന അവര്‍ പിന്നെ ‘നാലുകെട്ട് മലയാളി’യുടെ വൃത്തിബോധം വേണമെന്ന്‍ വാശി പിടിക്കാമോ? ഈ സാഹചര്യങ്ങള്‍ ഒന്നും അവര്‍ സ്വയം തിരഞ്ഞെടുത്തതാകാന്‍ വഴിയില്ല. തൊഴിലില്ലാത്തവരും സ്വന്തം ഭൂമിയില്‍ നിന്ന്‍ കുടിയിറക്കപ്പെട്ടവരും ഒക്കെ വരുന്ന വലിയൊരു സമൂഹമാണ് അവര്‍. രണ്ടു നേരമെങ്കിലും തങ്ങളുടെയും കുടുംബത്തിന്റെയും വയര്‍ നിറയ്ക്കാനാണ് അവര്‍ കഷ്ടപ്പെടുന്നത്. ആഢ്യ മുറുക്കാന്‍ ചവയ്ക്കുന്നവര്‍ മാന്യന്‍മാര്‍, പാന്‍ മസാല തിന്നുന്നവര്‍ ലഹരിക്കടിമകള്‍ എന്നതാണെല്ലോ നമ്മുടെ ബോധം. തീര്‍ച്ചയായും കേരളത്തില്‍ നിന്ന്‍ ഒരുകാലത്ത് ഇല്ലാതായ പാന്‍ മസാല പോലുള്ളവ തിരികെ ഇവിടെ കൊണ്ടുവരുന്നതിന്റെ അപകടങ്ങളുണ്ട്; പക്ഷേ, വില കൂടിയ മദ്യവും പായ്ക്കറ്റ് കണക്കിന് സിഗരറ്റും ഒക്കെ മലയാളി ഉപയോഗിക്കുന്നത് ലഹരി വേണ്ടാഞ്ഞിട്ടല്ലല്ലോ? അപ്പോള്‍ കുറഞ്ഞ പൈസക്ക് ലഭിക്കുന്ന ലഹരി എന്നതു മാത്രമേ അവര്‍ക്ക് താങ്ങാന്‍ പറ്റൂ എന്നു വരും. ലഹരി ലഭ്യതയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നും താമസിക്കുന്നതടക്കമുള്ള ചുറ്റുപാടുകള്‍ മെച്ചപ്പെടുത്തിക്കൊടുത്തുമൊക്കെയാണ് അവരെ അപ്പോള്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത്.
 
കാലക്രമേണെ അവരുടെ സാഹചര്യങ്ങളും മാറും. കാരണം, രണ്ടു വ്യത്യസ്ത ലെവലുകളില്‍ നില്‍ക്കുന്ന ആളുകള്‍ എപ്പോഴും ഭൂരിപക്ഷത്തിന്‍റെ സംസ്കാരമാണ് കാലക്രമേണ പൊതു സംസ്കാരമായി സ്വീകരിക്കുക. അങ്ങനെയെങ്കില്‍ നാളെ ഭൂരിപക്ഷം വരുന്ന, തദ്ദേശീയരായ മലയാളികളുടെ സംസ്കാരമായിരിക്കും ഇവിടെ കുടിയേറിയ, മുഖ്യമന്ത്രിയുടെ കണക്കനുസരിച്ച് ഇരുപത്തഞ്ചു ലക്ഷം വരുന്ന കുടിയേറ്റക്കാര്‍ അഡാപ്റ്റ് ചെയ്യുന്നത്. അപ്പോള്‍, നമ്മുടെ സാംസ്കാരിക നിലവാരത്തിനു നേരെ പിടിച്ച കണ്ണാടിയായിത്തീര്‍ന്നിരിക്കും അപ്പോഴേക്കും അവരുടെ ജീവിതം. ഇവിടുത്തെ ചളിക്കുഴികളുടെയും പൂന്തോട്ടങ്ങളുടെയുമെല്ലാം നേര്‍പ്പാതിയായിരിക്കും അവരുടെ ലോകത്തും നമുക്ക് കാണാന്‍ പറ്റുക. അപ്പോള്‍ കുറ്റം പറയുന്നത് നമുക്ക് നേരെ തന്നെയായിരിക്കും തിരിഞ്ഞു വരിക.
 

 
ചില ആളുകള്‍ക്ക് എല്ലാത്തിനും ഒരു ചട്ടക്കൂട് വേണം. ക്രിയേറ്റിവിറ്റിക്കായാലും അതേ, ജീവിതത്തിനായാലും അതേ. സാര്‍വലൌകികമായ സ്നേഹത്തെക്കുറിച്ചും കനിവിനെ കുറിച്ചും കരുണയെ കുറിച്ചും ഒക്കെയാണ് സംസാരം. മരത്തോടും പ്രകൃതിയോടുമൊഴിച്ച് മനുഷ്യരോട് വേര്‍തിരിവുകളില്‍ തന്നെ വേണം പെരുമാറാന്‍. ഇത്രയും കാലം ദേശീയതയുടെ പൊട്ടക്കിണറ്റില്‍ വീണു കിടക്കുകയായിരുന്നു ഇവര്‍ പ്രതിനിധാനം ചെയ്യുന്ന വിഭാഗത്തിന്‍റെ സാംസ്കാരികത. എന്നാല്‍ ഇപ്പോള്‍ ആകാശമാണെന്ന് കരുതി പൊട്ടക്കിണറ്റിനുള്ളിലെ ഏതോ പൊത്തിലാണ് പോയിരിക്കുന്നതെന്ന് തോന്നിപ്പോകുന്നു. അതിരുകള്‍ രാജ്യാതിര്‍ത്തികളില്‍ നിന്നും ചുരുങ്ങി സംസ്ഥാനങ്ങളുടെ വേലിക്കകം വരെ എത്തി.
 
സമഭാവന, സ്വാതന്ത്ര്യസമര പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും വന്ന കവിക്ക് ജന്മസിദ്ധമാണെന്നാണല്ലോ. പക്ഷികളോടും മൃഗങ്ങളോടും മരങ്ങളോടും കടലാസില്‍ തൂവുന്ന ഏതാനും കണ്ണീര്‍ത്തുള്ളികളില്‍ മാത്രം ഒതുങ്ങിപ്പോവുന്ന കാഴ്ച സങ്കടകരമാണ്. ശബരിമല വിഷയത്തില്‍ അശോകനിത്തിരി ക്ഷീണം ഒക്കെ ആവാം. വിശ്വാസം ജീവിതത്തിന്‍റെ പ്രൈമറി ആവശ്യങ്ങളില്‍ പെടാത്തതു കൊണ്ടും സമൂഹത്തിന്‍റെ പൊതുവായ നിലനില്‍പ്പിന് വേണ്ടിയുള്ള ജീവന്മരണ പോരാട്ടമൊന്നും അല്ലാത്തതു കൊണ്ടും വലിയ പ്രാധാന്യമൊന്നും അതിനു കല്‍പ്പിക്കേണ്ട ബാധ്യത നമുക്കില്ല. എന്നാല്‍ അതുപോലെയല്ല താരതമ്യേന കുറഞ്ഞ ജീവിത സാഹചര്യങ്ങളില്‍ നിന്നും വരുന്നവരുടെ ഭക്ഷണത്തിനും പാര്‍പ്പിടത്തിനും വേണ്ടിയുള്ള കുടിയേറ്റം. സേയ്ഫ് ആയ ഇടങ്ങളില്‍ നിന്നുകൊണ്ട് മാറി നിന്ന് അഭിപ്രായം പറയാന്‍ എളുപ്പമാണ്. എന്നാല്‍ ഏതുതരം സാഹചര്യമാണ് കുടുംബവും നാടും വീടും വിട്ട് സുരക്ഷിതത്വം പോലുമില്ലാത്ത ജോലി തേടി അലയാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നത് എന്ന് ചിന്തിക്കുന്നത് നല്ലതാണ്.
 
സഹാനുഭൂതി കൊണ്ട് അവര്‍ പടുത്തുയര്‍ത്തിയ അഭയ ഷെല്‍ട്ടര്‍ ഹോമിനു പോലും സംശയങ്ങളുടെ നിഴലില്‍ നിന്നും മോചനം നേടാനായിട്ടില്ല. നല്ല കാര്യങ്ങള്‍ ചെയ്യാനൊരുങ്ങുമ്പോള്‍ നാലുപാടും നിന്ന് ആരോപണങ്ങള്‍ വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ നിരന്തരമുള്ള ആരോപണങ്ങളില്‍ കഴമ്പുണ്ടോ എന്ന കാര്യം കൂടി കേരളത്തിലെ മാധ്യമങ്ങള്‍ വിശദമായി പരിശോധിക്കണം. പൊതു ഇടങ്ങളില്‍ സ്നേഹം വാഴ്ത്തിപ്പാടുന്നവരില്‍ പലരും തൊട്ടടുത്ത് നില്‍ക്കുന്നവരോട് ഇടപെടുന്ന രീതി വ്യത്യസ്തമായിരിക്കും. 
 
എന്നാല്‍ അമ്പതുലക്ഷം തൊഴിലാളികളെ താങ്ങുന്നതിനുള്ള വാഹകശേഷിയില്ലാത്ത നാടായതു കൊണ്ടാണ് അവരുടെ വരവ് അപകടകരം ആണെന്ന് പറഞ്ഞത് എന്നാണു കവി നല്‍കുന്ന വിശദീകരണം. 
 
“നിർമാണമേഖലയല്ലാതെ പിന്നെ എന്തുതൊഴിലാണ്‌ പ്രധാനമായും ഇവർക്ക്‌. ഇപ്പോൾത്തന്നെ 15 ലക്ഷത്തിലധികം വസതികൾ പൂട്ടിക്കിടക്കുന്നു. ഈ നാട്ടിൽ ഇനിയുമിങ്ങനെ കെട്ടിടസമുച്ചയങ്ങളും ഷോപ്പിങ്‌ മാളുകളും അനന്തമായി ഉയരേണ്ടതുണ്ടോ? ഇതിനൊക്കെവേണ്ട പാറയെവിടെ, കല്ലെവിടെ, മണലെവിടെ, മരമെവിടെ, സർവോപരി മണ്ണെവിടെ?’
 
വീണിടത്ത് കിടന്നുരുളുക എന്നതിന് ഇതിനും നല്ല ഉദാഹരണം വേറെ ഇല്ല. ലഹരിയും കുറ്റകൃത്യങ്ങളും കൂടിയത് ‘അന്യസംസ്ഥാന’ തൊഴിലാളികള്‍ കാരണമാണോ? ഇവിടെയുള്ളവര്‍ ഇതൊന്നും ഉപയോഗിക്കുന്നില്ലേ എന്ന് വീണ്ടും ചോദിച്ചു പോവുകയാണ്?
 
മാതൃഭൂമിയോട് പറഞ്ഞ പ്രതികരണമല്ലാതെ മറ്റൊന്നും പറയാനില്ലെന്നാണ് സുഗതകുമാരിയെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞത്. അതിലാണെങ്കില്‍ ആദ്യഭാഗത്തില്‍ ‘പറഞ്ഞിട്ടില്ല’ എന്ന് പറഞ്ഞുദ്ധരിക്കുന്ന കാര്യങ്ങളാണ് അവസാന ഭാഗത്ത് പറയാതെ പറയുന്നതും. ജന്മഭൂമിയില്‍ വന്ന ഒറിജിനല്‍ അഭിമുഖത്തിലാവട്ടെ ഒക്കെ കൃത്യം.
 
ഇതര സംസ്ഥാന തൊഴിലാളികള്‍ ഭീകര ജീവികളൊന്നുമല്ല. ഇന്ത്യയിലെവിടെയും ജോലിയെടുത്ത് ജീവിക്കാന്‍ അവര്‍ക്കും അവകാശമുണ്ട്. അനാവശ്യമായ ആരോപണങ്ങളില്‍ നിന്നും കുറ്റപ്പെടുത്തലുകളില്‍ നിന്നും സംരക്ഷിക്കപ്പെടാന്‍ അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട തരം പൗരത്വമുറപ്പിക്കലിന്‍റെ ആവശ്യകതയുണ്ട്. കൃത്യമായ രേഖകള്‍ കൈവശം വയ്ക്കുകയും അവരുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും ഭക്ഷണവും താമസസൗകര്യവും ലഭിക്കേണ്ടതുണ്ട്. സാംസ്കാരികമായി ‘ഉയരുക’ എന്നല്ല, മെച്ചപ്പെട്ട സാഹചര്യങ്ങള്‍, വൃത്തിയും വെടിപ്പുമുള്ള ജീവിതം, മികച്ച ആരോഗ്യസംരക്ഷണം എന്നിവയെല്ലാം തങ്ങളെപ്പോലെ ശരീരം കൊണ്ട് അദ്ധ്വാനിച്ചു ജീവിക്കുന്നവരുടെ കൂടി അവകാശമാണെന്ന് അവര്‍ക്കും ബോധ്യം വരേണ്ടതുണ്ട്. മാറ്റി നിര്‍ത്തി വിദ്വേഷത്തിന്‍റെ ഒരു പുകമറയ്ക്കിപ്പുറം നിന്ന് നോക്കുന്നതിനേക്കാള്‍ നല്ലതല്ലേ ചേര്‍ത്ത് നിര്‍ത്തി അവനും ചിന്ത കൊണ്ടും പ്രയോഗം കൊണ്ടും കൂടുതല്‍ മികച്ച ജീവിതത്തിനു വേണ്ടി പുതിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നത്?
 
(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലിഷ)

Avatar

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍