UPDATES

ന്യൂസ് അപ്ഡേറ്റ്സ്

`അപരൻ’ തെറിയാവുന്ന മലയാളി ദേശീയതയുടെ സാംസ്‌കാരിക പരിസരങ്ങൾ

Avatar

സാബ്ലൂ തോമസ്

പാണ്ടി, തമിഴൻ എന്നിവ പണ്ടേ `നമുക്ക്’ തെറിയായിരുന്നു. ഇപ്പോള്‍ ബംഗാളിയും. കാരണം അവൻ നമ്മുടെ വംശശുദ്ധിക്ക് കളങ്കമുണ്ടാക്കുന്ന അപരനായാണ് ‘നമ്മൾ’ കരുതുന്നത്. മറ്റു പലരെയും പോലെ. കാരണം നമ്മുടെ സംസ്കാരത്തിൽ കലർപ്പുണ്ടാക്കുന്ന ആരെയും ‘നമ്മൾ’ അകത്തേക്ക് പ്രവേശിപ്പിക്കില്ല. നമ്മൾ’നാട്ടുകാരും’ അവർ പുറത്തു നിന്നും അകത്തേക്ക് വരുന്ന വൈദേശികരുമായിരുന്നല്ലോ. കലർപ്പില്ലാത്ത ശുദ്ധ മലയാളി സ്വത്വമായി ഇരിക്കാനുള്ള നമ്മുടെ ആകുലതകളിൽ നിന്നാണ് സുഗതകുമാരി പറഞ്ഞതായി മാതൃഭൂമി വാചകമേളയിൽ വന്ന ഉദ്ധരണി ജനിക്കുന്നത്. അവർ ഇവിടെ വീടും വെച്ച് ഇവിടെനിന്നും കല്യാണവും കഴിച്ച് ഇവിടത്തുകാരായി മാറും എന്നത് സുഗതകുമാരിയുടെ  മാത്രം ആശങ്കയല്ല. ശുദ്ധ മലയാളി ദേശീയതയുടെ മൊത്തം ആശങ്കയാണ്. ചില സ്വത്വങ്ങളെ തെറിയായി കണ്ടു മാറ്റി നിർത്തേണ്ട ‘നമ്മുടെ’ മലയാളി ദേശീയബോധത്തെക്കുറിച്ചുള്ള ഒരു ആശങ്ക പങ്കുവെക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

ഈ ദേശീയ ബോധത്തിന്റെ സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ പരിസരങ്ങളെ കുറിച്ചുള്ള ആശങ്കകൾ വളരെ മോറലിസ്റ്റിക്കായ ഒരു ആകുലതയല്ല. വാക്കിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചില ആപേക്ഷികമായ (abstract) ആയ ചിന്തകളുടെ പശ്ചാത്തലത്തിലാണ്  അത്തരം ഒരു പൊസിഷനിൽ എത്തുന്നത്. ആദ്യമേ പറയട്ടെ, ഒട്ടും കോൺക്രീറ്റായ ഒരു പൊസിഷൻ ഒന്നുമല്ല അത്. വായനയുടെയും ഇടപെടലുകളുടെയുമൊക്കെ ഫലമായി മാറ്റത്തിന് വിധേയമാവാവുന്ന ഒരു ആപേക്ഷികമായ നിലപാടാണ്. ജ്ഞാനോദയത്തിന്റെ (enlightment) പരിമിതിയെ കുറിച്ചുള്ള ഒരു ആകുലതയിൽ നിന്നാണ് അത് ഉണ്ടാവുന്നത്. ജ്ഞാനോദയം പൂർണമായി തള്ളിക്കളയേണ്ടതാണ് എന്നൊന്നുമല്ല പറഞ്ഞു വരുന്നത്. ശാസ്ത്രബോധം, യുക്തിപരത (scientific temper, rational thinking) എന്നിവയെ അടിസ്ഥാനമാക്കിയ അതിന്റെ ലോജിക്  ജ്ഞാനോത്പാദനത്തിന് അനുഗുണമായ ഒരു പരിസരം സൃഷ്‌ടിച്ചുവെന്നത് അംഗീകരിക്കുന്നു. എന്നാൽ അതിന്റെ ഉല്പന്നമായ ‘സർവ്വജനീനത’യും അത് സൃഷ്ടിച്ച ബൈനറികളും എങ്ങനെ സാമൂഹ്യ ന്യൂനപക്ഷങ്ങളെ പാർശ്വവല്കരിച്ചുവെന്നും ഓർക്കേണ്ടതുണ്ട്. ‘സർവ്വജനീനത’ (Universal), വിഭജനമില്ലാത്ത സ്വത്വങ്ങളെ മാത്രമേ അംഗികരിക്കുന്നുള്ളൂ. വിഭജിത സ്വത്വങ്ങളെ (particular identities) അത് അപരമായി എണ്ണി. ജ്ഞാനോദയ ലോജിക്കിന്റെ എക്സ്റ്റൻഷനാണ് അപരിഷ്കൃതരായ ‘അവരെ’ സംസ്കാരം പഠിപ്പിക്കാൻ ഇറങ്ങി പുറപ്പെട്ട അധിനിവേശ ശക്തികളുടെ ഊർജം. ജ്ഞാനോദയം ഹെട്രോസെക്ഷ്വലായ വെളുത്ത പുരുഷനെ (White hetrosexual European male)നെ എല്ലാ കാലത്തെയും മനുഷ്യമാതൃകയാക്കി, പടിഞ്ഞാറൻ മുതലാളിത്ത നാഗരികതയെ മാനുഷികതയുടെ ശരി രൂപമായി ഉറപ്പിച്ചു.

ആധുനികതയുടെ പേരിൽ ഇന്ത്യയിൽ ‘സർവ്വജനീനത’യുടെ ഇത്തരം മൂല്യങ്ങൾ പുനരുല്പാദിപ്പിക്കപ്പെടുകയായിരുന്നു. അതിന് ഇവിടെ സ്വീകാര്യത ലഭിക്കാൻ കാരണം ഇവിടെ നിലനിന്ന ബ്രാഹ്മണിക്  മൂല്യബോധവുമായി അത് ചേർന്നു നിന്നതുകൊണ്ടാണ്. അതുകൊണ്ടാണ് ദളിത്‌, ആദിവാസി, മുസ്ലിം, ഇതര സംസ്ഥാന തൊഴിലാളി തുടങ്ങിയ സാമൂഹ്യ ന്യൂനപക്ഷ സ്വത്വങ്ങളെ ഒന്നും അതിനു ഉൾകൊള്ളാൻ കഴിയാത്തത്. പറഞ്ഞു വന്നതിന്റെ അർത്ഥം ആധുനികതയോ ജ്ഞാനോദയമോ തള്ളപ്പെടേണ്ട ഒന്നാണ് എന്നല്ല. അത് ഇന്ത്യയിൽ പൂർത്തീകരിക്കപ്പെടാത്ത പ്രോജക്ട് ആണ് എന്നും എല്ലാ സമുദായങ്ങളെയും അത് ഒരു പോലെ ഉൾക്കൊണ്ടില്ല എന്നുമാണ്. അവ ചില സ്വത്വങ്ങൾക്ക് മാത്രം സാധുത (legitimacy) നൽകുന്ന ഒരു വ്യവഹാരമായി മാറി. അതുകൊണ്ടാണ് അത്തരം വ്യവഹാരങ്ങൾ മുസ്ലിങ്ങളെ, ദളിതരെ, സ്ത്രീകളെ, ലൈംഗിക ന്യൂനപക്ഷങ്ങളെ, മൂന്നാംലിംഗ വിഭാഗത്തെ, ആദിവാസികളെ, ഭാഷാന്യൂനപക്ഷങ്ങളെ, വിഭിന്ന ശേഷിയുള്ളവരെയെല്ലാം അപരരായി കരുതുന്ന ഒരു അസ്പർശ്യതയുടെ പരിസരം സൃഷ്‌ടിക്കുന്നത്‌. ആ പരിസരത്തിലല്ലേ ഭാഷയും പ്രവർത്തിക്കുന്നത്? അതുകൊണ്ടല്ലേ വിഭജിതസ്വത്വങ്ങളെ കുറിക്കുന്ന വാക്കുകൾ ആ വ്യവഹാരങ്ങളിൽതെറിയായി തീരുന്നത്? ആ തെറിക്ക് സ്വീകാര്യത നൽകുന്നത് വഴി നമ്മൾ സാധുത നൽകുന്നത് സാർവ്വജനനീയ സ്വത്വങ്ങളുടെ സാധുത മാത്രം അംഗീകരിക്കുന്ന ഒരു സാമൂഹിക ബോധത്തെ അല്ലേ? എന്നിവയാണ് ഞാൻ ഉന്നയിക്കാൻ ശ്രമിച്ച ആശങ്കകകൾ.

പറഞ്ഞു വന്നത് ഇതാണ്. വാക്ക് പ്രത്യയശാസ്ത്ര നിരപേക്ഷമാണ് (ideologically neutral) എന്ന് കരുതുന്നില്ല. സാന്ദർഭികമായല്ല (contextual), സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമൊക്കെയായാണ് അതിന്റെ അർത്ഥം രൂപപ്പെടുന്നത്. ഞാൻ കൂടി ഉൾപ്പെടുത്തി ‘നമ്മൾ’ എന്ന മലയാളി സ്വത്വം മൊത്തമാണ് പൂർണമായി ജനാധിപത്യവത്കരിക്കപ്പെടുകയും ആധുനികമാക്കപ്പെടുകയും ചെയ്യേണ്ടത്. അതായത് ആധുനികവത്കരണത്തിന്റെയും ജ്ഞാനോദയത്തിന്റെയും പ്രോജക്ട് നമ്മുടെ സാംസ്‌കാരിക പരിസരത്തിൽ ഇനിയും പൂർത്തീകരിക്കപ്പെടേണ്ടതുണ്ട്. അല്ലെങ്കിൽ നമ്മൾ ഇങ്ങനെ ‘അപരരെ’ ഉത്പാദിപ്പിച്ചു കൊണ്ടിരിക്കും. അവരെ തെറിയായി അടയാളപ്പെടുത്തി കൊണ്ടിരിക്കും.

(മാധ്യമ പ്രവര്‍ത്തകനാണ് സാബ്ലൂ തോമസ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍