UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ സാംസ്കാരിക പൊങ്ങച്ചം വംശീയതയല്ലാതെ മറ്റെന്താണ്?

Avatar

പ്രമീള ഗോവിന്ദ് എസ്.

കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം ‘അന്യസംസ്ഥാന തൊഴിലാളി’കളുടെ കുടിയേറ്റമാണ് എന്ന സുഗതകുമാരി ടിച്ചറുടെ പ്രസ്താവന മലയാളിയുടെ പൊതുബോധത്തിനോട് സമസരപ്പെടുന്ന ക്ഷീണിത വാര്‍ദ്ധ്യകത്തിന്റെ ബാക്കിപത്രമായി മാത്രം വായിച്ചാല്‍ പോര. സാംസ്കാരിക കേരളത്തിന്റെ കപട പുരോഗമനവാദത്തിന്റെ പൊള്ളത്തരം കൂടിയാണത്. കശ്മീരിന്‍റെ പേരില്‍ ദേശസ്‌നേഹം ആഘോഷിക്കപ്പെടുമ്പോള്‍ പെല്ലറ്റ് ഗണ്ണുകളാല്‍ അന്ധരാക്കപ്പെടുന്ന, കാണാതാവുന്ന കശ്മീരികളുടെ കണക്കുകള്‍ സാംസ്‌കാരിക കേരളത്തില്‍ ഒരു ചലനവും സൃഷ്ടിക്കാത്തതും ഈ കപടബോധത്തിന്റെ നേര്‍ചിത്രമാണ്.

ഇതര സംസ്ഥാന തൊഴിലാളികള്‍ നമുക്ക് അന്യസംസ്ഥാന തൊഴിലാളികളാണ്. നമ്മുടേതല്ലാത്തവര്‍ നമുക്കൊപ്പം ചേര്‍ത്ത് നിര്‍ത്താനാകാത്തവര്‍ നമുക്ക് അന്യരാണ്. അയല്‍ സംസ്ഥാന തൊഴിലാളികള്‍ എന്ന് പോലും പറയാന്‍ നാം മടിക്കുന്നു. ഇവിടെ നിന്നാണ് പ്രശ്‌നങ്ങളുടെ തുടക്കവും. ഏകദേശം 25 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ തൊഴില്‍ തേടിയെത്തിയിട്ടുണ്ടെന്നാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2014ല്‍ സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് സ്റ്റഡീസിലെ ഗവേഷകര്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം 24 ലക്ഷം മലയാളികള്‍ കുറഞ്ഞത് ഗള്‍ഫ് മേഖലയില്‍ കുടിയേറ്റക്കാരായി ഉണ്ട് എന്നത് കൂടി ഇതിനോട് ചേര്‍ത്ത് വായിക്കണം.

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളില്‍ ഏറിയ കൂറും ആസമില്‍ നിന്നും ബംഗാളില്‍ നിന്നും ഒഡിഷയില്‍ നിന്നും ഉത്തര്‍ പ്രദേശില്‍ നിന്നും ഉള്ളവരാണ്. കടുത്ത ദാരിദ്ര്യം നിമിത്തമാണ് ഇവരില്‍ പലരും കേരളത്തിലേക്കുന്നത്. വെറ്റിലകൃഷി ചെയ്ത് കടക്കെണിയിലായവരോ കൃഷിക്കെടുത്ത ബാങ്ക്‌ ലോണ്‍ തിരികെ അടക്കാന്‍ വയ്യാത്ത സാഹചര്യത്തിലുള്ളവരോ ജീവിക്കാന്‍ മറ്റ് മാര്‍ഗ്ഗമോ ഇല്ലാതായപ്പോള്‍ വൈറ്റ് കോളര്‍ മലയാളി ചെയ്യാന്‍ മടിക്കുന്ന ജോലികള്‍ ഇവരേറ്റെടുക്കുന്നു. മാന്യമായി അദ്ധ്വാനിച്ച് ജീവിക്കുന്നു എന്ന് സാരം.

ഏതൊരു സമൂഹത്തിലും ഉള്ളതുപോലെ തന്നെയാണ് ഇവര്‍ക്കിടയിലും പ്രശ്‌നക്കാര്‍ ഉള്ളത്. എന്നാല്‍ സമൂഹത്തില്‍ എല്ലാ തരത്തിലുമുള്ള തൊഴിലവകാശങ്ങളും മനുഷ്യവകാശങ്ങളും നിഷേധിക്കപ്പെട്ട് ജീവിക്കുന്ന ഒരു സമൂഹമാണ് കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ എന്നതാണ് ഈ പ്രശ്‌നത്തിന്റെ മറ്റൊരു വശം. ഇതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് തന്നെയാണ്. ഏറ്റവും ദരിദ്രരായ വിഭാഗക്കാര്‍ കുറ്റവാളികളായി ചിത്രീകരിക്കപ്പെടുന്ന സാഹചര്യം ചരിത്രത്തില്‍ എന്നുമുണ്ടായിട്ടുമുണ്ട്. ദളിത്, മുസ്ലിം, ആദിവാസി വിഭാഗക്കാരാണ് കേരളത്തിലെത്തുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തെ ക്രിമിനലുകളാക്കി മുദ്രകുത്തുന്ന പ്രവണത മലയാളി സമൂഹത്തിലും ശക്തമായി തന്നെയുണ്ട്. അതിന്റൈ ഭാഗമായി തന്നെ വേണം ഇവരുടെ ഷെല്‍ട്ടറുകളില്‍ നീരിക്ഷണക്യാമറ സ്ഥാപിക്കുന്ന പോലുള്ള നടപടികള്‍ കാണേണ്ടത്. എന്തുകൊണ്ട് മാധ്യമപ്രവര്‍ത്തകരുടെയോ, ഐ റ്റി മേഖലയില്‍ നിന്നുളളവര്‍ക്കോ , സമൂഹത്തിലെ ഉയര്‍ന്ന ശ്രേണിയിലുള്ളവര്‍ക്കോ ഇതൊന്നും നേരിടേണ്ടി വരുന്നില്ല. ജിഷ വധക്കേസുമായി ബന്ധപ്പെട്ട് ഓപ്പറേഷന്‍ ഭായ് എന്ന പേരില്‍ തൊഴിലാളികളുടെ ഷെല്‍ട്ടറുകളിലും മറ്റും പോലീസ് അന്വേഷണത്തിന് കടന്ന് ചെന്ന് ഭീതി പരത്തുകയുണ്ടായി. മലയാളികളുടെ വംശീയബോധവുമായി ഇതിന് ബന്ധമുണ്ട് എന്ന് മനുഷ്യവകാശ പ്രവര്‍ത്തകനായ ജോര്‍ജ്ജ് ബ്രൂണോ ചുണ്ടിക്കാട്ടുന്നു. അഞ്ച് സെന്റും മൂന്ന് സെന്റും കോളനികളില്‍ താമസിക്കുന്നവരെല്ലാം കുറ്റവാളികളും ക്രിമിനിലുകളും ആണ് എന്ന പൊതുബോധം നേരത്തെ പ്രചരിക്കപ്പെട്ടിരുന്നു എന്നും ജോര്‍ജ്ജ് ഓര്‍മ്മപ്പെടുത്തുന്നു.

ഇതരസംസ്ഥാന തൊഴിലാളികളെ സുഗതകുമാരി അധിക്ഷേപിച്ചത് നേര്; ജന്മഭൂമി അഭിമുഖത്തിലാണ് പരാമര്‍ശങ്ങള്‍

ഗ്ലോബലൈസേഷന്റെ ഭാഗമായി ഗ്രാമങ്ങളില്‍ നിന്ന് പ്രാദേശിക സമ്പദ് വ്യവസ്ഥകള്‍ തകരുകയും ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് തൊഴില്‍ തേടി വലിയ തോതില്‍ ജനങ്ങളുടെ പലായനം തുടങ്ങുകയും ചെയ്തു. ഇങ്ങനെ വന്നെത്തുന്നവര്‍ പലതരത്തിലുമുള്ള താങ്ങാനാകാത്ത സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ട് സ്വാഭാവികമായും മയക്കുമരുന്നും മദ്യവും ഉള്‍പ്പടെയുള്ള ലഹരിപദാര്‍ത്ഥങ്ങളുടെ ഉപേയാഗത്തിലേക്ക് ചെന്നെത്തിയിട്ടുണ്ട്. അതിനുള്ള ഭൗതിക സാഹചര്യം നിലനില്‍ക്കുന്നു എന്നുള്ളിടത്താണ് പ്രശ്‌നം. ഈ സാഹചര്യമാണ് പരിഹരിക്കപ്പെടേണ്ടത് എന്നാണ് ജോര്‍ജ്ജ് ബ്രുണോയുടെ അഭിപ്രായം. പത്തും പതിനാറും മണിക്കൂര്‍ പണിയെടുക്കുന്നവര്‍ കാറ്റും വെളിച്ചവും കയറാത്ത ടിന്‍ ഷീറ്റിട്ട മുറികളില്‍ പത്തും പതിനഞ്ചും പേര്‍ ഒന്നിച്ച് ജിവിക്കേണ്ടി വരുന്നു എന്നത് ചിന്തിക്കുമ്പോഴാണ് അതിന്റെ ഗൗരവം മനസ്സിലാവുക. ഡി ജെയുമായി ബന്ധപ്പെട്ടും അപ്പര്‍ ക്ലാസുമായും ബന്ധപ്പെട്ടുമൊക്കെ നമ്മളീ മയക്കുമന്ന് കഥകള്‍ കേള്‍ക്കാറില്ലേ? ഇതിന്റെ വേരുകള്‍ അന്വേഷിച്ച് ചെന്നാല്‍ സംരക്ഷിതകവചമായി നില്‍ക്കുന്ന അധികാരകേന്ദ്രങ്ങളിലേക്ക് തന്നെയാവും നമ്മളെത്തുക. തൊഴിലാളികള്‍ മദ്യമോ മയക്കുമരുന്നോ ഒക്കെ ഉപയോഗിക്കുന്നവരായി തുടരേണ്ടത് ഇവിടുത്തെ സ്റ്റേറ്റിന്‍റെയും ബില്‍ഡേഴ്‌സിന്റെയും ഒക്കെ ആവശ്യമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാമാന്യബോധമുള്ള തൊഴിലാളി അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും സംഘടിതമാവുകയും ചെയ്യും . അവന്റെ സംഘടിത ശേഷിയെയും ബോധത്തെത്തയുമൊക്കെ ഇല്ലാതാക്കുന്നതിന് മദ്യവും മയക്കുമരുന്നും പാന്‍പരാഗുമൊക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്. അപ്പോള്‍ ആ സാഹചര്യമാണ് മാറേണ്ടത്.

ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികളാണ് കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിന്റെ പ്രധാന കാരണക്കാര്‍ എന്ന ആരോപണമുന്നയിക്കുന്നത് എന്നാണ് ഇനി അറിയേണ്ടത്. മറ്റൊന്ന് ജിഷ വധക്കേസ് ഉള്‍പ്പടെയുള്ള കേസുകളില്‍ കുറ്റവാളി അമീറുള്‍ തന്നെയാണോ എന്ന സംശയവും നിലനില്‍ക്കുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്ത ഇതര സംസ്ഥാനക്കാരെ കുറ്റവാളികള്‍ ആക്കുന്നതാണല്ലോ എളുപ്പം എന്നാണ് ജോര്‍ജ്ജ് ബ്രുണോ ചോദിക്കുന്നത്.

കേരളത്തില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ 90 ശതമാനവും ഇതര സംസ്ഥാന തൊഴിലാളികള്‍ ആണ് എന്നിരിക്കെ അവരുടെ ക്ഷേമത്തിന് വേണ്ടി സര്‍ക്കാരോ തൊഴിലാളിസംഘടനകളോ ഒന്നുതന്നെ ചെയ്യുന്നില്ല എന്നതാണ് വാസ്തവം. ഇതിനേക്കാള്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളോ ജീവിത സാഹചര്യങ്ങളോ സൃഷ്ടിച്ച് നമ്മള്‍ മാതൃകയാകേണ്ടതായിരുന്നു. പക്ഷെ അത്തരത്തില്‍ ഒന്നും സംഭവിച്ചില്ല എന്ന് മാത്രമല്ല പോലീസും സര്‍ക്കാര്‍ സംവിധാനങ്ങളും ഇവരെല്ലാം കള്ളന്മാരും കൊള്ളക്കാരും വൃത്തികെട്ടവന്‍മാരും ആണ് എന്ന തരത്തിലാണ് നോക്കിക്കാണുന്നതും. മനുഷ്യരായി ഇവരെ പരിഗണിക്കാന്‍ നമ്മുടെ സര്‍ക്കാരിനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കോ കഴിയുന്നില്ല. പൊതുബോധമുള്ള മലയാളി ഇവര്‍ക്കെതിരേ ഈ നാട്ടില്‍ നടക്കുന്ന അതിക്രമങ്ങളോട് പ്രതികരിക്കുവാന്‍ തയ്യാറാകുന്നില്ല.

തൊഴിലാളികളെ സംബന്ധിച്ച് ഉന്നതമൂല്യം പുലര്‍ത്തുന്ന സമുഹമാണ് മലയാളിയുടേത് എന്ന ധാരണ വെറും പൊങ്ങച്ചമാണ് എന്ന് കൂടിയാണ് കഴിഞ്ഞ 10 വര്‍ഷമായി ഇതര സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. സര്‍വ്വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന് പറഞ്ഞ വിപ്ലവപാര്‍ട്ടികളുടെ നിലപാടും ഇതില്‍ വ്യത്യസ്ഥമല്ല.

കേരളത്തിലെ സംഘടിത തൊഴിലാളികളുടെ പ്രസ്ഥാനങ്ങള്‍ എന്നവകാശപ്പെടുന്ന ട്രേഡ് യൂണിയനുകള്‍ അടക്കം ഇന്ന് ഇതരസംസ്ഥാന തൊഴിലാളികളെ ചൂഷണം ചെയ്യുന്നതില്‍ മുന്നിലാണ്. സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുമ്പോള്‍, മുതലാളിമാര്‍ക്ക് ഇവരെ ചൂഷണം ചെയ്യുന്നതിന് ഒത്താശ ചെയ്തുകൊടുക്കുന്നത് ട്രേഡ് യൂണിയനുകളാണ്. കേരളത്തിലെ പ്രധാനപ്പെട്ട തൊഴിലിടങ്ങളില്‍ എല്ലാം സാധാരണ മലയാളിക്ക് ലഭിക്കുന്നതിന്റെ പകുതി കൂലിയാണ് ഇതര സംസ്ഥാന തൊഴിലാളിക്ക് ലഭിക്കുന്നത്. കൊച്ചി മെട്രോ പോലുള്ള തൊഴിലിടങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഞങ്ങള്‍ ഇടപെടില്ല എന്ന് മുതലാളിമാര്‍ക്ക് ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഒപ്പിട്ട് കൊടുത്തിട്ടുണ്ട്. മുതലാളിമാര്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്ന് ട്രേഡ് യുണിയനുകള്‍ ഉള്ള നാട്ടില്‍ തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നത് സ്വാഭാവികമാണ് എന്നാണ് സ്വതന്ത്ര തൊഴിലാളി സംഘടന നേതാവായ ബോബി തോമസ് പറയുന്നത്.

കേരളത്തില്‍ നടന്ന ചില കുറ്റകൃത്യങ്ങളില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പക്ഷെ കേരളത്തിലെ മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്ന് മാത്രം വരുന്ന ഇവര്‍ മൊത്തം കുറ്റകൃത്യങ്ങളുടെ ഒരു ശതമാനത്തില്‍ പോലും ഉള്‍പ്പെട്ടിട്ടില്ല എന്നതാണ് സര്‍ക്കാര്‍ പുറത്ത് വിട്ട് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം, ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെ മലയാളികള്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ കണക്കുകളും പുറത്ത് വരേണ്ടതായിട്ടുണ്ട്. ആ വാര്‍ത്തകളൊന്നും പലപ്പോഴും മാധ്യമങ്ങളില്‍ ഇടം നേടുന്നു പോലുമില്ല. ജിഷ വധം നടന്ന ദിവസമാണ് അസം സ്വദേശിയായ കൈലാഷ് ബോറയെ മലയാളികള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊന്നത്. അതില്‍ കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ പോലും സാധിക്കുന്നില്ല. ലഹരിവസ്തുക്കളുടെ കാരിയര്‍മാരായി ഇവര്‍ ഉപേയാഗിക്കപ്പെടുന്നുണ്ട് എന്നതും യാഥാര്‍ത്ഥ്യമാണ്. ഈ കാരിയര്‍മാര്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ പിടിക്കപ്പെടുന്നില്ല.വലിയ മുതലാളിമാര്‍ തന്നെയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കാരിയര്‍മാരെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് അപ്പുറത്തേക്ക് നടപടികള്‍ പോകുന്നില്ല. അങ്ങനെ പോകാത്തിടത്തോളം കുറ്റകൃത്യങ്ങള്‍ കുറയുകയും ഇല്ല. പക്ഷെ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അത്തരം നടപടികളിലേക്ക് പോകാന്‍ ഒരിക്കലും താത്പര്യപ്പെടുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ കാരണമാണ് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്ന പൊതുബോധം സൃഷ്ടിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കും, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ഭരണകൂടത്തിനും വലിയ പങ്കുണ്ട് എന്ന് ബോബി തോമസും തീര്‍ത്ത് പറയുന്നു.

കേരളീയസാഹചര്യങ്ങളില്‍ വംശീയത (സീനോഫോബിയ) യുടെ വേരുകള്‍ പടര്‍ന്ന് പിടിക്കുന്നതിന്റെ ലക്ഷണങ്ങളാണ് ഇതര സംസ്ഥാന തൊഴിലാളികളോടുള്ള നമ്മുടെ നിലപാടുകള്‍ നിന്നു വ്യക്തമാക്കുന്നത് എന്നാണ് സി ഡിഎസിലെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകയായ മൈത്രി പ്രസാദ് പറയുന്നത്. ഗള്‍ഫ് ഉള്‍പ്പടെ മലയാളികള്‍ വലിയതോതില്‍ കൂടിയേറിയിട്ടുള്ള സ്ഥലങ്ങളില്‍ മലയാളികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മലയാളികളെല്ലാവരും കുറ്റവാളികളാണ് എന്ന് ഒരിക്കലും മുദ്രകുത്തപ്പെടാറില്ല. പക്ഷെ കേരളത്തില്‍ കഥ തിരിച്ചാണ്. ബംഗാളില്‍ നിന്നും നോര്‍ത്ത് ഈസ്റ്റില്‍ നിന്നും വരുന്ന തൊഴിലാളികളെല്ലാം വെറുക്കപ്പെടേണ്ടവരാണ് എന്ന തരത്തില്‍ പൊതുസമൂഹത്തില്‍ വംശീയ വെറുപ്പുണ്ടാക്കിയെടുക്കുന്നതില്‍ സ്റ്റേറ്റിനും വലിയ പങ്കുണ്ട് എന്നതിലാണ് അപകടം. ജിഷ വധക്കേസിനും മുമ്പ് 2009 മുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കെതിരെ മലയാളികള്‍ അക്രമങ്ങള്‍ നടത്തിയതിന് തെളിവുകളുണ്ട് എന്നും മൈത്രി പറയുന്നു.

ചുരുക്കത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നേരെയുള്ള മലയാളിയുടെ വംശീയവെറിക്ക് കൃത്യമായ ചരിത്രമുണ്ട്.  തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നു എന്ന് സുഗതകുമാരി ടീച്ചര്‍ തിരുത്തുമ്പോള്‍ ഇങ്ങനെ കുറച്ച് കൂടി തുറന്ന് പറയും എന്നാണ് സാംസ്‌കാരിക കേരളം പ്രതീക്ഷിക്കുന്നത്.

(പ്രമുഖ പ്രവാസി മാധ്യമപ്രവര്‍ത്തകയും നിലവില്‍ ദുബായ് വോയ്‌സ് ഓഫ് കേരള റേഡിയോയിലെ വാര്‍ത്താധിഷ്ഠത പരിപാടികളുടെ അവതാരകയുമാണ് ലേഖിക. ഏഷ്യാനെറ്റ് ഗള്‍ഫ് റേഡിയോ, തിരുവനന്തപുരം ഏഷ്യാനെറ്റ്, വിവിധ അച്ചടി പ്രസീദ്ധികരണങ്ങളിലും, വിഷ്വല്‍ മിഡീയ, ഓണ്‍ലൈന്‍ മേഖലയിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.) 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍