UPDATES

വിദേശം

അമേരിക്കയിലെത്തുന്ന കുട്ടി കുടിയേറ്റക്കാര്‍ക്ക് സംഭവിക്കുന്നത്

Avatar

ആബെ വാന്‍സിക്കിള്‍
(വാഷിങ്ടണ്‍ പോസ്റ്റ്)

ഫോണില്‍ സംസാരിക്കുമ്പോള്‍ കുട്ടി പരിഭ്രാന്തനായിരുന്നു. ഗ്വാട്ടിമാലയിലെ ഒരു ഗ്രാമത്തില്‍നിന്ന് നൂറുകണക്കിന് മൈല്‍ താണ്ടി യുഎസ് അതിര്‍ത്തി കടന്ന് അവന്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള സര്‍ക്കാരിന്റെ അഭയകേന്ദ്രത്തിലെത്തിയതാണ്.

അതിനുശേഷം കാര്യങ്ങള്‍ കൈവിട്ടുപോയി.

ഫ്‌ളോറിഡയില്‍ ജോലിചെയ്യുന്ന അമ്മാവന്‍ കാര്‍ലോസ് എന്റിക് പാസ്‌കുവേലിനടുത്തേക്ക് അയയ്ക്കുന്നതിനു പകരം കുട്ടിയെ മനുഷ്യക്കടത്തുകാര്‍ക്കു കൈമാറുകയാണ് അധികൃതര്‍ ചെയ്തത്. സെന്‍ട്രല്‍ ഓഹിയോയില്‍ പാറ്റകള്‍ നിറഞ്ഞ ട്രെയിലറില്‍ കുട്ടിയെ ബന്ദിയാക്കിയ അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

‘ദയവായി എന്നെ പുറത്തിറക്കൂ’, ടെലിഫോണില്‍ പാസ്‌കുവേലിനോട് കുട്ടി പറഞ്ഞു. ‘എനിക്കു വിശക്കുന്നു. എനിക്കു പേടിയാകുന്നു.’

പാസ്‌കുവേല്‍ പൊലീസിനെ വിവരമറിയിച്ചു. 2014 ഡിസംബറില്‍ പാസ്‌കുവേലിന്റെ പതിനേഴുകാരനായ അനന്തരവന്‍ ഉള്‍പ്പെടെ എട്ടു കുട്ടികളെ പൊലീസ് മോചിപ്പിച്ചു. നിര്‍ത്തിയിട്ട, വൃത്തിഹീനമായ ട്രെയിലറുകളില്‍ കൊളംബസില്‍നിന്ന് ഒരുമണിക്കൂര്‍ ദൂരെയുള്ള സ്ഥലത്തായിരുന്നു ഇവര്‍.

രാജ്യത്തെ ഏറ്റവും വലിയ മുട്ട ഉത്പാദകരായ ട്രില്ലിയം ഫാംസില്‍ ജോലി ചെയ്യുകയായിരുന്നു ഇവരെന്ന് അധികൃതര്‍ അറിയിച്ചു. ആഴ്ചയില്‍ ആറുദിവസം ദിനംപ്രതി 12 മണിക്കൂറോളമുള്ള ജോലിക്ക് ദിവസം രണ്ടുഡോളറിലും താഴെയായിരുന്നു കൂലി.

കഴിഞ്ഞ നാലുവര്‍ഷമായി ഒറ്റയ്ക്ക് യുഎസ് – മെക്‌സിക്കോ അതിര്‍ത്തി കടക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ട്. 2011 മുതല്‍ മധ്യ അമേരിക്കയില്‍നിന്നുള്ള 125,000ലധികം കുട്ടികളെയാണ് അതിര്‍ത്തിയില്‍ തടഞ്ഞത്. അഭയാര്‍ത്ഥി പുനരധിവാസത്തിനുള്ള ഫെഡറല്‍ ഓഫിസ് നടത്തുന്ന അഭയകേന്ദ്രങ്ങളിലാണ് പലരും.

ഇങ്ങനെ എത്തുന്നവരില്‍ ആയിരക്കണക്കിനു കുട്ടികളെ കൊലപാതകം, ശിശുപീഡനം, മനുഷ്യക്കടത്ത് തുടങ്ങിയ ക്രിമിനല്‍ പശ്ചാത്തലമുള്ള സ്‌പോണ്‍സര്‍മാര്‍ക്കു കൈമാറിയെന്ന  ആരോപണം നിലനില്‍ക്കുന്നു. ഒബാമ ഭരണകൂടം ഇതേപ്പറ്റി പ്രതികരിക്കണമെന്ന് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാന്‍ ചാള്‍സ് ഇ ഗ്രാസ്‌ലി ആവശ്യപ്പെട്ടിരുന്നു. കടം വീട്ടാനും ദൈനംദിന ചെലവുകള്‍ക്കായും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുകയാണ് പല കുട്ടികളുമെന്ന് നിയമോപദേശകര്‍ പറയുന്നു. ചില കുട്ടികള്‍ അപ്രത്യക്ഷരാകുന്നു.


ട്രെയിലര്‍ പാര്‍ക്ക്

‘നല്ലൊരു ശതമാനം കുട്ടികള്‍ അപ്രത്യക്ഷരാകുന്നു. പക്ഷേ അവര്‍ക്ക് എന്തു സംഭവിക്കുന്നുവെന്ന് എനിക്കറിയില്ല,’ കുടിയേറ്റക്കാരായ കുട്ടികളെ നടപടിക്രമങ്ങളില്‍ സഹായിക്കുന്ന നോണ്‍ പ്രോഫിറ്റ് ഗ്രൂപ്പായ അഡ്വക്കേറ്റ്‌സ് ഫോര്‍ ബേസിക് ലീഗല്‍ ഇക്വാളിറ്റിയിലെ അഭിഭാഷക ജെസിക്ക റാമോസ് പറയുന്നു.

കുട്ടികളുടെ കൈമാറ്റം എളുപ്പത്തിലാക്കാന്‍ വേണ്ടി ഇവരെ ഏറ്റെടുക്കാന്‍ തയ്യാറാകുന്നവരുടെ യോഗ്യതകളില്‍ 2014 മേയില്‍ ഇളവുവരുത്തിയിരുന്നതായി ആരോഗ്യ, സേവന വകുപ്പുകളുടെ വക്താവ് ആന്‍ഡ്രിയ ഹെല്ലിങ് അറിയിച്ചു. അഭയാര്‍ത്ഥികളുടെ പുനരധിവാസവും ഈ വകുപ്പിനു കീഴിലാണ്. കുട്ടികള്‍ കുറ്റവാളികളുടെ പക്കല്‍ എത്തിപ്പെട്ടെന്ന ആരോപണങ്ങളെപ്പറ്റി അന്വേഷിച്ചുവരികയാണെന്നും അവര്‍ അറിയിച്ചു.

സംഭവത്തെത്തുടര്‍ന്ന് സുരക്ഷാ സംവിധാനം കൂടുതല്‍ ശക്തമാക്കിയതായും ഹെല്ലിങ് പറഞ്ഞു. കുട്ടികളെ കൊണ്ടുപോകുന്നവരുടെ വിരലടയാളം വാങ്ങല്‍, പീഡനം അറിയിക്കാനുള്ള ഹോട്ട്‌ലൈന്‍, കുട്ടികളെ വിട്ട് 30 ദിവസത്തിനകം അവരെ സന്ദര്‍ശിക്കാനും സ്ഥിതിഗതികള്‍ മനസിലാക്കാനും കേസ് വര്‍ക്കേഴ്‌സിനുള്ള നിര്‍ദേശം എന്നിവ നിലവില്‍ വന്നുകഴിഞ്ഞു.

‘ഒറ്റയ്‌ക്കെത്തുന്ന കുട്ടികളെ യോഗ്യരായ, അവരുടെ താല്‍പര്യങ്ങള്‍ക്കിണങ്ങിയ സ്‌പോണ്‍സര്‍മാരിലെത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണെ’ന്ന് ഏജന്‍സി ഡയറക്ടര്‍ ബോബ് കാരി പറയുന്നു.

2014ല്‍ വിട്ടയച്ചശേഷം 6500 കുട്ടികളെപ്പറ്റി മാത്രമേ ഏജന്‍സി അന്വേഷിച്ചുള്ളൂവെന്ന് ഹെല്ലിങ് ചൂണ്ടിക്കാട്ടുന്നു. സ്‌പോണ്‍സര്‍മാര്‍ക്കൊപ്പം അയച്ചുകഴിഞ്ഞാല്‍ സര്‍ക്കാരും പ്രാദേശിക ശിശുസംരക്ഷണ ഏജന്‍സികളുമാണ് കുട്ടിയുടെ സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടത്.

പാസ്‌കുവേലിന്റെ അനന്തരവന്‍ ഉള്‍പ്പെട്ട സംഭവം പോലെ പ്രത്യേക സംഭവങ്ങളെപ്പറ്റി സംസാരിക്കാന്‍ ഹെല്ലിങ് വിസമ്മതിച്ചു. ആ സംഭവത്തില്‍ കുറ്റം ചുമത്തപ്പെട്ട ആറുപേരില്‍ അഞ്ചുപേരും കുറ്റക്കാരാണെന്നു തെളിഞ്ഞു.

എന്നാല്‍ ട്രില്ലിയം ഫാമിനെതിരെ നടപടിയൊന്നുമുണ്ടായില്ല. തൊഴിലാളികളെ നല്‍കാന്‍ കരാറിലേര്‍പ്പെട്ട സബ് കോണ്‍ട്രാക്ടര്‍ മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ടിരുന്നത് അറിഞ്ഞില്ലെന്നായിരുന്നു ഫാം ജീവനക്കാരുടെ വാദം.

‘ ഞങ്ങളുടെ തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമാണ്. തൊഴിലാളികളെ തിരിച്ചറിയാനുള്ള എല്ലാ ഫെഡറല്‍ പരിപാടികളിലും ഞങ്ങള്‍ പങ്കെടുക്കുന്നു,’ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ ഡൗ മാക്ക് പ്രസ്താവനയില്‍ പറഞ്ഞു. ‘കോണ്‍ട്രാക്ടര്‍മാര്‍ക്കും ഇതേ വ്യവസ്ഥകള്‍ ബാധകമാണെങ്കിലും ഈ സംഭവത്തില്‍ അവര്‍ ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചു.’

സംഭവത്തെത്തുടര്‍ന്ന് ഓഹിയോ സെനറ്റര്‍ റോബ് പോര്‍ട്ട്മാന്‍ ഒറ്റയ്‌ക്കെത്തുന്ന കുട്ടികളുടെ കൈമാറ്റത്തില്‍ സര്‍ക്കാരിന്റെ നടപടിക്രമങ്ങളെപ്പറ്റി അന്വേഷണത്തിനു തുടക്കമിട്ടിരുന്നു.

‘ഇതുവരെയുള്ള അറിവുവച്ച് കുട്ടികളെ കൈമാറുന്ന സംവിധാനത്തിലെ പിഴവുകളാണ് ട്രില്ലിയം ഫാമിലെ സംഭവങ്ങളില്‍ കലാശിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല’, പോര്‍ട്ട്മാന്‍ പറയുന്നു.

ഒക്ടോബര്‍ 2011ല്‍ യുഎസ് – മെക്‌സിക്കോ അതിര്‍ത്തി കടന്ന് ഒറ്റയ്ക്കുവരുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടാകുന്നതായി ഫെഡറല്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചു. കൂടുതല്‍പേരും വന്നത് മൂന്നുരാജ്യങ്ങളില്‍നിന്നാണ്: എല്‍ സാല്‍വദോര്‍, ഗോട്ടിമാല, ഹോണ്ടുറസ്. മയക്കുമരുന്നുകേന്ദ്രങ്ങള്‍, കൂട്ട അക്രമങ്ങള്‍, ഗാര്‍ഹികപീഡനം എന്നിവയില്‍നിന്നു രക്ഷപ്പെട്ടുവരുന്നവരായിരുന്നു മിക്കവരും.

‘ഈ കുട്ടികള്‍ നേരിട്ട അക്രമങ്ങളുടെ ആഴം വര്‍ധിച്ചുവരികയാണ്,’ ലോസ് ഏഞ്ചലസിലെ ഇമിഗ്രന്റ് ഡിഫന്‍ഡേഴ്‌സ് ലോ സെന്റര്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ലിന്‍ഡ്‌സേ ടോക്‌സിലോവ്‌സ്‌കി പറയുന്നു. ‘ മധ്യ അമേരിക്കയിലെ സ്ഥിതി യുദ്ധസമാനമാണ്.’

അമേരിക്കന്‍ അതിര്‍ത്തിയിലെത്തുന്ന കുട്ടികളെ യുഎസ് കസ്റ്റംസും അതിര്‍ത്തിസംരക്ഷണ സേനയും മൂന്നു ദിവസം വരെ കഴിയാവുന്ന ഒരു നിരീക്ഷണകേന്ദ്രത്തിലാക്കുന്നു. ഇവിടെനിന്ന് അഭയാര്‍ത്ഥി പുനരധിവാസ വകുപ്പിന്റെ കസ്റ്റഡിയില്‍ അവരെ വിട്ടുകൊടുക്കുന്നു. തുടര്‍ന്ന് കലിഫോര്‍ണിയ, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ടെക്‌സാസ്, വിര്‍ജീനിയ തുടങ്ങി 12 സംസ്ഥാനങ്ങളിലായുള്ള നൂറിലധികം അഭയകേന്ദ്രങ്ങളിലേക്ക് കുട്ടികളെ മാറ്റുന്നു.


ട്രെയിലര്‍ പാര്‍ക്കിലെ കുട്ടികളെ താമസിപ്പിച്ച സ്ഥലം

സാധാരണനിലയില്‍ ഷെല്‍ട്ടറുകളില്‍ ഒരുമാസത്തോളമാണ് കുട്ടികളുടെ വാസം. ഇവിടെ ഓരോ കുട്ടിയും ഒരു കേസ്‌വര്‍ക്കറുടെ കീഴിലായിരിക്കും. മനുഷ്യക്കടത്തിന്റെ ഇരയാണോ കുട്ടി എന്നു മനസിലാക്കാന്‍ ഇവര്‍ ശ്രമിക്കും. കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറുള്ള സ്‌പോണ്‍സറെ കണ്ടെത്താനും കേസ്‌വര്‍ക്കര്‍ ശ്രമിക്കും. സ്‌പോണ്‍സര്‍ മിക്കവാറും കുട്ടിയുടെ യുഎസിലുള്ള മാതാപിതാക്കളോ കുടുംബാംഗങ്ങളോ ആയിരിക്കും. മിക്കവാറും കുട്ടികള്‍ക്ക് അവരുടെ സ്‌പോണ്‍സര്‍ ആരാകണം എന്നതിനെപ്പറ്റി ധാരണയുണ്ടാകും.

പശ്ചാത്തലവിവരങ്ങള്‍ ശരിയാണെന്നു തെളിയിക്കാന്‍ സ്‌പോണ്‍സര്‍ക്കു ബാധ്യതയുണ്ട്. കുട്ടിയുമായുള്ള ബന്ധം, മറ്റ് കുടുംബാംഗങ്ങളെപ്പറ്റിയുള്ള വിവരങ്ങള്‍, കുടുംബത്തില്‍ ആരെങ്കിലും കുറ്റകൃത്യത്തിന് ശിക്ഷ അനുഭവിച്ചിട്ടുണ്ടോ, ശാരീരിക, ലൈംഗിക പീഡനാരോപണങ്ങള്‍ക്കു വിധേയരായിട്ടുണ്ടോ, കുട്ടികളെ ഉപേക്ഷിക്കല്‍ തുടങ്ങിയവ ചെയ്തിട്ടുണ്ടോ എന്നീ വിവരങ്ങളെല്ലാം രണ്ടു പേജ് നീളുന്ന ഫോമിലുണ്ടാകും. മാതാപിതാക്കളോ രക്ഷിതാക്കളോ അല്ലാത്ത സ്‌പോണ്‍സര്‍മാര്‍ വിരലടയാളം നല്‍കണം.

പക്ഷേ ഇതൊന്നും എപ്പോഴും നടക്കാറില്ല. നവംബറില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ജെ ജിന്‍സണും ആരോഗ്യ, സേവന വകുപ്പ് സെക്രട്ടറി സില്‍വിയ മാത്യൂസ് ബര്‍വെല്ലിനുമയച്ച കത്തില്‍ പശ്ചാത്തലവിവരങ്ങളുടെ പരിശോധന പൂര്‍ണമല്ലെന്ന് ഗ്രാസ്‌ലി ചൂണ്ടിക്കാട്ടുന്നു. വളരെപ്പേരുടെ വിരലടയാളം രേഖപ്പെടുത്താറില്ലെന്നും കത്തില്‍ പറയുന്നു.

എന്നാല്‍ മേയ് 2014ല്‍ വളരെ ചെറിയ കാലയളവില്‍ മാത്രം വിരലടയാളം ശേഖരിക്കല്‍ നിര്‍ത്തിവച്ചുവെന്നാണ് ഹെല്ലിങ് പറയുന്നത്. കുട്ടിയുമായുള്ള ബന്ധം കാണിക്കുന്ന രേഖകളും തിരിച്ചറിയല്‍ രേഖകളും ഹാജരാക്കുന്നവരോട് വിരലടയാളം ആവശ്യപ്പെടാറില്ലെന്നും ഹെല്ലിങ് ചൂണ്ടിക്കാട്ടുന്നു.

പശ്ചാത്തല വിവരങ്ങളുടെ പരിശോധന ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കേസ് വര്‍ക്കേഴ്‌സിന്റെ സന്ദര്‍ശനത്തിനായി പല കുട്ടികള്‍ക്കും ആഴ്ചകളോളം കാത്തിരിക്കേണ്ടിവരുന്നു.

‘നിങ്ങള്‍ ഒരു കേസ് എടുക്കുന്നു. ചിലപ്പോള്‍ ആ കുട്ടി മറ്റെവിടേയ്‌ക്കെങ്കിലും പോയിട്ടുണ്ടാകാം. ചിലപ്പോള്‍ കുടുംബം മുഴുവനും മറ്റെവിടേയ്‌ക്കെങ്കിലും പോയിട്ടുണ്ടാകാം. കുട്ടി സ്ഥലത്തുണ്ടാകാതിരിക്കുക സാധാരണമാണ്,’ യുഎസ് കമ്മിറ്റി ഫോര്‍ റഫ്യൂജീസ് ആന്‍ഡ് ഇമ്മിഗ്രന്റ്‌സ് പ്രസിഡന്റും ചീഫ് എക്‌സിക്യുട്ടീവുമായ ലാവിനിയ ലിമോണ്‍ പറയുന്നു.

ട്രില്ലിയം ഫാം സംഭവത്തില്‍ ഉള്‍പ്പെട്ട കുട്ടികളെല്ലാം ഗ്വാട്ടിമാലയില്‍ ഹ്യൂഹ്യൂടെനാന്‍ഗോ മേഖലയിലെ വിദൂര ഗ്രാമങ്ങളില്‍നിന്നുള്ളവരായിരുന്നു. 1960ല്‍ ആഭ്യന്തരകലാപകാലത്ത് കൂട്ടക്കൊലകള്‍ ഏറെ നടന്ന പ്രദേശം ഇപ്പോഴും മയക്കുമരുന്ന് കടത്തിന്റെയും അധോലോകസംഘങ്ങളുടെയും കേന്ദ്രമാണ്.

വധഭീഷണിയുള്ളതിനാല്‍ പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയില്‍ സംസാരിച്ച പാസ്‌കുവേലിന്റെ അനന്തരവന്‍ ഗ്രാമത്തിലെ ദാരിദ്ര്യവും ബുദ്ധിമുട്ടും നിറഞ്ഞ ജീവിതം വിവരിച്ചു. തുണ്ടുഭൂമികളില്‍ വസിക്കുന്ന ഇവര്‍ കാപ്പിത്തോട്ടങ്ങളില്‍ ജോലി ചെയ്താണ് ഉപജീവനം കഴിക്കുന്നത്.

‘എങ്ങനെയെങ്കിലും ഇവിടെയെത്താന്‍ ആളുകള്‍ ശ്രമിക്കുന്നു.’

ട്രില്ലിയം ഫാം സംഭവത്തില്‍ എഫ്ബിഐ സമര്‍പ്പിച്ച കുറ്റപത്രം അനുസരിച്ച് ഗ്വാട്ടിമാലക്കാരനായ അരോള്‍ഡോ കാസ്റ്റിലിയോ സെറാനോ ആളുകളെ യുഎസിലേക്കു കടത്തി ധനികനായി. കടം വീട്ടാനുള്ള പണത്തിനായി ട്രില്ലിയം ഫാമില്‍ ജോലി ചെയ്യാന്‍ ഇയാള്‍ അവരെ നിര്‍ബന്ധിച്ചു. 15000 ഡോളറാണ് അമേരിക്കയിലേക്കു കടക്കാന്‍ ഓരോരുത്തരില്‍നിന്നും സെറാനോ വാങ്ങുന്നത്. പിന്നീട് കുട്ടികളെയും ഇങ്ങനെ കടത്തിത്തുടങ്ങി. കാരണം അവരെ നിയന്ത്രിക്കാനും പണിയെടുപ്പിക്കാനും എളുപ്പമായിരുന്നു.

‘അമേരിക്കയിലേക്കു കടക്കാനുള്ള അവരുടെ ആഗ്രഹവും എളുപ്പത്തില്‍ വശംവദരാക്കാമെന്നതും കുട്ടികളുടെ ആകര്‍ഷണീയതയായിരുന്നു,’ ഓഹിയോയിലെ യുഎസ് അറ്റോര്‍ണി സ്റ്റീവന്‍ ഡെറ്റെല്‍ബാ പറയുന്നു. ഡെറ്റെല്‍ബയുടെ ക്ലീവ്‌ലാന്‍ഡ് ഓഫിസാണ് ട്രില്ലിയം കേസ് കൈകാര്യം ചെയ്യുന്നത്.

2013 നവംബറിലാണ് 50 ഏക്കറോളം വിസ്തൃതിയുള്ള ട്രെയിലര്‍ പാര്‍ക്കിങ് കോംപ്ലക്‌സിലെ ട്രെയിലറില്‍ ഒരു കുട്ടി ആദ്യമെത്തിയത്. ഇവിടെ നൂറിലധികം ട്രെയിലറുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലായിരുന്നു. ഇവിടെ മയക്കുമരുന്നു സംഘങ്ങള്‍ തമ്മിലുള്ള സംഘട്ടനങ്ങളും പതിവാണ്.

‘ഇതിനുള്ളിലേക്കു കടക്കാന്‍ കുട്ടികളെപ്പോലും പരിസരവാസികള്‍ അനുവദിക്കാറില്ല,’ അഞ്ചു വര്‍ഷമായി പാര്‍ക്കിനടുത്തു താമസിക്കുന്ന  ജാമി ജോണ്‍സണ്‍ പറയുന്നു.

തണുപ്പുകാലം ആയപ്പോള്‍ ആദ്യമെത്തിയ കുട്ടി താമസസ്ഥലം വൃത്തികെട്ടതും ചൂടില്ലാത്തതുമാണെന്നു കണ്ട് ഒരു കുടുംബസുഹൃത്തിനെ വിളിച്ച് ഇവിടെനിന്നു കൊണ്ടുപോകണമെന്ന് അപേക്ഷിച്ചു. എന്നാല്‍ കടം വീട്ടാതെ പോകാനാവില്ലെന്നായിരുന്നു കടത്തിക്കൊണ്ടുവന്നവരുടെ മറുപടിയെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.

2014ലെ വസന്തകാലത്ത് അതിര്‍ത്തിയിലെ പ്രതിസന്ധി രൂക്ഷമായി. ട്രെയിലര്‍ പാര്‍ക്കിലേക്ക് മറ്റൊരു കൗമാരക്കാരനെ കൊണ്ടുവരാന്‍ കടത്തുകാര്‍ ശ്രമിച്ചു. എന്നാല്‍ ഈ കുട്ടിയെ ഫെഡറല്‍ ഏജന്റുമാര്‍ അതിര്‍ത്തിയില്‍ത്തന്നെ പിടികൂടി ഷെല്‍ട്ടറിലേയ്ക്കയച്ചു.

ജൂണ്‍ ആറിന് കാസ്റ്റിലോ സെറാനോ ആരെയോ ഉപയോഗിച്ച് ഒരു ഫാമിലി റീയൂണിഫിക്കേഷന്‍ അപേക്ഷ കൊടുപ്പിച്ചു. കൗമാരക്കാരന്റെ കുടുംബസുഹൃത്തെന്ന നാട്യത്തിലായിരുന്നു അപേക്ഷ. ഇത് ഫലം കണ്ടു. കുട്ടിയെ വിട്ടുകൊടുത്തു. അങ്ങനെ അവനും ട്രെയിലര്‍ പാര്‍ക്കിലെത്തി.

അടുത്ത മൂന്നുമാസങ്ങളില്‍ കുറഞ്ഞത് അഞ്ചു തവണയെങ്കിലും ഇതേ പരിപാടി ആവര്‍ത്തിച്ചതായി കുറ്റപത്രം ചൂണ്ടിക്കാണിക്കുന്നു. വ്യാജ അപേക്ഷകള്‍ നല്‍കി ഉദ്യേഗസ്ഥരെ കബളിപ്പിച്ച് കുട്ടികളെ ട്രെയിലര്‍ പാര്‍ക്കിലെത്തിച്ചു.

പാസ്‌കുവേലിന്റെ മരുമകനും ഇതിലുണ്ടായിരുന്നു.  മാതാപിതാക്കള്‍ ഈ കുട്ടിയെ ഗ്വാട്ടിമാലയില്‍നിന്ന് യുഎസിലെത്തിക്കാന്‍ വേണ്ടി കടത്തുകാര്‍ക്കു പണം നല്‍കിയിരുന്നുവെന്ന് പാസ്‌കുവേല്‍ പറയുന്നു. എന്നാല്‍ ഇതിനുശേഷം എന്തുസംഭവിച്ചുവെന്നു വ്യക്തമല്ല.

അതിര്‍ത്തിയില്‍ തടയപ്പെട്ട കുട്ടിയെ ഷെല്‍ട്ടറിലേക്കു മാറ്റി. ഏതു ഷെല്‍ട്ടറിലാണെന്നു വെളിപ്പെടുത്താന്‍ എഫ്ബിഐയോ പ്രോസിക്യൂട്ടര്‍മാരോ തയാറായില്ല. കുട്ടി ഷെല്‍ട്ടറിലായിരുന്ന സമയത്ത് ഫെഡറല്‍ ഉദ്യോഗസ്ഥര്‍ തന്നോട് കുട്ടിയുടെ സ്‌പോണ്‍സറാകാമോ എന്നു ചോദിച്ചെന്നും താന്‍ സമ്മതിച്ചെന്നും പാസ്‌കുവേല്‍ പറയുന്നു. എന്നാല്‍ കുട്ടിയെ വിട്ടുകൊടുത്തത്  മുന്‍പരിചയമില്ലാത്ത തട്ടിപ്പുകാര്‍ക്കാണ്.

വേനല്‍ക്കാലത്തിന്റെ അവസാനനാളുകളില്‍ കുട്ടിയെ ട്രെയിലര്‍ പാര്‍ക്കിലെത്തിച്ചു. 20000 ഡോളറിന്റെ കടം വീട്ടാന്‍ കോഴിഫാമില്‍ ജോലി ചെയ്യണമെന്നാണ് അവര്‍ കുട്ടിയോടു പറഞ്ഞതെന്ന് പാസ്‌കുവേല്‍ പറയുന്നു. രക്ഷപെടാന്‍ ശ്രമിച്ചാല്‍ മാതാപിതാക്കളെ വെടിവയ്ക്കുമെന്നായിരുന്നു ഭീഷണി.

മറ്റുകുട്ടികളെപ്പോലെ ഈ കുട്ടിയും ശമ്പളം മുഴുവന്‍ അന ആഞ്ചലിക്ക പെദ്രോ വേണ്ട പണം മാത്രം കുട്ടികള്‍ക്കു നല്‍കിയ ഇവര്‍ ബാക്കി പണം കൈക്കലാക്കിയെന്ന് കുറ്റപത്രം പറയുന്നു.

ഒക്ടോബറില്‍ പാസ്‌കുവേലിനോട് ഫോണില്‍ സംസാരിക്കുമ്പോള്‍ പട്ടിണിയാണെന്നും പാറ്റകള്‍ നിറഞ്ഞ ട്രെയിലറിലാണ് ഉറക്കമെന്നും കുട്ടി പറഞ്ഞു. തട്ടിപ്പുകാര്‍ വന്ന് ഉപദ്രവിക്കുന്നതു സ്വപ്‌നം കണ്ട് രാത്രികളില്‍ ഉണരുന്നതായും കുട്ടി പറഞ്ഞു.

ഇതേസമയം ഈ കുട്ടികള്‍ മറ്റൊരു ട്രെയിലറില്‍ കഴിയുന്ന സ്‌കോട്ട് ഡഗ്ലസ് എന്നയാളുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇവിടെനിന്ന് 10 മൈല്‍ അകലെ മാരിയോണിലുള്ള സൂപ്പര്‍മാര്‍ക്കറ്റിലേക്ക് എത്താന്‍ സ്‌കോട്ട് കുട്ടികളെ സഹായിച്ചു. ഇവിടെ നിന്നാണ് അവര്‍ ഫോണ്‍വിളികള്‍ നടത്തിയത്.

സ്പാനിഷ് സംസാരിക്കാത്ത ഡഗ്ലസിന് കുട്ടികള്‍ അടിമപ്പണിയിലാണെന്നു മനസിലായിരുന്നില്ല.

2014 ഡിസംബര്‍ 14ന് നേരം പുലരുംമുന്‍പ് നടന്ന ഫെഡറല്‍, പ്രാദേശിക റെയ്ഡില്‍ ചപ്പുചവറുകള്‍ നിറഞ്ഞ ട്രെയിലറുകളില്‍ നിന്ന് കുട്ടികളെ കണ്ടെത്തി. കുട്ടികളുടെ ദുരിതത്തിന്റെ ദൃശ്യങ്ങളും. ഒരു ട്രെയിലറില്‍ ടോയ്‌ലറ്റ് ഉായിരുന്നില്ല. പകരം ഉായിരുന്നത് മാലിന്യം നിറഞ്ഞ ഒരു ബക്കറ്റ്. അടുക്കളഭാഗത്ത് അഴുക്കുനിറഞ്ഞ ഇടുക്ക് സ്ഥലത്തുനിന്ന് കിടക്കകളും പുതപ്പുകളും കണ്ടെടുത്തു.

ട്രെയിലറുകളില്‍നിന്ന് 45 പേരെ റെയ്ഡില്‍ പിടികൂടി. ഫാമില്‍ ജോലി ചെയ്തിരുന്ന എട്ടുകുട്ടികളും ഇതില്‍പ്പെടും. ഡഗ്ലസ് ഇതിനു സാക്ഷിയായി.

‘എഫ്ബിഐ അന്നുരാത്രി എന്നോടു പറഞ്ഞു, മനുഷ്യക്കടത്ത്, അടിമപ്പണി. ഇവിടെയുള്ളവര്‍ക്കെല്ലാം അദ്ഭുതമായിരുന്നു. ഈ കുട്ടികള്‍ ഏതുസമയവും ജോലിയിലാണെന്നു മാത്രമേ ഞങ്ങള്‍ക്ക് അറിയാമായിരുന്നുള്ളൂ.’

ആറു കുറ്റവാളികളില്‍ ഒരാള്‍ മാത്രമേ സംസാരിക്കാന്‍ തയ്യാറായുള്ളൂ. നാടുകടത്തല്‍ കാത്ത് പെനിസില്‍വാനിയ ഡിറ്റെന്‍ഷന്‍ സെന്ററില്‍ കഴിയുന്ന മെക്‌സിക്കോക്കാരന്‍ ബര്‍ട്ടൊലോ ഡോമിന്‍ഗ്യൂസ്. ട്രെയിലര്‍ പാര്‍ക്കില്‍നിന്ന് ഫാമിലേക്ക് കുട്ടികളെ കൊണ്ടുവന്നിരുന്ന ഡ്രൈവറായിരുന്നു ഇയാള്‍. കുട്ടികളെ ബലമായി പിടിച്ചുവച്ചിരിക്കുകയാണെന്നു തനിക്കറിയില്ലായിരുന്നുവെന്നാണ് ഇയാളുടെ വാദം.

‘എനിക്കറിയാമായിരുന്നെങ്കില്‍ ഞാന്‍ ആരെയെങ്കിലും അറിയിക്കുമായിരുന്നു. അവര്‍ ഉത്സാഹത്തോടെ ജോലി ചെയ്തിരുന്നു. ഇങ്ങനെ ഒന്ന് എനിക്ക് ഊഹിക്കാനേ കഴിഞ്ഞില്ല’.

കുറ്റം നിഷേധിച്ച മറ്റൊരാള്‍, പെദ്രോ ജുവാന്‍, ബലമായി ജോലിയെടുപ്പിക്കല്‍, തെളിവു നശിപ്പിക്കല്‍, കള്ളമൊഴി നല്‍കല്‍ എന്നിവയില്‍ വിചാരണ കാത്തുകഴിയുകയാണ്. അവരുടെ അഭിഭാഷക ഇതേപ്പറ്റി എന്തെങ്കിലും പറയാന്‍ വിസമ്മതിച്ചു.

രക്ഷപ്പെടലിനുശേഷം കുട്ടികളെ ഹാംപ്റ്റണ്‍ ഇന്നിലെത്തിച്ചു. ഭക്ഷണത്തിനുശേഷം ഫോണ്‍കാളുകള്‍ നടത്താന്‍ അവരെ അനുവദിച്ചു. അനന്തരവന്‍ വളരെ സന്തുഷ്ടനാണെന്നും തന്റെ ഒപ്പം ഫ്‌ളോറിഡയിലേക്കു വരാന്‍ ആഗ്രഹിക്കുന്നുവെന്നും പാസ്‌കുവേല്‍ പറഞ്ഞു. ‘ അവന്‍ എന്റെ സഹോദരിയുടെ മകനാണ്. ‘

ഒരു സാമൂഹിക പ്രവര്‍ത്തകന്‍ പാസ്‌കുവേലിനെ വിളിക്കുകയും സ്‌പോണ്‍സറാകാനുള്ള അപേക്ഷാ ഫോം അയച്ചു കൊടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കുട്ടിയെ ന്യൂ ഇംഗ്‌ളിലെ ഒരു കുടുംബത്തിലേക്ക് ദത്തുനല്‍കുകയാണെന്ന് ഒരു സ്ത്രീ പാസ്‌കുവേലിനെ അറിയിച്ചു.

‘ഞങ്ങള്‍ അവനെ കൊണ്ടുപോകുന്നു. പേടിക്കേണ്ട. ഞങ്ങള്‍ അവനെ ഒരു വീട്ടിലാക്കും. അവന്‍ സുരക്ഷിതനായിരിക്കും. സ്‌കൂളില്‍ പോയി പഠിക്കാന്‍ അവനു കഴിയും’ എന്ന് ആ സ്ത്രീ പറഞ്ഞതായി പാസ്‌കുവേല്‍ പറയുന്നു.

ഫോണില്‍ സംസാരിച്ചപ്പോള്‍ താന്‍ സുരക്ഷിതനാണെന്നു പറഞ്ഞ കുട്ടി കൂടുതലൊന്നും പറയാന്‍ തയാറായില്ല. കുട്ടിയുമായി ഇടയ്ക്കിടെ സംസാരിക്കുന്ന പാസ്‌കുവേല്‍ തനിക്ക് ആശ്വാസമായെന്നു പറയുന്നു. ‘ അവന്‍ പേടി കൂടാതെ ഉറങ്ങുന്നു.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍