UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിശക്കുന്നവന് മരണശിക്ഷ നല്‍കുന്ന മലയാളി ഇനി പ്രബുദ്ധരെന്നുകൂടി പറയരുത്

Avatar

റിബിന്‍ കരീം

ആടുജീവിതത്തിലെ നജീബിന്റെ ജീവിതം വായിക്കുമ്പോള്‍ കണ്ണ് നനയ്ക്കുകയും എന്നാല്‍ ഒരു ഇതര സംസ്ഥാന തൊഴിലാളിയെ കണ്ടുമുട്ടുമ്പോള്‍ കണ്ണുരുട്ടുകയും ചെയ്യുന്ന പ്രതിഭാസവും മലയാളിയുടെ സൊകോള്‍ഡ് പ്രബുദ്ധതയുടെ ഭാഗമായിരിക്കണം. പ്രവാസി മലയാളികളുടെ തീക്ഷ്ണമായ ജീവിതയാഥാര്‍ഥ്യങ്ങളാണ് ബെന്യാമിന്‍ ആടുജീവിതത്തില്‍ ആവിഷ്‌കരിച്ചത്. എന്നാല്‍, ആടുജീവിതം നയിക്കുന്ന അനേകം നജീബുമാരും ഹക്കീമുമാരും കേരള സംസ്ഥാനത്തില്‍ ഉണ്ടെന്നു ബോധ്യപ്പെടുത്തുന്ന അനുഭവങ്ങളാണ് ഇവിടെ തൊഴില്‍ അന്വേഷിച്ചെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ജീവിതകഥ നമ്മോടു പറയുന്നത്.

 

പെരുമ്പാവൂരില്‍ ജിഷ കൊല്ലപ്പെട്ടത് അന്യസംസ്ഥാന തൊഴിലാളികളാല്‍ ആകാം എന്ന നിഗമനത്തില്‍ വലിയ ഒരു ഭൂരിപക്ഷം എത്തിച്ചേര്‍ന്നത് തെളിവിന്റെ ഒരംശം പോലും ലഭിക്കാതെയാണ്; യുക്തിക്ക് നിരക്കാത്ത ഒരുതരം മുന്‍വിധിയോടു കൂടി. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള കൊലവിളി തുടരുന്നതിനിടെയാണ് കോട്ടയത്ത് മോഷ്ടാവെന്ന് സംശയിച്ചാണ്  അസം സ്വദേശിയായ കൈലാസ് ജ്യോതി ബെഹ്‌റയെ മണിക്കൂറോളം പൊരിവെയിലത്ത് കെട്ടിയിട്ട് സമനില തെറ്റിയ ഒരു കൂട്ടം ആളുകള്‍ മര്‍ദ്ദിച്ച് കൊന്നത്. ഇയാളുടെ ശരീരത്തില്‍ അന്‍പതിലേറെ ചതവുകളും പാടുകളുമുളളതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

 

ഭാവനകൊണ്ട് തിന്മയെ പരാജയപ്പെടുത്തിയ ഒരേയൊരു കലാകാരനുണ്ടെങ്കില്‍ ആ വ്യക്തി ഏലിയാസ് കനേറ്റിയാണ് എന്ന് പറഞ്ഞത് എം കൃഷ്ണന്‍ നായരാണ്, കാനേറ്റിയുടെ ക്രൌഡ് ആന്‍ഡ് പവര്‍ എന്നൊരു പുസ്തകമുണ്ട്, ആള്‍ക്കൂട്ടത്തിന്റെ ഘടനയെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചുമുള്ള ആഴമാര്‍ന്ന വിശകലനമാണ് കനേറ്റി ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത്. ആള്‍ക്കൂട്ടത്തിന് ആള്‍ക്കൂട്ടത്തിന്റേതായ മാനസികാവസ്ഥയുണ്ടെന്ന് കനേറ്റി ചൂണ്ടിക്കാട്ടുന്നുണ്ട്. സാധാരണഗതിയില്‍ ഭീരുവായ ഒരാള്‍ ആള്‍ക്കൂട്ടത്തിലാവുമ്പോള്‍ പൊടുന്നനെ ധൈര്യശാലിയായെന്നു വരും. എല്ലാവരും അടിച്ചപ്പോള്‍ ഞാനും ഒന്നുരണ്ട് കൊടുത്തു എന്നു പറയുന്നവര്‍ ഈ കൂട്ടത്തില്‍പ്പെട്ടവരാണ്. ഉന്മത്തമായ ആള്‍ക്കൂട്ടം. എന്താണ് ആള്‍ക്കൂട്ടം എന്താണ് ചെയ്യുകയെന്ന് പ്രവചിക്കാനാവില്ല. ഏലിയാസ് കനേറ്റി ആള്‍ക്കൂട്ടത്തെ അപഗ്രഥിക്കുന്നത് ആള്‍ക്കൂട്ടത്തിന്റെ ചെയ്തികള്‍ ന്യായീകരിക്കാനല്ല. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുമ്പോഴാണ് പരിഷ്‌കൃതസമൂഹത്തിന്റെ പിറവിയും അതിജീവനവുമുണ്ടാവുന്നത്. ആള്‍ക്കൂട്ടത്തിനു മുന്നില്‍ ഒരു തരത്തിലുള്ള യുക്തിയുമില്ല എന്നു പറയുന്നത് ശരിയാണ്. വസ്തുതകളോ സത്യമോ അല്ല ആള്‍ക്കൂട്ടത്തെ നയിക്കുന്നത് എന്നതിന് സദാചാര കൊലപാതകങ്ങള്‍ മുതല്‍ കോട്ടയം സംഭവം വരെ എണ്ണിയാല്‍ ഒടുങ്ങാത്ത അനുഭവങ്ങള്‍ ഈ കൊച്ചു കേരളത്തില്‍ത്തന്നെ നമ്മുടെ മുന്‍പിലുണ്ട്.

 

മാര്‍ബിള്‍, ഗ്രാനൈറ്റ്, ടൈല്‍ മേഖലയിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതല്‍. ബംഗാള്‍, രാജസ്ഥാന്‍, ഒറീസ, ഉത്തര്‍പ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് തൊഴിലാളികള്‍ ഏറെയും. ഇത്തരം തൊഴില്‍ മേഖലയില്‍ ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതായിരുന്നു കാരണം. കഠിനമായ ജോലിയെടുക്കുമ്പോഴും പരാതിയേതുമില്ലാതെ കിട്ടിയ കൂലി വാങ്ങി ജീവിക്കുകയായിരുന്നു ഇവര്‍. തൊഴിലാളികളെ കൊണ്ടുവരുന്ന ബ്രോക്കര്‍മാരുടെ ചൂഷണം വന്‍തോതിലാണ്. 1500 രൂപമുതല്‍ 4000 രൂപ വരെ മാസശമ്പളം വാഗ്ദാനം ചെയ്താണ് തൊഴിലാളികളെ കൊണ്ടുവരുന്നത്. ബ്രോക്കര്‍മാരാണ് സ്ഥാപനങ്ങള്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും തൊഴിലാളികളെ നല്‍കുന്നത്. എന്നാല്‍ സ്ഥാപനങ്ങളില്‍നിന്നോ കോണ്‍ട്രാക്ടര്‍മാരില്‍നിന്നോ വാങ്ങുന്ന തുകയല്ല തൊഴിലാളിക്ക് നല്‍കുക. തൊഴിലാളികളുടെ വീട്ടുകാര്‍ക്ക് ഇരുപതിനായിരം മുതല്‍ അമ്പതിനായിരം വരെ നല്‍കി കൊണ്ടുവരുന്ന രീതിയുമുണ്ട്. തുക ആദ്യമേ കൈപ്പറ്റിയതിനാല്‍ ഇവര്‍ക്ക് തിരിച്ചുപോകാനും കഴിയില്ല. മെച്ചപ്പെട്ട താമസസൌകര്യമോ ഭക്ഷണമോ ലഭിക്കുന്ന സാഹചര്യമില്ല. മാര്‍ബിളും ഗ്രാനൈറ്റും ടൈല്‍സും പതിക്കുന്നതിന് സ്‌ക്വയര്‍ ഫീറ്റിനാണ് കേരളത്തില്‍ കൂലി നല്‍കുന്നത്. എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മാസശമ്പളമാണ് കോണ്‍ട്രാക്ടര്‍മാര്‍ നല്‍കുന്നത്. കുറഞ്ഞ കൂലിക്ക് പണിയെടുപ്പിക്കാമെന്നതിനാല്‍ ഇവര്‍ക്കാണ് കോണ്‍ട്രാക്ടര്‍മാര്‍ പരിഗണന നല്‍കുന്നതും.

 

തൊഴില്‍ മേഖലയിലുള്ള ഇത്തരം അനീതികള്‍ക്കു പുറമേയാണ് ചുറ്റുപാടുകളില്‍ നിന്നും ഏല്‍ക്കേണ്ടി വരുന്ന പീഡനങ്ങള്‍. തിരക്കുള്ള ബസില്‍ ഒരു പേഴ്‌സ് മോഷണം പോയാല്‍ ആദ്യം നോട്ടങ്ങള്‍ ചെന്ന് പതിക്കുക നിര്‍ഭാഗ്യവശാല്‍ അതില്‍ യാത്ര ചെയ്യേണ്ടി വന്ന ഏതെങ്കിലും ഇതര സംസ്ഥാന തൊഴിലാളിയുടെ മുഖത്തായിരിക്കും എന്ന് അടുത്ത കാലത്ത് ഒരു പത്രപ്രവര്‍ത്തക സ്വകാര്യ സംഭാഷണത്തില്‍ അവരുടെ അനുഭവം പങ്കു വെച്ചത് ഓര്‍മ വരുന്നു. 2013-ല്‍ തൃശൂര്‍ ബസ് സ്റ്റാന്റില്‍ വച്ച് നാട്ടുകാര്‍ മോഷണക്കുറ്റം ആരോപിച് ഒരു ബീഹാറി തൊഴിലാളിയെ കെട്ടിയിട്ട സംഭവമുണ്ട്. പോലീസ് എത്തിയ ശേഷമാണ് അയാളെ അഴിച്ചു വിട്ടത്. ദിവസങ്ങള്‍ക്കു ശേഷം പ്രസ്തുത കേസിലെ പ്രതി ഒരു മലയാളി തന്നെയാണെന്ന സത്യവും പലരും അറിഞ്ഞു കാണില്ല. പറയുന്ന ഒരു ലോജിക് കേട്ടാല്‍ തോന്നും ഇതര സംസ്ഥാന തൊഴിലാളികള്‍ വരുന്നതിനു മുന്‍പ് ഇവിടെ കള്ളവും ചതിയും ഇല്ലാത്ത ഒരു മാവേലി ലോകം ആയിരുന്നെന്ന്.

 

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ഒറ്റപ്പെട്ട കുറ്റകൃത്യങ്ങളും ലഹരിപദാര്‍ഥ ഉപയോഗങ്ങളും സാമാന്യവല്‍ക്കരിച്ച് ഇവരെ സാമൂഹ്യവിരുദ്ധരായി ചിത്രീകരിക്കുന്ന കലാപരിപാടി പൊടിപൊടിക്കുന്നുമുണ്ട്. ഇവരുടെ ആത്മനൊമ്പരങ്ങളും ആത്മരോഷങ്ങളും ഇവിടെ നിശബ്ദമായി അലയടിക്കുന്നുണ്ട് എന്ന് പ്രബുദ്ധരായ മലയാളികള്‍ ഓര്‍മിക്കുന്നത് നന്നായിരിക്കും.

 

വെനീസ് ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വെട്രിമാരന്‍ സംവിധാനം ചെയ്ത ‘വിസാരണൈ’ തീര്‍ച്ചയായും ഓരോ മലയാളിയും കണ്ടിരിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഭരത് ചന്ദ്രന്‍ മുതല്‍ ആക്ഷന്‍ ഹീറോ ബിജു വരെയുള്ള ടിപ്പിക്കല്‍ പോലീസ് ഹീറോ കഥാപാത്രങ്ങളെ ആരാധിച്ചു പോരുന്നവര്‍ക്കുള്ള ഒരു ഷോക്ക് ട്രീട്‌മെന്റ്‌റ് ആയിരിക്കും വിസാരണൈ. 

 

വിസാരണൈയിലെ പ്രധാന കഥാപാത്രങ്ങള്‍ ആന്ധ്രയില്‍ തൊഴില്‍ ചെയ്തു ജീവിക്കുന്ന തമിഴ് തൊഴിലാളികളാണ്. ഒരു രാത്രി സെക്കണ്ട് ഷോ കഴിഞ്ഞു വരവേ അതിലൊരാളെ പോലീസ് പിടികൂടുന്നു. പേര് ചോദിക്കുമ്പോള്‍ അഫ്‌സല്‍ എന്ന് പറയുമ്പോള്‍ തന്നെ അടുത്ത ചോദ്യം നീ അല്‍-ഖയ്ദ ആണോന്നാണ്. തമിഴ് നാട്ടില്‍ നിന്ന് ജീവിക്കാന്‍ വഴിയില്ലാതെ ആന്ധ്രയില്‍ തൊഴില്‍ തേടി വന്ന തമിഴനാണ് താനെന്നു അയാള്‍ കരഞ്ഞു പറയുന്നു. തമിഴനാണ് എന്നറിഞ്ഞുകൊണ്ടു പോലീസുകാരന്‍ വീണ്ടും ചോദിക്കുന്നു നീ തമിഴ് പുലിയാണോ എന്ന്. അല്ലാന്നു അയാള്‍ അലമുറയിടുമ്പോഴും പോലീസുകാരന്‍ തീര്‍ച്ചപ്പെടുത്തി പറയുന്നു, തമിഴന്മാര്‍ എല്ലാവരും പുലികളാണ് എന്ന്. അയാളില്‍ തുടങ്ങുന്ന വേട്ട അയാളുടെ മറ്റു മൂന്നു സുഹൃത്തുക്കളെക്കൂടി പിടിയിലാക്കുന്നു. അന്യ സംസ്ഥാന തൊഴിലാളികളുടെ നിസ്സഹായതയും പരിചയമില്ലായ്മയും മുതലെടുത്ത്, തെളിയിക്കാന്‍ കഴിയാതിരുന്ന ഒരു വലിയ കുറ്റം ഇവരുടെ പേരിലാക്കാന്‍ പോലീസ് കഴിവതും ശ്രമിക്കുന്നത് സിനിമയിലെ പ്രധാന കാഴ്ചയാണ്. ജിഷയുടെ കാര്യത്തില്‍ ശക്തമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലം മാത്രമാണ് അന്വേഷണം ശക്തമാക്കാന്‍ പോലീസിനെ പ്രേരിപ്പിച്ച ഘടകം. അല്ലാത്തപക്ഷം ആ കുറ്റത്തിന് പറ്റിയ ഒരു ഇതര സംസ്ഥാന തൊഴിലാളിയുടെ കഴുത്ത് അന്വേഷിച്ച് അവര്‍ അലഞ്ഞേനെ. ഇതര സംസ്ഥാന തൊഴിലാളി ആണെന്നറിഞ്ഞാല്‍ പൊതുബോധവും കൂടുതല്‍ സന്തോഷിക്കാന്‍ സാധ്യതയുണ്ട്. മലയാളി അല്ലാത്ത, കേരളത്തില്‍ തൊഴില്‍ ചെയ്തു ജീവിക്കുന്നവരെല്ലാം ക്രിമിനലുകള്‍ ആണെന്ന ചിന്ത ചികിത്സ അനിവാര്യമായ രോഗം തന്നെയാണ്.

 

ദശലക്ഷക്കണക്കിനു ചെറുപ്പക്കാര്‍ ലോകത്തുടനീളം വീടു വിട്ടിറങ്ങുകയും അതിജീവനത്തിനു വേണ്ടി അതിര്‍ത്തികള്‍ താണ്ടിക്കടക്കുകയും ചെയ്യുന്നു. മലയാളികളുടെ പ്രധാന ജീവിതമാര്‍ഗ്ഗം തന്നെ പ്രവാസമാണ്; സിലോണിലേക്കും സിംഗപ്പൂരിലേക്കും ഗള്‍ഫിലേക്കും പോകുന്നത് മറ്റൊന്നിനുമല്ലല്ലോ? അതുപോലെ, തൊഴിലിനും മെച്ചപ്പെട്ട വേതനത്തിനുമാണ് ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ കേരളത്തിലേക്ക് വരുന്നത്.

 

സര്‍വരാജ്യ തൊഴിലാളികളെ സംഘടിക്കുവിന്‍ എന്ന മുദ്രാവാക്യം ഉരുവിട്ടുകൊണ്ട് അവരെ ചേര്‍ത്ത് പിടിക്കണം എന്നില്ല. മറ്റു പലതിനും കണ്ണടച്ച് ശീലമുള്ളതുകൊണ്ട് മലയാളിക്ക് അവരുടെ തൊഴില്‍ മേഖലയിലെ അനീതികളും കണ്ടില്ലെന്നു നടിക്കാം. പക്ഷെ നിങ്ങളുടെ വികലമായ മാനസിക വ്യാപാരങ്ങള്‍ മറ്റൊരാളുടെ തലയില്‍ കെട്ടി വച്ച് ആനന്ദങ്ങളില്‍ അഭിരമിക്കുന്ന ഏര്‍പ്പാടിനു പാവപ്പെട്ട തൊഴിലാളികളുടെ ജീവിതം ഹോമിക്കരുത്.

 

ജ്യോതി ബെഹ്‌റ 36 മണിക്കൂറുകളായി ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേ റിപോട്ടില്‍ പറയുന്ന മറ്റൊരു കാര്യം, ഇയാളുടെ ശരീരത്തില്‍ അന്‍പതിലേറെ ചതവുകളും പാടുകളും ഉണ്ട് എന്നാണ്; വിശക്കുന്നവനു മരണശിക്ഷ നല്കുന്ന പരിപാടിക്ക് പറയുന്ന പേരാണ് പ്രബുദ്ധത എങ്കില്‍ അതിനെക്കാള്‍ വലിയ തെറി എന്തുണ്ട് ? The mob has many heads but no brains എന്ന പഴഞ്ചൊല്ല്  അര്‍ത്ഥവത്താക്കാന്‍ മത്സരിക്കുന്ന ഒരു ജനതയാകുന്നു നാം.

 

(റിബിന്‍ ദോഹയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നു)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍