UPDATES

ഐ എഫ് എഫ് കെ

മിഖലോസ് യാങ്‌ചോ: സിനിമയുടെ വ്യാകരണം അട്ടിമറിച്ച ചലച്ചിത്രകാരന്‍

Avatar

ശരത് കുമാര്‍

2012 തന്റെ അവസാന ചിത്രമായ ‘മഗ്യാറോര്‍സഗ്’ സംവിധാനം ചെയ്യുമ്പോള്‍ മിഖലോസ് യാങ്‌ചോയ്ക്ക് 90 വയസായിരുന്നു. അടിമുടി സിനിമയില്‍ മുങ്ങിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റെത്. അതുകൊണ്ടാണ് 90-ാം വയസിലും സിനിമ ഉണ്ടാക്കാനുള്ള ഊര്‍ജ്ജം അദ്ദേഹത്തില്‍ നിറഞ്ഞ് നിന്നതും. 1921 സപ്തംബര്‍ 27ന് ഹംഗറിയിലെ വാക് നഗരത്തില്‍ ജനിച്ച അദ്ദേഹം സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് നടന്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു.

രണ്ടാം ലോക മഹായുദ്ധവും സോവിയറ്റ് വിപ്ലവവും നിര്‍മിച്ചെടുത്ത പുതിയ ലോകക്രമത്തിന്റെ സൃഷ്ടിയായിരുന്നു യാങ്‌ചോയും. കിഴക്കന്‍ യൂറോപ്യന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങള്‍ സിനിമയ്ക്ക് സര്‍ക്കാര്‍ നല്ല പിന്തുണ നല്‍കിയതോടെ അവിടങ്ങളില്‍ ആ കലാരൂപം തഴച്ച് വളരാന്‍ തുടങ്ങി. സോവിയറ്റ് യൂണിയന്‍, പോളണ്ട്, കിഴക്കന്‍ ജര്‍മ്മനി, ചെക്കസ്ലോവാക്യ, ഹംഗറി തുടങ്ങിയ രാജ്യങ്ങള്‍ സിനിമ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനം നേടിയത് ഈ സര്‍ക്കാര്‍ സഹായത്തിന്റെ പിന്‍ബലത്തിലായിരുന്നു.


റെഡ് സാല്‍മ് 

രണ്ടാം ലോകമഹായുദ്ധത്തില്‍ തടവുകാരനായിരുന്നു യാങ്‌ചോയും. നിയമ ബിരുദധാരിയായ അദ്ദേഹം യുദ്ധത്തിന് ശേഷം ബുഡാപെസ്റ്റിലെ അക്കാദമി ഓഫ് തിയേറ്റര്‍ ആന്റ് ഫിലിം ആര്‍ട്ട്‌സില്‍ സംവിധാനം പഠിച്ചു. മേയ് ദിനാഘോഷങ്ങള്‍, വിളവെടുപ്പ് ഉത്സവങ്ങള്‍, സോവിയറ്റ് ഉന്നതരുടെ സന്ദര്‍ശനങ്ങള്‍ തുടങ്ങിയവയെ കുറിച്ച് വാര്‍ത്ത ചിത്രങ്ങള്‍ ഉണ്ടാക്കിക്കൊണ്ടാണ് ആ ചലച്ചിത്ര സപര്യയ്ക്ക് തുടക്കം കുറിച്ചത്. ഇത്തരം ചിത്രങ്ങള്‍ യാങ്‌ചോയുടെ കലയെ പൂര്‍ണമായി വെളിപ്പെടുത്തിയില്ലെങ്കിലും സിനിമയുടെ സാങ്കേതികവശങ്ങള്‍ മനസിലാക്കുന്നതിനും ഹംഗറിയിലുടനീളം യാത്ര ചെയ്യുന്നതിന് അദ്ദേഹത്തിന് സാധിച്ചു. അത് പുതിയ ഒരു കാഴ്ചയുടെ തുടക്കമായിരുന്നു. ഒരു പക്ഷെ ലോക സിനിമയുടെ വ്യാകരണം തന്നെ മാറ്റി മറിയ്ക്കുന്ന രീതിയില്‍ പുതിയ ഒരു കാഴ്ചയ്ക്ക് വിത്തുപാകുകയായിരുന്നു ആ യാത്രകള്‍.


ദി റൌണ്ട് അപ്

ആ യാത്രകള്‍ക്കിടയിലാണ് ഗ്യൂല ഹെര്‍നാഡി എന്ന എഴുത്തുകാരനുമായി യാങ്‌ചോ ചങ്ങാത്തത്തിലാവുന്നത്. 2005ല്‍ അദ്ദേഹം മരിക്കുന്നത് വരെ ആ സൗഹൃദവും എഴുത്തും തുടരുകയും ചെയ്തു. 1963ല്‍ നിര്‍മിച്ച ‘കന്‍ടാറ്റ’ ആണ് ആദ്യ ഫീച്ചര്‍ സിനിമയെങ്കിലും, 1965ല്‍ ‘ദ റൗണ്ട് അപ്’ പുറത്ത് വന്നതോടെയാണ് സിനിമയുടെ സാങ്കേതിക, ഭാവനാലോക ചരിത്രങ്ങളില്‍ പുതിയ അക്ഷരങ്ങള്‍ എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു എന്ന് ലോകം തിരിച്ചറിയുന്നത്. അത്രയൊന്നും പ്രായപൂര്‍ത്തിയാവാതിരുന്ന ഒരു കലയില്‍, ഡേവിഡ് ലെവ്‌ലന്‍ വാര്‍ക്ക് ഗ്രിഫിത്തും സെര്‍ജി മിഖലോവിച്ച് ഐസന്‍സ്റ്റിനും എഴുതി വച്ച രണ്ട് പ്രത്യശാസ്ത്രങ്ങളുടെ വ്യാകരണശീലങ്ങളെ ആ ഒറ്റ ചിത്രം കൊണ്ട് യാങ്‌ചോ കീറിമുറിച്ചു. 95 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ ഏഴോ എട്ടോ ഷോട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 1848ല്‍ അരങ്ങേറിയ ഹംഗറിയിലെ ലോജോസ് കാസുത്ത് വിപ്ലവമായിരുന്ന പ്രതിപാദ്യം.


ഇലക്ട്ര മൈ ലവ്

കിഴക്കന്‍ യൂറോപ്പിന്റെ സിനിമ ഭൂപടത്തില്‍ നിന്നും വന്നവരൊക്കെ ഒരു ഏകാധിപത്യ പ്രവണതയില്‍ നിന്നും മറ്റൊരു ഏകാധിപത്യ സംവിധാനത്തിലേക്കുള്ള യാത്രകളുടെ ഇരകളായിരുന്നു. ഭരണകൂട പ്രത്യയശാസ്ത്രങ്ങള്‍ തന്നെയായിരുന്നു അതിവിപ്ലവകരമെന്ന് അക്കാലത്ത് വിശേഷിപ്പിക്കപ്പെട്ടിരുന്ന പല സിനിമകളുടെയും വിത്ത്. നിര്‍ബന്ധിതമായി പ്രതിഭ വിനിയോഗിക്കാന്‍ പ്രേരിപ്പിക്കപ്പെട്ട അത്തരം സന്ദര്‍ഭങ്ങളില്‍ നാസി ഭീകരതയില്‍ മാത്രം ഊന്നി നിന്നുകൊണ്ട് വികാരങ്ങളെയും വിചാരങ്ങളെയും പ്രതിഫലിപ്പിക്കാന്‍ ‘മാസ്റ്റര്‍മാര്‍’ എന്ന് സിനിമ സങ്കേതങ്ങളില്‍ വിളിക്കപ്പെടുന്ന പലരും ‘നിര്‍ബന്ധിതരായി.’ യാങ്‌ചോയുടെ ശരികളുടെ യാത്ര ആരംഭിക്കുന്നതും അവിടെയായിരുന്നു. അടിച്ചമര്‍ത്തലിന്റെ വികാരങ്ങളെ തന്നെയാണ് ആ മനുഷ്യന്‍ സിനിമകളാക്കി നമുക്ക് കാഴ്ച വച്ചത്. ഭരണകൂടം എന്ന വലിയ പാഠശാലയെക്കുറിച്ചുള്ള പാഠങ്ങളായിരുന്നു പിന്നീട് പ്രചുര പ്രചാരം നേടിയ ഓരോ സിനിമകളും. ആധിപത്യം ഏത് രൂപത്തില്‍ എവിടെ നിന്നും വരുന്നു എന്ന കൃത്യമായ കാഴ്ചകളും യാങ്‌ചോയ്ക്ക് മാത്രം സ്വന്തമാണ്. അത് ഒരു വാര്‍ത്ത മാധ്യമം തന്നെയാകാം അല്ലെങ്കില്‍ ഒരു പുതിയ സാങ്കേതികവിദ്യ തന്നെയാകാമെന്ന് 1989ല്‍ ‘ഹോറസ്‌കോപ്പ് ഓഫ് ജീസസ് ക്രൈസ്റ്റ്’ എടുത്തുകൊണ്ട് യാങ്‌ചോ തെളിയിച്ചു. അധികാരം അറിവും ആയുധവുമാണെന്ന വലിയ സിദ്ധാന്തം ഒരു പ്രത്യയശാസ്ത്ര ചര്‍ച്ചകളും കൂടാതെ വളരെ നിര്‍മ്മലമായി നമുക്ക് മുന്നില്‍ കാണിച്ചു തന്നു ആ ചിത്രം. നിങ്ങളുടെ നഗ്നത എവിടെയും പ്രദര്‍ശിപ്പിക്കപ്പെടുകയാണെന്ന്, ഒരു രഹസ്യങ്ങളുമില്ലാത്ത ജനതയാണ് ബാക്കിയെന്ന് പറഞ്ഞ് വെക്കുമ്പോള്‍, പുതിയ സാങ്കേതിക വിദ്യകള്‍ ഭരണകൂടങ്ങളെ എങ്ങനെ സഹായിക്കുന്നു എന്നും രണ്ട് പതിറ്റാണ്ടുമുമ്പ് യാങ്‌ചോ മനസിലാക്കിയിരുന്നു. പുതിയ മൊബൈല്‍ സാങ്കേതികവിദ്യയുടെ കാലങ്ങളില്‍ നമ്മള്‍ അത് പഠിച്ചുകൊണ്ടിരിക്കുന്നതേ ഉള്ളെങ്കിലും.


ദി കണ്‍ഫ്രണ്ടേഷന്‍

മാര്‍ക്‌സ് കണ്ടിട്ടില്ലാത്ത കലയാണ് സിനിമ. പക്ഷെ മാര്‍ക്‌സിനെ ഇത്രയും ഭാവനാത്മകമായി ഉപയോഗിച്ച ഒരു സിനിമക്കാരന്‍, സൊളാനസ് കഴിഞ്ഞാല്‍ ഒരു പക്ഷെ യാങ്‌ചോ തന്നെയാവും. അവസാനം കണ്ട് ‘ലാസ്റ്റ് സപ്പര്‍ അറ്റ് ദ അറേബ്യന്‍ ഗ്രേ ഹോഴ്‌സ്’ എന്ന ചിത്രത്തില്‍ തുറന്നുവിടുന്ന ആഗോളീകരണത്തിന്റെ പ്രത്യയശാസ്ത്ര ചിന്തകള്‍ ഓര്‍മ്മിപ്പിക്കുന്നതും മറ്റൊന്നല്ല. മറ്റൊരു നവലോക പ്രതീക്ഷയില്‍ നഷ്ടപ്പെട്ടുന്ന നമ്മളെ കുറിച്ചാണ് ആ ചിത്രവും പറയുന്നത്. പ്രത്യേകിച്ചും കമ്മ്യൂണിസത്തിന്റെ വളര്‍ച്ചയും ഇകഴ്ചയും കണ്ട ഒരു മനസ് പുതിയ ഒരു ലോകക്രമത്തെ വീണ്ടും കാണുമ്പോള്‍. അത്ഭുതകരമായ ഒരു കാര്യം, ആ ലോകക്രമങ്ങളൊന്നും യാങ്‌ചോയെ നിരാശനാക്കിയില്ല എന്നതാണ്. പുതിയ പ്രതീക്ഷകള്‍ തന്നെയാണ് യാങ്‌ചോയുടെ ലോകവും.

യാങ്‌ചോയുടെ ദി കണ്‍ഫ്രണ്ടേഷന്‍, ഇലക്ട്ര മൈ ലവ്, ദി റൌണ്ട് അപ്, റെഡ് പ്സാം, സൈലന്‍സ് ആന്‍ഡ് ക്രൈ എന്നീ ചിത്രങ്ങള്‍ ഐ എഫ്  എഫ് കെയില്‍  പ്രദര്‍ശിപ്പിക്കും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍