UPDATES

വിദേശം

മിനമാറ്റ; ജപ്പാനിലെ എന്‍മകജെ

Avatar

യുസുകേ ഒമോരി, കസുഹിരോ ഷിറൈഷി
(ദി ജപ്പാന്‍ ന്യൂസ്/ യൊമിയൂറി)

മിനമാറ്റ ഉള്‍ക്കടലിനോട് ചേര്‍ന്നു ജീവിക്കുന്ന ജനസമൂഹത്തില്‍ പെട്ട ജിത്സുകോ തനാക കഴിഞ്ഞ അറുപത് വര്‍ഷങ്ങളായി ഒരു രോഗത്തോടു പൊരുതിക്കൊണ്ടിരിക്കുകയാണ്. 

‘മിനമാറ്റ രോഗം’ എന്നറിയപ്പെട്ട ഈ രോഗത്തെ തുടര്‍ന്നു ആശുപത്രിയിലായ ആദ്യത്തെ നാലു രോഗികളില്‍ ഒരാളാണ് 63കാരിയായ തനാക. 

ചിസ്സോ കോര്‍പ്സിന്‍റെ മിനമാറ്റ പ്ലാന്‍റില്‍ നിന്ന് പുറന്തള്ളുന്ന മീഥൈല്‍ മെര്‍ക്കുറി അടങ്ങിയ കടല്‍ വിഭവങ്ങള്‍ കഴിച്ചിരുന്നവരിലാണ് ഇത് ആദ്യമായി കണ്ടത്. കേന്ദ്ര നാഡീ വ്യൂഹത്തെ ബാധിക്കുന്ന ഈ അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ കാഴ്ചയുടെ പരിധി കുറയുന്നതും മറ്റ് സംവേദന ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തിലെ പ്രശ്നങ്ങളുമാണ്. 

ആദ്യകാല രോഗികളില്‍ നടത്തിയ രോഗനിര്‍ണ്ണയത്തിന് ശേഷം പ്ലാന്‍റിലെ മലിനജലത്തില്‍ നിന്നാണ് ഈ അസുഖമുണ്ടാകുന്നതെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കിയെങ്കിലും ജാപ്പനീസ് ഗവണ്‍മെന്‍റും കമ്പനിയും ഇത് അംഗീകരിച്ചില്ല. 1968ല്‍, ഈ രോഗലക്ഷണങ്ങളെ പരിസ്ഥിതി മലിനീകരണം മൂലമുണ്ടാകുന്ന ഒരു അസുഖമായി തിരിച്ചറിഞ്ഞു. ജപ്പാനിലെ കുമാമോട്ടോ, കഗോഷിമ എന്നിവിടങ്ങളിലായി 2,280 പേരാണ് ഔദ്യോഗിക കണക്കുകളനുസരിച്ച് മിനമാറ്റ രോഗബാധിതരായുള്ളത്. 

ഈ അസുഖം തിരിച്ചറിഞ്ഞിട്ട് മേയ് 1നു  അറുപതു വര്‍ഷം തികഞ്ഞു. ഇപ്പോഴും തനാകയുടെ കുടുംബം അവരുടെ ജീവിതത്തെ മുന്‍നിര്‍ത്തി ഈ ദുരന്തത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ ശ്രമങ്ങള്‍ തുടരുന്നു. 

മിനമാറ്റയിലെ സുകിനോറ ജില്ലയിലെ തങ്ങളുടെ വീടിനോട് ചേര്‍ന്നുള്ള, പാറക്കെട്ടുകള്‍ നിറഞ്ഞ കടപ്പുറത്ത് ചിപ്പികളും മറ്റ് കടല്‍ വിഭവങ്ങളും ശേഖരിച്ചും അവിടെ കളിച്ചുമാണ് തനാക കുടുംബത്തിലെ കുട്ടികള്‍ വളര്‍ന്നത്. 

1956 ഏപ്രിലില്‍ തനാകയ്ക്ക് രണ്ടു വയസ്സു മാത്രമുള്ളപ്പോഴാണ് അവള്‍ അഞ്ചു വയസ്സുകാരി സഹോദരിയോടൊപ്പം ചിസ്സോ കോര്‍പ്പ് എന്നറിയപ്പെടുന്ന Shin-Nippon Chisso Hiryo K.K. യുടെ മിനമാറ്റ പ്ലാന്‍റിനോട് ചേര്‍ന്നുള്ള ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. 

ആശുപത്രി ഡയറക്ടറായിരുന്ന ഹജിമെ ഹൊസോകാവ ആ വര്‍ഷം മേയ് 1നു മുന്‍സിപ്പല്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസിനു കൊടുത്ത റിപ്പോര്‍ട്ടില്‍ പറഞ്ഞത് “മസ്തിഷ്ക സംബന്ധമായ പ്രശ്നങ്ങളോടെ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു; രോഗകാരണം വ്യക്തമല്ല” എന്നാണ്.

ആ റിപ്പോര്‍ട്ട്  ‘മിനമാറ്റ അസുഖ’ ത്തിന്‍റെ ആദ്യ ഔദ്യോഗിക സ്ഥിരീകരണമായി കണക്കാക്കപ്പെടുന്നു.

അതിനു ശേഷം മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ തനാകയുടെ സഹോദരി മരണമടഞ്ഞു.

ഇന്ന് തനാകയ്ക്ക് വെറും 140 സെന്‍റിമീറ്റര്‍ (4 അടി 7 ഇഞ്ച്) ഉയരവും 30 കിലോഗ്രാം ഭാരവുമേയുള്ളൂ. സംസാരശേഷിയില്ലാത്ത അവര്‍ മറ്റൊരു സഹോദരിയായ അയാകോ ഷിമോഡയുടെയും (72) സഹോദരീഭര്‍ത്താവ് യോഷിയോയുടെയും (68) കൂടെയാണ് താമസിക്കുന്നത്. 

ഇടയ്ക്കിടെ അപസ്മാരം ഉണ്ടാകുന്ന തനാക അപ്പോള്‍ കാലുയര്‍ത്തി തറയില്‍ കിടന്നുരുളും, തലയുടെ സംരക്ഷണത്തിനായി ചിലപ്പോള്‍ ഹെല്‍മറ്റ് പോലെയുള്ളവയുടെ സഹായം വേണ്ടി വരും. 

അവര്‍ക്ക് മിക്കപ്പോഴും ഉറക്കം ശരിയാവാറില്ല. ചിലപ്പോള്‍ ദിവസങ്ങളോളം ഉറക്കമില്ല, അല്ലാത്തപ്പോള്‍ വിശ്രമിച്ചാലും ഉറങ്ങുന്നത് നാലും അഞ്ചും മണിക്കൂറുകള്‍ മാത്രമാകും. 

സാഷിമി പോലെയുള്ള മൃദുവായ ആഹാരങ്ങളെ കഴിക്കാന്‍ സാധിക്കൂ. സാഷിമി തനാകയ്ക്ക് ഇഷ്ടമാണ്, മിക്ക ദിവസവും കഴിക്കുകയും ചെയ്യും.

“മല്‍സ്യവിഭവങ്ങള്‍ കഴിച്ചതിലൂടെയാണ് ഈ അസുഖം പിടിപെട്ടത് എന്നത് ഒരു വിരോധാഭാസമാണ്. അടുത്തകാലത്തായി തനാക കൂടുതല്‍ അവശയാണ്. അതുകൊണ്ട് അല്‍പ്പസമയത്തേക്ക് പോലും പുറത്തു പോകാറില്ല. പുറംലോകം കാണാനായി ഇനി കൊണ്ടുപോകാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല,” യോഷിയോ ഷിമോഡ പറയുന്നു.

2009 മുതല്‍ അയാകോ ഷിമോഡ വീല്‍ചെയറിലാണ്. അതിനടുത്ത വര്‍ഷം അവരുടെ ഭര്‍ത്താവിന് ഹൃദയധമനിയിലെ വീക്കത്തെ തുടര്‍ന്നു ശസ്ത്രക്രിയ വേണ്ടിവന്നു.

തനാകയുടെ ശുശ്രൂഷ അതോടെ അവര്‍ക്ക് പ്രയാസമായിത്തീര്‍ന്നു. മിനമാറ്റ രോഗബാധിതരുടെ അസോസിയേഷന്‍ ഉദ്യോഗസ്ഥര്‍ തനാകയ്ക്ക് മുഴുവന്‍ സമയ നേഴ്സിനെ ഏര്‍പ്പെടുത്തി. 

എങ്കില്‍പ്പോലും ഇവര്‍ക്ക് മറ്റ് ആശങ്കകളുണ്ട്.

“ഞാന്‍ ഇങ്ങനെ പറയുമ്പോള്‍ അത് പല തെറ്റിദ്ധാരണകള്‍ക്കും ഇടയാക്കും. പക്ഷേ ജിത്സുകോ എന്നെക്കാള്‍ മുന്‍പേ മരിക്കണമെന്നാണ് എന്‍റെ ആഗ്രഹം,” അയാകോ ഷിമോഡ പറയുന്നു.

വളരെ നാളായുള്ള മറ്റൊരു സ്വപ്നവും ഇവര്‍ക്കുണ്ട്, “ഒരിക്കലെങ്കിലും ജിത്സുകോ എന്നെ ‘നി- ചാന്‍’ (മൂത്ത സഹോദരിയെ സ്നേഹപൂര്‍വ്വം സംബോധന ചെയ്യുന്ന ജാപ്പനീസ് വാക്ക്) എന്നു വിളിച്ചു കേള്‍ക്കണമെന്നുണ്ട്.”

അയാകോ ഷിമോഡ കണ്ണീര്‍ തുടയ്ക്കുന്നതു കണ്ട് കിടക്കയില്‍ കിടന്ന് തനാക അവരെത്തന്നെ നോക്കിക്കൊണ്ടിരുന്നു.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍