UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആശുപത്രി കിടക്കയില്‍ നിന്നു കട്ടെടുക്കപ്പെട്ട മകളെ 18 വര്‍ഷത്തിന് ശേഷം ഒരമ്മ കണ്ടെത്തിയ കഥ

Avatar

മൈക്കല്‍ ഇ. മില്ലര്‍
(വാഷിംഗ്ടന്‍ പോസ്റ്റ്)

സെലെസ്റ്റ് നേഴ്സ് കരുതിയത് ആ സ്ത്രീ സഹായിക്കാന്‍ ശ്രമിക്കുകയാണ് എന്നാണ്.

ദക്ഷിണാഫ്രിക്കയിലെ കേപ് ടൌണില്‍ ആശുപത്രിക്കിടക്കയിലായിരുന്നു സെലെസ്റ്റ് നേഴ്സ് എന്ന യുവതി. സിസേറിയന്‍ ഓപ്പറേഷന്‍റെ വേദന മറയ്ക്കാന്‍ നല്‍കിയ മോര്‍ഫീന്റെ മയക്കത്തിലാണ് അവര്‍. തൊട്ടടുത്ത കട്ടിലില്‍ അവരുടെ ചുരുളന്‍ മുടിക്കാരി കുഞ്ഞ്. പ്രസവ വാര്‍ഡിന്‍റെ വാതില്‍ക്കല്‍ ഒരു സ്ത്രീ നില്‍ക്കുന്നത് പകുതിയടഞ്ഞ കാണുകളിലൂടെ സെലെസ്റ്റ് നേഴ്സ് കാണുന്നുണ്ടായിരുന്നു.

“നിങ്ങളുടെ കുഞ്ഞ് കരയുന്നുണ്ടല്ലോ,” ആശുപത്രി നേഴ്സുമാരെ പോലെ ഇളം തവിട്ടു നിറത്തിലുള്ള ടോപ്പും മറൂണ്‍ പാന്‍റ്സും ധരിച്ചിരുന്ന ആ സ്ത്രീ പറഞ്ഞു. “ഞാന്‍ എടുക്കട്ടെ?”

സെലെസ്റ്റ് സമ്മതിച്ചു. തന്‍റെ മകള്‍ സെഫാനിയെ അവര്‍ കോരിയെടുക്കുന്നത് ഉറക്കത്തിലേയ്ക്ക് വീഴുമ്പോള്‍ സെലെസ്റ്റ് കണ്ടു.

മറ്റൊരു നേഴ്സ് വെപ്രാളത്തോടെ കുലുക്കി വിളിക്കുമ്പോഴാണ് പിന്നെ സെലെസ്റ്റ് ഉണരുന്നത്; ഇത്തവണ വിളിച്ചത് ഒരു യഥാര്‍ത്ഥ നേഴ്സ് ആയിരുന്നു. 

“നിങ്ങളുടെ കുഞ്ഞെവിടെ?” അവര്‍ ആകാംക്ഷയോടെ ചോദിച്ചു.

“എന്താണീ ചോദിക്കുന്നത്, ഇപ്പോള്‍ നേഴ്സ് കുഞ്ഞിനെയുമെടുത്ത് ഇവിടെ ഉണ്ടായിരുന്നല്ലോ,” സെലെസ്റ്റിന് ഒന്നും മനസിലായില്ല.

ഭയം പെട്ടന്നു തന്നെ സെലെസ്റ്റിന്‍റെ ഉറക്കച്ചടവിനെ അകറ്റി. ശസ്ത്രക്രിയ കഴിഞ്ഞ മുറിവിനെ വക വയ്ക്കാതെ, കയ്യിലെ IV സൂചി വലിച്ചു കളഞ്ഞ് അവര്‍ ആശുപത്രിയില്‍ എല്ലായിടത്തും തന്‍റെ കുഞ്ഞിനെ തിരഞ്ഞ് ഓടി നടന്നു. 

എന്നാല്‍ “ദൈവം ഒളിപ്പിച്ചത്” എന്നര്‍ത്ഥം വരുന്ന ‘സെഫാനി’ എന്ന പേരുള്ള ആ കുഞ്ഞ് അവിടെ എവിടെയും ഉണ്ടായിരുന്നില്ല.

ഇനി അടുത്ത 18 വര്‍ഷങ്ങളിലേയ്ക്ക് അവളെ കണ്ടു കിട്ടില്ല.

“ഇത് യഥാര്‍ഥത്തില്‍ എനിക്കു സംഭവിക്കുന്നതല്ല, ആരെങ്കിലും ഇതില്‍ നിന്നു എന്നെ ഉണര്‍ത്തിയിരുന്നെങ്കില്‍ എന്നാണ് ആദ്യം കരുതിയത്,” ചൊവ്വാഴ്ച സെലെസ്റ്റ് പറഞ്ഞു. അവരുടെയാ ദുസ്വപ്നം ആരംഭിച്ച് ഏതാണ്ട് 19 വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു അപ്പോള്‍. “അത് സത്യമാവില്ലെന്ന് തന്നെ ഞാന്‍ കരുതി.”

പക്ഷേ അതൊരു യാഥാര്‍ഥ്യമായിരുന്നു. ആ സംഭവത്തിന് ഉത്തരവാദി എന്നു പ്രോസിക്യൂട്ടര്‍മാര്‍ പറയുന്ന വ്യക്തിയെ ചൊവ്വാഴ്ച സെലെസ്റ്റ് കണ്ടു. സെലെസ്റ്റിന്‍റെ കുഞ്ഞിനെ മോഷ്ടിച്ച് തന്‍റേതായി വളര്‍ത്തിക്കൊണ്ടിരുന്ന ആ സ്ത്രീ ഇപ്പോള്‍ വിചാരണ നേരിടുകയാണ്.

അസാധാരണമായ ഒരു കുറ്റകൃത്യം, അതിന്‍റെ അവിശ്വസനീയമായ അന്ത്യം കൊണ്ട് കൂടുതല്‍ ശ്രദ്ധേയമാകുന്നു.

ബൈബിളിലെ പേരുള്ള കുട്ടിയുടെ വിചിത്രമായ തിരോധാനം രണ്ടു ദശകത്തോളം ദക്ഷിണാഫ്രിക്കയിലെ പത്രങ്ങളില്‍ തലക്കെട്ടായി. രാജ്യത്ത് അത്തരം കുറ്റകൃത്യങ്ങള്‍ സാധാരണമായിരുന്നു എങ്കിലും സെഫാനിയെ കാണാതായതിന് പ്രത്യേകതയുണ്ടായിരുന്നു.

അവളുടെ വിധി അവളുടെ പേരില്‍ തന്നെ എഴുതി ചേര്‍ക്കപ്പെട്ടിരുന്നു.


സെഫാനിയുടെ അമ്മ സെലെസ്റ്റ് നേഴ്സ് (വലത്ത്)

ബൈബിളിലെ പേര്, ഭ്രമിപ്പിക്കുന്ന കഥ
സെലെസ്റ്റും മോണ്‍ നേഴ്സും സുന്ദരമായ കേപ് ടൌണ്‍ നഗരത്തിന് പുറത്തുള്ള, താരതമ്യേന വെള്ളക്കാരില്ലാത്ത ടൌണ്‍ഷിപ്പായ മിച്ചല്‍ പ്ലെയ്നില്‍ ഒരുമിച്ച് വളര്‍ന്നവരായിരുന്നു. മോണ്‍ ഒരു ബലിഷ്ഠന്‍; സെലെസ്റ്റാവട്ടെ മെലിഞ്ഞു സുന്ദരിയും. കൌമാരപ്രായത്തില്‍ കണ്ടുമുട്ടിയ അവര്‍ വിവാഹിതരായി; അധികം താമസിയാതെ അവള്‍ ആദ്യത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. അവര്‍ അവള്‍ക്ക് സെഫാനി എന്നു പേരിടാന്‍ തീരുമാനിച്ചിരുന്നു. വളരെ ചെറുപ്പത്തില്‍ മാതാപിതാക്കള്‍ ആകേണ്ടി വരുന്നതിന്‍റെ ഞെട്ടല്‍ അവര്‍ വേഗംതന്നെ മറികടന്നു.

“ഞങ്ങള്‍ ആവേശഭരിതരായിരുന്നു. അവള്‍ എങ്ങനെയായിരിക്കും എന്നൊക്കെ എപ്പോളും ചിന്തിക്കുമായിരുന്നു,” 3 വര്‍ഷങ്ങള്‍ക്കു മുന്‍പ് സെലെസ്റ്റ് കേപ് ആര്‍ഗസ് പത്രത്തിനോടു പറഞ്ഞു.

1997 ഏപ്രില്‍ 27നു ആരോഗ്യവതിയായി, തല നിറയെ മുടിയുമായി സെഫാനി ജനിച്ചു.

3 ദിവസങ്ങള്‍ക്ക് ശേഷം, നേഴ്സ് ആയി അഭിനയിച്ച ഒരു സ്ത്രീ തന്‍റെ കുഞ്ഞിനെ തട്ടിക്കൊണ്ടു പോയി എന്ന വാര്‍ത്തയിലേക്ക് സെലെസ്റ്റ് ഉണര്‍ന്നു. വളരെ കുറച്ചു കാര്യങ്ങളേ ആ കുഞ്ഞിന്‍റേതായി അവശേഷിച്ചിരുന്നുള്ളൂ: സെഫാനിയുടെ വസ്ത്രങ്ങള്‍, ഉടമസ്ഥയെ കുറിച്ച് ഒരു സൂചനയും തരാത്ത ഒരു ബാഗ്, മോഷ്ടാവ് ഗര്‍ഭിണിയായി അഭിനയിക്കാന്‍ ഉപയോഗിച്ച ഒരു തലയിണ. ഇതെല്ലാം പ്രസവ വാര്‍ഡില്‍ നിന്നും പുറത്തേയ്ക്കുള്ള വഴിയിലെ ഉപയോഗശൂന്യമായ ഒരു ടണലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്ന് കേപ് ആര്‍ഗസ് പത്രം റിപ്പോര്‍ട് ചെയ്യുന്നു.

“ഞങ്ങള്‍ ആശുപത്രിയിലെങ്ങും ഓടി നടന്നു. കുഞ്ഞിനെ കണ്ടുകിട്ടിയില്ല, അവളെ നഷ്ടമായിരുന്നു,” സാക്ഷിക്കൂട്ടില്‍ നിന്ന് സെലെസ്റ്റ് പറഞ്ഞു.

ആ ദമ്പതികള്‍ ഹതാശരായി.

“ഞാന്‍ ചുരുണ്ടു കിടന്നു ഹൃദയം പൊട്ടുന്ന പോലെ കരയുകയായിരുന്നു,” മോണ്‍ സാക്ഷ്യപ്പെടുത്തി.

ആശുപത്രിക്കാര്‍ പോലീസിനെ അറിയിച്ചെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരില്ലെന്നും തങ്ങളുടെ മകളുടെ വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്നും കണ്ടതോടെ അവരുടെ ദുഖം ദേഷ്യമായി.

“ഞാന്‍ അക്രമാസക്തനായിപ്പോയി, ഒരു മരുന്നലമാര മറിച്ചിട്ടു. അതിലെ കുപ്പികള്‍ നിലത്തു വീണു ചിതറി,” മോണ്‍ 2010ല്‍ കേപ് അര്‍ഗസിനോട് പറഞ്ഞു.

“ഞങ്ങള്‍ ഒന്നുമില്ലാതെ വീട്ടില്‍ തിരിച്ചെത്തി,” സെലെസ്റ്റ് അതേ അഭിമുഖത്തില്‍ പറഞ്ഞു.

ഈ ദുഃസ്വപ്നം അവസാനിക്കുമെന്നും മോള്‍ വീട്ടില്‍ തിരിച്ചെത്തുമെന്നും പ്രതീക്ഷിച്ച് അവര്‍ ദിവസങ്ങളോളം കഴിഞ്ഞു. അവള്‍ക്കായി ഒരുക്കിയ ഓരോ സാധനങ്ങളും അവരുടെ സങ്കടത്തെ ഇരട്ടിപ്പിച്ചു, സെഫാനിയെ ഓര്‍മിപ്പിച്ചു.

“രാത്രി കിടക്കയില്‍ കിടന്നു ഞാന്‍ പൂച്ചകള്‍ കരയുന്നത് കേള്‍ക്കുമായിരുന്നു. ചിലപ്പോള്‍ അതൊരു കുഞ്ഞിന്‍റെ കരച്ചില്‍ പോലെയായിരുന്നു,” സെലെസ്റ്റ് ഓര്‍ക്കുന്നു.

പല വിവരങ്ങളും കിട്ടിയെങ്കിലും സഹായകമായ ഒന്നുമില്ലായിരുന്നു. സെഫാനി അപ്രത്യക്ഷയാകുന്നതിന് മുന്‍പ് അതേ ആശുപത്രിയിലെ മറ്റൊരു അമ്മ അവരുടെ കുഞ്ഞിനെയും എടുത്ത് ഒരു സ്ത്രീ വാതിക്കലേയ്ക്ക് നടക്കുന്നതു കണ്ടു. അവരെ ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിനെ “സമാധാനിപ്പിക്കാന്‍” വേണ്ടി എടുത്തതാതെന്നാണ് ആ സ്ത്രീ പറഞ്ഞത്. ആ അമ്മയ്ക്കും പക്ഷേ അവരെ തിരിച്ചറിയാനായില്ല.

ദമ്പതികളുടെ അയല്‍ക്കാരില്‍ ഒരു സ്ത്രീ, അവര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് ആരും അറിഞ്ഞിരുന്നില്ല, പെട്ടന്നൊരു കുഞ്ഞുമായി പ്രത്യക്ഷപ്പെട്ടപ്പോള്‍ പോലീസ് അവരെ ചോദ്യം ചെയ്തു. പക്ഷേ അവരുടെ കയ്യിലുണ്ടായിരുന്നത് ഒരു ആണ്‍കുഞ്ഞായിരുന്നു. 

പത്തു വര്‍ഷങ്ങള്‍ കഴിയുവോളം വേറൊരു വിവരവും കിട്ടിയില്ല.

പിന്നീട് അവര്‍ക്ക് മൂന്നു കുട്ടികള്‍ കൂടിയുണ്ടായി, കാസ്സിഡി എന്ന് പേരിട്ട ഒരു മകള്‍ അടക്കം. പക്ഷേ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ നേഴ്സ് ദമ്പതികള്‍ക്ക് മറക്കാനായില്ല. സെഫാനിയുടെ പിറന്നാള്‍ അവര്‍ ഓരോ വര്‍ഷവും ആഘോഷിച്ചു. തങ്ങളുടെ കുഞ്ഞിനെ തട്ടിയെടുത്തത് ആരായാലും തിരിച്ചുതരണമെന്ന് പത്രങ്ങളിലൂടെയും ടി‌വിയിലൂടെയും പല തവണ അപേക്ഷിച്ചു.

2009 ജൂലൈ 17നു വെളുപ്പിന് 3 മണിക്ക് വന്ന ഒരു ഫോണ്‍ വിളി വീണ്ടും അവര്‍ക്ക് പ്രതീക്ഷകള്‍ നല്കി.

കേപ് ആര്‍ഗസ് പത്രത്തിലെ റിപ്പോര്‍ട് പ്രകാരം ഫോണ്‍ വിളിച്ച സ്ത്രീ അടക്കിയ സ്വരത്തില്‍ “എനിക്കു നിങ്ങളുടെ മകളെ കുറിച്ച് അറിയാം” എന്ന് പറഞ്ഞു. അവള്‍ എവിടെയുണ്ടെന്ന് പറയാന്‍ 500,000 റാന്‍ഡ് (അന്ന്‍ ഏതാണ്ട് 33,000 ഡോളര്‍) ആണ് വിളിച്ചവര്‍ ആവശ്യപ്പെട്ടത്. മിചല്‍സ് പ്ലെയിനിലെ ഒരു കെന്‍റക്കി ഫ്രൈഡ് ചിക്കന്‍ റെസ്റ്റോറന്‍റില്‍ പണമായി വരാന്‍ ആവശ്യപ്പെട്ടു.

നേഴ്സ് ദമ്പതികള്‍ ഈ വിവരം പോലീസിനെ അറിയിച്ചു. ഏഴു മണിക്കൂറിന് ശേഷം മോണ്‍ ആ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്‍റില്‍ പണവുമായി ചെന്നു, ട്രാക്ക് ചെയ്യാനുള്ള ഉപകരണം ഘടിപ്പിച്ച്. പക്ഷേ ഫോണ്‍ വിളിച്ച സ്ത്രീ വന്നില്ല. ഫോണ്‍ വിളിയുടെ ഉറവിടം അന്വേഷിച്ച പോലീസ് സെലെസ്റ്റിന്‍റെ അമ്മയുടെ അയല്‍വക്കത്തെ ഒരു സ്ത്രീയെ തിരിച്ചറിഞ്ഞു. അവരെ പണം തട്ടാന്‍ ശ്രമിച്ചതിന്‍റെ പേരില്‍ അറസ്റ്റ് ചെയ്തു. 

“ഞാന്‍ ഒരിക്കലും, ഒരിയ്ക്കലും പ്രതീക്ഷ കൈ വിടില്ല. എനിക്കറിയാം, എന്‍റെ മകള്‍ എവിടെയോ ഉണ്ട്. അവള്‍ തിരികെ വീട്ടിലെത്തുക തന്നെ ചെയ്യും,” സെലെസ്റ്റ് 2010ല്‍ പത്രത്തോടു പറഞ്ഞു.

സെഫാനി അപ്പോഴും മറഞ്ഞിരുന്നു, അവള്‍ക്ക് പക്ഷേ അതറിയുക പോലുമില്ലായിരുന്നു.

എല്ലാവരും കാസ്സിഡി നേഴ്സിനോട് അവളുടെ ‘ഇരട്ട’യെ പറ്റി പറയുമായിരുന്നു. മിച്ചല്‍ പ്ലെയിന്‍സ് ഹൈസ്കൂളിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയായിരുന്ന കാസ്സിഡിയോട് അവളെ പോലെ തന്നെയിരിക്കുന്ന സീനിയറിനെ പറ്റി ഒന്നിന് പുറകെ ഒന്നായി പലരും പറഞ്ഞു. അവര്‍ക്ക് ഒരേ പോലെയുള്ള ഇളം തവിട്ടു തൊലിയും ബദാം കണ്ണുകളും, പരന്ന മൂക്കും വലിയ ചുണ്ടുകളുമായിരുന്നു.

കാസ്സിഡിക്ക് ആ പെണ്‍കുട്ടിയോട് പറഞ്ഞറിയിക്കാനാവാത്ത ഒരടുപ്പം തോന്നി, അവര്‍ കൂട്ടുകാരായി. തങ്ങള്‍ തമ്മിലുള്ള സാമ്യത്തെ പറ്റി അവള്‍ മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ മോണ്‍ ജിജ്ഞാസുവായി.  അടുത്തുള്ള ഒരു മാക്ഡൊണാള്‍ഡ്സില്‍ വച്ച് ആ കുട്ടിയെ കാണാന്‍ മോണ്‍ തീരുമാനിച്ചു.

“മാക്ഡൊണാള്‍ഡ്സില്‍ വച്ച് ഞാന്‍ അവളെ ചോദ്യം ചെയ്തു, അവളുടെ ജന്‍മദിനം എന്നാണെന്ന് ചോദിച്ചു. ഞങ്ങളുടെ മകളെ തട്ടിയെടുത്ത ദിവസമായിരുന്നു അത്,” ഡെയിലി മെയില്‍ പത്രത്തിലെ റിപ്പോര്‍ട് പ്രകാരം മോണ്‍ കോടതിയില്‍ അറിയിച്ചു. 

“അവളുടെ വീട്ടുകാരുടെ ഛായ അല്ല തനിക്കെന്ന് എപ്പോളും താന്‍ ആലോചിക്കാറുണ്ടെന്ന് അവള്‍ പറഞ്ഞു,” മോണ്‍ തുടര്‍ന്നു. “എന്നോടും കാസ്സിഡിയോടും അവള്‍ക്ക് സാമ്യം തോന്നാന്‍ എന്താണ് കാരണമെന്ന് ഞാന്‍ ചോദിച്ചു. അവള്‍ ചിരിച്ചു. അവള്‍ക്ക് തന്നെ ആശയക്കുഴപ്പം തോന്നുന്നു എന്ന് പറഞ്ഞു. അവളെ ഭയപ്പെടുത്തരുതെന്ന് ഞാന്‍ കരുതി. ഏത് വിധത്തിലും അവളെ സംരക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. എനിക്കു വേണ്ട വിവരം കിട്ടിയിരുന്നു. ആ കുട്ടിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ ഫേസ്ബുക്കില്‍ നിന്ന് കണ്ടു പിടിച്ചു. അവളുടെ പ്രൊഫൈല്‍ പരിശോധിച്ചു, ചിത്രങ്ങള്‍ കണ്ടു. അവള്‍ ശരിക്കും എന്‍റെ മക്കളെ പോലെയിരുന്നു.”


സെഫാനിയുടെ പിതാവ് മോണ്‍ നേഴ്സ് (ഇടത്ത്)

അതിനു ശേഷം ആ കുട്ടിയുടെ അമ്മയെന്ന് കരുതപ്പെടുന്ന സ്ത്രീയുടെ ഫോട്ടോ എടുത്ത് ഒരു വ്യക്തിക്ക് മെയില്‍ അയച്ചു.

അത് കിട്ടിയ ഷിറീന്‍ പീറ്റ് തനിക്കീ സ്ത്രീയെ അറിയാമെന്നു പറഞ്ഞു. 1997 ഏപ്രിലില്‍ സോഫാനിയെ കാണാതാകുന്നതിന് മുന്‍പ് തന്‍റെ കുഞ്ഞിനെ “സമാധാനിപ്പിക്കാന്‍” വേണ്ടി എടുത്തു കൊണ്ട് നടന്ന അതേ സ്ത്രീയാണ് ഇതെന്ന്‍ അവര്‍ അറിയിച്ചു. 

മോണ്‍ ഈ കാര്യങ്ങള്‍ സെലെസ്റ്റിനോട് ആദ്യമൊന്നും പറഞ്ഞില്ല. രണ്ടാമതൊരു തവണ കൂടെ ആ ഹൃദയം തകര്‍ക്കാന്‍ മോണ്‍ ആഗ്രഹിച്ചില്ല.

മാത്രമല്ല ഒരു വര്‍ഷം മുന്‍പ് അവര്‍ വേര്‍പിരിഞ്ഞിരുന്നു. സെലെസ്റ്റ് കാന്‍സറിനോട് പൊരുതി ജയിച്ചിരുന്നു. മറ്റൊരാളുമായുള്ള അവരുടെ വിവാഹനിശ്ചയം ഉടനെ നടക്കാനിരിക്കുകയായിരുന്നു. പക്ഷേ തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ കണ്ടുപിടിക്കാന്‍ അവര്‍ ഒരുപോലെ ആഗ്രഹിച്ചിരുന്നു.

താമസിയാതെ മോണ്‍ സെലെസ്റ്റിന് ആ പെണ്‍കുട്ടിയുടെ ഫോട്ടോ അയച്ചു കൊടുത്തു.

“എന്‍റെ ഉള്ളില്‍ ആ തോന്നലുണ്ടായി. ഹൃദയത്തില്‍ തൊട്ടു ഞാന്‍ പറഞ്ഞു, ഇത് എന്‍റെ മോളാണെന്ന്,” സെലെസ്റ്റ് സി‌ബി‌എസ്സിനോട് പറഞ്ഞു. “ഇത് എന്‍റെ മോളാണ്.”

തനിക്കു വേണ്ട തെളിവുകള്‍ ആയെന്നു മോണിന് ഒരിക്കല്‍ കൂടെ തോന്നി. അദ്ദേഹം അധികാരികളെ വിവരമറിയിച്ചു. പോലീസ് ആ പെണ്‍കുട്ടിയുടെ ഡി‌എന്‍‌എ സാംപിളുകള്‍ ശേഖരിച്ചു. ആറ് നീണ്ട ആഴ്ചകള്‍ക്ക് ശേഷം 2015 ഫെബ്രുവരി അവസാനം ടെസ്റ്റുകളുടെ ഫലം വന്നു.

അവസാനം സെഫാനിയെ കണ്ടെത്തി.

അവള്‍ക്ക് മറ്റൊരു പേരായിരുന്നു. പക്ഷേ തന്‍റെ മാതാപിതാക്കളുടെ വീട്ടില്‍ നിന്ന് കഷ്ടിച്ച് ഒരു മൈല്‍ അകലെയാണ് അവള്‍ ജീവിച്ചിരുന്നത്.

സെലെസ്റ്റ് 2015 ഫെബ്രുവരി 26നു തന്‍റെ മകളെ കണ്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍