UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

മിനി കൂപ്പര്‍ എസ്; സിക്‌സ് പാക്ക് ചുള്ളന്‍

റൊവാന്‍ ആറ്റ്കിന്‍സണ്‍. ഇല്ല, അങ്ങനെ പറഞ്ഞാല്‍ അധികമാര്‍ക്കും പിടികിട്ടാന്‍ സാദ്ധ്യതയില്ല. പക്ഷേ ‘മിസ്റ്റര്‍ ബീന്‍’ എന്നു കേട്ടാല്‍ കൊച്ചുകുട്ടികള്‍ക്കു പോലും ആളെ മനസിലാവും. സ്വതസിദ്ധമായ ശൈലിയിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചവശരാക്കി, അവരുടെ ഹൃദയം കവര്‍ന്നെടുത്ത കഥാപാത്രം. എന്നാല്‍ ‘ബീന്‍’ എന്ന രസികനേക്കാള്‍ എന്റെ ഹൃദയം കീഴടക്കിയത് അദ്ദേഹത്തിന്റെ ആ കുഞ്ഞിക്കാറായിരുന്നു, കറുത്ത ബോണറ്റോടുകൂടിയ, പച്ച നിറമുള്ള ആ സുന്ദരന്‍ക്കാര്‍. ആദ്യകാഴ്ചയിലേ മനസിലേക്കോടിക്കയറിയ ആ വാഹനത്തിന്റെ പേരുവിവരങ്ങള്‍ തേടി കുറച്ചലയേണ്ടി വന്നുവെങ്കിലും ഒടുവില്‍ ഞാന്‍ കണ്ടെത്തുക തന്നെ ചെയ്തു.

1976 മോഡല്‍ ബ്രിട്ടീഷ് ലെയ്‌ലാന്റ് മിനി 1000, ഒരുപക്ഷേ ഞാന്‍ കാണുന്ന ആദ്യത്തെ മിനി. മിനി എന്ന ബ്രാന്റിനോട് അന്നു തുടങ്ങിയ കമ്പമാണ്. 2003-ല്‍ പുറത്തിറങ്ങിയ ‘ഇറ്റാലിയന്‍ ജോബ്’ എന്ന ഗാരി ഗ്രേ ചിത്രം പിന്നീട് കണ്ണിമ ചിമ്മാതെ കണ്ടതിന്റെ കാരണവും മറ്റൊന്നല്ല. ടി ചിത്രത്തില്‍, പ്രേക്ഷകരുടെ നെഞ്ചില്‍ തീ കോരിയിട്ടു പാഞ്ഞ കരുത്തനായ കൂപ്പര്‍ എസിനെ കണ്ടവരാരും മറക്കാനിടയില്ല. ആരും കൊതിക്കുന്ന ഇവന്റെ എറ്റവും പുതിയ പതിപ്പ് ഒന്നോടിച്ചുനോക്കാം  ഇനി…

കൂപ്പര്‍ എസ്

നിലവില്‍ ബി.എം.ഡബ്ല്യു ഗ്രൂപ്പിന്റെ കീഴിലാണ് മിനി എന്ന ബ്രാന്റ്. കാലത്തിനൊപ്പം മാറാന്‍ മറക്കാതിരുന്ന കൂപ്പറിന് 2014-ലാണ് ഏറ്റവുമൊടുവില്‍ ഒരു ‘വമ്പന്‍ മേക്കോവര്‍’ ലഭിക്കുന്നത്. വൈകാതെ 3 ഡോര്‍, 5 ഡോര്‍ വകഭേദങ്ങളില്‍ ഡീസല്‍ കൂപ്പര്‍ ഇന്ത്യയിലുമെത്തി. 

കൂപ്പര്‍ ഡി എന്ന സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ കരുത്തേറിയ വകഭേദം; ലളിതമായി പറഞ്ഞാല്‍ അതാണ് മിനി കൂപ്പര്‍ എസ്. കൂപ്പര്‍ മധുരമെങ്കില്‍ കൂപ്പര്‍ എസ് അതിമധുരമാണ്. വാഹനപ്രേമികള്‍ ഇത്രനാള്‍ ആകാംക്ഷയോടെ കാത്തിരുന്നതും ഈ അതിമധുരം നുണയാന്‍ തന്നെ. എന്തായാലും, കാത്തിരിപ്പുകള്‍ക്കു വിരാമമിട്ടുകൊണ്ട് ഒരു പുത്തന്‍ 2.0 ലീറ്റര്‍ പെട്രോള്‍ എഞ്ചിനുമായാണ് 2015 മോഡല്‍ കൂപ്പര്‍ എസ് എത്തിയത്. ഇന്ത്യയില്‍ ലൈഫ് സ്‌റ്റൈല്‍ ഹാച്ച്ബാക്കുകള്‍ക്ക് പുത്തന്‍ ഉണര്‍വ് പകരാന്‍ ഈ മോഡലിനു കഴിഞ്ഞേക്കാം.

കാഴ്ച

അത്ര ‘ചെറിയൊരു’ കാറല്ല പുതുതലമുറ കൂപ്പര്‍ എസ്. മാതൃസ്ഥാപനമായ ബി എം ഡബ്ല്യുവിന്റെ പുതിയ യു.കെ.എല്‍ പ്ലാറ്റ്‌ഫോമില്‍ തീര്‍ത്തിരിക്കുന്ന ഇവന് തന്റെ മുന്‍ഗാമിയേക്കാള്‍ വലിപ്പക്കൂടുതലുെണ്ടന്നതാണ് യാഥാര്‍ത്ഥ്യം! അതുകൊണ്ടു തന്നെ കുറച്ചുകൂടി ‘മാസ്സീവെന്നു’ വിശേഷിപ്പിക്കാം നമുക്കിവനെ. കൂപ്പര്‍ ഒരു ശാലീന സുന്ദരിയായിരുന്നുവെങ്കില്‍ കൂപ്പര്‍ എസ് ഒരു സിക്‌സ് പാക്ക് ചുള്ളനാണ്.

‘മിനി’ത്വം തുളുമ്പുന്ന രൂപം! ഹെഡ്‌ലാമ്പ് അസംബ്ലി, ഗ്രില്‍, വടിവൊത്ത ദൃഢമായ ബോഡി, ടെയില്‍ലാമ്പ് ക്ലസ്റ്റര്‍, എന്നുവേണ്ട ഓരോ കണികയിലും ‘മിനി’ ഡിഎന്‍എയുടെ പ്രഭാവം പ്രകടം. മുന്‍ഭാഗത്തെ പ്രൗഢി മുഴുക്കെ ക്രോം സറൗേണ്ടാടുകൂടിയ വലിയ ഗ്രില്‍ സമ്മാനിക്കുന്നതാണ്. പുറംകാഴ്ചയില്‍ കൂപ്പര്‍ ഡിയില്‍ നിന്നും ‘എസ്സിനെ’ വ്യത്യസ്തനാക്കുന്ന ഘടകങ്ങളില്‍ പ്രധാനികളാണീ വലിയ ഹണികോമ്പ് ഗ്രില്‍, അതിനു മുകളിലായുള്ള വലിയ എയര്‍വെന്റ്, മസ്‌കുലര്‍ ബമ്പറിലെ എയര്‍ ഡാമിനിരുവശവും നല്‍കിയിരിക്കുന്ന എയര്‍ സ്‌കൂപ്പുകള്‍ എന്നിവ. ഗ്രില്ലിലെ ‘എസ്’ ബാഡ്ജിങ്ങ് ഹുഡിനടിയിലെ ‘ചെകുത്താനെ’ സൂചിപ്പിക്കുന്നു! പുത്തന്‍ കൂപ്പര്‍ ഡിയില്‍ കണ്ടതരം ഡി.ആര്‍.എല്ലോടുകൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ ഇവനും സ്വന്തം.

വശക്കാഴ്ചയില്‍ കൂപ്പര്‍ ഡിയില്‍ നിന്നുമുള്ള വ്യത്യാസങ്ങള്‍ മുന്‍ ഫെന്‍ഡറിലെ ‘എസ്’ ബാഡ്ജിംഗ്, അലോയ്കളുടെ വര്‍ണ്ണവ്യത്യാസം എന്നിവയിലൊതുങ്ങുന്നു. 

നമ്പര്‍ പ്ലേറ്റ് സ്ലോട്ടിനു മുകളിലായുള്ള ഗ്ലോസി ബ്ലാക്ക് സ്ട്രിപ്പ്, സാമാന്യം വലിയൊരു എയര്‍ ഡാമോടുകൂടിയ മസ്‌ക്കുലര്‍ പിന്‍ ബമ്പര്‍, നടുവിലെ ഇരട്ട ക്രോം മഫഌുകള്‍, ഇരട്ട ഫോഗ് ലാമ്പുകള്‍ എന്നിവയെല്ലാം  പിന്‍ഭാഗത്തിന്റെ സ്‌പോര്‍ട്ടി അപ്പീല്‍ വര്‍ദ്ധിപ്പിക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ അങ്ങേയറ്റം ‘ക്ലാസ്സിക്’ ആയിരിക്കാന്‍ മിനി ശ്രദ്ധിച്ചിട്ടുണ്ട്. ‘മനോഹരമായൊരു നിയോ റെട്രോ ബ്ലെന്റ്’ എന്നൊക്കെ വിശേഷിപ്പിക്കാം നമുക്കിവന്റെ രൂപകല്പനയെ…


ഉള്ളില്‍

സ്‌പോര്‍ട്ടിയായ ഓള്‍ ബ്ലാക്ക് ഇന്റീരിയര്‍, സവിശേഷ ഫിനിഷോടുകൂടിയ ഡാഷ്, തുകലില്‍ പൊതിഞ്ഞ, മികച്ച ഗ്രിപ്പേകുന്ന ‘ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ്’ സ്റ്റിയറിംഗ് വീല്‍, അങ്ങേയറ്റം സപ്പോര്‍ട്ടീവായ സീറ്റുകള്‍, എന്നിവയാണ് ‘എസ്സിന്റെ’ അകത്തളത്തെ ‘ഡി’യുടേതില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്. 

മാറ്റങ്ങളില്‍ പ്രധാനം ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പവര്‍ വിന്റോ, ഡോര്‍ ലോക്ക് സ്വിച്ചുകള്‍ എന്നിവയ്ക്കു സംഭവിച്ച സ്ഥാനമാറ്റം തന്നെ. മുന്‍ തലമുറ മിനികളില്‍ നിന്നും വ്യത്യസ്തമായി പുത്തന്‍ കൂപ്പര്‍ എസ്സില്‍ മീറ്റര്‍ ക്ലസ്റ്ററിന്റെ സ്ഥാനം സ്റ്റിയറിങ്ങിനു പിന്നിലായാണ്. വലിയൊരു അനലോഗ് സ്പീഡോയും റെവ് ഗേജുമടങ്ങുന്ന മീറ്റര്‍ ക്ലസ്റ്ററിന്റെ ക്ലാസ്സിക് രൂപം ആരേയും ആകര്‍ഷിക്കുവാന്‍ പോന്നതാണ്. സ്പീഡോയ്ക്കു കീഴിലെ കുഞ്ഞന്‍ ‘ഡി. ഐ. എസ്’ ഡിസ്‌പ്ലേയില്‍ അവശ്യവിവരങ്ങള്‍ ലഭ്യം. യു എസ് ബി , ബ്ലൂടുത്ത് സംവിധാനങ്ങളോടുകൂടിയ വലിയൊരു എ.വി.എന്‍ സ്‌ക്രീനും ഏതാനും സ്വിച്ചുകളുമൊക്കെയുെണ്ടങ്കിലും അടുക്കും ചിട്ടയുമുള്ള സെന്റര്‍ കണ്‍സോള്‍. ക്ലൈമറ്റ് കണ്‍ട്രോള്‍ സ്വിച്ചുകള്‍ക്കു സമീപമുള്ള എയര്‍ക്രാഫ്റ്റുകളിലേതിനു സമാനമായ ‘ടോഗ്ള്‍’ സ്വിച്ചുകളില്‍ ആദ്യകാഴ്ചയിലേ കണ്ണിലുടക്കും. എഞ്ചിന്‍ സ്റ്റാര്‍ട്ട് സ്വിച്ചിനും ഇതേ ലേഔട്ടാണെന്നതും എടുത്തു പറയേണ്ടതാണ്. ഗിയര്‍ നോബിനു പിന്നിലായുള്ള സ്വിച്ച്‌നോബ് ക്ലസ്റ്റര്‍ ഡ്രൈവ് സെലക്റ്റ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ക്കുതകും. അവിടവിടെയായി നല്‍കിയിരിക്കുന്ന സ്റ്റോറേജ് സ്‌പേസുകള്‍ പ്രായോഗികത മുന്നില്‍ക്കണ്ടാണ്. സപ്പോര്‍ട്ടീവായ മുന്‍നിര സീറ്റുകളേകുന്ന മികച്ച യാത്രാസുഖം പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. 4 സീറ്റര്‍ എന്നു പറയാമെങ്കിലും പിന്‍സീറ്റില്‍ ഇപ്പോഴും ലെഗ്‌സ്‌പേസ് നന്നേ കുറവാണ്. ബൂട്ട്‌സ്‌പേസിലും കാര്യമായ വര്‍ദ്ധനവില്ല.

എഞ്ചിന്‍

പുറംമോടിയിലെ വശ്യത ഹുഡിനടിയിലേക്കും വ്യാപിച്ചിട്ടുേണ്ടാ… ? അറിയുവാനായി നേരെ ഡ്രൈവിംഗ് സീറ്റിലേക്ക്… സെന്റര്‍ കണ്‍സോളിലെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ടോഗ്ള്‍ സ്വിച്ച് അമര്‍ത്തേണ്ട താമസം, ഘനഗംഭീരമായ ശബ്ദത്തോടെ കൂപ്പര്‍ എസ് ഉണര്‍ന്നു!

189 ബി എച്ച് പി (4700 ആര്‍ പി എം) കരുത്തും 1250 ആര്‍ പി എമ്മില്‍ ലഭിക്കുന്ന 28.55 കെ ജി എം ടോര്‍ക്കുമാണ് പുത്തന്‍ കൂപ്പര്‍ എസിന്റെ 1998 സിസി 2.0 ലീറ്റര്‍ ട്വിന്‍ സ്‌ക്രോള്‍ ടര്‍ബ്ബോ ചാര്‍ജ്ഡ് 4 സിലിണ്ടര്‍ ഡിറക്റ്റ് ഇന്‍ജക്ഷന്‍ പെട്രോള്‍ എഞ്ചിന്റെ ഔട്ട്പുട്ട്. കരുത്തനായ ഈ മോട്ടോര്‍ 6 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുമായി നല്ല ഇണക്കത്തിലാണു താനും. തത്ഫലമായി കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് കൂപ്പര്‍ എസ് കാഴ്ചവയ്ക്കുന്നത്. ഗംഭീരമായ മിഡ് ഹൈ റേഞ്ചുകള്‍. ഒരുവിധമെല്ലാ ആര്‍ പി എമ്മിലും ടോര്‍ക്ക് സുലഭം. അതുകൊണ്ടു തന്നെ ഇവന് 6.7 സെക്കന്റുകള്‍ കൊണ്ട് നിശ്ചലാവസ്ഥയില്‍ നിന്നും മണിക്കൂറില്‍ 100 കി.മീ. വേഗം കൈവരിക്കുവാനാകുമെന്ന് കേട്ടാല്‍ അത്ഭുതപ്പെടാനില്ല. 

കാല്‍ കൊടുത്തുകൊണ്ട് ഞാനും ‘ജ്ജ് പ്വൊളിക്ക് മുത്തേ… നുമ്മ ഇണ്ട് കൂടെ!’ എന്ന മട്ടില്‍ കൂപ്പറും! മോശം റോഡിലും ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേയിലെ വേഗത 110 കടന്നു. ശേഷം ഡ്രൈവ് സെലക്റ്റ് നോബിലൂടെ വാഹനത്തെ സ്‌പോര്‍ട്ട് മോഡിലാക്കി. പിന്നെ ഒരു അര്‍മ്മാദമായിരുന്നു. ക്ഷണികമായ ഷിഫ്റ്റുകളും, കിടിലന്‍ ആക്‌സിലറേഷനുമൊക്കെ ചേര്‍ന്ന് ശരിക്കും ഒരു ‘ഗോകാര്‍ട്ട്’ഫീല്‍!

ഏതൊരു മിനിയുടേയും ഏറ്റവും വലിയ പ്രത്യേകത അതിന്റെ കിടിലന്‍ ഹാന്റ്‌ലിംഗ് തന്നെയാണ്. കൂപ്പര്‍ എസ്സിന്റെ കാര്യവും ഭിന്നമല്ല . വേഗതയ്ക്കനുസരിച്ച് വെയ്റ്റ് കൂടുന്ന സ്റ്റിയറിംഗ്. ഉയര്‍ന്ന വേഗതകളില്‍ കോര്‍ണറുകളിലും മറ്റും വാഹനം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. അതിവിദഗ്ധമായി ട്യൂണ്‍ ചെയ്തിരിക്കുന്ന സസ്‌പെന്‍ഷന്‍ ഏത് വേഗതയിലും ഒരുപോലെ കാര്യക്ഷമമാണ്. നാലു ഡിസ്‌ക്ക് ബ്രേക്കുകള്‍, ഡൈനാമിക്ക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, എ. ബി.എസ് , എയര്‍ബാഗുകള്‍ എന്നിങ്ങനെ പോകുന്നു സുരക്ഷാ ഉപാധികളുടെ നീണ്ടനിര റെട്രോ രൂപം, ഗംഭീര പെര്‍ഫോര്‍ മന്‍സ്, കിടിലന്‍ ഹാന്റ്‌ലിംഗ്, അങ്ങിനെ പോകുന്നു കൂപ്പര്‍ എസ്സിന്റെ പ്ലസ് പോയന്റുകള്‍. നെഗറ്റീവുകള്‍ ഇല്ലെന്നു തന്നെ പറയാം. ഡ്രൈവിങ്ങിനെ പ്രണയിക്കുന്നവര്‍ ഒരിക്കലെങ്കിലും ഓടിച്ചിരിക്കേണ്ട ഒരു വാഹനമാണിതെന്നതില്‍ സംശയമില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍