UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാറമടകളില്‍ അടിതെറ്റി വീഴുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍

Avatar

അഡ്വ. ഹരീഷ് വാസുദേവന്‍


പരിസ്ഥിതി ക്ലിയറന്‍സ് ഇല്ലാതെ തന്നെ പറമടകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന ചട്ട ഭേദഗതി റദ്ദാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലൂടെ അനധികൃതമായി സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുപോന്നിരുന്ന പാറമടകള്‍ നിശ്ചലമാകും. കോടതി ഉത്തരവിന്റെ പശ്ചാത്തലവും സര്‍ക്കാര്‍ ഈ കാര്യത്തില്‍ നടത്തിവന്ന ഒളിച്ചുകളികളെക്കുറിച്ചും വിശദീകരിക്കുകയാണ് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും കേരള ഹൈക്കോടതിയിലെ അഭിഭാഷകനുമായി ലേഖകന്‍

2006 ലെ പരിസ്ഥിതി ആഘാതപഠന വിജ്ഞാപനം അനുസരിച്ചാണ് ഖനനങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതി നിര്‍ബന്ധമാക്കുന്നത്. 2006 ലെ ഈ നോട്ടിഫിക്കേഷന്‍ അനുസരിച്ച് അഞ്ചു ഹെക്ടറിനു മുകളിലുള്ള ഖനനങ്ങള്‍ക്കു മാത്രം പാരിസ്ഥിതിക ആഘാത പഠനവും അനുമതിയും മതിയായിരുന്നു. എന്നാല്‍ 2012 ഫെബ്രുവരിയില്‍ സുപ്രീം കോടതി ദീപക് കുമാറും ഹരിയാന സര്‍ക്കാരും തമ്മിലുള്ള കേസിനകത്ത് അഞ്ചു ഹെക്ടറില്‍ താഴെയുള്ള ഖനനങ്ങള്‍ക്കും പരിസ്ഥിതി ആഘാതം ഉണ്ടെന്നും ഖനനങ്ങള്‍ ശാസ്ത്രീയമായി നടക്കാത്തതുകൊണ്ട് ഇതു ദേശീയ തലത്തില്‍ തന്നെ പരിസ്ഥിതിക്ക് വലിയ ആഘാതം ഉണ്ടാക്കുന്നുണ്ടെന്നും കണ്ടെത്തി. പരിസ്ഥിതി സൗഹൃദമായ മൈനിംഗ് പ്ലാന്‍, മൈനിംഗ് ക്ലോഷര്‍ പ്ലാന്‍, എന്നിവ രണ്ടും ഖനനത്തിന് അത്യാവശ്യമാണെന്നും സുപ്രീംകോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഒരു മാര്‍ഗ്ഗരേഖ പുറത്തിറക്കിയിട്ടുണ്ടെങ്കിലും ഒരു സംസ്ഥാനവും ഇതിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരുന്നില്ലെന്നും സുപ്രീം കോടതി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി മൂന്നു കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി. ഒന്ന്, കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഒരു ഖനന ചട്ടം രൂപവത്കരിക്കണം. രണ്ട്, പ്രസ്തുത ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ ഖനന ചട്ടങ്ങള്‍ പരിഷ്‌കരിക്കണം. മൂന്ന്, ഈ കാര്യം നടപ്പിലാക്കുന്നതുവരെ പരിസ്ഥിതി വകുപ്പിന്റെ അനുമതയില്ലാതെ യാതൊരു ഖനനപ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കുകയോ നിലവിലുള്ള അനുമതി പുതുക്കി നല്‍കുകയോ ചെയ്യാന്‍ പാടില്ല.

ഈ ഉത്തവു വന്നതിനുശേഷം സംസ്ഥാന സര്‍ക്കാര്‍ 2013 ല്‍ പാറമടകളുടെ പെര്‍മിറ്റ് പുതുക്കല്‍ പ്രതിസന്ധിയിലായപ്പോള്‍ ഒരു വര്‍ഷത്തക്ക് എല്ലാ പാറമടകള്‍ക്കും ഇളവു പ്രഖ്യാപിച്ചുകൊണ്ട് ഒരുത്തരവിറക്കി. കേരളത്തിലുള്ള പെര്‍മിറ്റുകള്‍ക്ക് സുപ്രീംകോടതി ഉത്തരവ് ബാധകമല്ലായെന്നും കോടതിയില്‍ ഫയല്‍ ചെയ്യാനിരിക്കുന്ന റിവ്യൂ ഹര്‍ജി അടിസ്ഥാനമാക്കിയായിരിക്കും ഭാവി തീരുമാനമെന്നും അതുവരെ പെര്‍മിറ്റ് പുതുക്കി നല്‍കുമെന്നും ഈ ഉത്തരവിലൂടെ സര്‍ക്കാര്‍ പറഞ്ഞു. 2014 ല്‍ ഈ ഉത്തരവിന്റെ കാലാവധി കഴിഞ്ഞപ്പോള്‍ വീണ്ടും പുതിയൊരു ഉത്തരവ് കൂടി സര്‍ക്കാര്‍ പുറത്തിറക്കി. എന്നാല്‍ ആ സമയത്തും സുപ്രീംകോടതിയില്‍ റിവ്യു ഹര്‍ജി ഫയല്‍ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. രണ്ടു സര്‍ക്കാര്‍ ഓര്‍ഡറുകള്‍ പുറത്തിറക്കിയിട്ടും സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യാതിരുന്നതിനു കാരണം കോടതിയില്‍ നിന്നുണ്ടാകുന്ന തിരിച്ചടി ഭയന്നായിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് പലരും കോടതികളിലെത്തി. 2014 ല്‍ ഇതു സംബന്ധിച്ച് ഒരു കൂട്ടം കേസുകള്‍ കേരള ഹൈക്കോടതിയിലും ഒരു കേസ് ദേശീയ ഹരിത ട്രൈബ്യൂണലിലും വന്നു. ആ സര്‍ക്കാര്‍ ഉത്തരവ് ഹരിത ട്രൈബ്യൂണല്‍ എടുത്തു കളഞ്ഞു. 2015 ഫെബ്രുവരി ആയപ്പോഴേക്കും നില്‍ക്കള്ളിയില്ലാതെ വന്നതോടെ സര്‍ക്കാര്‍ പുതിയ മൈനിംഗ് ചട്ടം കൊണ്ടുവന്നു. സുപ്രീംകോടതി ഉത്തരവ് മറികടന്ന് കേരളം പുതിയ ചട്ടംകൊണ്ടുവന്ന സാഹചര്യത്തില്‍ പെര്‍മിറ്റുകള്‍ക്കും ലീസുകള്‍ക്കും പരിസ്ഥിതി അനുമതി ആവശ്യമാണെന്നും അവ പുതുക്കി നല്‍കണമെങ്കിലോ പുതിയ മൈനിംഗ് പെര്‍മിറ്റ് നല്‍കണമെങ്കിലോ പരിസ്ഥിതി ക്ലിയറന്‍സ് ആവശ്യമാണെന്നും കേരള ഹൈക്കോടതി ഒരു ഉത്തരവില്‍ പറഞ്ഞു.

ഇതോടെ സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ചട്ടത്തില്‍ (പന്ത്രണ്ടാം ചട്ടത്തില്‍) ഒരിളവു കൊണ്ടുവന്നു. ഈ ചട്ടം നിലവില്‍ വന്ന അന്നുവരെ (2015 ഫെബ്രുവരി 9) പ്രവര്‍ത്തിച്ചുകൊണ്ടിരുന്നവര്‍ക്ക് പരിസ്ഥിതി അനുമതി ഇല്ലാതെ തന്നെ പെര്‍മിറ്റ് പുതുക്കി നല്‍കാം. എന്നാല്‍ ഒരു കേസിന്റെ വാദം കേള്‍ക്കുന്നതിനിടയില്‍ ഈ തീയതിയുടെ സാംഗത്യം ഹൈക്കോടതി ചോദ്യം ചെയ്തു. ഇതേ തുടര്‍ന്ന് 2014-15 വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ക്വാറികള്‍ക്കെല്ലാം പാരിസ്ഥിതിക അനുമതി ഇല്ലാതെ തന്നെ പ്രവര്‍ത്തിക്കാം എന്ന തരത്തില്‍ ചട്ടം പരിഷ്‌കരിച്ചു. എന്നാല്‍ ഇത്തരത്തില്‍ ഇളവു കൊടുക്കാന്‍ സര്‍ക്കാരിന് അനുമതിയില്ലെന്നും, 2014-15 ല്‍ പരിസ്ഥിതി ക്ലിയറന്‍സോടുകൂടി നിയമപരമായി പ്രവര്‍ത്തിച്ചിരുന്നവയ്ക്ക് മാത്രമേ പുതുക്കാവൂ എന്നും ഹൈക്കോടതി പറഞ്ഞു. നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിച്ചവര്‍ക്ക് ഒരുകാരണവശാലും പെര്‍മിറ്റ് പുതുക്കി നല്‍കരുതെന്നും കോടതി ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് കേരളത്തിലെ നിയമാനുസൃതമല്ലാത്ത ക്വാറികളെല്ലാം അടച്ചിട്ടു. എന്നാല്‍ സര്‍ക്കാര്‍ പന്ത്രണ്ടാം ചട്ടം വീണ്ടും പരിഷ്‌കരിച്ചുകൊണ്ടു പറഞ്ഞത്, 2012 ല്‍ ദീപക് കുമാര്‍-ഹരിയാന സര്‍ക്കാര്‍ വിധി വരുന്നതിനു മുമ്പ് വരെ കേരളത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ക്വാറികള്‍ക്കെല്ലാം അനുമതി പുതുക്കി നല്‍കാമെന്നും അതിനു പരിസ്ഥിതി ക്ലിയറന്‍സ് ആവശ്യമില്ലെന്നും ആയിരുന്നു. എന്നാല്‍ ഈ ചട്ടപരിഷ്‌കരണം പരിസ്ഥിതി പ്രവര്‍ത്തകര്‍ പൊതുതാത്പര്യ ഹര്‍ജിയിലൂടെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. രണ്ടു ചട്ടഭേദഗതിയാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്. ഒന്ന്, 2012 ഫെബ്രുവരിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നവര്‍ക്ക് പരിസ്ഥിതി അനുമതിയില്ലാതെ പെര്‍മിറ്റ് പുതുക്കി നല്‍കാമെന്നതും രണ്ടാമത്തേത്, പെര്‍മിറ്റ് ഒരു തവണയെ പുതുക്കി നല്‍കാവു എന്ന നിബന്ധന(ഒരു വര്‍ഷം കഴിഞ്ഞാല്‍ പിന്നെ ലീസിന് അപേക്ഷിക്കണം) മാറ്റിക്കൊണ്ട് പരിസ്ഥിതി ക്ലിയറന്‍സ് ഇല്ലാതെ തന്നെ മൂന്നുവര്‍ഷംവരെ ഇത്തരത്തില്‍ പെര്‍മിറ്റ് പുതുക്കി നല്‍കാമെന്നതുമായിരുന്നു. ഈ രണ്ടു ചട്ടങ്ങളും ക്വാറി മുതലാളിമാര്‍ക്കുവേണ്ടി ആവശ്യാനുസരണം സര്‍ക്കാര്‍ പരിഷ്‌കരിക്കുകയാണ് ഉണ്ടായത്. ഇതില്‍ 12 ആം ചട്ട ഭേദഗതി തെറ്റാണെന്നും ഭരണഘടന വിരുദ്ധമാണെന്നും പരിസ്ഥിതി പ്രവര്‍ത്തകരുടെ പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ട് 2015 ഡിസംബര്‍ 7 ലെ ഉത്തരവിലൂടെ ഹൈക്കോടതി പറഞ്ഞു.

അതേസമയം ലീസുകള്‍ക്കും പെര്‍മിറ്റുകള്‍ക്കും പരിസ്ഥിതി ക്ലിയറസ് വേണമെന്ന് 2015 ഫെബ്രുവരിയില്‍ ഹൈക്കോടതി നടത്തിയ ഉത്തരവിനെതിരെ (പത്തിരുപതോളം കേസുകള്‍ ഒരുമിച്ചു കേട്ട് തീര്‍പ്പുകല്‍പ്പിച്ച ഉത്തരവായിരുന്നു അത്) രണ്ടു കക്ഷികള്‍ സുപ്രീം കോടതിയെ സമീപിച്ചു. അവരുടെ വാദം, 2012 മേയ് മാസം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അഞ്ച് ഹെക്ടര്‍ താഴെയുള്ള ഖനനങ്ങള്‍ക്ക് പരിസ്ഥിതി ക്ലിയറന്‍സ് വേണമെന്നു പറഞ്ഞ് ഉത്തരവ് ഇറക്കിയിരുന്നുവെന്നും ഈ ഉത്തരവാണ് ഇപ്പോഴുള്ള എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നും പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് നിമയപരമായി ശരിയല്ലെന്നും ഇത്തരമൊരു ഉത്തരവ് ഇറക്കുന്നതിനു മുമ്പ് ഇതുമായി ബന്ധപ്പെടുന്നവരെ അറിയിക്കുകയോ നിയമപ്രകാരം നടത്തേണ്ട ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ലായെന്നും, അത് താല്‍ക്കാലികമായൊരു ഉത്തരവായിരുന്നു എന്നും, അതിനാല്‍ മന്ത്രാലയത്തിന്റെ ഉത്തരവ് റദ്ദാക്കി പെര്‍മിറ്റ് ക്വാറികള്‍ക്ക് പാരിസ്ഥിതിക ക്ലിയറന്‍സ് നിര്‍ബന്ധമാക്കരുതെന്നും ആയിരുന്നു. ഈ കേസില്‍ വാദംകേട്ട സുപ്രീം കോടതി തങ്ങളെ സമീപിച്ച രണ്ടു കക്ഷികള്‍ക്കും നിലവിലുള്ള സ്ഥിതി തുടരാനുള്ള അനുമതി നല്‍കി. ഉടന്‍ തന്നെ സര്‍ക്കാര്‍ കോടതിയോടു അങ്ങോട്ടു കേറി പറഞ്ഞത് എല്ലാവര്‍ക്കും ഒരു വര്‍ഷത്തേക്ക് അനുമതി പുതുക്കി നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും അതിന് ഈ തല്‍സ്ഥിതി ഉത്തരവ് തടസം ആകരുതെന്നും എന്നായിരുന്നു. പരിസ്ഥിതി ക്ലിയറന്‍സ് ഇല്ലാതെ തന്നെ ഒരു വര്‍ഷത്തേക്ക് പാറമടകള്‍ക്ക് അനുമതി നല്‍കാം എന്ന സര്‍ക്കാര്‍ നിലപാട് കോടതി റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു കേസ് അവസാനിപ്പിച്ചു.

രണ്ടു ദിവസം മുമ്പ്( ഡിസംബര്‍ 7) ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി ഇല്ലാതെ തന്നെ അനുമതി പുതുക്കി നല്‍കാം എന്നു കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറയുമ്പോള്‍ ചട്ടം പന്ത്രണ്ട് നിലവിലുണ്ട്. എന്നാല്‍ അന്നേദിവസം ഉച്ചയ്ക്ക് ഒന്നേമുക്കാലിന് കേരള ഹൈക്കോടതി ചട്ടം പന്ത്രണ്ടിന്റെ പ്രസ്തുത നിയമം റദ്ദാക്കി. ചട്ടം നിലവിലിരിക്കെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പരിസ്ഥിതി അനുമതി ഇല്ലാതെ തന്നെ അനുമതി പുതുക്കി നല്‍കാമെന്ന് പറഞ്ഞതെങ്കിലും ഹൈക്കോടതി ചട്ടം റദ്ദാക്കി കൊണ്ട് പരിസ്ഥിതി അനുമതി ഇല്ലാതെ സര്‍ക്കാരിന് ഖനനാനുമതി പുതുക്കി നല്‍കാന്‍ അവകാശമില്ലെന്നു പറഞ്ഞതോടെ ഖനനത്തിനു പെര്‍മിറ്റുകള്‍ പുതുക്കി നല്‍കാന്‍ കഴിയില്ല എന്ന സ്ഥിതി കേരളത്തില്‍ വന്നിരിക്കുകയാണ്.

പരിസ്ഥിതി ക്ലിയറന്‍സ് ലഭ്യമായ എഴുപത്തിയഞ്ച് പാറമടകളെ കേരളത്തില്‍ സ്ഥതി ചെയ്യുന്നുള്ളൂ. പന്ത്രണ്ട് വര്‍ഷത്തേക്ക് ലീസ് കിട്ടി പ്രവര്‍ത്തിക്കുന്ന പാറമടകളും ഇവിടെയുണ്ട്. അനുമതി പുതുക്കേണ്ടി വരുന്ന സാഹചര്യത്തില്‍ മാത്രമെ അവയ്ക്ക് പരിസ്ഥിതി ക്ലിയറന്‍സിന് അപേക്ഷിക്കേണ്ട കാര്യമുള്ളൂ. ഇന്ത്യയില്‍ പാറമടകള്‍ക്ക് പെര്‍മിറ്റ് സംവിധാനം ഉള്ള അപൂര്‍വ്വ സംസ്ഥാനം കേരളമാണ്. നിങ്ങള്‍ തുടക്കത്തില്‍ അമ്പതിനായിരം രൂപ സര്‍ക്കാരില്‍ കെട്ടിയാല്‍ നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ട സ്ഥലത്ത് എത്രവേണമെങ്കിലും പാറ പൊട്ടിക്കാനുള്ള അനുമതിയാണ് പെര്‍മിറ്റു വഴി കിട്ടുന്നത്. ഈ രീതി കൊണ്ടുവരുന്നത് 2009 ല്‍ അന്നത്തെ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന എളമരം കരീം ആയിരുന്നു. ഏറ്റവും അശാസ്ത്രീയമായ ഈ ചട്ടഭേദഗതിയായിരുന്നു കേരളത്തില്‍ മൂവായിരത്തിയഞ്ഞൂറോളം ചെറുകിട ക്വാറികള്‍ കൂണുപോലെ മുളച്ചുപൊന്താനും കേരളത്തിലെ പാറകള്‍ ദുരുപപയോഗം ചെയ്യപ്പെടാന്‍ സാഹചര്യം ഉണ്ടാവുന്നതിനും കാരണമായത്. ഈ ചട്ടം വന്നതോടെ ലീസ് എടുക്കുന്ന പ്രവണത കുറഞ്ഞു. കാരണം ഇവിടെ കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമായിരുന്നു. മൈനിംഗ് പ്ലാനോ മൈനിംഗ് ക്ലോഷര്‍ പ്ലാനോ ഇല്ലാതെ തന്നെ പെര്‍മിറ്റ് കിട്ടും. പെര്‍മിറ്റ് കിട്ടിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് എവിടെയാണോ ഖനനം നടത്തേണ്ടത് അവിടുത്തെ പാറകള്‍ പൊട്ടിക്കുക. കാര്യം നടന്നശേഷം ആ സ്ഥലം ഉപേക്ഷിച്ച് അടുത്ത സ്ഥലം കണ്ടെത്താം. അമ്പതിനായിരം രൂപ ഒരു വര്‍ഷത്തേക്ക് അടച്ചു കഴിഞ്ഞാല്‍ അവിടെ നിന്ന് എത്ര പാറവേണമെങ്കിലും കൊണ്ടുപോവുകയും ചെയ്യാം. അതായത് അമ്പതിനായരം മുടക്കുമ്പോള്‍ കിട്ടുന്ന സ്ഥലത്ത് പത്തോ. ഇരുപതോ കോടിയുടെ പാറയുണ്ടെങ്കില്‍ അതുമുഴുവനും നിങ്ങള്‍ക്കെടുക്കാം. എളമരം കരീമിന്റെ കാലത്തു തന്നെയാണ് ആറു മീറ്റര്‍ ആഴത്തില്‍ കൂടുതല്‍ കുഴിക്കാന്‍ പാടില്ല എന്ന ചട്ടത്തിലും ഇളവു നല്‍കിയത്. അതേ സര്‍ക്കാര്‍ തന്നെയാണ് പാറ പൊട്ടിക്കാന്‍ ബ്ലാസ്റ്റിംഗ് ഉള്‍പ്പെടെ ചെയ്യാമെന്നും ഏതുതരം മെഷനറികളും പാറമടകളില്‍ ഉപയോഗിക്കാമെന്നും ചട്ടമിളവു കൊടുത്തത്. ഇത്തരത്തിലുള്ള പല അശാസ്ത്രീയമായ ഖനനസംവിധാനങ്ങളും കൊണ്ടുവന്നത് എളമരം കരീമിന്റെ കാലത്താണ്.

പുതിയ സര്‍ക്കാര്‍ വന്നതോടെ നടന്നത് മുന്‍സര്‍ക്കാര്‍ കൊണ്ടുവന്ന ഇളവുകള്‍ ഒന്നുകൂടി വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇടതുപക്ഷ സര്‍ക്കാരിന് കഴിയാതെ പോയിടത്തെല്ലാം ഇളവുകള്‍ കൊടുക്കാന്‍ ഇവര്‍ക്കായി. ഭൂപരിഷ്‌കരണ പ്രകാരം സര്‍ക്കാരിന് കിട്ടേണ്ട തോട്ടഭൂമികള്‍, മിച്ചഭൂമികള്‍ എന്നിവിടങ്ങളിലെല്ലാമുള്ള നിയമവിരുദ്ധമായ പാറമടകള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു. അതില്‍ മുഴുവന്‍ ഇളവു കൊടുത്തുകൊണ്ട് ഈ സര്‍ക്കാര്‍ ഉത്തരവിട്ടു. കൃഷി ആവശ്യങ്ങള്‍ക്ക് മാത്രം പതിച്ചുകൊടുത്ത സ്ഥലങ്ങളില്‍ ക്വാറി ഖനനം പാടില്ലായെന്നു ഹൈക്കോടതി നേരത്തെ പറഞ്ഞിട്ടുണ്ട്. ആ കാര്യത്തിലും സര്‍ക്കാര്‍ ഇളവു കൊടുത്തു. കൃഷിക്കു വേണ്ടി പതിച്ചു നല്‍കിയ വനഭൂമിയില്‍ ക്വാറി നടത്താന്‍ പാടില്ലായിരുന്നു. അവിടെയും കടന്നുകയറാനുള്ള അവസരം ഖനനക്കാര്‍ക്ക് ഒരുക്കിക്കൊടുത്തു. ഇത്തരത്തില്‍ ഈ സര്‍ക്കാര്‍ വന്നശേഷം ഖനനവുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന നിബന്ധനകള്‍ കൂടി എടുത്തുകളയുകയാണ് ഉണ്ടായത്. ഇതെല്ലാം ചോദ്യം ചെയ്ത് പരിസ്ഥിപ്രവര്‍ത്തകര്‍ കോടതിയെ സമീപിപ്പിട്ടുണ്ടെങ്കിലും കോടതി തീരുമാനം വന്നിട്ടില്ല. ഇതിനിടയ്ക്കാണ് ഇപ്പോള്‍ പരിസ്ഥിതി ക്ലിയറന്‍സിന്റെ കാര്യത്തില്‍ കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ എഴുപതോളം ക്വാറികള്‍ പരിസ്ഥിതി ക്ലിയറന്‍സോടെ പ്രവര്‍ത്തിക്കുന്നവയായുണ്ട്, പത്തുമുന്നൂറോളം ലീസ് ആയി പ്രവര്‍ത്തിക്കുന്നുമുണ്ട്. ബാക്കിയെല്ലാം അടച്ചിടണം.

പരിസ്ഥിതി ക്ലിയറന്‍സ് നല്‍കുന്ന പ്രക്രിയയും വളരെ മോശമായാണ് നടക്കുന്നതെന്നു പറയേണ്ടതുണ്ട്. കൃത്യമായ പാരിസ്ഥിതിക ആഘാതം രേഖപ്പെടുത്താറില്ല. ഒരിക്കല്‍ ക്ലിയറന്‍സ് കിട്ടിക്കഴിഞ്ഞാല്‍ അതില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ കൃത്യമായി പാലിക്കുന്നില്ല. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന അഥോറിറ്റി തന്നെ വേണ്ടത്ര ശ്രദ്ധയില്ലാതെയും പരിസ്ഥിതി ആഘാതം നോക്കാതെയും സമീപവാസികളുടെ അഭിപ്രായം കേള്‍ക്കാതെയുമാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. ഇതിനിടയില്‍ നില്‍ക്കുന്ന അക്രഡറ്റിക് കണ്‍സള്‍ട്ടന്‍സ് എന്നൊരു വിഭാഗമുണ്ട്. പാരിസ്ഥിതിക പഠനം നടത്തുന്നതിവരാണ്. എന്നാല്‍ പഠനം തട്ടിക്കൂട്ടി തയ്യാറാക്കി നല്‍കിയാണ് ക്ലിയറന്‍സ് വാങ്ങുന്നതെന്നും ഇതിനായവര്‍ വന്‍തുക വാങ്ങാറുണ്ടെന്നും ആക്ഷേപമുണ്ട്. പാറമട ഉടമകള്‍ തന്നെയാണ് ഈ പരാതി ഉന്നയിക്കുന്നതും. പതിനഞ്ചു ലക്ഷം രൂപവരെ ഈയിനത്തില്‍ ചെലവാകുന്നുണ്ടെന്നു പാറമട ഉടമകള്‍ പറയുന്നുണ്ട്.

അതേസമയം മൊത്തം ക്ലിയറന്‍സ് പ്രോസസും ജില്ലാതലത്തിലേക്ക് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ കരടു വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. വരുന്ന ജനുവരി മാസത്തോടെ ജില്ല കളക്ടറും ജിയോളജിസ്റ്റും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഒക്കെ അടങ്ങിയ ഒരു സമിതി ജില്ലാതലങ്ങളില്‍ പാറമടകളുടെ പരിസ്ഥിതി ക്ലിയറന്‍സ് നല്‍കാന്‍ തുടങ്ങുമെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പറയുന്നത്. എന്നാല്‍ ഇതിന്റെയും വിശ്വാസ്യത എത്രത്തോളം ഉണ്ടാകുമെന്നതില്‍ സംശയമുണ്ട്. ഉദ്യോഗസ്ഥന്മാര്‍ കൊടുക്കുന്ന റിപ്പോര്‍ട്ട് പക്ഷപാതപരമാകാം. ഇപ്പോള്‍ ജിയോളജിസ്റ്റ് നല്‍കുന്ന റിപ്പോര്‍ട്ട് പരിശോധിക്കുന്നത് മറ്റൊരു സ്വതന്ത്ര സമിതിയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ല. ആ സമിതിക്കു പകരമാണ് സര്‍ക്കാര്‍ സര്‍വീസിലുള്ളവരുടെ തന്നെ ഒരു കമ്മിറ്റി വരുന്നത്. കുറുക്കനെ തന്നെ കാവല്‍ എല്‍പ്പിക്കുന്നതുപോലെയാണിത്. ജില്ലാതലത്തില്‍ തന്നെ മറ്റൊരു വിദഗ്ധ സമിതിയെ രൂപീകരിക്കുന്നതായിരുന്നു ഇവിടെ അഭികാമ്യം. പരിസ്ഥിതി ശാസ്ത്രജ്ഞരും സുവോളജി/ ബോട്ടണി പ്രൊഫസര്‍മാരും പ്രാദേശികവാസികളുടെ പ്രതിനിധിയും ഇവരോടൊപ്പം ദുരന്തനിവാരണ മേഖലയിലെ വിദഗ്ധരും അടങ്ങിയൊരു സമിതിയായിരുന്നു യഥാര്‍ത്ഥത്തില്‍ പരിസ്ഥിതി ക്ലിയറന്‍സിനായി രൂപീകരിക്കേണ്ടിയിരുന്നത്. ഇത്തരത്തില്‍ വരുന്നൊരു സമിതിയാണെങ്കിലെ അത് പരിസ്ഥിതി സംരക്ഷണത്തിന് ഗുണമായി ഭവിക്കൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍