UPDATES

എകെ ബാലന്റെ ആദിവാസി വിരുദ്ധ പരാമര്‍ശത്തിനെതിരെ ഹൈബി ഈഡന്റെ അവകാശ ലംഘനത്തിന്മേലുള്ള നോട്ടീസ്

അഴിമുഖം പ്രതിനിധി

നിയമസഭയില്‍ എകെ ബാലനെതിരെ അവകാശ ലംഘനത്തിന്മേലുള്ള നോട്ടീസുമായി ഹൈബി ഈഡന്‍ എംഎല്‍എ. എകെ ബാലന്‍ നിയമസഭയില്‍ നടത്തിയ ആദിവാസി വിരുദ്ധ പരാമര്‍ശത്തിനെതിരെയും സംഭവം വിവാദമായത്തോടുകൂടി മന്ത്രി ഫെയ്‌സ്ബുക്കിലിട്ട വിശദീകരണ കുറിപ്പിലുമാണ് ഹൈബി ഈഡന്‍ അവകാശ ലംഘനത്തിന്മേലുള്ള നോട്ടീസ് നല്‍കിയിരിക്കുന്നത്. അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യത്തിന് മന്ത്രി പറഞ്ഞ മറുപടിയിങ്ങനെയാണ്; ബഹുമാനപ്പെട്ട മെംബര്‍ പറഞ്ഞതുപ്രകാരം നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്, അതു പോഷകാഹാരത്തിന്റെ കുറവുകൊണ്ട് മരണപ്പെട്ടതേയല്ലാ… എന്നു തുടങ്ങി ആദിവാസി സ്ത്രീകളെ അപമാനിക്കുന്ന തരത്തിലേക്ക് എകെ ബാലന്റെ പ്രസ്താവന നീണ്ടിരുന്നു. തുടര്‍ന്ന് പ്രസ്താവന വിവാദമായപ്പോഴാണ് മന്ത്രി ഫെയ്‌സ്ബുക്കില്‍ വിശദീകരണവുമായി എത്തിയത്.

എകെ ബാലനെതിരെ അവകാശ ലംഘനത്തിന്മേലുള്ള ഹൈബി ഈഡന്‍ എംഎല്‍എയുടെ നോട്ടീസിന്റെ പൂര്‍ണരൂപം-

സ്വീകര്‍ത്താവ്,
24-10-2016
സെക്രട്ടറി,
കേരള നിയമസഭ.

വിഷയം :  ഒക്ടോബര്‍-22 ശനിയാഴ്ച ബഹുമാനപ്പെട്ട പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക സമുദായ ക്ഷേമവും നിയമവും സാംസ്‌കാരികവും പാര്‍ലമെന്ററി കാര്യവും മന്ത്രി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ”വിമര്‍ശിക്കാം, അപമാനിക്കരുത്” എന്ന തലക്കെട്ടില്‍ കുറിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റും, ജനനി ജന്മരക്ഷാ പദ്ധതിയെ കുറിച്ച് 19.10.2016 ന് നിയമസഭയിലെ ചോദ്യോത്തര വേളയില്‍ നല്‍കിയ മറുപടിയും. നിയമസഭയെയും, ബഹുമാനപ്പെട്ട നിയമസഭ അംഗങ്ങളെയും, നിയമസഭാ നടപടികളെയും നിയമവിരുദ്ധമായും സാംസ്‌കാരശൂന്യമായും പാര്‍ലമെന്ററിരീതികള്‍ക്ക് വിരുദ്ധമായും അവഹേളിക്കുന്ന തരത്തിലായതിനാല്‍ ചട്ടം 155 പ്രകാരം സമര്‍പ്പിക്കുന്ന അവകാശ ലംഘനത്തിന്മേലുള്ള നോട്ടീസ് .

പ്രിയ സെക്രട്ടറി,
        അട്ടപ്പാടിയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന ജനനി ജന്മരക്ഷാ പദ്ധതിയെ കുറിച്ച് 19.10.2016 ന് നിയമസഭയിലെ ചോദ്യോത്തര വേളയില്‍ ബഹുമാനപ്പെട്ട മണ്ണാര്‍ക്കാട് എംഎല്‍എ ഉന്നയിച്ച ഉപചോദ്യത്തിന് ബഹുമാനപ്പെട്ട പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക സമുദായ ക്ഷേമവും നിയമവും സാംസ്‌കാരികവും പാര്‍ലമെന്ററി കാര്യവും മന്ത്രി നല്‍കിയ ഉത്തരം കേരളീയ പൊതുസമൂഹം ഞെട്ടലോടെയാണ് കേട്ടത്. അതിനു ശേഷം ഒക്ടോബര്‍-22 ശനിയാഴ്ച ബഹുമാനപ്പെട്ട മന്ത്രി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൌണ്ടിലൂടെ ”വിമര്‍ശിക്കാം, അപമാനിക്കരുത്” എന്ന ഒരു പോസ്റ്റ് ഇടുകയുണ്ടായി.

1: ജീവിക്കാന്‍ അനുവദിക്കാതെ; എന്ത് കരണത്താലായാലും വിടരും മുന്‍പ് കൊഴിഞ്ഞു വീണ ആ നാലു കുട്ടികളെ ദ്വയാര്‍ത്ഥത്തിലൂടെ അവരെയും അവരുടെ ജന്മത്തെയും പരിഹസിച്ച ബഹുമാനപ്പെട്ട മന്ത്രി വീണ്ടും വീണ്ടും ഫെയ്‌സ്ബുക്കിലൂടെ പുതിയ ന്യായീകരണങ്ങളുമായി ഇറങ്ങി നിയമസഭയെയും, ബഹുമാനപ്പെട്ട നിയമസഭ അംഗങ്ങളെയും, നിയമ സഭാ നടപടികളെയും നിയമ വിരുദ്ധമായും സാംസ്‌കാര ശൂന്യമായും പാര്‍ലമെന്ററി രീതികള്‍ക്ക് വിരുദ്ധമായും അവഹേളിക്കുകയാണ്. ഓണ്‍ലൈന്‍ വഴി പിറവിയെടുക്കുന്ന വിശദീകരണങ്ങള്‍ വഴി സാമാജികരുടെ അന്തസും അവകാശങ്ങളും വലിയ അളവില്‍ ലംഘിക്കപ്പെടുകയാണ്.

2: എക്‌സിക്യൂട്ടീവിന്റെ പ്രവര്‍ത്തനങ്ങള്‍ ജനകീയ ഓഡിറ്റിങ്ങിനു വിധേയമാകുന്ന പ്രധാന സാഹചര്യങ്ങളില്‍ ഒന്നാമതുള്ളത് നിയമസഭാ ചോദ്യങ്ങളാണ്. ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നത് പോലെ തന്നെ, ഉത്തരങ്ങള്‍ നല്‍കപ്പെടുന്നതിലൂടെയും നിയമസഭയുടെ ശക്തിയും പ്രസക്തിയും അന്തസ്സും വര്‍ദ്ധിക്കുന്നു. ശരിയായ ഉത്തരങ്ങള്‍ ലഭിക്കാന്‍ ഉള്ള നിയമസഭാ സാമാജികരുടെ അവകാശം ക്വസ്റ്റ്യന്‍ അവറില്‍ ഊട്ടി ഉറപ്പിക്കപ്പെടെണ്ടതാണ്. നിയമ സഭയില്‍ നല്‍കിയ ഉത്തരത്തിന്മേലുള്ള വിശദീകരണം/കൂട്ടി ചേര്‍ക്കലുകള്‍/വ്യക്തത നല്‍കല്‍ എന്നിവ സോഷ്യല്‍ മീഡിയ വഴി അല്ല നല്‍കേണ്ടത്. അങ്ങനെ സോഷ്യല്‍ മീഡിയ വഴി വിശദീകരണം/കൂട്ടി ചേര്‍ക്കലുകള്‍/വ്യക്തത നല്‍കല്‍ എന്നിവ വരുത്തുമ്പോള്‍ സഭയില്‍ നല്‍കപ്പെട്ട ഉത്തരം അപൂര്‍ണ്ണമായിരുന്നു എന്നത് സമ്മതിക്കുക കൂടിയാണ് ബഹുമാനപ്പെട്ട മന്ത്രി ചെയ്യുന്നത്. ഫലത്തില്‍ നിയമസഭയില്‍ ചോദ്യം ചോദിക്കാനും ഉത്തരം മനസിലാക്കാനുമുള്ള അടിസ്ഥാനപരമായ അവകാശം ലംഘിക്കപ്പെടുകയാണ്.

3: വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ നട്ടെല്ലാണ്. സര്‍ക്കാര്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല എന്ന ഒരു സൂചന, ചോദ്യരൂപേണ നല്‍കുന്ന പ്രതിപക്ഷ എംഎല്‍എയുടെ ചോദ്യത്തില്‍ അതൃപ്തനും അസ്വസ്ഥനും ആയിട്ടാണ് ബഹുമാനപ്പെട്ട മന്ത്രി രണ്ടോ മൂന്നോ തരത്തില്‍ വ്യാഖ്യാനിക്കാവുന്ന ഉത്തരം സഭയില്‍ നല്‍കിയത്. ”വിമര്‍ശിക്കാം, അപമാനിക്കരുത്” എന്ന ഫേസ്ബുക്ക് പോസ്റ്റ് വിയോജിക്കാനുള്ള അവകാശം ലംഘിക്കപ്പെടുന്നതിന്റെ ഉത്തമോദാഹരണമാണ്.

ഉന്നയിക്കപ്പെടുന്ന പ്രശ്‌നം രണ്ടു രേഖകളെ ആസ്പദമാക്കിയുള്ളതാണ്:

1: ബഹുമാനപ്പെട്ട പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക സമുദായ ക്ഷേമവും നിയമവും സാംസ്‌കാരികവും പാര്‍ലമെന്ററി കാര്യവും മന്ത്രി തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് അക്കൌണ്ടിലൂടെ കുറിച്ച ”വിമര്‍ശിക്കാം, അപമാനിക്കരുത്” എന്ന പോസ്റ്റ്, https://goo.gl/zEmMW0 എന്ന ലിങ്കില്‍ ഈ പോസ്റ്റ് കാണാനാവും. ഈ പോസ്റ്റിന്റെ ഒരു പ്രിന്റ് ചെയ്ത രൂപം ഇതോടോന്നിച്ച് ചേര്‍ക്കുന്നു.

2: ബഹുമാനപ്പെട്ട പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പിന്നോക്ക സമുദായ ക്ഷേമവും നിയമവും സാംസ്‌കാരികവും പാര്‍ലമെന്ററി കാര്യവും മന്ത്രി നടത്തിയ മറുപടി പ്രസംഗത്തിന്റെ പൂര്‍ണ രൂപം നിയമസഭാ രേഖകളില്‍ ലഭ്യമാണ്, സഭയുടെ തന്നെ രേഖയായതിനാല്‍ ഇതോടോന്നിച്ച് ചേര്‍ക്കുന്നത് അത്യാവശ്യമല്ല എന്ന് കരുതുന്നു.

ചട്ടം 155 പ്രകാരമുള്ള ഈ നോട്ടീസ്, മേല്‍ നടപടികള്‍ക്കായി സമര്‍പ്പിക്കുകയാണ്.

സ്‌നേഹപൂര്‍വ്വം,

ഹൈബി ഈഡന്‍

മന്ത്രി ബാലന്‍, നിങ്ങളുടെ അശ്ലീല കോമഡി കേട്ട് തോന്നുന്നത് അവജ്ഞ മാത്രമാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍