UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മന്ത്രി ബാലന്‍, നിങ്ങളുടെ അശ്ലീല കോമഡി കേട്ട് തോന്നുന്നത് അവജ്ഞ മാത്രമാണ്

Avatar

രാകേഷ് സനല്‍

ഒന്നര മാസം മുമ്പ് പട്ടികജാതി, പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി എകെ ബാലന്റെ ഓഫിസില്‍ നടന്നൊരു ചെറിയ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അട്ടപ്പാടിയില്‍ നിന്നും തിരുവനന്തപുരം സൈനിക് സ്‌കൂളില്‍ പ്രവേശനം നേടിയ ഏഴ് ആദിവാസി കുട്ടികളെ അഭിനന്ദിക്കാനും അവര്‍ക്ക് ചെറിയൊരു ഉപഹാരം നല്‍കുന്നതുമായിരുന്നു പ്രസ്തുത ചടങ്ങ്. ഓരോ കുട്ടിയോടും ഊര് ചോദിച്ച് അവിടെയെല്ലാം തനിക്ക് സുപരിചിതമാണെന്നും, ഈ ഓണത്തിന് ഞാന്‍ അട്ടപ്പാടിയിലെ ആദിവാസികള്‍ക്കൊപ്പമുണ്ടാകുമെന്നും മന്ത്രി പറയുന്നുണ്ടായിരുന്നു. വലിയൊരു നേട്ടത്തിന്റെ ഉടമകളായവരാണ് തനിക്കു മുന്നില്‍ നില്‍ക്കുന്ന കുട്ടികളെന്ന കാര്യത്തെ കൂടുതല്‍ ഗൗരവമായി സമീപിക്കാതെ, താനും തന്റെ സര്‍ക്കാരും ആദിവാസികള്‍ക്കായി ചെയ്യുന്ന ഉപകാരങ്ങളെ കുറിച്ചായിരുന്നു മന്ത്രി വാചാലനായത്. ഒടുവിലായി ആ കുട്ടികളോട് (അവിടെ കൂടി നിന്ന മാധ്യമപ്രവര്‍ത്തകരും കേള്‍ക്കണം എന്നവണ്ണം) നടത്തിയ പ്രഖ്യാപനത്തിന്റെ ഏകേദശം രൂപം ഇപ്രകാരമായിരുന്നു; 

ഇത്തവണ നിങ്ങള്‍ക്കെല്ലാം ഓണം നല്ല ജയ അരി തിന്ന് ആഘോഷിക്കാമല്ലോ!!!

മന്ത്രിയുടെ ഓഫിസില്‍ നിന്നും തിരിച്ചിറങ്ങുന്നതിനിടയിലാണ് കുട്ടികളുമായി മുന്‍ പരിചയം പുതുക്കിയത്, കൂട്ടത്തില്‍ മന്ത്രി പറഞ്ഞ ജയ അരിയുടെ കാര്യം ഒരു തമാശരൂപേണ ആവര്‍ത്തിച്ചപ്പോള്‍, കൂട്ടത്തില്‍ നിന്ന ഒരു കുട്ടിയുടെ മറുചോദ്യം; അത് എന്താ?

അട്ടപ്പാടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അവരുടെ സ്വത്വം നഷ്ടപ്പെടുന്നു എന്നതാണ്. സാംസ്‌കാരികമായി, തൊഴില്‍പരമായി, ആചാരപരമായി, ഭക്ഷണപരമായി എല്ലാം അവര്‍ തങ്ങളുടെ അനുവാദമോ ആഗ്രഹമോ ഇല്ലാതെ മറ്റുള്ളവരുടെ താത്പര്യത്തിനുസൃതമായി മാറ്റപ്പെടുകയാണ്. ചാമയും തിനയും തിന്നു ജീവിച്ചവര്‍ക്ക് ജയ അരി കൊടുക്കുന്നവര്‍ അറിയാതെ പോകുന്നതും കവര്‍ന്നെടുക്കപ്പെട്ട തങ്ങളുടെ രീതികളെ കുറിച്ച് ഗദ്ഗദപ്പെടുന്ന ആദിവാസിയുടെ മനസാണ്. ആദിവാസിയെ ഉദ്ധരിക്കാന്‍ നടക്കുന്ന ബാലനെ പോലുള്ളവരുടെ പൊള്ളത്തരവും അവിടെയാണു വ്യക്തമാക്കപ്പെടുന്നത്.

മന്ത്രി എ കെ ബാലന്‍ എപ്പോഴെല്ലാം അവസരം കിട്ടുന്നോ അവിടെയെല്ലാം തന്റെ ദളിത്-ആദിവാസി പ്രേമം ഉദ്‌ഘോഷിക്കുന്നയാളാണ്. ശരിയാണ്, ഇന്ത്യയൊട്ടാകെ ഇന്നും അടിച്ചമര്‍ത്തപ്പെട്ട് കഴിയുന്ന ഒരു ജാതിസമൂഹത്തില്‍ നിന്നും വന്ന് ഒരു സംസ്ഥാനത്തിന്റെ മന്ത്രിയായി ഇതു രണ്ടാം വട്ടവും അധികാരം സ്വന്തമാക്കിയൊരാള്‍ എന്ന നിലയില്‍ ബാലന്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട്. പക്ഷേ ബാലനില്‍, ബാലന്‍ തന്നെ തന്റെ ഇപ്പോഴത്തെ ജീവിതസാഹചര്യങ്ങള്‍ക്കനുസൃതമായി വളര്‍ത്തിയെടുത്തൊരു മേലാളനുണ്ടെന്ന്‍ വ്യക്തമാക്കാനും അദ്ദേഹം തന്നെ അവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അതിനേറ്റവും ഉടുവിലായി വന്ന ഉദാഹരണമാണ് ഇന്നലെ നിയമസഭയില്‍ നടത്തിയ അശ്ലീല കോമഡി പ്രസംഗം.

അട്ടപ്പാടിയിലെ ശിശുമരണവുമായി ബന്ധപ്പെട്ടുയര്‍ന്ന ചോദ്യത്തിന് മന്ത്രി എടുത്ത വായ്ക്കു പറഞ്ഞ മറുപടിയിങ്ങനെയാണ്; ബഹുമാനപ്പെട്ട മെംബര്‍ പറഞ്ഞതുപ്രകാരം നാലെണ്ണം മരണപ്പെട്ടിട്ടുണ്ട്, അതു പോഷകാഹാരത്തിന്റെ കുറവുകൊണ്ട് മരണപ്പെട്ടതേയല്ലാ…

ഈ വാചകത്തിലെ ‘നാലെണ്ണം’ എന്ന പ്രയോഗമാണ് ഏറെ വേദനിപ്പിക്കുന്നത്. അതു പറയുന്നതാകട്ടെ ‘ബഹുമാനപ്പെട്ട’ മെംബറോട്. മണ്ണാര്‍കാടിന്റെ ജനപ്രതിനിധിയായ ഷംസുദ്ദീന് ബഹുമാനപ്പെട്ട നിയമസഭ സമാജികനാകാന്‍ വോട്ടുചെയ്തവരില്‍ അട്ടപ്പാടിക്കാരുമുണ്ടെന്നോര്‍ക്കണം. പൊതുവില്‍ മനുഷ്യരെ കുറിച്ച് പറയുമ്പോള്‍ നാലെണ്ണം അഞ്ചെണ്ണം എന്ന് സാമാന്യബോധമുള്ളവര്‍ പറയാറില്ല. എന്നിട്ടും ബാലനെ പോലൊരു മന്ത്രിക്ക് ആദിവാസി വെറും നമ്പര്‍ മാത്രമാണ്. ബാലന്‍ അറിയാതെ പറഞ്ഞുപോയതാണെന്നു കരുതേണ്ടതില്ല. അതൊരു മന:സ്ഥിതിയുടെ പ്രയോഗം തന്നെയാണ്. നേരത്തെ പറഞ്ഞതുപോലെ ബാലനിലൊക്കെ നിറഞ്ഞു നില്‍ക്കുന്ന ഉടയോന്‍ ഭാവത്തില്‍ നിന്നും ഉയരുന്ന പ്രയോഗം. തങ്ങള്‍ ചെയ്തുകൊടുക്കുന്ന ഉപകാരങ്ങളിലും സൗജന്യങ്ങളിലും കഴിഞ്ഞുപോകുന്ന കുറെ മനുഷ്യരൂപങ്ങളോട് എങ്ങനെ പെരുമാറണമെന്ന് സെറ്റ് ചെയ്തുവച്ചിരിക്കുന്ന ബോധത്തില്‍ നിന്നും ഉണ്ടാകുന്ന പ്രയോഗങ്ങള്‍.

പക്ഷെ ബാലന്‍ ഏക പ്രതിയല്ല. അദ്ദേഹമൊരു പ്രതിനിധിയാണ്. അവറ്റകള്‍, അതുങ്ങള്‍, എന്നൊക്കെ ആദിവാസിയേയും ദളിതനെയുമെല്ലാം നിസാരവത്കരിക്കുന്ന പൊതുസമൂഹത്തിന്റെ പ്രതിനിധി. തന്റെ ദളിത് സ്വത്വം ഉപയോഗിച്ച് രക്ഷപെടാനൊന്നും ബാലനൊക്കില്ല. ബാലന്റെ ജീവിതപരിസരം അറിയാവുന്നവര്‍ക്ക് അത് മനസിലാകും. ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്ന മന്ത്രിയുടെ ജീവിതകഥയില്‍ നിന്നും ഏറെ വ്യത്യാസമുണ്ട് അതിന്റെ യാഥാര്‍ത്ഥ്യത്തിനെന്ന് ഏറെപ്പേര്‍ക്കും അറിയാം. അങ്ങനെയുള്ള ബാലന്‍ ആദിവാസിയെ വെറും അക്കങ്ങളാക്കി അവതരിപ്പിക്കുമ്പോള്‍, സത്യം പറഞ്ഞാല്‍ അത്ഭുതമൊന്നും തോന്നുന്നില്ല.

മേല്‍പ്പറഞ്ഞ നിയമസഭ പ്രസംഗത്തിലെ ബാക്കിയുള്ള വാചചകങ്ങളാണ് നിയമസഭയെ കുലുക്കി ചിരിപ്പിച്ചത്. പ്രതിപക്ഷത്തോടായി, നിങ്ങളുടെ കാലത്ത് ഗര്‍ഭിണിയായവരുടെ ഉത്തരവാദിത്വം നിങ്ങള്‍ക്കാണെന്നും അതിന്റെ ഉത്തരവാദിത്വം എനിക്കല്ലായെന്നും ബാലന്‍ മറുപടി പറയുന്നു. പോഷാകാഹാരക്കുറവുമൂലം നവജാതശിശുക്കള്‍ മരണപ്പെടുന്നതിന് തങ്ങളല്ല ഉത്തരവാദികളെന്നും സമര്‍ത്ഥിക്കാന്‍ മന്ത്രി നടത്തിയ വാചകമടിയില്‍ ചിരിച്ചു മറിയുകയാണ് അടുത്തിരിക്കുന്ന മറ്റൊരു കമ്യൂണിസ്റ്റ് മന്ത്രി ചന്ദ്രശേഖരനൊക്കെ; ഏതോ ദിലീപ് ചിത്രത്തിലെ കഥാപാത്രം പറയുന്ന ദ്വയാര്‍ത്ഥ കോമഡി കേട്ട് ഉറഞ്ഞു ചിരിക്കുന്ന കാണിയെപ്പോലെ.

ക്ഷമിക്കണം, മന്ത്രി, അങ്ങയുടെ ന്യായീകരണത്തിലെ തമാശ എന്തുകൊണ്ടോ ചിരിയല്ല, വേദനയാണുണ്ടാക്കിയത്. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടര്‍ക്കും മറ്റു ചില ജീവനക്കാര്‍ക്കും ആദിവാസി ഊരുകളില്‍ നിന്നെത്തിയ ഏതാനും സ്ത്രീപ്രവര്‍ത്തകകര്‍ക്കുമൊപ്പം ഒരു രാത്രിയുടെ ഏതാനും മണിക്കൂറുകള്‍ ചെലവിട്ടപ്പോള്‍ കിട്ടിയ ചില അനുഭവങ്ങളുണ്ട്. അതെല്ലാം മനസില്‍ കിടക്കുന്നതുകൊണ്ടും അവിടുത്തെ ഏതാനും ജീവിതക്കാഴ്ചകള്‍ക്ക് സാക്ഷിയാകാന്‍ കഴിഞ്ഞതുകൊണ്ടും മന്ത്രിയുടെ തരംതാണ വാക്കുകളോട് അങ്ങേയറ്റം അവജ്ഞയാണ് തോന്നുന്നത്. ദുഷിച്ച മനസിന്റെ ഓക്കനമല്ലാതെ മറ്റെന്തായാണ് അതിനെ കാണേണ്ടത്?

ഇതിപ്പോള്‍ ഇത്തരം അശ്ലീലങ്ങള്‍ ആദിവാസികളോടായതുകൊണ്ട് അങ്ങേയ്ക്ക് രക്ഷപ്പെടാം. പൊതുസമൂഹത്തിന്റെ പ്രതിനിധികളെന്നു നടിക്കുന്നവര്‍ ആരെയെങ്കിലും കുറിച്ചായിരുന്നെങ്കില്‍ എന്തെല്ലാം പ്രതിഷേധങ്ങള്‍ നേരിടേണ്ടി വരുമായിരുന്നു. ആദിവാസി സ്ത്രീകളെ എങ്ങനെയും നമുക്ക് തമാശയാക്കാമല്ലോ! അവരുടെ ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം അങ്ങോട്ടുമിങ്ങേട്ടും തലയിലിട്ടുകൊടുക്കുമ്പോള്‍ കൂടെ ചേര്‍ന്ന് ചിരിക്കാനല്ലാതെ തിരുത്താന്‍ ഒരാള്‍ക്കും തോന്നില്ലല്ലോ! ബാലന്റെ തൊട്ടടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഇരിപ്പുണ്ടായിരുന്നു.

ഗര്‍ഭം ധരിക്കാനും പ്രസവിക്കാനും ജീവിക്കാനും ആരാരുടെ അനുവാദമാണ് സാര്‍, ഒരാദിവാസി സ്ത്രീ വാങ്ങേണ്ടത്? പരസ്പരം ന്യായം പറഞ്ഞു പറഞ്ഞു നിങ്ങള്‍ ഉത്തന്മാരാകും. ആകണം സാര്‍, നിങ്ങളെന്നും ബഹുമാനിക്കപ്പെടേണ്ടവരായി തന്നെ നിലനില്‍ക്കണം. ഗര്‍ഭം ധരിച്ചു പോയതിനും പ്രസവിക്കാന്‍ തയ്യാറായതിനും നമുക്ക് ആദിവാസിയെ കുറ്റപ്പെടുത്താം. അല്ലെങ്കിലും അവര്‍ക്കെന്നും കുറ്റങ്ങളും കുറവുകളുമല്ലെ ഉള്ളൂ.

ഈ രാജ്യത്തെ ജനാധിപത്യം വീണ്ടും അത്ഭുതപ്പെടുത്തുകയാണ്. ഒരു മന്ത്രി, അതും നിയമനിര്‍മാണസഭ പോലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നിരിടത്തു നടത്തിയ സ്ത്രീവിരുദ്ധ പരമാര്‍ശത്തില്‍ അദ്ദേഹത്തിനെതിരേ ഒരു നടപടിയും ഉണ്ടാകാതിരിക്കുക മാത്രമല്ല, അതൊരു തെറ്റാണെന്നു പോലും മനസിലാകാതെ പോവുകയും ചെയ്യുമ്പോള്‍, ജനാധിപത്യം അത്ഭുതപ്പെടുത്തുക തന്നെയാണ്.

ബാലന്റെ ഇന്നലത്തെ പ്രസംഗത്തില്‍ കേട്ട ഒരു കണ്ടെത്തലിനെക്കുറിച്ചു കൂടി പറഞ്ഞു നിര്‍ത്താം; 

ആദിവാസികളുടെ യഥാര്‍ത്ഥ പ്രശ്‌നം സാമൂഹികവും ഭാഷാപരവുമായ ഒറ്റപ്പെടല്‍ ആണത്രേ!

നാലെണ്ണം മരിച്ചെന്നും, നിങ്ങളുടെ കാലത്ത് ഗര്‍ഭിണിയായവരുടെ ഉത്തരവാദിത്വം ഞാനെന്തിന് ഏറ്റെടുക്കണമെന്നുമൊക്കെ പറയാന്‍ ഒരു മന്ത്രിക്ക് ഭയക്കേണ്ടതില്ല എന്നതു തന്നെയാണ് ആദിവാസി സാമൂഹികമായി എത്രമാത്രം ഒറ്റപ്പെട്ടു നില്‍ക്കുകയാണെന്നു തിരിച്ചറിയാനുള്ള ഏറ്റവും നല്ല ഉദാഹരണം.

സമൂഹത്തിന്റെ ഭാഗമായി നമ്മള്‍ അവരെ കാണാത്തതുകൊണ്ടാണല്ലോ ബാലന്റെ ക്രൂരഫലിതം കേട്ട് ചിരിക്കാന്‍ ആളുണ്ടായത്…

അതേ, ആദിവാസി നമുക്കെല്ലാം ചിരിക്കാനും, കണ്ണീര്‍ കഥയെഴുതാനുമുള്ള കുറെയെണ്ണങ്ങള്‍ മാത്രമാണ്…

വാസ്തവത്തില്‍ ബാലന്റെ പ്രസംഗത്തിലെ തമാശ എന്താണെന്നാറിയാമോ?

ശ്രീ എ കെ ബാലന്‍ നമ്മുടെ സാംസ്‌കാരിക വകുപ്പ് മന്ത്രി കൂടിയാണ്!

 

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍