UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുടുംബശ്രീ ഡയറക്ടര്‍ നിയമനം: പ്രചാരണം തെറ്റാണെന്ന് മന്ത്രി കെ ടി ജലീല്‍

അഴിമുഖം പ്രതിനിധി

സ്വന്തക്കാരനെ കുടുംബശ്രീ ഡയറക്ടറാക്കിയെന്നുള്ള പ്രചാരണം വ്യാജമാണെന്ന് മന്ത്രി കെ ടി ജലീല്‍. കുടുംബശ്രീയുടെ കൊല്ലം ജില്ലാ അസിസ്റ്റന്റ് കോഡിനേറ്ററായി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്ന അന്‍സറിനെ കുടുംബശ്രീ ഡയറക്ടറായി നിയമിച്ചുവെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ കൊല്ലത്തെ കുടുംബശ്രീ കോഡിനേറ്റര്‍ ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി തിരികെ പോയപ്പോള്‍ അന്‍സാറിന് ആ ചാര്‍ജ്ജ് നല്‍കുകയായിരുന്നുവെന്ന് മന്ത്രി വിശദീകരിക്കുന്നു. പേരിന്റെ കൂടെ കൊടുത്തിരുന്ന ഡി എന്ന അക്ഷരത്തെ ഡയറക്ടറായി തെറ്റിദ്ധരിച്ചതാകാമെന്ന് മന്ത്രി പറയുന്നു.

ജലീലിന്റെ ഭാര്യ ഫാത്തിമയ്ക്ക് പ്രിന്‍സിപ്പലായി നിയമനം നല്‍കിയെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഈ നിയമനം എന്ന മറുവാദമുണ്ട്. ഈ വിഷയത്തില്‍ ജലീല്‍ പ്രതികരിച്ചിട്ടില്ല.

മന്ത്രിയുടെ വിശദീകരണ കുറിപ്പിന്റെ പൂര്‍ണരൂപം

സോഷ്യല്‍ മീഡിയ ശരി പ്രചരിപ്പിക്കാനും നല്ലത് കൈമാറ്റം ചെയ്യാനുമാണെന്നാണ് പൊതുധാരണ. മാനവരാശി നേരിടുന്ന ഉര്‍ജ്ജപ്രതിസന്ധി പരിഹരിക്കുക എന്ന സദുദ്ദേശത്തോടെയാണ് ആണവശക്തി വികസിപ്പിച്ചെടുത്തത്. ദൗര്‍ഭാഗ്യവശാല്‍ അതിനെ മഹാസ്‌പോടന ശക്തിയുള്ള ആയുധമാക്കി മനുഷ്യകുലത്തെ ഉന്മൂലനം ചെയ്യാനാണ് സ്വാര്‍ത്ഥരായ ചില ദുഷ്ടശക്തികള്‍ ശ്രമിച്ചത്. അപവാദവും കല്ലുവെച്ചനുണയും പ്രചരിപ്പിക്കാനുള്ള മാധ്യമമാക്കി സോഷ്യല്‍ മീഡിയയെ ഇതേ ദുര്‍മോഹികളുടെ വേറൊരു പതിപ്പുകളാണ് മാറ്റുന്നത്. ഇത്രയും പറഞ്ഞത് ഇതിനു താഴെ കൊടുത്തിരിക്കുന്ന ഇമേജിലെ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാണിക്കാനാണ്.

എം.എ ബിരുദധാരിയും സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍ അദ്ധ്യാപകനുമായ അന്‍സര്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി കുടുംബശ്രീയുടെ കൊല്ലം ജില്ലാ അസിസ്റ്റന്റ് കോഡിനേറ്ററായി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തുവരികയാണ്. ഈ ജില്ലയിലെ കുടുംബശ്രീ കോഡിനേറ്റര്‍ ഡെപ്യൂട്ടേഷന്‍ മതിയാക്കിപ്പോയ സാഹചര്യത്തില്‍ പുതിയൊരു കോഡിനേറ്റര്‍ വരുന്നതുവരെ അന്‍സറിനു കോഡിനേറ്ററുടെ ചാര്‍ജ്ജ് കൊടുക്കുകമാത്രമാണ് ചെയ്തത്. ഇതിനെയാണ് എന്റെ സ്വന്തക്കാരനെ കുടുംബശ്രീയുടെ ഡയറക്ടറാക്കി എന്ന് കള്ളപ്രചരണം നടത്തുന്നത്. ‘D’ എന്ന അക്ഷരം ഡിസ്ട്രിക്റ്റ് എന്നുള്ളതിന്റെ ആദ്യാക്ഷരമാണ്. പച്ചകള്ളം തട്ടിവിട്ടവര്‍ പക്ഷെ അത് ഡയറക്ടറുടെ എന്ന് ധരിച്ചതാവാം. ഡോ എം.കെ മുനീര്‍ മന്ത്രിയായിരുന്ന കാലത്താണ് അന്‍സറിനെ കൊല്ലത്തെ കുടുംബശ്രീയുടെ അസിസ്റ്റന്റ് കോഡിനേറ്ററായി നിയമിച്ചതെന്ന് ഓര്‍ക്കണം. ഒരു മാസത്തിനുള്ളില്‍ കുടുംബശ്രീയുടെ ജില്ലാ കോഡിനേറ്റര്‍മാരെയും അസിസ്റ്റന്റ് കോഡിനേറ്റര്‍മാരെയും നിയമിക്കുവാന്‍ അപേക്ഷ ക്ഷണിക്കാനിരിക്കുകയാണ്. ലഭിക്കുന്ന അപേക്ഷകരില്‍നിന്ന് വകുപ്പ് സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ഇന്റര്‍വ്യൂ നടത്തി ഏറ്റവും അനുയോജ്യരെ കണ്ടെത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിലവിലുള്ളവര്‍ക്ക് അപേക്ഷിക്കാം. പക്ഷെ അവര്‍ യോഗ്യരാണെങ്കില്‍ മാത്രമേ നിയമിക്കപ്പെടുകയുള്ളൂ എന്ന് നിങ്ങള്‍ക്കുറപ്പിക്കാം.

ഇല്ലാ കഥകള്‍ പ്രചരിപ്പിക്കുന്നവരോട് ഒരുവാക്ക്; ‘നിങ്ങള്‍ക്ക് സത്യം അല്‍പകാലത്തേക്ക് മൂടിവെച്ച് പുകമറ സൃഷ്ടിക്കാന്‍ കഴിഞ്ഞേക്കാം, എന്നാല്‍ അതിനെ എന്നെന്നേക്കുമായി ഒരിക്കലും ഇല്ലാതാക്കാന്‍ കഴിയില്ല’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍