UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരും ചാടി വീഴണ്ട, കുത്തിയോട്ടം തുടരും; ബാലപീഡനമുണ്ടോ എന്ന് പിന്നെ നോക്കാമെന്നും കടകംപള്ളി

ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടക്കുന്ന കുത്തിയോട്ടത്തിനെതിരെ ബാലവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ബാലാവകാശ ലംഘനമെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം ആറ്റുകാല്‍ ദേവീ ക്ഷേത്രത്തിലെ കുത്തിയോട്ടമെന്ന അനാചാരവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെ കുത്തിയോട്ടത്തെ പിന്തുണച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. കുത്തിയോട്ടത്തിനെതിരെ ആരും ചാടി വീഴേണ്ട കാര്യമില്ലെന്നും അത് ഭംഗിയായി തുടരുമെന്നും കടകംപള്ളി പറഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ ഭംഗിയായി കൂടുതല്‍ കുട്ടികളുടെ പങ്കാളിത്തത്തോടെ ഇത്തവണ കുത്തിയോട്ടം നടക്കുമെന്നും ബാലാവകാശ ലംഘനം ഉണ്ടോ എന്ന് പരിശോധിച്ചു പറയേണ്ടതാണെന്നും കടകംപള്ളി ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു.

ദേവീ പ്രീതിക്കെന്ന പേരില്‍ കുട്ടികളുടെ ചോര വരെ എടുക്കുന്ന കുത്തിയോട്ടം ബാലപീഡനവും ക്രിമിനല്‍ കുറ്റവുമാണെന്ന് ജയില്‍ മേധാവിയായ എഡിജിപി ആര്‍ ശ്രീലേഖ ബ്ലോഗില്‍ എഴുതിയിരുന്നു. ആചാരത്തിന്റെ പേരില്‍ കുത്തിയോട്ടത്തില്‍ കുട്ടികളെ ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയാക്കുകയാണെന്നും ദേവീ പ്രീതിക്കായി കുട്ടികളുടെ ചോര വരെ എടുക്കുന്ന പ്രാകൃതമായ രീതി ക്രിമിനല്‍ കുറ്റമാണെന്നും ഇത് അവസാനിപ്പിക്കാന്‍ ഭക്തരും ക്ഷേത്രഭാരവാഹികളും തയ്യാറാകണമെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

നാമമാത്രമായ ഭക്ഷണം മാത്രം നല്‍കുന്ന കുട്ടികളെ ദിവസേന മൂന്നു നേരം തണുത്ത വെള്ളത്തില്‍ കുളിപ്പിക്കും. അമ്പലത്തിന്റെ തറയില്‍ ദിവസവും ഉറങ്ങുന്ന കുട്ടികള്‍ക്ക് സ്വന്തം മാതാപിതാക്കളെ കാണാനും അനുവാദമില്ല. അവസാനദിവസം വസ്ത്രാഭരണങ്ങള്‍ അണിയിച്ചു ഒരുക്കുന്ന കുട്ടികളുടെ വശത്തു ഒരുകമ്പികൊളുത്തുന്ന വേദനകരമായ അനുഭവമുണ്ട്. വീട്ടുകാര്‍ ക്ഷേത്രത്തില്‍ എത്തിക്കുമ്പോള്‍ മാത്രമാണ് ഭൂരിഭാഗം കുട്ടികളും ഈ പീഡനങ്ങളെക്കുറിച്ചറിയുന്നത്.

കുട്ടികളുടെ അനുമതി പോലുമില്ലാതെയാണ് മാതാപിതാക്കളും ക്ഷേത്ര ഭാരവാഹികളും ഗൂഢാലോചന നടത്തി കുട്ടികളെ പീഡിപ്പിക്കുന്നത്, കുത്തിയോട്ടത്തെ ആണ്‍കുട്ടികളുടെ തടവറയെന്ന് പറയേണ്ടി വരുമെന്നും ശ്രീലേഖ അഭിപ്രായപ്പെട്ടു. നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കുത്തിയോട്ടം. ഉത്സവത്തില്‍ നിന്ന് കുത്തിയോട്ടത്തെ ഒഴിവാക്കണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. കുത്തിയോട്ടത്തോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആറ്റുകാല്‍ വിശ്വാസിയായ താന്‍ ഇത്തവണ പൊങ്കാല അര്‍പ്പിക്കുന്നില്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

സംസാരിച്ചവര്‍ എല്ലാം ഇതിനു എതിരാണെങ്കിലും അനാചാരം എതിര്‍ക്കപ്പെടുന്നില്ല. ദേവിക്ക് രക്തം ഇഷ്ടമാണെന്നാണ് ഭാരവാഹികള്‍ പറയുന്നത്. മുന്‍പ് ഇവിടെ മൃഗബലി നടന്നിരുന്നതാണ്. ഗുവാഹത്തി കാമാഖ്യ ക്ഷേത്രത്തില്‍ ദിവസവും ദേവിക്കുവേണ്ടി ആടുകളുടെ കഴുത്തുവെട്ടുന്ന ആചാരമുണ്ട്. ആ ആടുകളുടെ നോട്ടം ആണ് തനിക്ക് ഓര്‍മ്മവരുന്നത്. താന്‍ പത്തു വയസ്സുമുതല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കുമായിരുന്നു എന്നും തികഞ്ഞ ഭക്തയാണെന്നും ശ്രീലേഖ പറഞ്ഞു.

ആറ്റുകാല്‍ ക്ഷേത്രത്തില്‍ നടക്കുന്ന കുത്തിയോട്ടത്തിനെതിരെ ബാലവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ബാലാവകാശ ലംഘനമെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്. അതേസമയം കുത്തിയോട്ടത്തെ വിമര്‍ശിച്ചുള്ള ജയില്‍ മേധാവിയുടെ വിമര്‍ശനത്തെ തള്ളി ആറ്റുകാല്‍ ക്ഷേത്രഭരണ സമിതി രംഗത്തെത്തിയിരുന്നു. ആചാരങ്ങള്‍ മാറ്റാനാകില്ലെന്നും പതിവ് പോലെ ഇക്കുറിയും കുത്തിയോട്ടം നടത്തുമെന്നും ക്ഷേത്ര സമിതി വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍