UPDATES

ബീഫ് രാഷ്ട്രീയം

ഈ പ്രതിരോധം ബീഫ് ഇഷ്ടപ്പെടുന്ന സുരേന്ദ്രനും കൂടി വേണ്ടിയാണ്; പരിഹാസവുമായി മന്ത്രി കടകംപള്ളി

ബീഫ് റോസ്റ്റ് കഴിച്ചിട്ട് ഉള്ളിക്കറിയാണെന്ന് പറഞ്ഞ് തടിതപ്പാറില്ല

ബിജെപി നേതാവ് കെ സുരേന്ദ്രന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരിഹാസം. ഉത്തര്‍പ്രദേശില്‍ മാടുകളെ അറക്കുന്ന ചിത്രം കേരളത്തിലേതെന്നു പ്രചരിപ്പിച്ചതിനെതിരേയാണു മന്ത്രി ബിജെപി നേതാവിനെ വിമര്‍ശിച്ചും പരിഹസിച്ചും രംഗത്ത് എത്തിയത്. സംഘപരിവാരവും കെ.സുരേന്ദ്രനും നടത്തുന്ന നുണപ്രചാരണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും ഞങ്ങള്‍ ശരിയുടെ പാതയിലാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് നിങ്ങളുടെ ഓരോ നുണയും എന്നും കടകംപള്ളി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കടംപള്ളി സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ബീഫ് എന്നാല്‍ പശുവിറച്ചി എന്നത് സംഘ പരിവാര്‍ പ്രചാരണമാണ്. കാളയും പോത്തുമെല്ലാം മാട്ടിറച്ചി അഥവാ ബീഫ് എന്ന് തന്നെയാണ് അറിയപ്പെടുന്നത്. കറവ വറ്റിയ പശുക്കളെ ഇറച്ചിക്കായി ഉപയോഗിക്കാറുണ്ട്. ഇവിടെ ബീഫ് എന്നാല്‍ ഗോമാംസം എന്ന് മാത്രം പ്രചരിപ്പിക്കുകയാണ് കെ. സുരേന്ദ്രനും കൂട്ടരും. ജാതി മത വ്യത്യാസമില്ലാതെ മലയാളികള്‍ ബീഫ് കഴിക്കാറുണ്ട്. ദേവസ്വം മന്ത്രി ഗോമാംസം കഴിച്ചു എന്നൊക്കെ പറഞ്ഞ് കെ.സുരേന്ദ്രന്‍ വേവലാതിപ്പെടേണ്ട. ബീഫ് റോസ്റ്റ് കഴിച്ചിട്ട് ഉള്ളിക്കറിയാണെന്ന് പറഞ്ഞ് തടിതപ്പാറില്ല ഞാന്‍. ബീഫ് കഴിക്കാന്‍ ഇഷ്ടപ്പെടുന്ന സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കായാണ് ഞങ്ങള്‍ പ്രതിരോധ പ്രക്ഷോഭം നടത്തുന്നത്. BJP ഇപ്പോള്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ഒരു മാര്‍ക്കറ്റില്‍ മാടുകളെ പരസ്യമായി കഴുത്തറത്തിട്ടിരിക്കുന്ന ചിത്രം കേരളത്തിലെ ചിത്രമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ നടത്തിയ ശ്രമംസംഘപരിവാരവും കെ.സുരേന്ദ്രനും നടത്തുന്ന നുണപ്രചാരണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്. ഞങ്ങള്‍ ശരിയുടെ പാതയിലാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് നിങ്ങളുടെ ഓരോ നുണയും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍