UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇനിയെങ്കിലും ഓസിയുടെ ‘ക്വട്ടേഷന്‍’ കെസി ഒഴിവാക്കുമോ?

Avatar

അഴിമുഖം പ്രതിനിധി

താന്‍ കുത്തും കുഴിയില്‍ താന്‍ തന്നെ വീഴും, മൂലയ്ക്കിരുന്ന മഴുവെടുത്ത് സ്വന്തം കാലില്‍ ഇട്ടു. എന്നിങ്ങനെ മലയാളത്തില്‍ നിരവധി പഴഞ്ചൊല്ലുകളും പ്രയോഗങ്ങളുമുണ്ട് നമ്മുടെ സാംസ്‌കാരിക മന്ത്രി കെ സി ജോസഫിന്റെ ഇപ്പോഴത്തെ അവസ്ഥയെ വര്‍ണ്ണിക്കുവാന്‍. ഇന്നലെ ഹൈക്കോടതിയില്‍ മന്ത്രി ഹാജരായി പുറത്തിറങ്ങിയപ്പോള്‍ ആ മുഖത്തെ ഭാവഭേദങ്ങള്‍ അവര്‍ണനീയമായിരുന്നു. ഇപ്പോഴൊന്നും പറയാനില്ല. എല്ലാം കോടതിയില്‍ പറഞ്ഞു കൊള്ളാം എന്ന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞതിലെ ധ്വനിയും വ്യക്തം. ജഡ്ജിക്ക് ഒരുക്കിയ ചായത്തൊട്ടിയില്‍ വീണ അവസ്ഥയിലായിരുന്നു സാംസ്‌കാരിക മന്ത്രി ഇന്നലെ.

ഉമ്മന്‍ചാണ്ടിക്ക് എതിരെ അപ്രിയ വിധി പ്രസ്താവം നടത്തിയ ജഡ്ജിയെ തിന്നാനുള്ള കലിയുണ്ടായതുകൊണ്ട് തന്നെയാകണം ജഡ്ജിയെ ചായത്തൊട്ടിയില്‍ വീണ കുറുക്കനോട് ഉപമിച്ച് മന്ത്രി ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ജഡ്ജിയുടെ പൂര്‍വ ചരിത്രം എന്താണെന്ന് കുറിപ്പില്‍ കുറിച്ചില്ലെങ്കിലും ആ ചരിത്രം അറിയാവുന്ന ആരും അത്ഭുതപ്പെടാന്‍ ഇടയില്ലെന്ന് എഴുതിയതില്‍ നിന്ന് തന്നെ ജഡ്ജിയെ കുറിച്ചുള്ള മന്ത്രിയുടെ വ്യക്തിപരമായ അഭിപ്രായം നിലനില്‍ക്കുന്നു എന്നു വ്യക്തം.

ചായത്തൊട്ടിയില്‍ അബദ്ധത്തില്‍ വീണ കുറുക്കന്‍ നിറംമാറ്റം വന്നതിലൂടെ ആദ്യം അസ്പൃശ്യനാകുകയും പിന്നീട് രാജാവാകുകയും ചെയ്ത കഥ തന്നെയാണ് മന്ത്രി ഉദ്ദേശിച്ചതും കുറിച്ചതും.

അല്ലെങ്കിലും മന്ത്രി കെ സി ഇങ്ങനെയൊക്കെ തന്നെയാണ്. ഉമ്മന്‍ചാണ്ടിയെ ആരെങ്കിലും തൊട്ടാല്‍ തൊട്ടവനെ തട്ടാന്‍ ഇറങ്ങിപ്പുറപ്പെടുന്ന സ്വഭാവം പണ്ടേ തുടങ്ങിയതാണ്. ഉമ്മന്‍ചാണ്ടിയെന്ന ഓസിയും കെസി ജോസഫ് എന്ന കെസിയും കോട്ടയംകാരും ഒരേ മതസ്ഥരും സര്‍വാത്മന ആന്റണി കോണ്‍ഗ്രസുകാരുമാണ്. നേതാവ് ആന്റണിയാണെങ്കിലും ചേര്‍ത്തലക്കാരന്‍ ആന്റണിയോട് മന്ത്രി കെ സിക്ക് അത്ര ഭക്തി പോര. പണ്ടും ഇന്നും.

സത്യത്തില്‍ ജഡ്ജിയെ ചായത്തൊട്ടിയില്‍ വീണ കുറുക്കനോട് ഉപമിക്കുമ്പോള്‍ മന്ത്രി കെസി പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിച്ചിരിക്കാന്‍ ഇടയില്ല. വരുംവരായ്കകളെ കുറിച്ച് ആരോ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് കുറുക്കന്‍ പ്രസ്താവന ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനകം ലോകം മുഴുവനുള്ള മലയാളികള്‍ ഇത് വായിക്കുകയോ വായിച്ചവര്‍ എഴുതിയത് കണ്ട് പിന്നീട് അറിയുകയോ ചെയ്തിരുന്നു.

ഇതൊന്നും കോടതിയെ പ്രകോപിപ്പിച്ചതായി കണ്ടില്ല. അല്ലെങ്കിലും അടുത്തകാലത്തായി കോടതികള്‍ ഇങ്ങനെയാണ് എന്നൊരു ആക്ഷേപം രാഷ്ട്രീയക്കാര്‍ക്ക് ഇടയില്‍ നിലനില്‍ക്കുന്നുണ്ട്. ചിലതൊക്കെ കോടതികള്‍ കാണുന്നു, ചിലത് കണ്ടിട്ടും കണ്ടില്ലെന്നും നടിക്കുന്നു എന്നൊക്കെ അനുകൂലവും പ്രതികൂലവുമായ വിധി പ്രസ്താവങ്ങളും ഇടപെടലുകളും ഉണ്ടാകുമ്പോള്‍ നമ്മുടെ രാഷ്ട്രീയക്കാര്‍ തഞ്ചവും തരവും നോക്കി മാറ്റി മാറ്റി പറഞ്ഞു കൊണ്ടിരിക്കുന്ന കാലമാണിത്. കെസിക്ക് എതിരെ കോടതിയലക്ഷ്യത്തിന് സ്വമേധയ കേസ് എടുക്കാമായിരുന്ന കാര്യമായിട്ടും കോടതി അത് ചെയ്യാത്തതുകൊണ്ട് തന്നെയാകണം സിപിഐഎമ്മുകാരനായ വി ശിവന്‍കുട്ടി എംഎല്‍എ കേസും പുകാറുമായി മുന്നിട്ട് ഇറങ്ങിയത്. ഒരു പക്ഷേ ശിവന്‍കുട്ടിയെ ഇതിന് പ്രേരിപ്പിച്ചത് തന്റെ പാര്‍ട്ടിക്കാരനായ എം വി ജയരാജന് എതിരെ കോടതി അലക്ഷ്യത്തിന് കേസ് എടുപ്പിക്കാന്‍ കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ കാണിച്ച ശുഷ്‌കാന്തി തന്നെയാകണം.

പൊതുനിരത്തുകളിലെ പൊതുയോഗങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും എതിരെ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളെ അധിക്ഷേപിച്ചു കൊണ്ടാണ് എംവി ജയരാജന്‍ പ്രസംഗിച്ചത്. ജഡ്ജിമാരെ ശുംഭന്‍മാര്‍ എന്നുവരെ വിശേഷിപ്പിച്ചു. ഇതിനെതിരെ കോടതി കേസ് എടുക്കാത്തതില്‍ മനംനൊന്താണ് ഇക്കാര്യം കണ്ണൂരിലെ ചില കോണ്‍ഗ്രസുകാര്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതും കോടതി കേസ് എടുത്തതും. എന്തായാലും ജയരാജനെ പോലെ മന്ത്രി കെസി ശബ്ദതാരാവലിയൊന്നും പരതി മെനക്കെടാന്‍ തയ്യാറായില്ല. തന്റെ പ്രസ്താവനയില്‍ ഉറച്ചു നിന്ന് ജയരാജന്‍ കോടതിക്ക് മുമ്പാകെ വാദിച്ചത് ശുംഭന്‍മാര്‍ എന്നാല്‍ പ്രകാശം പരത്തുന്നവര്‍ എന്നും അര്‍ത്ഥം ഉണ്ടെന്നാണ്. ജയരാജന്റെ ഈ വരട്ടുവാദമൊന്നും കോടതിക്ക് സ്വീകാര്യം അല്ലായിരുന്നതിനാല്‍ ജയിലിലേക്ക് തന്നെ അയച്ചു. ഇക്കാര്യം വ്യക്തമായി അറിയുന്നതുകൊണ്ട് തന്നെയാകണം സാംസ്‌കാരിക മന്ത്രി ആദ്യം കോടതിക്ക് നേരിട്ട് മാപ്പെഴുതുകയും പിന്നീട് കോടതി ആവശ്യപ്പെട്ട പ്രകാരം കോടതിയില്‍ ഹാജരാകുകയും ചെയ്തത്.

കോടതിയില്‍ ഹാജരായ മന്ത്രി താന്‍ ചെയ്തത് പൂര്‍ണമായും തെറ്റാണെന്ന് പറഞ്ഞിട്ടില്ലെന്നാണ് കോടതി നിരീക്ഷിച്ചതെന്നാണ് ചിലരൊക്കെ എഴുതി കാണുന്നത്. സത്യമെന്തായാലും കോടതി ജഡ്ജിക്ക് എതിരെ എഴുതിയ കാര്യങ്ങള്‍ക്ക് പൊതുമാപ്പ് പറയണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. മാപ്പ് മാധ്യമങ്ങളിലൂടെയാകാം. മന്ത്രിയുടെ വക്കീല്‍ അപേക്ഷിച്ചത് അനുസരിച്ച് മാപ്പ് ഫേസ് ബുക്കിലൂടെ തന്നെയാകാം എന്ന് കോടതി കല്‍പ്പിച്ചിട്ടുണ്ട്. എങ്കിലും കോടതി കേസ് എഴുതിതള്ളിയ മട്ടില്ല. മാര്‍ച്ച് പത്തിന് അകം പൊതുമാപ്പ് വരണമെന്നും മാര്‍ച്ച് പത്തിന് മന്ത്രി നേരിട്ട് കോടതിയില്‍ ഹാജരാകണം എന്നും പറഞ്ഞതില്‍ നിന്നും ഇക്കാര്യം വ്യക്തമാണ്.

ഇനിയെങ്കിലും ഉമ്മന്‍ചാണ്ടിക്ക് ഇല്ലാത്ത വേവലാതി സ്വയം ഏറ്റെടുത്ത് കൂലിത്തല്ലുകാരനാകുന്ന സ്വഭാവം കെസി മന്ത്രി ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍