UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇരിക്കൂറില്‍ ഇരിക്കപ്പൊറുതിയില്ലാതെ കെ സി ജോസഫ്‌

Avatar

അഴിമുഖം പ്രതിനിധി

ഇരിക്കൂറില്‍ ഇത്തവണ കോണ്‍ഗ്രസുകാര്‍ അത്ര ഹാപ്പിയല്ലെന്ന വാര്‍ത്തകളാണ് കഴിഞ്ഞ രണ്ടു ദിവസമായി പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ജഡ്ജിയെ ചായക്കോപ്പയില്‍ വീണ കുറുക്കനോട് ഉപമിച്ച സാംസ്‌കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ് കഴിഞ്ഞ 35 വര്‍ഷമായി വാണരുളുന്ന മണ്ഡലമാണ് കണ്ണൂരിലെ ഇരിക്കൂര്‍. കമ്മ്യൂണിസ്റ്റ് ഭൂമികയായ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും ഉറച്ച മണ്ഡലം കൂടിയാണ് ഇരിക്കൂര്‍. എന്നിട്ടും കഴിഞ്ഞ തവണ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് കെ സി ജോസഫ് കടന്നുകൂടിയത്.

ഇരിക്കൂര്‍ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെടുന്ന പ്രതിഷേധം കാണുമ്പോള്‍ ഒരു പക്ഷേ ആര്‍ക്കും തോന്നാവുന്ന കാര്യം കെ സി ജോസഫ് തന്നെ ചായത്തൊട്ടിയില്‍ വീണ കുറുക്കനായി തീര്‍ന്നുവോ എന്നാണ്. ഇക്കാര്യം കഴിഞ്ഞ കുറച്ച് ആഴ്ചകളായി കോടതിയും പരിശോധിച്ചു വരികയായിരുന്നു. അവസാനം ഫേസ് ബുക്കിലൂടെയുള്ള മാപ്പപേക്ഷയും ടിയാന് ഭരണഘടനയോടും ജുഡീഷ്യറിയോടുമുള്ള കൂറും മനസ്സിലാക്കിയ കോടതി സര്‍വാത്മനാ പൊറുത്ത് മാപ്പാക്കിയ അവസരത്തിലാണ് സ്വന്തം മണ്ഡലത്തില്‍ നിന്നും ശക്തമായ പ്രതിഷേധ സ്വരം ഉയരുന്നത്.

കെ സി ജോസഫിന് എതിരെ രൂപപ്പെടുന്ന പ്രതിഷേധം ഇന്നും ഇന്നലേയും തുടങ്ങിയതല്ല. അതിന് രണ്ട് മൂന്ന് തെരഞ്ഞെടുപ്പ് പിന്നോട്ടുള്ള ചരിത്രം കൂടിയുണ്ട്. സിന്ദാബാദ് വിളിക്കാനും പൊലീസിന്റേയും രാഷ്ട്രീയ എതിരാളികളുടെ തല്ലു കൊണ്ട് നടക്കാനും യൂത്തന്‍മാരും കെ എസ് യുക്കാരുമുള്ളപ്പോള്‍ വിജയശ്രീലാളിതനായി കോട്ടയത്തെ വീട്ടിലേക്ക് മടങ്ങുന്ന കെ സി ജോസഫിന് എതിരെ പണ്ടും ഇരിക്കൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ പൊട്ടിത്തെറികളുണ്ടായിരുന്നു. പാര്‍ട്ടിയല്ലേ ഭരണമല്ലേയെന്ന് കരുതിയ പാവം കോണ്‍ഗ്രസുകാര്‍ക്കൊപ്പം മുസ്ലിംലീഗും വോട്ട് ചെയ്തപ്പോള്‍ ജോസഫ് നിരന്തരം ജയിച്ചു കൊണ്ടിരുന്നു. മണ്ഡലത്തില്‍ ഏഴ് തവണ എംഎല്‍എയായ കെ സി വീണ്ടും രംഗത്ത് ഇറങ്ങുമ്പോള്‍ ഇനിയും ഇത് സഹിക്കാന്‍ ആകാത്ത അവസ്ഥയിലാണ് തങ്ങളെന്നാണ് മണ്ഡലവാസികളായ കോണ്‍ഗ്രസുകാരും അവരുടെ യുവക്കുട്ടിപ്പടകളും പറയുന്നത്.

സാംസ്‌കാരിക മന്ത്രി കൂടിയായ കെ സി ജോസഫ് എന്ന കോട്ടയംകാരന്‍ നേതാവിന് എതിരെ ഒരു സാംസ്‌കാരിക വിപ്ലവവുമായാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് തറവാട്ടിലെ ഇളംതലമുറയിലെ ചിലര്‍ ഇറങ്ങുന്നത്. ആദ്യം പോസ്റ്ററുകളില്‍ തുടങ്ങിയ ആ സാംസ്‌കാരിക പരിപാടി ഇന്നലെ മന്ത്രിയുടെ കോലം കത്തിക്കുന്നിടം വരെയെത്തി. പ്രതിഷേധക്കാരുടെ പ്രശ്‌നം വളരെ ലളിതമാണ്. കോട്ടയംകാരനായ കെസി 1982 മുതല്‍ കണ്ണൂരിലെ ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. കോട്ടയം രൂപതയില്‍പ്പെട്ട ക്‌നാനായ നസ്രാണികള്‍ ഈ മണ്ഡലത്തില്‍ ഒരു നിര്‍ണായ ശക്തിയൊന്നുമല്ലെങ്കിലും കോട്ടയം രൂപതയുടെ അനുഗ്രഹാശിസ്സുകളോടെ ഇരിക്കൂര്‍ മണ്ഡലം മത്സര തട്ടകമായി മാറ്റുകയായിരുന്നു കെസിയും പുതുപ്പള്ളിക്കാരന്‍ കുഞ്ഞൂഞ്ഞും ചേര്‍ന്ന്. പ്രതിഷേധക്കാര്‍ക്ക് പറയാനുള്ളത് ഇങ്ങനെയാണ്. 35 വര്‍ഷമായി മണ്ഡലത്തിലുള്ള എംഎല്‍എയ്ക്ക് ഈ മണ്ഡലത്തില്‍ സ്വന്തം വീടുപോയിട്ട് ഒരു വാടക വീട് പോലുമില്ല. തന്നെയുമല്ല വോട്ടും അങ്ങ് കോട്ടയത്ത് തന്നെയാണ്.

ഏഴ് തവണ ഇരിക്കൂര്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത കെ സി ജോസഫ് മാറിയിട്ടു വേണം തദ്ദേശീയരായ കോണ്‍ഗ്രസുകാര്‍ക്ക് ഒരു ടിക്കറ്റ് ഉറപ്പിക്കാന്‍. അപ്പന്‍ ചത്തിട്ട് വേണ്ടേ കട്ടില്‍ ഒഴിയാന്‍ എന്ന അവസ്ഥ ഇക്കുറി ഉണ്ടാകില്ലെന്ന് കരുതിയവരില്‍ സതീശന്‍ പാച്ചേനിയും സജീവ് ജോസഫും ഒക്കെയുണ്ടായിരുന്നു. ഇക്കുറി കെസി മത്സരിക്കാന്‍ ഇടയില്ലെന്ന് കണ്ട് കണ്ണൂരിലെ എ വിഭാഗം നേതാക്കളും സതീശന്‍ പാച്ചേനിക്കുവേണ്ടി തന്നെയായിരുന്നു ഇരിക്കൂര്‍ ശുപാര്‍ശ ചെയ്തിരുന്നത്.

പെട്ടെന്നൊരു കൊള്ളിയാന്‍ പോലെ കെസി ജോസഫ് ഇരിക്കൂറില്‍ മടങ്ങിയെത്തി പ്രചാരണ പരിപാടികള്‍ രഹസ്യമായി തുടങ്ങിയപ്പോഴാണ് കോണ്‍ഗ്രസിലെ ഇളംമുറക്കാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. എന്നാല്‍ ഈ പ്രതിഷേധത്തില്‍ ഒന്നും കാര്യമില്ലെന്നാണ് കെ സി ജോസഫ് പറയുന്നത്. കെ സിയുടെ ഈ വാദം എത്ര കണ്ട് ശരിയാകും എന്നത് തെരഞ്ഞെടുപ്പ് കഴിഞ്ഞാലേ പറയാനാകൂ എന്ന അവസ്ഥയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. സജീവ് ജോസഫിന്റെ സഹോദരന്‍ ഫിലിപ്പ് ജോസഫ് സജീവമായി തന്നെ രംഗത്തുണ്ട്. അയാള്‍ പറയുന്നത്, തങ്ങള്‍ക്ക് സീറ്റ് ലഭിച്ചില്ലെങ്കില്‍ വിമതനാകാനും മടിക്കില്ലെന്നാണ്.

ഇരിക്കൂര്‍ മണ്ഡലത്തിന്റെ പലഭാഗങ്ങളില്‍ ഉയര്‍ന്ന ഫ്‌ളക്‌സ്‌ ബോര്‍ഡുകളിലൊന്നില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥി ചോദിക്കുന്ന വളരെ പ്രസക്തമായ ഒരു ചോദ്യമുണ്ട്. എന്റെ അപ്പൂപ്പനും എന്റെ മുത്തശ്ശിയും എന്റെ അച്ഛനും എന്റെ അമ്മയും ഇയാള്‍ക്ക് വോട്ടു ചെയ്തു. ഇനി ഞാനും അയാള്‍ക്ക് വോട്ടു ചെയ്യണോ എന്നതാണ് ആ ചോദ്യം.

വരും ദിനങ്ങളും പ്രതിഷേധത്തിന്റേത് തന്നെയാകുമ്പോള്‍ ഒടുവില്‍ കോട്ടയംകാരന്‍ കോട്ടയത്തേക്ക് പാക്ക് ചെയ്യുമോ എന്നതാണ് കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ ഉറ്റുനോക്കുന്നത്. കണ്ണൂര്‍ മണ്ഡലത്തില്‍ കണ്ണു വച്ച കെ സുധാകരന്‍ ഉദുമ ലക്ഷ്യമാക്കി ഓടുമ്പോള്‍ കണ്ണൂരിലെ എ ഐ ഗ്രൂപ്പ് സമവാക്യങ്ങള്‍ വീണ്ടും തെറ്റുകയാണ്. അബ്ദുള്ളക്കുട്ടിയെ മാറ്റി കണ്ണൂരില്‍ സുധാകരനെ നിര്‍ത്താന്‍ സമ്മതിച്ചാല്‍ കെ സിക്ക് ഇരിക്കൂറില്‍ തന്നെ മത്സരിക്കാം എന്ന മുന്‍ധാരണ ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ കെ സിയുടെ സ്ഥാനാര്‍ത്ഥിത്വവും വിജയവും ഒക്കെ തല്‍ക്കാലം അനിശ്ചിതത്വത്തിലാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍