UPDATES

കക്കൂസിലാണെങ്കിലും നക്കിക്കുടിക്കും: മദ്യപാനികളെ അപമാനിച്ച് ജി സുധാകരന്‍

നാണവും മാനവുമില്ലാതെ ക്യൂ നില്‍ക്കുന്നത് കാണുന്നില്ലേ? ചത്തുതുലഞ്ഞാലും പ്രശ്‌നമില്ലെന്ന മനോഭാവമാണ് ഇത്തരക്കാര്‍ക്കെന്നും മന്ത്രി

മദ്യപാനികള്‍ കക്കൂസിലാണെങ്കിലും നക്കിക്കുടിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍. കരമന-കളിയിക്കാവിള ദേശീയപാതയെ ജില്ലാ പാതയാക്കി തരംതാഴ്ത്തി പൂട്ടിയ മദ്യശാലകള്‍ തുറക്കാനുള്ള ശ്രമത്തിനെതിരെ എം വിന്‍സന്റ് എംഎല്‍എ അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി മദ്യപാനികളെ കടുത്ത ഭാഷയില്‍ അപമാനിച്ചുകൊണ്ട് സംസാരിച്ചത്.

നാണവും മാനവുമില്ലാതെ ക്യൂ നില്‍ക്കുന്നത് കാണുന്നില്ലേ? ചത്തുതുലഞ്ഞാലും പ്രശ്‌നമില്ലെന്ന മനോഭാവമാണ് ഇത്തരക്കാര്‍ക്കെന്നും മന്ത്രി രോഷം കൊണ്ടു. ദേശീയ പാതയെ ജില്ലാ പാതയായി തരംതാഴ്ത്താനുള്ള നീക്കം സര്‍ക്കാരിന്റെ ഭാഗത്തില്ല. പൊതുമരാമത്ത് വകുപ്പ് അതിനായി സത്യവാങ്മൂലം നല്‍കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മദ്യശാലകള്‍ തുറന്നുകിട്ടാനായി പാതകള്‍ തരംതാഴ്ത്താനില്ലെന്ന ധീരമായ നിലപാടെത്തത് ഈ സര്‍ക്കാരാണ്. ദേശീയ പാതാ അതോറിറ്റിയുടെ കീഴിലായിരുന്ന പാത 2015 ഓഗസ്റ്റിലാണ് സംസ്ഥാനത്തെ ഏല്‍പ്പിച്ചത്. അതിന് ശേഷം യുഡിഎഫ് സര്‍ക്കാരോ എല്‍ഡിഎഫ് സര്‍ക്കാരോ ഇക്കാര്യത്തില്‍ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. അതുകൊണ്ട് ഇതിപ്പോള്‍ സംസ്ഥാനപാതയാണോ ജില്ലാ പാതയാണോയെന്ന് പറയാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

എംഎല്‍എ ആരോപണം ഉന്നയിക്കുന്നത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ്. എന്തൊക്കെയാണെങ്കിലും വിഷമില്ലാത്ത മദ്യം കൊടുക്കാനായില്ലെങ്കില്‍ ആകെ കുഴപ്പമാകും. മലയുടെ മുകളിലാണെങ്കിലും ആളുകള്‍ പോയി വാങ്ങിക്കുമെന്നാണ് കോടതി തന്നെ പറഞ്ഞിരിക്കുന്നത് മന്ത്രി ചൂണ്ടിക്കാട്ടി. സുപ്രിംകോടതി വിധിയെ തുടര്‍ന്ന് ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ കള്ളുഷാപ്പുകള്‍ പൂട്ടേണ്ടി വന്നാലും തൊഴില്‍ നഷ്ടപ്പെട്ടവരെ സഹായിക്കാന്‍ സാധ്യമായ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ സഭയെ അറിയിച്ചു.

ഈ വിഷയത്തില്‍ കെ ദാസന്‍ എംഎല്‍എ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി. ആയിരത്തിലധികം ഷാപ്പുകളാണ് ഇതുമൂലം നിര്‍ത്തിയത്. നിയമവിധേയമായി ഷാപ്പുകള്‍ മാറ്റിസ്ഥാപിക്കാനുള്ള സാധ്യതയും ആരാഞ്ഞുവരികയാണ്. തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. അബ്കാരി നിയമത്തിലെ മാറ്റം അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍