UPDATES

ഇതു കള്ളപ്പണവേട്ടയല്ല, കൊടിയ അഴിമതി; ധനമന്ത്രി തോമസ് ഐസക്ക്

ഡോ. തോമസ് ഐസക്ക്

ഇതു കള്ളപ്പണവേട്ടയൊന്നുമല്ല; കൊടിയ അഴിമതി!
അതാണ് ഇപ്പോള്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഒന്നാമത്തെ തെളിവാണ് മോദിയുടെ നോട്ടുനിരോധത്തിനു മുമ്പ് കോല്‍ക്കത്തയിലടക്കം ബിജെപിയും അതിന്റെ നേതാക്കളും ലക്ഷങ്ങളും കോടികളും ബാങ്കുകളില്‍ തിരക്കിട്ടു നിക്ഷേപിച്ചത്. നിരോധിക്കാന്‍ തീരുമാനിച്ചിരുന്ന കറന്‍സികളില്‍ സൂക്ഷിച്ചിരുന്ന പണമാണ് ഇങ്ങനെ നിക്ഷേപിച്ചത്. കൃത്യമായ വിവരം കിട്ടാതെ ഇങ്ങനെയൊരു കാര്യം ചെയ്യാനാവില്ലല്ലോ. അപ്പോള്‍ത്തന്നെ വ്യക്തമാണ് മോദി ടിവിയില്‍ പറയുമ്പോഴല്ല ഇക്കാര്യം ആദ്യമായി പുറത്തറിയുന്നത് എന്നത്. അറിയേണ്ടവരൊക്കെ അറിഞ്ഞിരുന്നു. അവരെല്ലാം കള്ളപ്പണം വെളുപ്പിക്കുകയോ സുരക്ഷിതമായ നിക്ഷേപങ്ങളിലേക്കു മാറ്റുകയോ ചെയ്തിട്ടുമുണ്ടാകും. അതിനെല്ലാം ഒത്താശ ചെയ്തിട്ടു നടത്തിയ നോട്ടുനിരോധനം നാടകമല്ലെങ്കില്‍ പിന്നെ എന്താണ്? മറ്റുള്ളവര്‍ വിഢികളാകുകയായിരുന്നു, അത്രതന്നെ.

രണ്ടാമത്തെ തെളിവ് രാജ്യത്തെ വാണിജ്യബാങ്കുകളില്‍ നോട്ടുനിരോധത്തിനു തൊട്ടുമുമ്പുള്ള പാദത്തില്‍ വന്‍തോതില്‍ പണം നിക്ഷേപിക്കപ്പെട്ടതാണ്. രണ്ടാം പാദമായ ജൂലൈ-സെപ്റ്റംബര്‍ മൂന്നുമാസത്തെ കണക്കാണു പറയുന്നത് (ഒക്ടോബര്‍ ഉള്‍പ്പെടുന്ന പാദത്തിലെ നിക്ഷേപത്തിന്റെ കണക്കുകള്‍ വരാനിരിക്കുന്നേയുള്ളൂ).

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ മുന്‍ പാദങ്ങളിലെ 1-3% നിക്ഷേപവളര്‍ച്ചയെ അതിശയിച്ച് 4.3% വളര്‍ച്ചയാണ് രണ്ടാം പാദത്തില്‍ ഉണ്ടായത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 1.6ഉം 0.8ഉം 0.2ഉം ആയി കുറഞ്ഞുവന്ന നിക്ഷേപവളര്‍ച്ച ഈ പാദത്തില്‍ 3.8% ആയി.

ബാങ്ക് ഓഫ് ഇന്‍ഡ്യയില്‍ നിക്ഷേപ വളര്‍ച്ച് മുമ്പത്തെ മൂന്നു പാദത്തിലും കീഴോട്ടായിരുന്നു. 0.7ല്‍നിന്നു താഴ്ന്നു മൈനസ് 3ഉം മൈനസ് 2.9ഉം ആയി. എന്നാല്‍ രണ്ടാം പാദത്തില്‍ 1.5 ശതമാനത്തിലേക്കു കുതിച്ചു!

യൂണിയന്‍ ബാങ്കില്‍ 1.2%ല്‍നിന്ന് 6.7%ലേക്ക് ഒറ്റച്ചാട്ടമായിരുന്നു!

ബാങ്ക് ഓഫ് ബറോഡയിലും കീഴോട്ടായിരുന്ന ഗ്രാഫ് മേലോട്ടുയര്‍ന്ന് 1%ല്‍ എത്തി.


എന്തു മാജിക്കാണ് വാണിജ്യബാങ്കുകളിലെല്ലാം ഇങ്ങനെയൊരു പ്രതിഭാസം സൃഷ്ടിച്ചത്? ഒരു സാമ്പത്തികശാസ്ത്രവിശദീകരണത്തിനും പഴുതു നല്‍കുന്ന ഒരു സംഭവവികാസവും ഈ കാലയളവില്‍ സംഭവിച്ചിട്ടില്ല. അപ്പോള്‍ ഇതിന് ഒറ്റ വിശദീകരണമേ കണ്ടെത്താനാകൂ. കറന്‍സികള്‍ നിരോധിക്കാന്‍ പോകുന്നു എന്ന് അറിവു കിട്ടിയ കള്ളപ്പണക്കാര്‍ കറന്‍സി രൂപത്തില്‍ സൂക്ഷിച്ചിരുന്ന പണമത്രയും വിവിധ അക്കൗണ്ടുകളിലായി ബാങ്കുകളില്‍ തിരക്കിട്ടു നിക്ഷേപിച്ചു. കള്ളപ്പണം വെളുപ്പിക്കാന്‍ വ്യാജ അക്കൗണ്ടുകള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാരിന്റെ തന്നെ നടപടികളിലൂടെത്തന്നെ ബാങ്കുകള്‍ക്ക് അവസരം ഒരുക്കിയതിനെയും ഈ അവസരം ഉപയോഗിച്ച് പുതുതലമുറബാങ്കുകള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ ഒത്താശ ചെയ്യുന്ന രീതികള്‍ കോബ്രാപോസ്റ്റ് എന്ന മാധ്യമം സ്റ്റിങ് ഓപ്പറേഷനിലൂടെ വെളിച്ചത്തു കൊണ്ടുവന്നതിനെയും പറ്റി കഴിഞ്ഞയാഴ്ച ഞാന്‍ ഫേസ്ബുക്കില്‍ എഴുതിയത് ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. ആ പഴുതുകള്‍ കള്ളപ്പണക്കാര്‍ വ്യാപകമായി ഉപയോഗപ്പെടുത്തിയാകണം ഈ നിക്ഷേപങ്ങള്‍ നടത്തിയത്.

അറിയേണ്ടവര്‍ അറിഞ്ഞിരുന്നു എന്നതിന്റെ മൂന്നാമത്തെ തെളിവാണ് ഞാന്‍ ഇന്നലത്തെ പോസ്റ്റില്‍ എഴുതിയ ജനാര്‍ദ്ദനറെഡ്ഡിയുടെ മകളുടെ ആഡംബരവിവാഹവും മോദിയുടെ സംസ്ഥാനത്തുതന്നെ കൈക്കൂലി കൊടുക്കുന്നതിനിടെ പിടിയിലായ മൂന്നുലക്ഷത്തോളം രൂപയ്ക്കുള്ള പുതിയ രണ്ടായിരത്തിന്റെ നോട്ടുകളും. ആളുകള്‍ 2000ഉം 4000ഉം പോലും പിന്‍വലിക്കാനോ നിരോധിച്ച നോട്ടു മാറ്റാനോ ദിവസങ്ങള്‍ ക്യൂനിന്നു ക്ലേശിക്കുമ്പോള്‍ ഈ ബിജെപി നേതാവിന് എങ്ങനെ 500 കോടി രൂപ ചെലവഴിക്കാന്‍ കഴിഞ്ഞു? ഈ തുകയത്രയും നിരോധമില്ലാത്ത നോട്ടുകളാക്കി ഒരുക്കിവയ്ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞെങ്കില്‍ അതും വിവരം ചോര്‍ത്തി നല്‍കിയതുകൊണ്ടല്ലേ? വെറുമൊരു ബിജെപി നേവും മുന്‍ മന്ത്രിയും മാത്രമല്ല റെഡ്ഡി, കള്ളപ്പണം സംബന്ധിച്ച ആരോപണത്തിനു വിധേയനായിട്ടുള്ള ഖനിരാജാവാണ്. അത്തരക്കാരൊക്കെ അറിഞ്ഞെങ്കില്‍, അവര്‍ക്കെല്ലാം നോട്ടുകള്‍ മാറ്റി ഉപയോഗിക്കാന്‍ കഴിഞ്ഞെങ്കില്‍ പിന്നെ ആരുടെ കണ്ണില്‍ പൊടിയിടാനാണീ ജനദ്രോഹം?

നരേന്ദ്രമോദിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉന്നയിച്ചിരിക്കുന്ന അഴിമതിയാരോപണവും നമുക്കുമുന്നിലുണ്ട്. അതിനെക്കാളെല്ലാം വലിയ അഴിമതിയാണ് ഈ നോട്ടുനിരോധത്തിലൂടെ നടത്തിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കാന്‍ സഹായം ലഭിച്ച ഓരോ ആളും അതിലെ നല്ലൊരു പങ്കുവീതം വിവരം നല്‍കിയവര്‍ക്ക് നല്‍കിയിട്ടുണ്ടാകും. അതാണല്ലോ ഇത്തരം ഇടപാടിലെ ഡീല്‍. വരാന്‍പോകുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് ഒഴുക്കാന്‍ വേണ്ട മുഴുവന്‍ പണവും അതിലപ്പുറവും ഇതിലൂടെ തരപ്പെടുത്തിയിട്ടുണ്ടാകുമെന്നു തീര്‍ച്ചയാണ്. തെരഞ്ഞെടുപ്പിലെ പ്രതിയോഗികളില്‍നിന്ന് വിവരം മറച്ചുവയ്ക്കുകവഴി അവരുടെ കറന്‍സി രൂപത്തില്‍ ഉണ്ടായിരുന്നിരിക്കാവുന്ന കള്ളപ്പണമത്രയും ആക്രിക്കടലാസാക്കി മാറ്റാന്‍ കഴിഞ്ഞു എന്ന ഇരട്ടനേട്ടവും ഈ അഴിമതിയിലൂടെ ബിജെപിക്കു കിട്ടി.

അതുകൊണ്ട്, രാജ്യം കണ്ട ഏറ്റവും വലിയ ഈ അഴിമതിയെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്നു ഞാന്‍ ആവശ്യപ്പെടുന്നു. ഉത്തരവാദപ്പെട്ട എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും പൊതുപ്രവര്‍ത്തകരും പൗരജനങ്ങളും ഈ ആവശ്യം ഏറ്റെടുക്കുമെന്നുതന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു.

( ധനമന്ത്രി ഡോ. തോമസ് ഐസക്ക് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍