UPDATES

ട്രെന്‍ഡിങ്ങ്

കടകംപള്ളി എടുത്തുമാറ്റിയ സിംഹാസനത്തിനു മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന സുധാകരനും ഐസക്കും

നാരായണഗുരുവിനും ഇഎംഎസിനുമുള്ള ഔന്നത്യം ശങ്കരാചാര്യര്‍ക്കില്ലെന്നു മന്ത്രി സുധാകരന്‍ പ്രസംഗിച്ചിട്ട് ദിവസങ്ങളായതേയുള്ളൂ

ശൃംഗേരി മഠാധിപതി ഭാരതീതീര്‍ത്ഥ സ്വാമിയെ മന്ത്രിമാരായ തോമസ് ഐസകും ജി സുധാകരനും സന്ദര്‍ശിച്ച സംഭവമാണ് രാഷ്ട്രീയ കേരളത്തിലെ പുതിയ ചര്‍ച്ച. ആലപ്പുഴയിലെ എസ്ഡിവി സെന്റിനറി ഹാളില്‍ ഇന്നലെ രാവിലെ ഭക്തര്‍ക്ക് ദര്‍ശനം നല്‍കാന്‍ സ്വാമി എത്തിയപ്പോഴാണ് മന്ത്രിമാര്‍ സന്ദര്‍ശനം നടത്തിയത്. സ്വാമിക്ക് വേണ്ടി മന്ത്രിമാരെ അദ്ദേഹത്തിന്റെ സെക്രട്ടറി പൊന്നാടയണിയിച്ച് സ്വീകരിക്കുകയും ചെയ്തു.

ഉപചാരപൂര്‍വം തന്നെയാണ് രണ്ട് സിപിഎം മന്ത്രിമാരും സ്വാമിയെ ദര്‍ശിച്ചത്. തളികയില്‍ പഴങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. മന്ത്രിമാര്‍ക്ക് സ്വാമി പ്രസാദമായി നല്‍കിയ ആപ്പിള്‍ ഭയഭക്തിപുരസരം തന്നെ രണ്ട് കയ്യും നീട്ടി വാങ്ങുന്നതാണ് ചിത്രങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനായി നല്‍കിയ പ്രത്യേക ആപ്പിള്‍ തോമസ് ഐസക് സ്വീകരിക്കുകയും ചെയ്തു. ഇത് വാര്‍ത്ത. ആ ആപ്പിള്‍ മുഖ്യമന്ത്രി സ്വീകരിക്കുമോ ഇല്ലയോ എന്നതൊക്കെ വേറെ വിഷയം.

അതേസമയം ഇതേ ശൃംഗേരി മഠവും മഠാധിപതിയും രണ്ട് ദിവസങ്ങള്‍ക്ക് മുമ്പും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തിരുവനന്തപുരം പടിഞ്ഞാറേക്കോട്ടയില്‍ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥക്കുളം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശൃംഗേരി മഠാധിപതിയ്ക്കായി ഒരുക്കിയിരുന്ന സിംഹാസനം മാറ്റിയിടീച്ചപ്പോഴായിരുന്നു അത്. വിഎസ് ശിവകുമാര്‍ എംഎല്‍എയുടെ സഹായത്തോടെ സിംഹാസനം പിന്നിലേക്ക് മാറ്റിയിടീക്കുകയും കസേരകള്‍ മുന്നിലാക്കുകയുമാണ് കടകംപള്ളി ചെയ്തത്. ഒരു വിഷയത്തില്‍ കേരള മന്ത്രിസഭയിലെ മന്ത്രിമാരുടെ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഇവിടെ കാണാനാകുന്നത്.

ആലപ്പുഴ ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍ എന്ന നിലയില്‍ തോമസ് ഐസകും സുധാകരനും ചെയ്തതില്‍ തെറ്റ് കാണാനാകില്ല. കാരണം ആദിശങ്കര ആശ്രമങ്ങളില്‍ കേരളം ശൃംഗേരി മഠത്തിന് കീഴിലാണ് വരുന്നത്. ആ ശൃംഗേരി മഠത്തിലെ അധിപതി ആലപ്പുഴ ജില്ലയില്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കുമ്പോള്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍ എന്ന നിലയില്‍ ഐസകും സുധാകരനും അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തി എന്ന് പറഞ്ഞ് ഇതിനെ നിസാരവല്‍ക്കരിക്കാവുന്നതേയുള്ളൂ. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഇവര്‍ അംഗങ്ങളായ മന്ത്രിസഭയിലെ മറ്റൊരു മന്ത്രി ഇതിന് വിരുദ്ധമായ ഒരു നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ സിപിഎം നേതാക്കള്‍ എന്ന നിലയ്‌ക്കെങ്കിലും ഇരുവരും ഇത് ഒഴിവാക്കേണ്ടതായിരുന്നു.

കടകംപള്ളി സിംഹാസനം മാറ്റിയിടീച്ചപ്പോള്‍ ഇത് ഇടതുപക്ഷ സര്‍ക്കാരാണ് ഇവിടെ രാജകുടുംബാംഗങ്ങള്‍ക്കും സന്യാസിമാര്‍ക്കുമല്ല ജനങ്ങള്‍ക്കാണ് വിലയെന്നൊക്കെയാണ് വാദങ്ങള്‍ ഉയര്‍ന്നത്. സിപിഎമ്മിനും ഇടതുപക്ഷത്തിനും വേണ്ടി അന്ന് ഉയര്‍ന്ന ശബ്ദങ്ങളെയെല്ലാം എഴുതിത്തള്ളുന്നതായി പോയി ഇന്നലെ മന്ത്രമാര്‍ ചെയ്ത പ്രവര്‍ത്തി. ജനങ്ങള്‍ക്കാണ് ഇവിടെ വിലയെന്ന് പറയുമ്പോഴും ഒരു മഠാധിപതിയില്‍ നിന്നും ഭക്തിയോടെ താണുവണങ്ങി പ്രസാദം വാങ്ങുന്നത് ഏത് കമ്മ്യൂണിസത്തിന്റെ ഭാഗമാണ്?

ഇവിടെ ആര്‍ക്കും സിംഹാസനമില്ല, കസേരയില്‍ ഇരിക്കുന്നവര്‍ക്ക് ഇരിക്കാം…

കടകംപള്ളി ആയതുകൊണ്ട്‌ സിംഹാസനം സ്വാമിക്ക് എടുത്തുകൊടുത്തതുമാകാം: വിടി ബല്‍റാം

ശൃംഗേരി മഠാധിപതിയെ ഇവിടെ വിലകുറച്ചു കാണുന്നില്ല. ആദിശങ്കരന്‍ സ്ഥാപിച്ച മഠമെന്ന നിലയില്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട മഠമാണ് ശൃംഗേരി. നിരവധി ഭക്തന്മാരുള്ള ഈ മഠത്തിന്റെ അധിപതി എന്ന നിലയില്‍ ഭാരതീതീര്‍ത്ഥ സ്വാമി ആരാധിക്കപ്പെടേണ്ട മതാചാര്യന്‍ തന്നെയാണ്. എന്നാല്‍ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ എന്ന നിലയിലും മുതിര്‍ന്ന സിപിഎം നേതാക്കളെന്ന നിലയിലും മന്ത്രിസഭയുടെ നിലപാടുകള്‍ പ്രകടമാക്കുന്നവരാണ് തോമസ് ഐസകും സുധാകരനും. കടകംപള്ളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം അത്തരത്തിലൊരു നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ ഇരുവരും സ്വാമിയെ സന്ദര്‍ശിക്കുകയും തങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള ഭക്തി പ്രകടമാക്കുകയും ചെയ്യരുതായിരുന്നു. ആലപ്പുഴയില്‍ നിന്നുള്ള മന്ത്രിമാര്‍ എന്ന നിലയില്‍ സ്വാമിയെ സ്വാഗതം ചെയ്യുന്നത് പോലെയല്ല തങ്ങളുടെ ഭക്തിയും പ്രകടമാക്കുന്നത്. അതും കാഴ്ചദ്രവ്യങ്ങളുമായി താണുവണങ്ങിയുള്ള സ്വീകരണം അനാവശ്യമായി പോയി.

മത വിശ്വാസങ്ങള്‍ക്ക് എതിരാണെങ്കിലും സിപിഎം വിശ്വാസികളായ പ്രവര്‍ത്തകരെയും നേതാക്കളെയും ഒരിക്കലും അതില്‍ നിന്നും പാര്‍ട്ടി വിലക്കിയിട്ടില്ല. എന്നാല്‍ ആള്‍ദൈവങ്ങള്‍ക്ക് എല്ലാക്കാലത്തും പാര്‍ട്ടി എതിരായിരുന്നു. ശങ്കരാചാര്യരുടെ പ്രതിപുരഷനെന്ന നിരവധി ഭക്തന്മാരുള്ള ശൃംഗേരി മഠാധിപതിയെ ആള്‍ദൈവമായി മാത്രമാണ് കാണാന്‍ സാധിക്കുന്നത്. ബ്രാഹ്മണാധിപത്യത്തെയും സിപിഎം എല്ലാക്കാലത്തും ശക്തമായി എതിര്‍ത്തിട്ടുണ്ടെന്നതും ഇവിടെ കൂട്ടിവായിക്കണം.

കഴിഞ്ഞ ദിവസം ജി സുധാകരന്‍ തന്നെ ശങ്കരാചാര്യരെ തള്ളിപ്പറഞ്ഞതും ഇവിടെ കൂട്ടിവായിക്കണം. ശ്രീനാരായണ ഗുരുവിനും ഇഎംഎസിനുമുള്ള പ്രസക്തി ശങ്കരാചാര്യര്‍ക്കില്ലെന്നാണ് അന്ന് സുധാകരന്‍ പ്രസ്താവിച്ചത്. ബ്രാഹ്മണ മേധാവിത്വത്തെ ചോദ്യം ചെയ്യപ്പെടാത്ത ഒന്നാക്കി മാറ്റിയത് ശങ്കരാചാര്യരാണെന്നും അന്ന് മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. നാരായണഗുരുവിനും ഇഎംഎസിനുമുള്ള ഔന്നത്യം ശങ്കരാചാര്യര്‍ക്കില്ലെന്നും അന്ന് അദ്ദേഹം ആരോപിച്ചിരുന്നു. അനാചാരത്തിലും അപചയത്തിലും മുങ്ങിക്കിടന്ന ഹിന്ദു മതത്തെ ഉയര്‍ത്തിയത് ശങ്കരാചാര്യരാണെങ്കിലും ചാതുര്‍വര്‍ണ്യത്തെ ശക്തിപ്പെടുത്തിയതും അദ്ദേഹമാണെന്നും സുധാകരന്‍ അന്ന കുറ്റപ്പെടുത്തി. ഹിംസയ്‌ക്കെതിരെ ഒന്നും പറയാതിരുന്ന ശങ്കരാചാര്യര്‍ സാമൂഹിക പരിവര്‍ത്തനത്തിന് സംഭാവന നല്‍കിയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഈ മാസം നാലിന് ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയുടെ തുറവൂര്‍ കേന്ദ്രത്തില്‍ ശങ്കരജയന്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് സുധാകരന്‍ ശങ്കരാചാര്യരെ തള്ളിപ്പറഞ്ഞ് സംസാരിച്ചത്. എന്നാല്‍ ഇന്നലെ അദ്ദേഹത്തിന്റെ പ്രതിപുരുഷനായ ശൃംഗേരി മഠാധിപതിയെ ദര്‍ശിക്കാന്‍ ഭക്തിപുരസരം എത്തിയ സുധാകരന്‍ സ്വന്തം വാക്കുകള്‍ക്ക് തന്നെ വിലയില്ലെന്നാണ് തെളിയിച്ചിരിക്കുന്നത്. ദിവസങ്ങള്‍ക്കകം നിലപാട് മാറ്റേണ്ടി വന്ന സാഹചര്യമെന്താണെന്ന് കേരള ജനതയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഒരു മന്ത്രിയെന്ന നിലയില്‍ സുധാകരനുണ്ട്. അതുപോലെ പാര്‍ട്ടി നിലപാടില്‍ നിന്നും വ്യത്യസ്തമായി ഭക്തിപൂര്‍വം ഒരു മഠത്തിന്റെ അധിപതിയെ ചെന്ന് കാണാനുള്ള കാരണമെന്താണെന്ന് തോമസ് ഐസകും വിശദമാക്കണം.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍