UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിപ്പബ്ലിക് ദിന പരേഡില്‍ ശബരിമല അയ്യപ്പന്‍ വേണ്ട; കാരണം ഹാപ്പി ടു ബ്ലീഡ് കാമ്പയിന്‍

Avatar

അഴിമുഖം പ്രതിനിധി

67ാം റിപ്പബ്ലിക് ദിനമാഘോഷിക്കാന്‍ രാജ്യമാകെയൊരുങ്ങുകയാണ്. ഇത്തവണത്തെ ചടങ്ങില്‍ മുഖ്യാതിഥിയായി ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാദും ആഘോഷത്തിനു പകിട്ടു പകരാന്‍ ഫ്രഞ്ച് സേനയുമുണ്ടാകും. ചരിത്രത്തിലാദ്യമായാണ് അന്യരാജ്യത്തിന്റെ സേന ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുക്കുന്നത്. എന്നാല്‍ കേരളത്തിന്റെ അഭിമാനമുയര്‍ത്തിയിരുന്ന നിശ്ചലദൃശ്യങ്ങള്‍ പരേഡില്‍ ഇത്തവണയുണ്ടാകില്ല. 2012, 2014, 2015 എന്നീ വര്‍ഷങ്ങളില്‍ സംഭവിച്ചതു പോലെ തന്നെ ഇത്തവണയും കേരളത്തില്‍ നിന്നും സമര്‍പ്പിച്ച നിശ്ചലദൃശ്യ മാതൃക ആഘോഷത്തിന്റെ ചുമതല വഹിക്കുന്ന പ്രതിരോധവകുപ്പ് തള്ളിയിരിക്കുകയാണ്.

ശബരിമല അയ്യപ്പക്ഷേത്രവുമായി ബന്ധപ്പെട്ട മാതൃകയായിരുന്നു സംസ്ഥാന സാംസ്‌കാരിക വകുപ്പ് ഇത്തവണ കേന്ദ്രത്തിനു സമര്‍പ്പിച്ചത്. വളരെ കണിശമായി നടത്താറുള്ള സ്‌ക്രീനിംഗ് പ്രക്രിയയിലൂടെയാണ് നിശ്ചലദൃശ്യങ്ങള്‍ പ്രതിരോധവകുപ്പ് തെരഞ്ഞെടുക്കാറുള്ളത്. ഇത്തവണ അവസാന ഘട്ടത്തില്‍ വരെ എത്തിയ മാതൃക തള്ളിക്കളയാന്‍ വകുപ്പ് ചൂണ്ടിക്കാട്ടിയ കാരണം ശബരിമല ക്ഷേത്രം വിവാദത്തില്‍പ്പെട്ടിരിക്കുകയാണെന്നും, ആയതിനാല്‍ രാജ്യത്തിന്റെ അഭിമാനത്തിന്റെ ഭാഗമായ ചടങ്ങിലേക്ക് ഇത്തരമൊരു വിഷയം പരിഗണിക്കാന്‍ സാധിക്കില്ല എന്നുമായിരുന്നു. വിവാദം എന്ന് വകുപ്പ് വിശേഷിപ്പിച്ചത് ഇപ്പോഴും ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന സ്ത്രീകളുടെ ശബരിമല പ്രവേശനം തന്നെ.

പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തിയ ഡിസംബര്‍ 14നായിരുന്നു നിശ്ചല ദൃശ്യം തള്ളിക്കൊണ്ടുള്ള തീരുമാനം വന്നത്. തനിക്ക് ശബരിമലയില്‍ പോകണമെന്നും അയ്യപ്പദര്‍ശനം നടത്തണമെന്നും തൃശൂര്‍ പ്രസംഗത്തിനിടെ മോദി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.  

ആര്‍ത്തവദിനങ്ങളിലാണോ എന്നു പരിശോധിക്കാന്‍ സാധ്യമാവുന്ന യന്ത്രങ്ങള്‍ വന്നതിനു ശേഷം മാത്രം സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം എന്ന ദേവസ്വംബോര്‍ഡ് ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം മാധ്യമങ്ങളിലും പൊതുസമൂഹത്തിലും വലിയ ചര്‍ച്ചയായിരുന്നു . തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഹാപ്പി ടു ബ്ലീഡ് എന്ന പേരില്‍ പ്രതിഷേധ കാമ്പയിനുകള്‍ ആരംഭിച്ചു. ഇക്കാര്യം ജഡ്ജ്‌മെന്റ് പാനലിന്റെ ശ്രദ്ധയില്‍പ്പെടുകയും അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നും കേരളം തഴയപ്പെടുകയുമായിരുന്നു.

 

മോഡല്‍, പശ്ചാത്തല സംഗീതം എന്നിവയടക്കമുള്ള തയ്യാറെടുപ്പുകള്‍ തയ്യാറാക്കിയ അവസാന ഘട്ടത്തില്‍ നിന്നുമാണ് കേരളത്തിന്റെ നിശ്ചലദൃശ്യ മാതൃക പ്രതിരോധവകുപ്പ് തള്ളിക്കളയുന്നത് എന്ന് കേരളാ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വിഭാഗം ഡയറക്ടര്‍ എ ഫിറോസ് പറയുന്നു.

‘മൂന്ന് ഘട്ടങ്ങളിലായി മാസങ്ങള്‍ നീണ്ട പരിശോധനയിലൂടെയാണ് ദൃശ്യങ്ങള്‍ തെരഞ്ഞെടുക്കുക. കലാകാരന്മാര്‍, ആര്‍ക്കിട്ടെക്റ്റുകള്‍, ഡിസൈനര്‍മാര്‍ എന്നിങ്ങനെ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ 100 പേര്‍ ഉള്ള ഒരു ജൂറിയാണ് ഈ വിഷയത്തില്‍ അവസാന വാക്ക്. കേരള സര്‍ക്കാര്‍ ഈ വിഷയത്തില്‍ കേന്ദ്രത്തിനെ സമീപിക്കാനാണ് സാധ്യത. ഇക്കാര്യത്തില്‍ ഒരു തീരുമാനം ഇത് വരെ ഉണ്ടായതായി അറിയില്ല’-അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ കേരളത്തിന്റെ നിശ്ചലദൃശ്യം മാത്രമല്ല തള്ളപ്പെട്ടിരിക്കുന്നത്. തെലങ്കാന, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ സമര്‍പ്പിച്ച മാതൃകകളും തള്ളിയിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടു തവണ നിരാകരിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇനിയുള്ള റിപ്പബ്ലിക് ദിന പരേഡുകളില്‍ തങ്ങളുടെ നിശ്ചലദൃശ്യങ്ങള്‍ അയയ്ക്കുന്നത് അവസാനിപ്പിച്ചതായി തെലങ്കാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. തെലങ്കാനയ്ക്ക് ഒരു തവണ പ്രത്യേക പരിഗണന ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മികച്ച നിശ്ചലദൃശമായി തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് ഇത്തവണ പരിഗണിക്കാത്തത് എന്നായിരുന്നു മഹാരാഷ്ട്ര സര്‍ക്കാരിനു ലഭിച്ച മറുപടി.

കഴിഞ്ഞ വര്‍ഷം 13 സംസ്ഥാനങ്ങളെ കേന്ദ്രം ഒഴിവാക്കിയിരുന്നു. കേരളം, തമിഴ്‌നാട്, ബീഹാര്‍, പശ്ചിമബംഗാള്‍, ഒഡീഷ, നാഗലാന്റ്, ത്രിപുര, മണിപ്പൂര്‍, മേഘാലയ, മിസോറാം ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളും ഡല്‍ഹി കേന്ദ്രഭരണ പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടും. ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കി എന്നുള്ള ആരോപണം ഇതേത്തുടര്‍ന്ന് ഉയരുകയും ചെയ്തിരുന്നു.

സ്ത്രീകള്‍ക്ക് എന്തുകൊണ്ട് ശബരിമലയില്‍ പ്രവേശിച്ചു കൂടാ എന്ന കോടതിയുടെ ചോദ്യം വിഷയത്തില്‍ വീണ്ടും ചര്‍ച്ചകള്‍ക്കു കളമൊരുക്കിയിരിക്കുകയാണ്. കോടതിയുടെ പരിഗണനയിലിരിക്കുകയും അതിന്മേല്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടും ഇരിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധവകുപ്പ് അനുകൂലമായ നടപടി സ്വീകരിക്കുമോ എന്നുള്ളത് സംശയമാണ് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ പ്രത്യേക പരിഗണനയുടെ അടിസ്ഥാനത്തില്‍ പരേഡില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ വര്‍ഷം തെലങ്കാനയ്ക്ക് അനുമതി ലഭിച്ചതുപോലെ കേരളത്തിനും ഇത്തവണ കിട്ടുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതീക്ഷ.  

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍