UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈദരാബാദിലെ ബാലികയുടെ ബലാത്സംഗക്കൊല സൂചിപ്പിക്കുന്നത്

അഴിമുഖം പ്രതിനിധി

വധശ്രമത്തിന് ഒരു വര്‍ഷത്തെ ശിക്ഷ അനുഭവിച്ച് ജയില്‍ മോചിതനായ 30 കാരന്‍  പത്തു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്  ഇന്ത്യന്‍ ജയില്‍ സംവിധാനത്തിന്റെ കഴിവുകേടാണ് വെളിവാക്കുന്നത്. ശനിയാഴ്ച ഹൈദരാബാദില്‍ അറസ്റ്റിലായ പ്രതി ജയില്‍ മോചിതനായതിന്റെ രണ്ടാമത്തെ ദിവസമാണ് കൃത്യം നടത്തിയത്.  

ചിന്താകിന്തി അനില്‍ ഇതുവരെ 25 കേസുകളില്‍ കുറ്റാരോപിതനും 17 കേസുകളില്‍ കുറ്റക്കാരനെന്നു വിധിക്കപ്പെട്ടയാളും ആണ്. നഗരത്തിനടുത്തുള്ള ബൊല്ലാരം പ്രദേശത്തെ ഒരു കള്ളുഷാപ്പില്‍ വെച്ച് പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി സൌഹൃദ സംഭാഷണം നടത്തിയ പ്രതി പെണ്‍കുട്ടിയെ ചോക്ലേറ്റ് കാണിച്ച് സ്ഥലത്തു നിന്ന് മാറ്റിയ ശേഷം പീഡിപ്പിച്ച് കൊല്ലുകയും അടുത്തുള്ള റയില്‍വേ പാളത്തില്‍ ഉപേക്ഷിക്കുകയും ചെയ്യുകയായിരുന്നു. 

കുറ്റകൃത്യം മാധ്യമ ശ്രദ്ധ ആകര്‍ഷിച്ചു എങ്കിലും ഇത്രയേറെ ക്രിമിനല്‍ പശ്ചാത്തലം ഉള്ള ഒരു വ്യക്തി നീതിന്യായ വ്യവസ്ഥയുടെ പഴുതിലൂടെ രക്ഷപ്പെട്ടതാണ് ഏറ്റവും ഭയപ്പെടുത്തുന്ന വസ്തുത. കഴിഞ്ഞ വര്‍ഷം മേദക് ജില്ലയിലെ നര്‍സപൂരില്‍ ഒരു സ്ത്രീയെ പീഡിപ്പിക്കുകയും കുറുവടി കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ നോക്കുകയും ചെയ്തിട്ടും വലിയ ശിക്ഷ ഏറ്റു വാങ്ങാതെ പ്രതി രക്ഷപ്പെടുകയാണ് ഉണ്ടായത്. പ്രാദേശിക കോടതി ഇരയായ സ്ത്രീയെ വ്യഭിചാരിണി ആയി പ്രഖ്യാപിക്കുകയും അനിലിനെ ഒരു വര്‍ഷത്തേയ്ക്ക് വധശ്രമത്തിനു ശിക്ഷിക്കുകയും ആണ് ചെയ്തത്. 

വ്യത്യസ്ഥ ഘടകങ്ങള്‍ കണക്കിലെടുത്ത ശേഷമാണ് ജഡ്ജി ശിക്ഷാകാലാവധി തീരുമാനിച്ചതെന്ന് ഹൈദരാബാദ് പോലീസ് നോര്‍ത്ത് സോണ്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ബി. സുമതി മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ ഈ ചെറിയ ശിക്ഷ അയാളെ തന്റെ കുറ്റകൃത്യങ്ങള്‍ തുടരാന്‍ പ്രോത്സാഹിപ്പിക്കുക വഴി ഈ പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടുന്നതില്‍ കൊണ്ടെത്തിച്ചിരിക്കുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 2005 മുതല്‍ പ്രതി മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ തുടങ്ങിയതാണ്. അല്‍വാല്‍ പോലീസ് സ്റ്റേഷനിലും നര്‍സപൂര്‍ പോലീസ് സ്റ്റേഷനിലും അനിലിനെതിരെ 25 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അവയില്‍ മിക്കതും മോഷണം ആണെങ്കിലും ചിലപ്പോള്‍ പിടിച്ചുപറിയും കവര്‍ച്ചയും ഉണ്ടായിട്ടുണ്ടെന്നും സുമതി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇത്രയും ക്രിമിനല്‍ വാസനയുള്ള ഒരാളെ സമൂഹത്തില്‍ ഇടപഴകാന്‍ അനുവദിക്കുന്നത് അധികൃതരുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണ് എന്നതാണ് ഇവിടെ പറയാതെ പോകുന്നത്.

അഞ്ചു മക്കളില്‍ ഏറ്റവും ഇളയവനായ അനില്‍ തീരെ ചെറുപ്പത്തില്‍ തന്നെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ആദ്യമൊക്കെ വീട്ടുകാര്‍ അനിലിനെ ജാമ്യത്തില്‍ ഇറക്കിയിരുന്നു. അഞ്ചുവര്‍ഷം മുന്‍പേ ഇതുമായി ബന്ധപ്പെട്ട് അനിലിനെ ശാസിച്ചപ്പോള്‍ ആണ് അയാള്‍ വീടുവിട്ടിറങ്ങിയതെന്നു അനിലിന്റെ അച്ഛന്‍ ബൂടയ്യ പറഞ്ഞു.

അനിലിന്റെ അക്രമവാസന വളരെ പ്രകടമാണെന്നും പത്തു വയസ്സുള്ള കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് ഒരു സമ്പൂര്‍ണ മനോരോഗി ആയി അയാള്‍ മാറിയതിന്റെ തെളിവാണെന്നും ആണ് മനോരോഗ വിദഗ്ദ്ധരുടെ നിഗമനം.

അനില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ 80 മാസത്തോളം ജയിലില്‍ കിടന്നിട്ടുണ്ടെങ്കിലും എങ്ങനെയെങ്കിലും പുറത്തു കടക്കാനുള്ള വഴി കണ്ടുപിടിച്ചിട്ടുണ്ട്. അയാള്‍ ഇത്രയും കാലം പുറത്തുകടന്നിരുന്നത് വാദിഭാഗത്തിനു വേണ്ടത്ര തെളിവുകള്‍ ഹാജരാക്കാന്‍ പറ്റാതിരുന്നതുകൊണ്ടാണ്. എന്നാല്‍ ഇത്തവണ അതാവില്ല സ്ഥിതി എന്ന് അഡ്വക്കേറ്റ് എല്‍ രവിചന്ദര്‍ പറഞ്ഞു.

ഇത്തവണ കുറേക്കാലത്തേക്ക് പുറത്തിറങ്ങില്ലെന്നാണ് അധികൃതരുടെ വാദം. ഏറ്റവും കൂടിയ ശിക്ഷ തന്നെ ഉറപ്പുവരുത്തുമെന്ന് ഡി സി പി സുമതി പറഞ്ഞു.

പക്ഷെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഇതൊന്നും കേട്ട് ആശ്വസിക്കാന്‍ കഴിയില്ല എന്നതാണ് സത്യം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍