UPDATES

ന്യൂനപക്ഷ വേട്ട; അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ എം പി മാര്‍

അഴിമുഖം പ്രതിനിധി

രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് രാജ്യസഭയില്‍ എംപിമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ബംഗാളില്‍ 71 വയസുള്ള കന്യാസ്ത്രീ കൂട്ടബലാല്‍സംഗത്തിന് ഇരയായതും ഹരിയാനയില്‍ ക്രിസ്ത്യന്‍ പള്ളി പൊളിച്ചതും ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംപിമാര്‍ വിഷയം അവതരിപ്പിച്ചത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 

സിപിഐ അംഗം ഡി രാജയാണ് വിഷയം രാജ്യസഭയില്‍ ഉന്നയിച്ചത്. പ്രശ്‌നത്തിന്റെ ഗൗരവം മുന്‍നിറുത്തി സഭ മറ്റ് വിഷയങ്ങള്‍ മാറ്റിവച്ച് ന്യൂനപക്ഷ ആക്രമണങ്ങളെ കുറിച്ച് ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം നോട്ടീസ് നല്‍കിയിരുന്നു. ക്രിസ്ത്യാനികള്‍ക്കെതിരെ രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ അപലപനീയവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. ദൈവങ്ങള്‍ അമ്പലങ്ങളില്‍ മാത്രമാണ് കുടിയിരിക്കുന്നതെന്ന ഒരു മുതിര്‍ന്ന ബിജെപി നേതാവിന്റെ പരാമര്‍ശവും രാജ ഉന്നയിച്ചു. 

എന്നാല്‍ വിഷയം അതീവ ഗുരുതരമേറിയതാണെന്നും ഇത്തരം ആക്രമണങ്ങള്‍ ചെറുക്കുന്നതിന് സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പാര്‍ലമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി സഭയെ അറിയിച്ചു. ചട്ടമനുസരിച്ച് നോട്ടീസ് നല്‍കുന്ന പക്ഷം സഭ നിറുത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍