UPDATES

സാംബ- 2014

ആ സിംഹാസനത്തില്‍ ക്ളോസെ ഇരിക്കുമോ? ഇന്നറിയാം- ഇന്ത്യന്‍ താരം എന്‍ പി പ്രദീപ് എഴുതുന്നു

Avatar

എന്‍ പി പ്രദീപ്

ബ്രസീല്‍-ചിലി പ്രി-ക്വാര്‍ട്ടര്‍ മത്സരം കഴിഞ്ഞപ്പോള്‍ ഒരുകാര്യം വ്യക്തമായി. ആരെയും ചെറുതായി കാണരുത്… നമ്മള്‍ കരുതുന്നതു പോലെ ആരും അത്ര ശക്തരുമല്ല. ഇന്ന് പ്രി-ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ജര്‍മ്മനിയും അള്‍ജീരിയയും, ഫ്രാന്‍സും നൈജീരിയയും തമ്മിലാണ്. രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങള്‍ കളിക്കാനിറങ്ങുന്നു എന്നതാണ് ഇന്നൊരു പ്രത്യേകതയായി ഞാന്‍ കാണുന്നത്. അവര്‍ നേരിടുന്നതാവട്ടെ രണ്ടു യൂറോപ്യന്‍ രാജ്യങ്ങളേയും; കളികള്‍ നടക്കുന്നത് ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തും. 

ആദ്യമത്സരം ഫ്രാന്‍സും നൈജീരിയായും തമ്മിലാണ്. അര്‍ജന്റീനയുമായി കളിച്ച അവസാന ലീഗ് മത്സരമാണ് നൈജീരിയയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം മനസ്സില്‍ തെളിയുന്നത്. തോറ്റെങ്കിലും വിരോചിതമായിരുന്നു അവരുടെ കളി. ആദ്യ നാല് മിനിറ്റിനുള്ളില്‍ രണ്ടുഗോളുകള്‍ പിറന്ന മത്സരമായിരുന്നു അത്. മെസ്സിയുടെ ഗോളിന് അതേ നാണയത്തില്‍ മൂസയുടെ മറുപടി എത്ര മനോഹരമായിരുന്നു. രണ്ടുഗോളുകളാണ് മൂസ കളിയില്‍ അടിച്ചത്. മെസ്സിക്കൊപ്പം തന്നെ മൂസയും അന്ന് ലോകശ്രദ്ധനേടി. മൂന്നുഗോളടിച്ച അര്‍ജന്റീനയ്‌ക്കെതിരേ രണ്ടുഗോളുകള്‍ മടക്കി തങ്ങളെ ഒരിക്കലും നിസ്സാരക്കാരായി കാണരുതെന്ന് വിളിച്ചു പറഞ്ഞാണ് ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നൈജീരിയ പ്രി-ക്വാര്‍ട്ടറില്‍ എത്തിയിരിക്കുന്നത്. 

ലോകകപ്പ് മത്സരങ്ങള്‍ക്കായി ബ്രസീലില്‍ വിമാനമിറങ്ങിയ ഫ്രഞ്ച് ടീമിനെ അത്രകണ്ട് മികച്ച ടീമെന്ന് ആരും വിലയിരുത്തിയിരുന്നില്ല. പരിക്ക് കാരണം അവര്‍ക്ക് ചില പ്രമുഖരെ നഷ്ടപ്പെട്ടിരുന്നു. ടീമിലുള്ളവരും അത്രകണ്ട് ഫോമിലല്ലായിരുന്നു എന്നാല്‍ ആദ്യമത്സരം തൊട്ട് ഫ്രാന്‍സ് വിചാരങ്ങള്‍ക്കപ്പുറം കളിച്ചു. കരിം ബെന്‍സമേ ആണ് ഫ്രാന്‍സിന്റെ തുറുപ്പ് ചീട്ട്. അദ്ദേഹം നല്ല ഫോമിലാണ്. സഹതാരങ്ങള്‍ അദ്ദേഹത്തിന് നല്ല പിന്തുണയും കൊടുക്കുന്നുണ്ട്. ബെന്‍സേമയ്‌ക്കൊപ്പം പോഗ്ബ, ഡിബൂച്ചി, കബായെ എന്നിവരും താളം കണ്ടെത്തിയാല്‍ ഫ്രാന്‍സിന് ക്വാര്‍ട്ടര്‍ സ്വപ്‌നം യാഥാര്‍ത്ഥ്യാമാക്കാം. നൈജീരിയയും ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിക്കാന്‍ തന്നെയായിരിക്കും ഇറങ്ങുന്നതെന്ന വിചാരവും ഫ്രാന്‍സിന് വേണം. അര്‍ജന്റീനയ്‌ക്കെതിരേ കണ്ടെത്തിയ ഫോം മൂസ ഇന്നും തുടര്‍ന്നാല്‍ ആഫ്രിക്കന്‍ സ്വപ്‌നവും പൂവണിയാം.

ജര്‍മ്മനിയും അള്‍ജീരിയയും തമ്മിലാണ് രണ്ടാമത്തെ മത്സരം. ഈ ലോകകപ്പ് നേടാന്‍ സാധ്യതയുള്ളവരില്‍ ഏറെ മുമ്പിലാണ് അവര്‍.  അവരുടെ ഇതുവരെയുള്ള കളികളും അത് ശരിവയ്ക്കുന്നുണ്ട്. ഘാന മാത്രമാണ് ജര്‍മ്മന്‍ കരുത്തിനെ പ്രതിരോധിച്ച് കണ്ടത്. എന്നാല്‍ ആ കളികൊണ്ട് ജര്‍മ്മനിയെ ഒട്ടും കുറച്ച് കാണരുത്. ഓരോ മത്സരത്തിനും വ്യക്തമായ ഗയിം പ്ലാനോടുകൂടി ഇറങ്ങുന്നവരാണ് ജര്‍മ്മന്‍ ടീം. അതവര്‍ കളത്തില്‍ പ്രാവര്‍ത്തികമാക്കുന്നുമുണ്ട്. ഒരുപിടി നല്ല താരങ്ങളുടെ സമ്പത്ത് ജര്‍മ്മന്‍ ടീമിനുണ്ട്. ആ കൂട്ടത്തില്‍ മുമ്പനും കരുത്തനും മുള്ളര്‍ തന്നെ. ക്ലബ് ഫുട്‌ബോളില്‍ അത്രകണ്ട് നല്ല ഫോമിലല്ലായിരുന്ന മുള്ളറാണ് പിന്നീട് ഹാട്രിക്കോടെ ടീമിന്റെ നെടും തൂണായി ഈ ലോകകപ്പില്‍ കളിക്കുന്നത്. ഇന്ന് അള്‍ജീരിയയ്‌ക്കെതിരേയും മുള്ളറുടെ ബൂട്ടില്‍ നിന്ന് ഗോളുകള്‍ പിറക്കുമെന്നു തന്നെയാകും ജര്‍മ്മന്‍ ആരാധകര്‍ വിശ്വസിക്കുന്നത്. മുള്ളറെ കൂടാതെ ഷ്വാന്‍സ്ഗര്‍, ക്രോസെ, ഒസില്‍ തുടങ്ങിയവരും കരുത്തു കാട്ടിയാല്‍ ലോകകിരീടം എന്ന സ്വപ്‌നത്തിലേക്ക് അവര്‍ ഒരു ചുവടുകൂടി അടുക്കും. ഇന്നത്തെ മത്സരത്തില്‍ മറ്റൊരു ജര്‍മ്മന്‍ താരത്തിലാകും പക്ഷെ ലോകത്തിന്റെ കണ്ണുകള്‍. ക്ലോസെയുടെ മേല്‍. അള്‍ജീരിയന്‍ വല അദ്ദേഹം ഒരുവട്ടം കുലുക്കിയാല്‍ അതോടെ ലോകകപ്പില്‍ ഏറ്റവും അധികം ഗോളുകള്‍ സ്വന്തമാക്കിയവന്റെ സിംഹാസനത്തില്‍ ക്ലോസെ അവരോധിതനാകും. ഇന്ന് കോച്ച് ക്ലോസെയെ കളത്തിലറക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസം. ആദ്യ പകുതി മുതലായാല്‍ നല്ലത്. 

ക്വാര്‍ട്ടര്‍ ബര്‍ത്ത് മോഹവുമായി ഇറങ്ങുന്ന ജര്‍മ്മനിയ്‌ക്കെതിരേ നൂറില്‍ നൂറ്റൊന്നു ശതമാനം പോരാട്ടമികവോടെയാകും അള്‍ജീരിയ മത്സരിക്കുന്നത്. കുറച്ച് കടുപ്പമെങ്കിലും അവര്‍ നന്നായി കളിക്കുന്നുണ്ട്. സ്വപ്‌നതുല്യമായൊരു നേട്ടമായിരിക്കും അവരെ സംബന്ധിച്ച് ക്വാര്‍ട്ടര്‍ ഫൈനല്‍. രണ്ടും കല്‍പ്പിച്ച്  ഈ ആഫ്രിക്കന്‍ ടീം കളത്തിലറങ്ങിയാല്‍ ജര്‍മ്മനി കുറച്ചൊന്നു വിയര്‍ക്കും. എന്നാലും ജര്‍മ്മനിക്ക് ചെറിയൊരു മുന്‍തൂക്കം പറഞ്ഞാല്‍ അതിനാരും എതിര്‍ക്കില്ലെന്നു വിശ്വസിക്കുന്നു. മുന്‍തൂക്കമെന്നേ പറയുന്നുള്ളു. അതിനപ്പുറം പ്രവചനങ്ങള്‍ക്കൊന്നും നില്‍ക്കുന്നില്ല. അനിശ്ചിതത്വത്തിന്റെ സമ്മര്‍ദ്ദം അനുഭവിച്ച് കൊണ്ട് നമുക്ക് ഓരോ കളിയും കാണാം. ആരു ജയിക്കുമെന്നത് ഫൈനല്‍ വിസില്‍ വരെ നീളുന്നൊരു സസ്‌പെന്‍സ് ആകട്ടെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍