UPDATES

കായികം

പാക് ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

Avatar


അഴിമുഖം പ്രതിനിധി

പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ് ഏകദിന ക്രിക്കറ്റ് മതിയാക്കുന്നു. ലോകകപ്പിനുള്ള പാക് ടീമിനെ നയിക്കുന്ന മിസ്ബ തന്റെ അവസാന എകദിന അന്താരാഷ്ട്ര മത്സരങ്ങളായിരിക്കും അവിടെ കളിക്കുക. വിരമിക്കല്‍ തീരുമാനം അദ്ദേഹം തന്നെയാണ് പുറത്ത് വിട്ടത്.

ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് താന്‍ നിയന്ത്രിത ഓവര്‍ മത്സരങ്ങളിലെ പങ്കാളിത്തം അവസാനിപ്പിക്കുന്നതെന്ന് മിസ്ബ വിരമിക്കല്‍ തീരുമാനം അറിയിച്ചുകൊണ്ട് പറഞ്ഞു. ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കുമെതിരെയുള്ള ടെസ്റ്റ് മത്സരങ്ങള്‍ വരികയാണ്. കടുത്ത പരമ്പര തന്നെയാണ് പാകിസ്താനെ കാത്തിരിക്കുന്നത്. അതിനായി കൂടുതല്‍ ഒരുങ്ങേണ്ടിയിരിക്കുന്നു. വിരമിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ലോകകപ്പ് തന്നെയാണ്- മിസ്ബ ഉള്‍ ഹഖ് പറഞ്ഞു.

ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ സ്വന്തമാക്കിയ പാക് ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് കഴിഞ്ഞ വര്‍ഷം മിസ്ബ സ്വന്തമാക്കിയിരുന്നു.

2002 ലാണ് മിസ്ബ ഉള്‍ ഹഖ് ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്.153 മത്സരങ്ങളില്‍ നിന്നായി ഇതുവരെ 42.83 ശരാരശരിയില്‍ 4669 റണ്‍സ് ഈ മധ്യനിരബാറ്റ്‌സ്മാന്‍ സ്വന്തമാക്കിയിട്ടുണ്ട്. 78 മത്സരങ്ങളില്‍ പാക് ടീമിനെ അദ്ദേഹം നയിച്ചു. 29 ട്വന്റി-20 മത്സരങ്ങളും മിസ്ബ ഇതുവരെ കളിച്ചു.

അടുത്തമാസം 14 ന് ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലുമായി ആരംഭിക്കുന്ന ലോകകപ്പില്‍ പാകിസ്താന്റെ ആദ്യമത്സരം ബദ്ധവൈരികളുമായ ഇന്ത്യയുമായാണ്.

ഈ വര്‍ഷം തന്നെ ഇംഗ്ലണ്ടുമായി മൂന്ന് ടെസ്റ്റിലും തുടര്‍ന്ന് ഇന്ത്യയുമായി രണ്ടു ടെസ്റ്റിലും പാകിസ്താന്‍ പങ്കെടുക്കുന്നുണ്ട്.

മിസ്ബയുടെ വിരമിക്കല്‍ തീരുമാനത്തെ പാക് ക്രിക്കറ്റ് ബോര്‍ഡും സ്ഥിരീകരിച്ചിട്ടുണ്ട്. കോഴവിവാദത്തില്‍പ്പെട്ടുലഞ്ഞ ടീമിനെ അതില്‍ നിന്ന് കരകയറ്റാനായി മിസബ ഉള്‍ ഹഖ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. അദ്ദേഹം എന്നും ടീമിന് പ്രചോദനവുമായിരുന്നു. ഇപ്പോഴത്തെ തീരുമാനം അദ്ദേഹത്തിന്റെ വ്യക്തിപരമായതാണ്- പിസിബി ചെയര്‍മാന്‍ ഷഹര്യാര്‍ ഖാന്‍ പറഞ്ഞു.

അതേ സമയം സീനിയര്‍ താരം ഷാഹിദ് അഫ്രീദിയും ലോകകപ്പോടെ ഏകദിനത്തില്‍ നിന്ന് വിരമിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ട്വന്റി-20 മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് അഫ്രീദിയുടെ തീരുമാനമെന്നും അറിയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍