UPDATES

മിസ് ഡഫ് യൂണിവേഴ്‌സായിരുന്നു ഈ പെണ്‍കുട്ടി; ഡ്രൈവിംഗ് ലൈസന്‍സിന് ചെന്നപ്പോള്‍ ആദ്യം കളിയാക്കി, പിന്നെ സല്യൂട്ട് ചെയ്തു

കേള്‍വി ശക്തിയില്ലാത്ത സോഫിയ എം ജോ എന്ന കൊച്ചിക്കാരിയുടെ അസാധാരണ വിജയകഥ

കേരളത്തില്‍ ആദ്യമായി ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുന്ന കേള്‍വിയില്ലാത്ത പെണ്‍കുട്ടി, മിസ് ഡഫ് യൂണിവേഴ്സ്, നാഷണല്‍ ഗയിംസ് ഫോര്‍ ദി ഡഫില്‍ സ്വര്‍ണ്ണമെഡല്‍ ജേതാവ്.. പ്രതിസന്ധികളെ തരണം ചെയ്ത് സോഫിയ.എം. ജോ നേടിയ വിജയങ്ങളാണിത്. നൃത്തം, മോഡലിങ് അങ്ങനെ സോഫിയ കഴിവ് തെളിയിച്ച മേഖലകള്‍ പലതുണ്ട്. സോഫിയയ്ക്ക് കേള്‍വി ശക്തിയില്ല. പക്ഷെ വ്യക്തമായല്ലെങ്കിലും മിണ്ടാനാവും. ഇംഗ്ലീഷും മലയാളവും വഴങ്ങുന്ന സോഫിയയുടെ വിശേഷങ്ങളിലേക്ക്

‘എനിക്ക് ഒന്നും കേള്‍ക്കാനാവില്ല. പക്ഷെ എന്നോട് സംസാരിക്കുന്നയാളുടെ ചുണ്ടിന്റെ ചലനങ്ങള്‍ ശ്രദ്ധിച്ച് അവര്‍ പറയുന്നതെന്തെന്ന് മനസ്സിലാക്കാനാവും. ചെവി കേള്‍ക്കാത്ത കുട്ടികള്‍ ആംഗ്യഭാഷയില്‍ സംസാരിക്കുമ്പോള്‍ ലിപ് റീഡിങ് പഠിച്ച് സംസാരിക്കാനാണ് ഞാന്‍ കുട്ടിയായിരിക്കുമ്പോഴേ എന്റെ അച്ഛനമ്മമാര്‍ പരിശീലിപ്പിച്ചത്. അതാണ് എനിക്ക് സാധാരണ ജീവിതം നയിക്കാന്‍ പ്രേരണയായത്. നൃത്തം, ഫാഷന്‍ ഡിസൈനിങ്, മോഡലിങ് ഇതൊക്കെയാണ് എന്റെ ഇഷ്ടങ്ങള്‍. അതിനായി കഠിനാധ്വാനം ചെയ്യാറുണ്ട്. അച്ഛനും അമ്മയും പിറകില്‍ നിന്ന് തരുന്ന പ്രോത്സാഹനവും പ്രചോദനവുമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്.’ സോഫിയ പറയുന്നു.

എരൂര്‍ ഭവന്‍സ് സ്‌കൂളില്‍ നിന്നാണ് സോഫിയയുടെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. ഷോട്പുട്ട്, ജാവലിന്‍ ത്രോ,ഡിസ്‌കസ് ത്രോ തുടങ്ങിയ കായിക ഇനങ്ങളില്‍ സോഫിയയുടെ കഴിവ് തിരിച്ചറിഞ്ഞ സ്‌കൂള്‍ അധ്യാപകര്‍ അവളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. മത്സരിക്കുന്ന എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി സോഫിയ ഈ വിശ്വാസം നിലനിര്‍ത്തി. ബാംഗ്ലൂരിലും ജംഷഡ്പൂരിലും നടന്ന കേള്‍വിശക്തിയില്ലാത്തവരുടെ ദേശീയ ഗെയിംസില്‍ ഷോട്പുട്ടിലും ഡിസ്‌കസ് ത്രോയിലും സ്വര്‍ണമെഡല്‍ ജേതാവായിരുന്നു സോഫിയ.

2010ല്‍ ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് മോഡലിങ് രംഗത്തേക്ക് സോഫിയയുടെ വഴി തിരിച്ചുവിടുന്നത്. മുംബൈയിലെ പ്രശസ്തനായ കോറിയോഗ്രാഫര്‍ ഡാലു കൃഷ്ണദാസിന്റെ പ്രത്യേക പരിശീലനത്തില്‍ കൊച്ചിയില്‍ നടന്ന സൗന്ദര്യ മത്സരത്തില്‍ മിസ്സ് കണ്‍ജീനിയാലിറ്റിയായി സോഫിയ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് സൂപ്പര്‍ മോഡല്‍ എന്ന റിയാലിറ്റോ ഷോയില്‍ പങ്കെടുത്ത് ഒന്നാം സ്ഥാനക്കാരിയായി. അതിനിടെയാണ് മിസ്സ് ഡഫ് ഇന്ത്യയിലേക്ക് പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നത്. അതില്‍ ഫസ്റ്റ് റണ്ണറപ്പായി. രണ്ടാം സ്ഥാനക്കാരിയായിരുന്നിട്ടു കൂടി ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന മിസ്സ് ഡഫ് യൂണിവേഴ്സ് മത്സരത്തില്‍ പങ്കെടുക്കാന്‍ സംഘാടകര്‍ സോഫിയയെയാണ് തിരഞ്ഞെടുത്തത്. എന്നാല്‍ ടാലന്റ് റൗണ്ടില്‍ സംഘാടകര്‍ മുമ്പ് നിശ്ചിയിച്ചിരുന്ന സമയം വെട്ടിച്ചുരുക്കിയതോടെ ആ റൗണ്ട് മറികടക്കാന്‍ ഇവര്‍ക്കായില്ല. എങ്കിലും നൂറോളം പേര്‍ മാറ്റുരച്ച സൗന്ദര്യ മത്സരത്തില്‍ അവസാന പത്ത് പേരില്‍ ഒരാളായി മാറി.

കൊച്ചിയിലേക്ക് മടങ്ങിയെത്തിയ സോഫിയയെ കാത്ത് നിന്നത് മോഡലിങ്ങ് മേഖലയിലെ നിരവധി അവസരങ്ങളായിരുന്നു. നിരവധി പരസ്യ ചിത്രങ്ങളില്‍ മോഡലായി. പല വേദികളിലും മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ടു. പക്ഷെ ഇത് അധിക നാള്‍ തുടര്‍ന്നില്ല. പതിയെ എല്ലാവരും സോഫിയയെ മറന്നു. ആ സമയത്താണ് ഡ്രൈവിങ് ലൈസന്‍സ് എടുക്കണമെന്ന ആഗ്രഹം സോഫിയയ്ക്കുണ്ടാവുന്നത്. ഇ.എന്‍.ടി. സ്‌പെഷ്യലിസ്റ്റുകള്‍ നല്‍കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് കേള്‍വി ശക്തിയില്ലാത്തവര്‍ക്കും ലൈസന്‍സ് നല്‍കാമെന്ന ദില്ലി ഹൈക്കോടതി വിധിയെ ആശ്രയിക്കാനായിരുന്നു ഇവരുടെ തീരുമാനം. എന്നാല്‍ അത് നേടിയെടുക്കാന്‍ സോഫിയയ്ക്കും കുടുംബത്തിനും ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും ഡോക്ടര്‍മാര്‍ റിസ്‌ക് ഏറ്റെടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ എഴുതി നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമ പോരാട്ടത്തിലൂടെ സോഫിയ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കി.

‘ഇവള്‍ ജനിച്ചപ്പോള്‍ എല്ലാവരും പറഞ്ഞു പെര്‍ഫെക്ട് ചൈല്‍ഡ് ആണെന്ന്. നിറയെ തലമുടിയൊക്കെയായി നല്ല സുന്ദരി കുഞ്ഞായിരുന്നു. 10 മാസമായപ്പോഴാണ് ഞങ്ങള്‍ പറയുന്നതൊന്നും ഇവള്‍ കേള്‍ക്കുന്നില്ലെന്ന് മനസ്സിലായത്. മൈസൂരിലെ ആശുപത്രിയില്‍ ചെന്ന് പരിശോധിച്ചപ്പോള്‍ ഒരു ശതമാനം പോലും കേള്‍വി ശക്തിയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പക്ഷെ പിന്നീടങ്ങോട്ട് അവളെ സാധാരണ ജീവിതത്തിലേക്കെത്തിക്കാനുള്ള നെട്ടോട്ടമായിരുന്നു. കേള്‍വിശക്തിയില്ലാത്ത കുട്ടികള്‍ ആംഗ്യ ഭാഷയില്‍ സംസാരിക്കുന്നത് കാണുമ്പോള്‍ ഞങ്ങളുടെ ഉള്ളില്‍ വേദനയായിരുന്നു. കാരണം അവര്‍ പരസ്പരം ആംഗ്യത്തിലൂടെ കമ്മ്യൂണിക്കേറ്റ് ചെയ്യും. പക്ഷെ സംസാരിക്കാന്‍ കഴിയാത്തതിനാല്‍ അവര്‍ മറ്റുള്ളവരോട് ഇടപഴകാതെ ഉള്‍വലിയുകയാണെന്ന് മനസ്സിലാക്കി. സോഫിയയെ അങ്ങനെയൊരാളായി വളര്‍ത്തേണ്ട എന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. കേള്‍വിയില്ലാത്തവരെ പരിശീലിപ്പിക്കുന്ന സ്‌കൂളുകളിലെല്ലാം ഞങ്ങള്‍ ചെന്നു. പക്ഷെ അവിടെയെല്ലാം ലിപി റീഡിങ് പഠിപ്പിക്കുമ്പോള്‍ പോലും കുട്ടികള്‍ ആംഗ്യ ഭാഷയിലാണ് സംസാരിക്കുന്നത്. അതുകൊണ്ട് ആ സ്‌കൂളുകളിലേക്ക് മകളെ അയക്കണ്ടെന്ന് തീരുമാനിച്ചു. എറണാകുളത്ത് ലയണ്‍സ് ക്ലബ്ബില്‍ രാധിക എന്ന ടീച്ചര്‍ ലിപ് റീഡിങ് പഠിപ്പിക്കുന്നതറിഞ്ഞ് ഞങ്ങള്‍ അന്വേഷിച്ചു ചെന്നു. എന്നാല്‍ ഒരു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയെ മറ്റ് കുട്ടികളോടൊപ്പം പഠിപ്പിക്കാന്‍ അവര്‍ക്കാവുമായിരുന്നില്ല. എന്നാല്‍ ഞങ്ങളുടെ ഇന്റന്‍ഷന്‍ മനസ്സിലാക്കിയ ടീച്ചര്‍ അവരുടെ വീട്ടില്‍ കൊണ്ടുപോയി സോഫിയയെ ലിപ് റീഡിങ് പരിശീലിപ്പിക്കാന്‍ തയ്യാറായി. അതാണ് ഞങ്ങള്‍ക്ക് ലഭിച്ച ആദ്യത്തെ അനുഗ്രഹം.

ആ സമയത്താണ് ഞങ്ങള്‍ക്ക് ഒരു മകന്‍ ജനിക്കുന്നത്. അവനും ഇതേപോലെ കേള്‍വി ശക്തിയുണ്ടാവില്ലേയെന്ന് സംശയമുണ്ടായിരുന്നു. എരൂര്‍ ഭവന്‍സ് സ്‌കൂളില്‍ കെ.ജി. സെക്ഷനില്‍ ടീച്ചറായ ഞാന്‍ ഒരു വര്‍ഷം ലീവെടുത്ത് കുട്ടികള്‍ക്കൊപ്പമിരുന്നു. പക്ഷെ മോന്‍ ശബ്ദങ്ങളോട് പ്രതികരിക്കുന്നുണ്ടായിരുന്നു. എങ്കിലും പരിശോധിക്കണമെന്ന് കരുതി ആശുപത്രിയില്‍ ചെന്നപ്പോള്‍ അവനും ഉണ്ട് ഇതേ പ്രശ്‌നം. സോഫിയയുടേത് പോലല്ല. ഒരു ചെവി പൂര്‍ണ്ണമായും കേള്‍ക്കില്ല. എന്നാല്‍ മറ്റേ ചെവിയ്ക്ക് 35 ശതമാനം കേള്‍വിയുണ്ട്. എന്നാലും അവനേയും സാധാരണ രീതിയില്‍ വളര്‍ത്താന്‍ പറ്റില്ലെന്ന് ഞങ്ങള്‍ മനസ്സിലാക്കി. പിന്നീട് സോഫിയയ്ക്കും മോന്‍ റിച്ചാര്‍ഡിനും ഒരുമിച്ച് ലിപ് റീഡിങ്ങില്‍ പരിശീലനം നല്‍കി. എന്നോടുള്ള ബന്ധം വച്ച് ഭവന്‍സ് സ്‌കൂളുകാര്‍ രണ്ടു പേരെയും സ്‌കൂളില്‍ ചേര്‍ക്കാന്‍ സമ്മതിച്ചു. അത് മറ്റൊരു ഗുണമായി. അവിടെ നിന്നാണ് കുട്ടികളുടെ ടാലന്റുകള്‍ തിരിച്ചറിയുന്നതും വളര്‍ത്തിയെടുക്കുന്നതും.’ സോഫിയയുടെ അമ്മയും അധ്യാപികയുമായ ഗോറെറ്റി ജോ പറയുന്നു.

‘എന്നാല്‍ ഇത്രയൊക്കെ കഴിവ് തെളിയിച്ചിട്ടും സമൂഹം ഇപ്പോഴും അനുതാപവും പരിഹാസവും മാത്രമാണ് വച്ചു നീട്ടുന്നത്. എന്നുമാത്രമല്ല ലോക സൗന്ദര്യ മത്സരത്തിന് പങ്കെടുക്കാന്‍ പോകുമ്പോള്‍ പോലും സാമ്പത്തികമായി ആരില്‍ നിന്നും സഹായം ലഭിച്ചില്ല. ഒത്തിരി കഷ്‌പ്പെട്ടിട്ടാണ് മക്കളെ സാധാരണ കുട്ടികളെപ്പോലെ വളര്‍ത്തിയെടുത്തത്. പക്ഷെ അതിന് ആരും ഒരു വിലയും തരുന്നില്ല. കേള്‍ക്കാന്‍ കഴിയാത്ത കുട്ടിയെ മോഡല്‍ ആക്കാനോ അവള്‍ക്ക് നല്ല സാധ്യതകള്‍ നല്‍കാനോ ആരും തയ്യാറാവുന്നില്ല. ആദ്യമൊക്കെ പലരും അവസരങ്ങളുമായി വന്നിരുന്നു. എന്നാല്‍ പിന്നീട് അതുണ്ടായില്ല. ലൈസന്‍സെടുക്കാന്‍ ഡ്രൈവിങ് ടെസ്റ്റിന് ചെന്നപ്പോള്‍ പോലും ഉദ്യോഗസ്ഥരില്‍ നിന്ന് പരിഹാസം നിറഞ്ഞ വാക്കുകളാണ് ഞങ്ങള്‍ക്ക് കിട്ടിയത്. പക്ഷെ അതിന് മകള്‍ വാക്കു കൊണ്ടും വാഹനമോടിച്ചും മറുപടി കൊടുത്തു. ഒടുവില്‍ പരിഹസിച്ച ഉദ്യോഗസ്ഥന്‍ പോലും അവളെ സല്യൂട്ട് ചെയ്തിട്ടാണ് പോയത്. ശാരീരിക വൈകല്യങ്ങളുള്ളവര്‍ക്കും മറ്റുള്ളവരെപ്പോലെ എല്ലാം സാധിക്കും. പക്ഷെ അവര്‍ക്ക് അതിനുള്ള അവസരങ്ങളാണ് നല്‍കേണ്ടത്. സമൂഹ മനസ്ഥിതി മാറണം. സോഫിയയ്ക്കും റിച്ചാര്‍ഡിനും മൂന്നാം ക്ലാസ് ആയപ്പോഴേക്കും ഞങ്ങള്‍ സൈക്കിള്‍ വാങ്ങി നല്‍കി. അന്ന് എല്ലാവരും അതിന് പഴിച്ചു. പക്ഷെ ഞങ്ങളുടെ തീരുമാനമായിരുന്നു എല്ലാ കാര്യത്തിലും ശരിയെന്നത് കാലം തെളിയിച്ചു. പിന്നെ ചിലരുണ്ട്. സൗന്ദര്യ മത്സരത്തിന് പോയതിന്റെ പേരില്‍ മകളെ ആക്ഷേപിക്കുന്നവര്‍. എന്താണ് ഇവരുടെയെല്ലാം മനസ്സിലിരുപ്പെന്നറിയില്ല.’ സോഫിയയുടെ അച്ഛന്‍ ജോ ഫ്രാന്‍സിസ് പറഞ്ഞു.

തനിക്ക് അവസരങ്ങള്‍ നിഷേധിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന കേരളത്തില്‍ നിന്ന് എങ്ങനേയും വിട്ടു പോവണമെന്ന ആഗ്രഹമാണ് സോഫിയയ്ക്കുള്ളത്. സെന്റ് സേവ്യേഴ്‌സ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ സോഫിയ ഇപ്പോള്‍ ഉന്നത പഠനത്തിനായി ഡല്‍ഹിയിലേക്ക് താമസം മാറിയിരിക്കുകയാണ്.

(മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍