UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അര്‍ണബിനോട് വായടക്കാന്‍ പറഞ്ഞ് മിത വസിഷ്ട് ഷോയില്‍ നിന്നും ഇറങ്ങിപ്പോയതിന് പിന്നില്‍

Avatar

മിത വസിഷ്ഠ്

ഓ ഷട്ടപ്പ്, എന്നു പറഞ്ഞ്, ചെവിയില്‍ തിരുകിവച്ചിരുന്ന ഇയര്‍ഫോണുകളും ഊരിക്കളഞ്ഞ് വിനീതരായ ടെക്‌നീഷ്യന്‍മാരെ വകവയ്ക്കാതെ ടൈംസ് നൗ ചാനലിന്റെ എക്യൂപ്‌മെന്റ് വാനിലെ ക്യാമറയ്ക്കു മുമ്പില്‍ നിന്നും ഞാന്‍ ഇറങ്ങിപ്പോയി. ഈ ടെക്‌നീഷ്യന്‍മാരോട് ക്ഷമാപണം നടത്തി, നന്ദിയും പറഞ്ഞാണ് ഇറങ്ങിപ്പോരേണ്ടിയിരുന്നതെന്ന് ഞാന്‍ പിന്നീടാണ് ചിന്തിച്ചത്.

ഏതാനും മിനിറ്റുകള്‍ക്കു ശേഷം ‘വളരെ നന്നായി’, ‘അര്‍ണബിന്റെ ധാര്‍ഷ്ട്യത്തോട് വായടക്കാന്‍ പറയാനുള്ള ചങ്കുറപ്പ് നീ കാണിച്ചതില്‍ സന്തോഷം’ എന്നു തുടങ്ങിയ നിരവധി സമാന സന്ദേശങ്ങള്‍ കൊണ്ട് എന്റെ സെല്‍ഫോണ്‍ നിറഞ്ഞു.

ഞാന്‍ വായടക്കാന്‍ പറഞ്ഞ അതേസമയത്തു തന്നെ എന്നെ ഷോയില്‍ നിന്നും പുറത്താക്കുകയും ചെയ്ത അര്‍ണബിന്റെ പ്രതികരണം അരമണിക്കൂറിനു ശേഷമാണ് ഞാനറിയുന്നത്. കാര്‍ഗില്‍ യുദ്ധ രക്തസാക്ഷിയുടെ പിതാവിനോട് വായടക്കാന്‍ പറഞ്ഞതിലൂടെ ഞാന്‍ അദ്ദേഹത്തെ അപമാനിച്ചുവെന്നാണ് അര്‍ണബ് പറഞ്ഞത്.

കഴിഞ്ഞ രാത്രിയിലെ ഷോയുടെ ലൈവ് റെക്കോര്‍ഡിംഗ് പ്ലേ ചെയ്തു നോക്കാനും സൂക്ഷ്മമായി പരിശോധിക്കാനും വിവരാവകാശ നിയമപ്രകാരമുള്ള ഒരു അപേക്ഷ മതിയാകുമെന്ന് ഞാന്‍ കരുതുന്നു. അര്‍ണബ് കളിക്കുന്നത് അപകടകരമായ ഒരു കളിയാണെന്ന് അതു തെളിയിക്കുമെന്നും ഞാന്‍ കരുതുന്നു.

ഇതിന് അദ്ദേഹം ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, രാജ്യത്ത് വര്‍ഗീയവും വംശീയവുമായ വിദ്വേഷവും അതൃപ്തിയും കലാപങ്ങളും കുത്തിപ്പൊക്കി ജനക്കൂട്ടത്തെ ഇളക്കിവിടുന്ന തീവ്രനിലപാടുകാരുടെ പക്കലുള്ളതില്‍ നിന്നും വ്യത്യസ്തവുമല്ല.

ഈ ചര്‍ച്ച തന്നെ എന്നെ സംബന്ധിച്ചിടത്തോളം അപ്രസക്തമായിരുന്നുവെന്ന് ഞാന്‍ പറഞ്ഞത് എന്തു കൊണ്ടാണെന്ന് വ്യക്തമാക്കാം. ആ ഷോയില്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍ തന്നെ എടുക്കാം.

ഞാന്‍ പറഞ്ഞത്: ‘ഫവാദ് ഖാനിലോ അല്ലെങ്കില്‍ പാക്കിസ്ഥാനി അഭിനേതാക്കളിലോ എനിക്ക് താല്‍പര്യമില്ല. ബോളിവുഡിലെ അവരുടെ സാന്നിധ്യമോ അസാന്നിധ്യമോ ഒന്നും എന്നെ സംബന്ധിച്ചിടത്തോളം പ്രധാന്യമുള്ളതല്ല. ഇവരെ വേണമെന്നുള്ളതു കൊണ്ട് ബോളിവുഡ് പ്രൊഡ്യൂസര്‍മാര്‍ അവരെ അഭിനയിപ്പിക്കുന്നു. എന്നാല്‍ ഉറിയിലെ നമ്മുടെ സൈനികരെ കുറിച്ചുള്ള ആകുലത പ്രകടിപ്പിക്കാനായി പാക് താരങ്ങളെ രാജ്യത്തിനു പുറത്താക്കണമെന്ന് ഇപ്പോല്‍ അലമുറയിടുന്ന പ്രൊഡ്യൂസര്‍മാരുടെ സംഘടന ഈ ഊര്‍ജ്ജം ഉറിയിലെ രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കാന്‍ ഉപയോഗിച്ചിരുന്നെങ്കില്‍ അതു മികച്ചതാകുമായിരുന്നില്ലേ? കൊല്ലപ്പെട്ടവരുടെ വിധവകള്‍, കുട്ടികള്‍, രക്ഷിതാക്കള്‍ ഇവരുമായെല്ലാം ബന്ധം സ്ഥാപിക്കാനല്ലേ ഈ ഊര്‍ജ്ജം ഉപയോഗിക്കേണ്ടിയിരുന്നത്? അവരുടെ അവസ്ഥ എന്താണെന്നും അവര്‍ക്ക് വേണ്ടി എന്തു ചെയ്യാനാകുമെന്നും അന്വേഷിക്കുകയല്ലേ വേണ്ടത്?’

പിന്നീട് ഞാന്‍ പറഞ്ഞത് (അല്ലെങ്കില്‍, എന്റെ ചെവിയില്‍ അര്‍ണബ് തുടര്‍ച്ചായി അലമുറയിടുന്നതിനിടെ ഞാന്‍ പറയാന്‍ ശ്രമിച്ചത്) ഇന്ത്യയും പാക്കിസ്ഥാനും ഒരിക്കലും സൗഹൃദത്തിലായിരുന്നില്ലെന്നും നാം എല്ലായ്‌പ്പോഴും ശത്രുതയിലായിരുന്നെന്നും ഇതിലിപ്പോള്‍ എന്താണിത്ര കോലാഹലങ്ങള്‍ എന്നുമാണ്.

ഇന്ത്യയും പാക്കിസ്ഥാനും രണ്ടു തവണ പൂര്‍ണയുദ്ധത്തിലേര്‍പ്പെട്ടിട്ടുണ്ട് (1965-ലും 1971-ലും). പിന്നെ 1999-ല്‍ കാര്‍ഗിലിലും. അക്കാലത്തെല്ലാം പാക്കിസ്ഥാനില്‍ നിന്നുള്ള ശവപ്പെട്ടികളിലാണ് നമ്മുടെ യുവ സൈനിക ഓഫീസര്‍മാരുടെ വികൃതമാക്കപ്പെട്ട മൃതദേഹങ്ങള്‍ വന്നിരുന്നത്. ഇതൊക്കെ നാം എന്തു കൊണ്ട് മറന്നു പോയി?

1999നു ശേഷവും പാക്കിസ്ഥാനി കലാകാരന്മാരും അഭിനേതാക്കളും ഇന്ത്യയില്‍ വന്ന് പരിപാടികള്‍ അവതരിപ്പിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. നാം എന്തു കൊണ്ട് 1999 മറന്നു പോയി? പാക് കലാകാരന്‍മാരുടെ സാന്നിധ്യം ശരിക്കും ഒരു പ്രശ്‌നമാണെങ്കില്‍ എന്തു കൊണ്ടാണ് ഈ യുദ്ധത്തിനു ശേഷവും അവരെ ഇന്ത്യയിലേക്കു വരാന്‍ അനുവദിച്ചു?

ഇത്രയും പറഞ്ഞതോടെയാണ് ഞാന്‍ ബോളിവുഡ് ഉയര്‍ത്തിക്കാട്ടി രാജ്യത്തെയും (സൈന്യത്തേയും എന്നു കൂടി പറഞ്ഞെന്നു കരുതുന്നു) താഴ്ത്തികെട്ടുകയാണെന്ന അര്‍ണാബിന്റെ അലറല്‍ ശബ്ദം ഞാന്‍ കേട്ടത്. എനിക്ക് അര്‍ണബിന്റെ ശബ്ദവും മറ്റു അപശബ്ദങ്ങളും മാത്രമെ ഇയര്‍ഫോണില്‍ എനിക്കപ്പോള്‍ കേള്‍ക്കാന്‍ കഴിഞ്ഞുള്ളൂ എന്ന കാര്യം കൂടി എനിക്കു നിങ്ങളോട് പറയേണ്ടതുണ്ട്. ഷോയില്‍ മറ്റാരൊക്കെ ഉണ്ടെന്നോ അവര്‍ എന്താണ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നോ പോലും എനിക്കറിയുമായിരുന്നില്ല.

ഒരു കാര്‍ഗില്‍ രക്തസാക്ഷിയുടെ അച്ഛന്‍ ഷോയില്‍ ഉണ്ടെന്ന കാര്യം ഞാനറിയുകയോ എന്നെ അറിയിക്കുകയോ ചെയ്തിട്ടില്ല എന്നതു കൊണ്ടു തന്നെ അദ്ദേഹത്തെ അപമാനിച്ചുവെന്ന വിഷയം ഉയരുന്നേയില്ല.

സൈന്യത്തെ കുറിച്ചും ശമ്പള കമ്മീഷനെക്കുറിച്ചുമെല്ലാം ചര്‍ച്ച നടന്ന ബര്‍ഖ ദത്തിന്റെ വി ദ പീപ്പ്ള്‍ എന്ന ഷോ കണ്ടവര്‍ക്കറിയാം സൈന്യവും അതിന്റെ മൂല്യങ്ങളും എന്റെ രക്തത്തിലുണ്ടെന്ന്.

സൈന്യത്തെ ഉപയോഗിച്ചു തള്ളുന്നതില്‍ വളരെ വേദനിക്കുന്നയാളാണ് ഞാന്‍. അത് യുദ്ധവേളയിലായാലും യുദ്ധമില്ലാത്തപ്പോഴായാലും അങ്ങനെ തന്നെ. അതിര്‍ത്തി കാക്കുന്ന കാര്യമായാലും അല്ലെങ്കില്‍ കശ്മീരിലെ വെള്ളപ്പൊക്കത്തിലോ ഭൂകമ്പത്തിലോ പെട്ടവരുടെ ജീവന്‍ രക്ഷിക്കുന്ന കാര്യമെടുത്താലും ഏതൊരു സാഹചര്യത്തിലും തങ്ങളുടെ കടമ നിര്‍വ്വഹിക്കാന്‍ എല്ലായ്‌പ്പോഴും സന്നദ്ധരായി മുന്‍നിരയില്‍ തന്നെ സൈന്യം മാത്രമാണുണ്ടാകുക.

എന്റെ അച്ഛന്‍, പ്രിയപ്പെട്ട സൈനികനായ എന്റെ അച്ഛന്‍ മൂന്ന് യുദ്ധങ്ങളിലും മുന്‍നിരയില്‍ നിന്ന് പൊരുതിയ ആളാണ്. ‘അചഛന്‍ തിരിച്ചു വരുന്നില്ലെങ്കില്‍ അദ്ദേഹം ദൈവത്തിലേക്കു മടങ്ങിയതായിരിക്കും,’ എന്നാണ് ഒരു സൈനികന്റെ ധൈര്യശാലിയായ ഭാര്യയായ എന്റെ അമ്മ 1971-ല്‍ എന്നോട്് പറഞ്ഞിരുന്നത്. തലയ്ക്കുമീതെ യുദ്ധവിമാനങ്ങല്‍ ഇരമ്പിപ്പായുമ്പോഴും അടുത്ത ദിവസത്തേക്കുള്ള സ്‌കൂള്‍ ഹോംവര്‍ക്കുകള്‍ പൂര്‍ത്തിയാക്കാന്‍ അമ്മ എന്നെ സഹായിക്കുമായിരുന്നു.

1965 ഞാന്‍ മറന്നിട്ടില്ല, 1971 ഞാന്‍ മറന്നിട്ടില്ല, 1999-ഉം ഞാന്‍ മറന്നിട്ടില്ല. എന്നിട്ടും എന്തു കൊണ്ടായിരുന്നു പാക്കിസ്ഥാനി കലാകാരന്‍മാരെ ഇങ്ങോട്ടു വരാനും കലാപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനും അനുവദിച്ചത്?

ഈ യുക്തി ഉപയോഗിച്ചാണ് ബോളിവുഡിലെ പാക്കിസ്ഥാനി കലാകാരന്മാരുടെ പ്രശ്‌നം ഇന്ന് അപ്രസക്തമാണെന്ന് ഞാന്‍ പറഞ്ഞത്.

എന്നിട്ട് നാം അതിര്‍ത്തി കടന്ന് ബോളിവുഡ് സ്വപ്‌നവുമായെത്തിയ പാവം ഫവാദ് ഖാന്‍ ഒരു ഹീറോയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഫവാദ് പാക്കിസ്ഥാനിലെ അദ്ദേഹത്തിന്റെ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നും ഇന്ത്യയോടുള്ള അനുഭാവം പ്രഖ്യാപിക്കണമെന്നും താങ്കള്‍ പ്രതീക്ഷിക്കുന്നു.

പാക്കിസ്ഥാനില്‍ ഒരു കുടുംബത്തെ അദ്ദേഹത്തിനു സംരക്ഷിക്കേണ്ടതായിട്ടുണ്ടാകാം. എന്നാല്‍ അത് അദ്ദേഹത്തെ ഇന്ത്യാ വിരുദ്ധനാക്കുന്നുണ്ടോ?

കമ്മ്യൂണിസ്റ്റ് നാടകകൃത്തായ സഫ്ദര്‍ ഹഷ്മിയെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഡല്‍ഹിയില്‍ ഒരു തെരുവു നാടകം കളിച്ചു കൊണ്ടിരിക്കെ നമ്മുടെ ഒരു മുന്‍ സര്‍ക്കാരിന്റെ യുവജന വിഭാഗം പട്ടാപ്പകല്‍ കൊലപ്പെടുത്തുകയുണ്ടായി. ഒരു രാഷ്ട്രമെന്ന നിലയില്‍ വലിയ പ്രതികരണമൊന്നുമില്ലാതെ നാം അതിനെ അങ്ങനെ തന്നെ വിടുകയും ചെയ്തു. എന്നിട്ടാണോ ഫവാദ് ഖാന്‍?

ബിനായക് സെന്നിനെ ഇന്ത്യയില്‍ ജയിലിലടക്കാമെങ്കില്‍ പാക്കിസ്ഥാനില്‍ ഫവാദ് ഖാന്റെ അവസ്ഥ എന്താകുമെന്ന് ആലോചിച്ചു നോക്കൂ. 1984-ല്‍ ഡല്‍ഹിയില്‍ ആയിരക്കണക്കിന് സിഖുകാരെ കൊലപ്പെടുത്തുകയും ജീവനോടെ കത്തിക്കുകയും ചെയ്തപ്പോള്‍ ആ സര്‍ക്കാര്‍ നമ്മോട് എന്തായിരിക്കും ചെയ്യുക എന്ന ഭയത്തോടെ വീടുകള്‍ക്കുള്ളില്‍ ഒളിച്ചിരുന്നു. അന്ന് നാമെല്ലാവരും രാജ്യദ്രോഹികളായിരുന്നോ? അതോ സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒരു വേട്ടയുടെ മുന്നില്‍ സഹികെട്ട മധ്യവര്‍ഗമായിരുന്നുവോ നാം?

കശ്മീരീലെ പണ്ഡിറ്റുകള്‍ കൂട്ടം കൂട്ടമായി പാലായനം ചെയ്തപ്പോള്‍ നാം ഒന്നും ചെയ്യാതെ നോക്കി നിന്നു. നാം ഒറ്റുകാരാണോ? അതോ നിസ്സഹായരായ വെറും മനുഷ്യരോ?

വാസ്തവത്തില്‍ ഇത്തരമൊരു ഷോ അവതരിപ്പിക്കാന്‍ അര്‍ണബ് ഗോസ്വാമിയെ പോലെ ഒരാളെ ചുമതലപ്പെടുത്തിയത് തന്നെ നാം ഇപ്പോള്‍ ജീവിക്കുന്ന കാലത്തെക്കുറിച്ച് പറയുന്നുണ്ട്.

(നാടക-ചലച്ചിത്ര-ടെലിവിഷന്‍ അഭിനേത്രി മിത വസിഷ്ട് )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍