UPDATES

കായികം

മൈക്കേല്‍ ജോണ്‍സണ്‍ വിരമിക്കുന്നു

ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മൈക്കേല്‍ ജോണ്‍സണ്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇപ്പോള്‍ പെര്‍ത്തില്‍ നടക്കുന്ന ന്യൂസിലന്റിന് എതിരായ മത്സരത്തോടെ കളി നിര്‍ത്താനാണ് ജോണ്‍സണിന്റെ തീരുമാനം. വിടപറയാന്‍ മികച്ച സമയമാണെന്ന് പെര്‍ത്ത് ടെസ്റ്റിന്റെ അവസാന ദിവസത്തെ കളി ആരംഭിക്കുന്നതിന് മുമ്പ് ഇറക്കിയ പ്രസ്താവനയില്‍ 34-കാരനായ ജോണ്‍സണ്‍ പറഞ്ഞു.

അടുത്ത കാലത്ത് ഇംഗ്ലണ്ടിന് എതിരായ ആഷസ് പരമ്പരയ്ക്ക് ശേഷം വിരമിച്ച മൈക്കേല്‍ ക്ലാര്‍ക്ക്, ബ്രാഡ് ഹാഡിന്‍, റയാന്‍ ഹാരിസ്, ക്രിസ് റോജ്ജേഴ്‌സ്, ഷെയ്ന്‍ വാട്‌സണ്‍ എന്നിവരുടെ വഴി പിന്തുടരുകയാണ് ജോണ്‍സണും. കിവീസിന് എതിരായ രണ്ടാം ടെസ്റ്റില്‍ ജോണ്‍സണെ കളിപ്പിച്ചേക്കില്ലെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടയിലാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 73 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ജോണ്‍സണ് കീവീസിന് എതിരെ ആദ്യ ഇന്നിംഗ്‌സില്‍ 157 റണ്‍സ് വിട്ടു കൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്താനേ കഴിഞ്ഞുള്ളൂ.

ഓസ്‌ട്രേലിയക്കുവേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയവരില്‍ നാലം സ്ഥാനത്താണ് ജോണ്‍സണിന്റെ സ്ഥാനം. 311 വിക്കറ്റുകള്‍. 708 വിക്കറ്റുകള്‍ വീഴ്ത്തിയ ഷെയ്ന്‍ വോണും 563 വിക്കറ്റുകള്‍ വീഴ്ത്തിയ ഗ്ലെന്‍ മഗ്രാത്തും 355 വിക്കറ്റുകള്‍ വീഴ്ത്തിയ ഡെന്നിസ് ലിലീയുമാണ് അദ്ദേഹത്തിന് മുമ്പിലുള്ളത്.

2007-ലാണ് ജോണ്‍സണ്‍ ഓസ്‌ട്രേലിയക്കുവേണ്ടി ടെസ്റ്റില്‍ അരങ്ങേറുന്നത്. 2008-ല്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് അദ്ദേഹം മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ളത്. 61 റണ്‍സിന് എട്ട് ദക്ഷിണാഫ്രിക്കക്കാരെ പവലിയനിലേക്ക് തിരികെ അയച്ചിരുന്നു. 153 ഏകദിനങ്ങളില്‍ നിന്നായി 239 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. വാലറ്റത്ത്‌ വിശ്വസിക്കാവുന്ന ബാറ്റ്‌സ്മാന്‍ കൂടിയായിരുന്നു ജോണ്‍സണ്‍. ടെസ്റ്റില്‍ അദ്ദേഹം സെഞ്ച്വറിയും നേടിയിട്ടുണ്ട്. പുറത്താകാതെ 123 റണ്‍സ്. 11 അര്‍ദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍