UPDATES

സിനിമ

ട്രോഫി നല്‍കി, സമ്മാനത്തുക നല്‍കിയില്ല; സര്‍ക്കാര്‍ പറ്റിച്ച കഥയുമായി കുറ്റ്യാടി എം ഐ യു പി എസ്

Avatar

ഉണ്ണികൃഷ്ണന്‍.വി

കവി റഫീഖ് അഹമ്മദിന്‍റെ കവിതയെ  അടിസ്ഥാനമാക്കി 2012ല്‍ കോഴിക്കോട് കുന്നുമ്മല്‍ ഉപജില്ലയിലെ എം ഐ അപ്പര്‍ പ്രൈമറി സ്കൂളിലെ വിദ്യാര്‍ഥികള്‍ പുറത്തിറക്കിയ ‘തോരാമഴ’ എന്ന ഹ്രസ്വചിത്രം ദേശീയതലത്തിലടക്കം ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. തിരക്കഥയും സംഭാഷണവും സംവിധാനവുമടക്കം ചിത്രീകരണത്തിന്‍റെ എല്ലാ മേഖലകളിലും വിദ്യാര്‍ഥികള്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഈ ചിത്രം കുട്ടികള്‍ക്കു വേണ്ടിയുള്ള ദേശീയ ഹ്രസ്വചിത്രങ്ങളുടെ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചെറുതും വലുതുമായി 23 പുരസ്കാരങ്ങള്‍ തോരാമഴ കോഴിക്കോടന്‍ നാട്ടിന്‍പുറത്തെ ഈ കൊച്ചു സ്കൂളിലേക്ക് കൊണ്ടുവന്നു.

എന്നാല്‍ ഭൌതിക സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്കിടയിലും കൂട്ടായ്മയിലൂടെ മുന്നേറിയ ഈ വിദ്യലയത്തിന്റെ ഇന്നത്തെ സ്ഥിതി വ്യത്യസ്തമാണ്. തുടര്‍ച്ചയായ 15 വര്‍ഷങ്ങളില്‍ വിദ്യാഭ്യാസത്തിലും ഇതര പ്രവര്‍ത്തനങ്ങളിലും മുദ്ര പതിപ്പിച്ച എം ഐ യുപിഎസിലെ സര്‍ഗ്ഗധനര്‍ ഇന്ന് ഹ്ര്വസ്വ ചിത്രത്തിന്‍റെ ചിത്രീകരണത്തിനായി ധനശേഖരണം നടത്തിയപ്പോഴുണ്ടായ ബാധ്യത തീര്‍ക്കുന്നതിനായി സമരത്തിനൊരുങ്ങുകയാണ്. തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സമ്മാന തുകയായ ഒരുലക്ഷം രൂപ അനുവദിച്ചു കിട്ടാന്‍ വേണ്ടി മൂന്നു വര്‍ഷമായി സര്‍ക്കാര്‍  ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും നീതി പുലര്‍ത്താത്ത സര്‍ക്കാരിനെതിരെ അവര്‍ നിരാഹാര സത്യാഗ്രഹം അടക്കമുള്ള സമരമുറകള്‍ക്കാണ് തയ്യാറെടുക്കുന്നത്.

2012 നവംബര്‍ 14നു ശിശുദിനത്തോടനുബന്ധിച്ച് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജിയുടെ (എസ്ഐഇടി) ആഭിമുഖ്യത്തില്‍ നടത്തിയ കുട്ടികളുടെ ഹ്രസ്വചിത്രമത്സരത്തില്‍ ‘വിദ്യാര്‍ഥികള്‍ നിര്‍മ്മിച്ചത്’ എന്ന വിഭാഗത്തില്‍ ഇവരുടെ കലാസൃഷ്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. തൃശ്ശൂര്‍ ടൌണ്‍ഹാളില്‍ മേയര്‍ ഐപി പോളും ഗീതാ ഗോപി എംഎല്‍എയും സന്നിഹിതരായ ചടങ്ങില്‍ അന്ന് മുഖ്യമന്ത്രിയുടെ വക ട്രോഫിയും ഒരു ലക്ഷം രൂപയുടെ രസീതിയും സ്കൂള്‍ അധികൃതര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൈമാറിയിരുന്നു. തുക  ‘തോരാമഴ’ നിര്‍മ്മിക്കുന്നതിനു മേല്‍നോട്ടം വഹിച്ച അധ്യാപകന്‍ ജമാല്‍ കുറ്റ്യാടിയുടെ ബാങ്ക് അക്കൌണ്ടിലേക്ക് നിക്ഷേപിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ മൂന്നു വര്‍ഷത്തിനു ശേഷവും തുക അക്കൌണ്ടിലെത്തിയിട്ടില്ല.

സര്‍ക്കാരിന്റെ ചുവപ്പുനാടകളില്‍ കുരുങ്ങി തങ്ങള്‍ക്ക് അര്‍ഹമായ തുക നഷ്ടപ്പെട്ടു പോകുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് പടിക്കല്‍ നിരാഹാരസമരം ഇവര്‍ തീരുമാനമെടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്‌.

തോരാമഴയുടെ ചിത്രീകരണത്തില്‍ഛായാഗ്രാഹണവും എഡിറ്റിംഗും ഒഴികെ അണിയറയിലും ക്യാമറയ്ക്കു മുന്‍പിലും പ്രവര്‍ത്തിച്ചത് സ്കൂളിലെ കുട്ടികള്‍ തന്നെയായിരുന്നു. ഇവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കുക എന്നുള്ള ദൌത്യം അധ്യാപകരും പിടിഐയും നിര്‍വ്വഹിച്ചു.

ഉമ്മുഖുല്‍സു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രണ്ടാം ക്ലാസ്സുകാരി തന്‍ഹാ തബ്സും എന്ന വിദ്യാര്‍ത്ഥിനിക്ക് സ്പെഷ്യല്‍ ജൂറി പുരസ്കാരവും ഉമ്മുഖുല്‍സുവിന്‍റെ ഉമ്മയുടെ വേഷം ചെയ്ത അജന്യ നാരായണന്‍ എന്ന ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിക്ക് പ്രത്യേക പുരസ്കാരവും ലഭിച്ചിരുന്നു. സംവിധായികയായ തീര്‍ത്ഥ വിനോദ് എന്ന എഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയും തിരക്കഥ തയ്യാറാക്കിയ മേഘ, ആര്യാ ചന്ദ്രന്‍ എന്നിവരും പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. ഉമ്മയുടെ മടിയില്‍ കിടന്ന് അന്ത്യശ്വാസം വലിച്ച അര്‍ബുദ രോഗബാധിതയായ ഉമ്മുഖുല്‍സുവിന്‍റെ കഥ പറഞ്ഞ ‘തോരാമഴ’ അന്നുതന്നെ ഏറെ പ്രശംസയേറ്റുവാങ്ങിയിരുന്നു.

ഒരു വര്‍ഷത്തോളം ചെലവഴിച്ചാണ് ഇവര്‍ ഹ്രസ്വചിത്രം തയ്യാറാക്കിയത്. തോരാമഴയുടെ ചിത്രീകരണത്തിനായി രണ്ടുലക്ഷം രൂപ സ്കൂളിന് ചെലവാകുകയുണ്ടായി. ബാങ്കുകളില്‍ നിന്നും സ്വകാര്യ വ്യക്തികളില്‍ നിന്നും വായ്പകള്‍ എടുത്തും വിദ്യാര്‍ത്ഥികളുടെ സംഭാവനയില്‍ നിന്നുമാണ് ചിത്രം പൂര്‍ത്തിയാക്കാനുള്ള പണം ഇവര്‍ കണ്ടെത്തിയത്. വായ്പ വാങ്ങിയ ഇടങ്ങളില്‍ നിന്നും നോട്ടീസ് വരെ വന്നതായി അധ്യാപകനായ ജമാല്‍ കുറ്റ്യാടി പറയുന്നു.

“പലിശയ്ക്ക് പണമെടുത്താണ് തോരാമഴയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 50000 രൂപ കുന്നുമ്മലുള്ള ഒരു ധനകാര്യസ്ഥാപനത്തില്‍ നിന്നും വായ്പ വാങ്ങിയിരുന്നു. ഞാന്‍ നല്കിയ ഈടിലാണ് പണം വാങ്ങിയത്. അവിടെനിന്നും നോട്ടീസ് കിട്ടിയപ്പോള്‍ മറ്റൊരിടത്തു നിന്നും കടം വാങ്ങി അടക്കേണ്ടി വന്നു. സര്‍ക്കാര്‍ വക സമ്മാനത്തുക ലഭിക്കും എന്ന ധാരണയിലാണ് അതു ചെയ്തത്. ഇപ്പോള്‍ ആ തുകയും ഞങ്ങള്‍ അടയ്ക്കേണ്ട അവസ്ഥയിലാണ്” ,
 ജമാല്‍ കുറ്റ്യാടി തങ്ങളുടെ അവസ്ഥ വിവരിച്ചു.

ബാക്കിയുള്ള തുകയുടെ നല്ലൊരു ഭാഗവും ഇത്തരത്തില്‍ പലയിടങ്ങളില്‍ നിന്നായി വാങ്ങിയതാണ്. ഈ ബാധ്യതയും വന്നെത്തിയിരിക്കുന്നത് അധ്യാപകരുടെയും പിടിഐ അംഗങ്ങളുടെയും മേലാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളാണ് എംഐ അപ്പര്‍ പ്രൈമറി സ്കൂളിലേത്. ഈ  കുട്ടികള്‍ പിരിച്ചു നല്‍കിയ തുകയും ചിത്രീകരണത്തിനായി ഉപയോഗിച്ചിരുന്നു. ആകെ ആശ്വാസം എന്ന് പറയാവുന്നത് കുട്ടികള്‍ക്ക്  മറ്റു ചില മത്സരങ്ങളില്‍  ലഭിച്ച താരതമ്യേന ചെറിയ സമ്മാനത്തുകകളാണ്. എന്നാല്‍ ഇതുവരെ ചിത്രീകരണസമയത്തുണ്ടായ കടം വീട്ടാന്‍ കഴിഞ്ഞിട്ടില്ല. സമ്മാനത്തുകയായ ഒരു ലക്ഷം രൂപ ലഭിക്കുന്നതിനായി ഇവര്‍ നടത്തിയ ശ്രമങ്ങള്‍ ഒക്കെയും വിഫലമാവുകയായിരുന്നു.

കുറ്റ്യാടി എംഎല്‍എ കെ കെ ലതിക പ്രസ്തുതവിഷയം പലപ്പോഴായി നിയമസഭയില്‍ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി , കെ മുരളീധരന്‍ എംഎല്‍എ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിങ്ങനെ പലരെയും സമീപിച്ചിരുന്നു. എന്നാല്‍ അനുകൂലമായ നടപടികള്‍ എങ്ങു നിന്നുമുണ്ടായില്ല. മുഖ്യമന്ത്രിയില്‍ നിന്നും  വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും ലഭിച്ച മറുപടി ഉടനേ തീര്‍പ്പുണ്ടാക്കാം എന്നായിരുന്നു. അതേ മറുപടി തന്നെയാണ് ബന്ധപ്പെട്ടപ്പോഴൊക്കെ സ്കൂള്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നത്.

2014ല്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയിലും തങ്ങള്‍ പങ്കെടുത്തിരുന്നു എന്ന് എംഐയുപിഎസില്‍ അധ്യാപകനായ മജീദ്‌ പറയുന്നു.

“മുഖ്യമന്ത്രി ഒരേ മറുപടി തന്നെയാണ് അന്നും തന്നത്. പെട്ടെന്നുതന്നെ  പ്രശ്നത്തിനു പരിഹാരമുണ്ടാക്കും എന്നാണു പറഞ്ഞത്. പക്ഷേ അവസ്ഥയ്ക്കു മാറ്റമുണ്ടായില്ല, ഇനി കാണാന്‍ ആരുമില്ല. ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും സമീപിച്ചു കഴിഞ്ഞു,” മജീദ്‌ കൂട്ടിച്ചേര്‍ത്തു.

 

മത്സരത്തിന്‍റെ സംഘാടകരായ എസ് ഐ ഇ ടിയെ ബന്ധപ്പെട്ടപ്പോള്‍ കിട്ടിയ മറുപടി സ്ഥാപനത്തിന് സമ്മാനത്തുക നല്‍കാനുള്ള ഫണ്ടില്ല, കേന്ദ്രസര്‍ക്കാരാണ് തുക നല്‍കേണ്ടതെന്നുമായിരുന്നു. ഇതു സംബന്ധിച്ച് അറിയിപ്പുകള്‍ ഒന്നും കേന്ദ്രത്തില്‍ നിന്നു ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കി എസ് ഐ ഇ ടിയും ഇവരെ കൈയ്യൊഴിഞ്ഞു.

ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടാക്കിയില്ലെങ്കില്‍ സെക്രട്ടേറിയറ്റ് പടിക്കലും വിദ്യാഭ്യാസമന്ത്രിയുടെ വസതിക്ക് മുന്‍പിലും നിരാഹാരസമരം നടത്തുമെന്ന് സ്കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ മന്ത്രിയെയും ജില്ലാ വിദ്യാഭ്യാസ ഓഫീസറെയും  കെപിസിസി പ്രസിഡന്റ് വിഎം സുധീരനെയും അറിയിച്ചിരുന്നു. സൂചനയായി തന്‍ഹ തബ് സും, ജമാല്‍ കുറ്റ്യാടി കൂടാതെ പിടിഐ അംഗങ്ങള്‍ എന്നിവര്‍ കോഴിക്കോട് കളക്ട്രേറ്റ് പടിക്കല്‍ ഒരു ദിവസം നിരാഹാരസമരവും നടത്തുകയുണ്ടായി. വിഎം സുധീരന്‍ ഇവരെ ബന്ധപ്പെടുകയും ഒരു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാക്കാം എന്നു വാക്കു നല്‍കുകയും ചെയ്തു. തുടര്‍ന്ന് മറ്റേതെങ്കിലും പദ്ധതിയില്‍പ്പെടുത്തി മൂന്നാഴ്ചയ്ക്കുള്ളില്‍ ഒരുലക്ഷം രൂപ സ്കൂളിനു നല്‍കാമെന്ന് വിദ്യാഭ്യാസമന്ത്രിയും ജില്ലാ വിദ്യാഭ്യാസവകുപ്പും വാഗ്ദാനം നല്‍കി.

ഒരു മാസത്തിനുള്ളില്‍ തങ്ങള്‍ക്ക് കിട്ടാനുള്ള തുക സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ ശക്തമായ സമരരീതികള്‍ സ്വീകരിക്കുമെന്ന് സ്കൂള്‍ പിടിഐയും അധ്യാപകരും പറയുന്നു.

സര്‍ക്കാരിന്റെ പല വാഗ്ദാനങ്ങളെയും പോലെ ഇതും വെറും വാക്കായി തീരാന്‍ അനുവദിക്കില്ല എന്ന് ഉറപ്പിച്ചിരിക്കുകയാണ് എം ഐ യുപിഎസിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും.

 (അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍