UPDATES

സിനിമ

കൊമേഴ്‌സ്യല്‍ സിനിമയില്‍ നിന്നു മാറി നില്‍ക്കുന്നതല്ല, എന്നെ വിളിക്കാത്തതാണ്

Avatar

ഷഫീദ് ഷെറീഫ്/എം ജെ രാധാകൃഷ്ണന്‍

മലയാള സിനിമയുടെ ചരിത്രത്തില്‍ എം ജെ രാധാകൃഷ്ണന്‍, ഒരു ഛായാഗ്രാഹകന്‍ എന്നതിലുപരി സമാന്തര സിനിമയുടെ ഗതിവഴക്കത്തെ ഫ്രെയ്മിലാക്കിയ അദൃശ്യനായ മാന്ത്രികന്‍ കൂടിയാണ്. അടൂര്‍ ഗോപാലകൃഷ്ണന്‍ മുതല്‍ ഡോ. ബിജു വരെയുള്ള സംവിധായകരുടെ സിനിമാസങ്കല്‍പ്പങ്ങള്‍ക്ക് ഫ്രെയ്മുകള്‍ ചമച്ച എം ജെ ആറിന്റെ കാമാറ മികവ് ഒപ്പമുണ്ടായിരുന്നു. രണ്ടു തലമുറകളുടെ സിനിമ അഭിരുചിയോടൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ കഴിഞ്ഞ എം ജെ രാധാകൃഷ്ണന്‍, കഴിഞ്ഞ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സുവര്‍ണ മയൂരം നേടിയ ഒറ്റാലിന് അടക്കം ഇതുവരെ കാമറ ചലിപ്പിച്ചത് എഴുപത്തിയഞ്ചിലധികം ചിത്രങ്ങള്‍ക്ക്. ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച മൂന്നു ചിത്രങ്ങളുടെ ചായാഗ്രാഹകനും അദ്ദേഹം തന്നെയായിരുന്നു. 1999 ല്‍ കാന്‍ ചലച്ചിത്ര മേളയില്‍ മരണ സിംഹാസനം എന്ന ചിത്രത്തിലൂടെ ഗോള്‍ഡന്‍ കാമറ അവാര്‍ഡ് നേടിയ ഈ കാമറമാന്‍ ആറ് സംസ്ഥാന പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രവേദികളില്‍ നിന്നും പ്രശംസകള്‍ ഏറ്റുവാങ്ങിയിട്ടുള്ള എം ജെ രാധാകൃഷ്ണന്‍ പക്ഷേ മലയാളത്തിന്റെ മുഖ്യധാരസിനിമകളില്‍ അധികം പരിചിതനല്ല. അതെന്തുകൊണ്ട് എന്നതിനുള്‍പ്പെടെ തന്റെ കാമറ ജീവിതത്തിലെ കുറച്ചു കാര്യങ്ങള്‍ എം ജെ രാധാകൃഷ്ണന്‍ പങ്കുവയ്ക്കുന്നു.

കാമറ ജീവിതത്തിലേക്ക് വരുന്നതെങ്ങനെയാണ്?
കുട്ടിക്കാലം തൊട്ട് കാമറയോട് വലിയ താത്പര്യമായിരുന്നു. വിചിത്രമായ ഒരു യന്ത്രം കൈയിലാക്കാനുള്ള ആഗ്രഹം. അത്തരമൊരു ആഗ്രഹം എന്നെ കൊണ്ടെത്തിച്ചത് സിനിമയിലെ നിശ്ചല ഛായാഗ്രാഹകന്റെ വേഷത്തില്‍. ബാലേട്ടന്റെ(എന്‍ എല്‍ ബാലകൃഷ്ണന്‍) സഹായിയായിട്ടായിരുന്നു രംഗപ്രവേശം. സ്‌നേഹസമ്പന്നനായ ഗുരുവും സുഹൃത്തുമെല്ലാം ആയിരുന്നു ബാലേട്ടന്‍. അവിടെ നിന്ന് ഷാജി എന്‍ കരുണിന്റെ സഹായി ആയി. അദ്ദേഹത്തിനൊപ്പം മുന്നു നാലു സിനിമകളില്‍ അസിസ്റ്റന്റായി ജോലി നോക്കി. രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത അമ്മാനംകിളി ആണ് സ്വതന്ത്ര ഛായാഗ്രാഹകന്റെ മേല്‍വിലാസം നല്‍കിയത്.

പ്രമുഖ സംവിധായകരോടൊപ്പമുള്ള അനുഭവം?
ഷാജി എന്‍ കരുണ്‍, രഞ്ജിത്ത്, ജയരാജ്, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയ പ്രഗത്ഭരോടൊപ്പമെല്ലാം ജോലി ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അവര്‍ക്കൊപ്പം നില്‍ക്കാന്‍ എന്നെ വിളിക്കുന്നു എന്നതാണ് എന്റെ കഴിവിനു കിട്ടുന്ന അംഗീകാരങ്ങളായി കരുതുന്നത്. അതൊരു പോസിറ്റീവ് എനര്‍ജിയാണ്.

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ആദ്യ സുവര്‍ണമയൂരം നേടിയ മലയാള ചിത്രമായ ഒറ്റാലിന്റെ ഛായാഗ്രാഹകനാണ്. ഒറ്റാലിന്റെ അനുഭവം
പ്രകൃതിക്ക് അനുസൃതമായി സംഭവിച്ച സിനിമ എന്നാണ് ഒറ്റാലിനെക്കുറിച്ച് ആദ്യം പറയേണ്ടത്. കുട്ടനാടിന്റെ മനോഹരമായ പ്രകൃതി കാമറയില്‍ ആക്കുക എന്നത് വെല്ലുവിളി തന്നെയായിരുന്നു. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടായിരുന്നു ആ വെല്ലുവിളി ഏറ്റെടുക്കേണ്ടിയിരുന്നതും. ലൈറ്റിംഗിന്റെ കാര്യത്തില്‍ ഏറെ ബുദ്ധമുട്ടേണ്ടി വന്നിരുന്നു. ഇന്റീരിയര്‍ ഷൂട്ട് ചെയ്യുന്നതുപോലെയല്ലത്. പ്രകൃതിയില്‍ നിന്നു കിട്ടുന്ന ലൈറ്റിനെ ഉപയോഗിക്കുക എന്നത് നമ്മുടെ കഴിവിനെ വെല്ലുവിളിക്കുന്ന കാര്യമാണ്. അക്കാര്യത്തില്‍ ഒരുപരിധിവരെ വിജയിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതാണ് ആ സിനിമയ്ക്ക് കിട്ടുന്ന അഭിനന്ദനങ്ങളില്‍ നിന്നും മനസിലാക്കുന്നത്.

ജയരാജ് എന്ന സംവിധായകനെ കുറിച്ച്
ദീര്‍ഘനാളായി ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഞാന്‍ സിനിമാസ്വാദകര്‍ക്ക് പരിചിതനാകുന്നത് ജയരാജിന്റെ ചിത്രങ്ങളിലൂടെയാണ്. ദേശാടനം ആണ് അത്തരമൊരു പ്രശസ്തി എനിക്ക് നേടിത്തന്നത്. ഒറ്റാലിന്റെ കാര്യത്തില്‍വരെ ഞങ്ങളുടെ കൂട്ടുകെട്ട് ഒരുക്കില്‍ കൂടി വിജയിച്ചിരിക്കുകയാണ്. ആസ്വാദകര്‍ തന്നെ പറയുന്ന കാര്യമാണത്. ഒറ്റാലില്‍ ഞങ്ങള്‍ തമ്മിലുള്ള കെമസ്ട്രി നന്നായി വര്‍ക്ക് ചെയ്തിരിക്കുന്നു എന്ന് പലരും അഭിനന്ദിച്ചിട്ടുണ്ട്.

എം ജെ രാധാകൃഷ്ണന്റെ ഛായാഗ്രഹണമികവിന് എന്നും പറയാവുന്നൊരു സിനിമയാണ് കളിയാട്ടം
ഷേക്‌സ്പിയറിന്റെ വിഖ്യാത കൃതിയെ ആസ്പദമാക്കി അവതരിപ്പിച്ച ചിത്രം. കളിയാട്ടത്തിന് വിശാലമായ പശ്ചാത്തലമാണ് ഉണ്ടായിരുന്നത്. കഥ ആവശ്യപ്പെടുന്ന ഒരുപാട് ലൈറ്റ് സ്വീകന്‍സുകള്‍ ചിത്രത്തിലുണ്ടായിരുന്നു. 800 എഎസ്ആര്‍ റേറ്റിലിട്ട് ഷോട്ട് എടുത്തിട്ടുണ്ട്. ഞാന്‍ ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ വിഷ്വലി എനിക്ക് ഒരുപാട് താത്പര്യം ഉള്ള സിനിമയാണ് കളിയാട്ടം.

വലിയ ചിറകുള്ള പക്ഷികള്‍ നല്‍കിയ അനുഭവം
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ കഥ പറഞ്ഞ ഡോ. ബിജുവിന്റെ ഈ സിനിമയില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളെ ഷൂട്ട് ചെയ്തിരുന്നു. നമ്മളൊരിക്കലും കാണാന്‍ ആഗ്രഹിക്കുന്ന ദൃശ്യങ്ങള്‍ അല്ലത്. എന്നാല്‍ അവ യാഥാര്‍ത്ഥ്യങ്ങളാണ്. നമുക്കതില്‍ നിന്നും ഒളിച്ചോടാന്‍ കഴിയില്ല. വല്ലാത്ത ഹൃദയഭാരത്തോടെയാണ് ഞാന്‍ ഷൂട്ട് ചെയ്തത്. സിനിമ കണ്ടവര്‍ക്കും ഇതേ മാനസികാവസ്ഥയാണ് ഉണ്ടായത്. കുഞ്ചാക്കോ ബോബന്‍ ആ ചിത്രത്തില്‍ വളരെ മനോവിഷമം അനുഭവിച്ചാണ് അഭിനയിച്ചത്. അദ്ദേഹത്തിന്റെ മുഖത്ത് നിന്നു പലപ്പോഴും ആ വേദന നമുക്ക് മനസ്സിലാകും. ജീവിതത്തിന്റെ ദൈന്യതയും നിസ്സഹായതയും എത്രകണ്ട് അനുഭവിക്കുന്നുണ്ട് ആ മനുഷ്യരെന്ന് ഓരോ നിമിഷവും ഞങ്ങള്‍ക്ക് ബോധ്യപ്പെടുകയായിരുന്നു. വല്ലാത്തൊരു അനുഭവം തന്നെയാണത്. അവ ഒരിക്കലും തന്നെ ഉള്ളില്‍ നിന്ന് ഫെയ്ഡ് ഔട്ട് ആവുകയുമില്ല.

സിനിമയുടെ രണ്ട് ഘട്ടങ്ങളെ പരിചയപ്പെടാന്‍ സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സാങ്കേതികമായി ഉണ്ടായിരിക്കുന്ന മാറ്റങ്ങളെ എങ്ങനെ കാണുന്നു
കാമറയുടെ രണ്ടു കാലഘട്ടത്തില്‍ അത് ഉപയോഗിച്ചയാളാണ് ഞാന്‍. ഫിലിം ഉപയോഗിച്ചുള്ള ഷൂട്ടിംഗ് അത്രയെളുപ്പമല്ല. ലൈറ്റ് വളരെ പ്രധാനപ്പെട്ട ഘടകമായി മാറുന്നു. ഡിജിറ്റല്‍ ഘട്ടത്തില്‍ പ്രവര്‍ത്തനം എളുപ്പമായിട്ടുണ്ട്. ലൈറ്റിംഗ്, എക്‌സ്‌പോഷര്‍ എന്നിവയുടെയൊക്കെ കാര്യത്തില്‍ ഫിലിം ഉപയോഗിച്ചുള്ള ഷൂട്ടിംഗ് പ്രയാസകരമായി മാറുന്നു. ഡിജിറ്റലില്‍ തിരുത്തലുകള്‍ സാധ്യമാണ്.

ഛായഗ്രഹണരംഗത്തെ പുതിയ തലമുറ
സാങ്കേതികമായി ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതിനനുസരിച്ചുള്ള സൗകര്യങ്ങള്‍ പുതിയതലമുറ കാമറമാന്‍മാര്‍ക്ക് ലഭിക്കുന്നുണ്ട്. പ്രഗത്ഭരായ ഒട്ടധികം പേര്‍ ഇന്നു നമ്മുടെ ഇന്‍ഡ്രസ്ട്രിയില്‍ ഉണ്ട്. ബോളിവുഡില്‍പോലും മലയാളി ഛായാഗ്രഹകര്‍ ശ്രദ്ധേയരാകുന്നൂ.

സമാന്തരസിനിമകളുടെ ഭാഗമായി നില്‍ക്കുന്നത് മനപൂര്‍വമാണോ?
കൊമേഴ്‌സ്യല്‍ സിനിമക്കാര്‍ എന്നെ വിളിക്കുന്നില്ല എന്നതാണ് കാരണം. വളരെ കുറവാണ് ഞാന്‍ ഇത്തരം സിനിമകള്‍ക്കുവേണ്ടി ജോലി ചെയ്തിട്ടുള്ളത്.  അതെന്റെ തീരുമാനം അല്ല, വളരെ കുറച്ചെ അവര്‍ എന്നെ വിളിച്ചിട്ടുള്ളൂ. ഞാന്‍ ചെയ്ത സ്ത്രീധനം എന്ന ചിത്രം നൂറുദിവസം ഓടിയ സിനിമയാണ്. എന്നിരുന്നാലും സമാന്തര സിനിമകള്‍ ചെയ്യാനാണ് എനിക്ക് കൂടുതല്‍ താത്പര്യം. ഒരു ഛായാഗ്രാഹകന്‍ എന്ന നിലയില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ സാധിക്കുക സമാന്തര സിനിമകളില്‍ ആണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

പുതിയതലമുറയോട് പറയാനുള്ളത്.
ഛായാഗ്രാഹകന്‍ പ്രകൃതിയുടെ നിരീക്ഷകനായിരിക്കണം. പ്രകൃതിയില്‍ നിന്നും നമുക്ക് പഠിക്കാവുന്ന ചില പാഠങ്ങളുണ്ട്. പ്രകൃതിയില്‍ നിന്നും കിട്ടുന്ന കാഴ്ച്ചകള്‍, പ്രകാശം, എന്നിവയൊക്കെ ഛായാഗ്രാഹകനെ ഒത്തിരി സഹായിക്കും. പ്രകൃതിയെ സ്‌നേഹിക്കുക, പ്രകൃതിയെ പഠിക്കാന്‍ ശ്രമിക്കുക. ഛായാഗ്രാഹകരോട് മാത്രമല്ല എല്ലാവരോടും എനിക്ക് പറയാനുള്ളതും ഇതാണ്.

( മാധ്യമ വിദ്യാര്‍ത്ഥിയാണ് ഷെഫീദ് ഷെരീഫ്)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍