UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രി, താങ്കള്‍ അന്നു പറഞ്ഞ ‘അവതാരം’ തൊട്ടടുത്തുണ്ട്

ഡി. ധനസുമോദ്

ഇ.കെ. നായനാർ മന്ത്രിസഭയുടെ കാലത്താണ് ഐസ്ക്രീം പെൺവാണിഭം പുറത്തു വരുന്നത്. മുസ്‌ലിംലീഗ് മാത്രമല്ല യുഡിഎഫ് ഒന്നാകെ ഉലഞ്ഞു പോയി. മുസ്‌ലിംലീഗിലെ  കരുത്തനായ പി. കെ. കുഞ്ഞാലിക്കുട്ടി വളരെ പെട്ടെന്നു മുന്നണിക്ക് ബാധ്യത ആയി. സ്വന്തം മുന്നണി പോലും മുഖംതിരിച്ചു നില്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തെ രക്ഷിച്ചത് അന്നത്തെ ഇടതുപക്ഷ സർക്കാരിന്റെ അഡ്വക്കേറ്റ് ജനറൽ ആയിരുന്ന എം. കെ. ദാമോദരന്റെ നിയമോപദേശം ആയിരുന്നു. കേസിൽ നിന്നും കുഞ്ഞാലിക്കുട്ടിയെ ഊരിയെടുക്കാൻ ദാമോദരൻ വക്കീൽ എന്തിനു നിയമോപദേശം നൽകിയെന്ന് വ്യക്തമാകാൻ 2010 വരെ കാത്തിരിക്കേണ്ടി വന്നു. തെളിവ് നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുമൊക്കെ കൂട്ടുനിന്ന കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനും ബന്ധുവും ആയ കെ. എം. റൗഫ് ഇന്ത്യാവിഷൻ വാർത്താ ചാനലിലൂടെ വിളിച്ചു പറഞ്ഞപ്പോൾ കുഞ്ഞാലിക്കുട്ടിയോടൊപ്പം പെട്ടുപോയവരുടെ പട്ടിക കണ്ടു കേരളം ഞെട്ടി. 

ഹൈക്കോടതി ജഡ്ജിമാരായിരുന്ന കെ. നാരായണക്കുറുപ്പ് , ജസ്റ്റിസ് കെ. തങ്കപ്പൻ, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരുടെ ഒപ്പമാണ് എം. കെ. ദാമോദരനും കുടുങ്ങിയത്. കേസിൽ നിന്നും രക്ഷിച്ചെടുത്തതിനെ പ്രതിഫലതുക എൻ ആർ ഐ വഴി ദാമോദരനെ തേടി എത്തുകയായിരുന്നു. സുപ്രീം കോടതിയിൽ വിഎസ് നൽകിയ ഐസ്ക്രീം അട്ടിമറി കേസ് സിബിഐ അന്വഷിച്ചാൽ കേസിൽ ഇടപെട്ട 22 പ്രമുഖരും ഒരേ പോലെ വെട്ടിലാകുമായിരുന്നു. സിപിഎം നടത്തുന്ന കേസിൽ പരാതിക്കാരനായ വിഎസിനെ തള്ളിപ്പറയാൻ സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ തയ്യാറായതിനു പിന്നിൽ ആരാണെന്ന് പകൽപോലെ വ്യക്തം.

മുഖ്യമന്ത്രിയുടെ ഉപദേശകനായി പ്രവർത്തിക്കുന്ന എം കെ ദാമോദരൻ പ്രതിഫലം കൈപ്പറ്റുന്നില്ല എന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. കാശ് ആയി ലഭിക്കുന്നില്ലെങ്കിലും അധികാരം വലിയ ആനുകൂല്യം തന്നെ ആണ്. കോടതിയുമായി ബന്ധപ്പെട്ട സർക്കാരിന്റെ ഫയൽ വിളിച്ചു വരുത്താൻ മുഖ്യമന്ത്രിയുടെ നിയമ ഉപദേഷ്ടാവിനുള്ള അധികാരം വളരെ വിപുലമാണ്. ഇത്തരം ഒരു കസേര ലഭിച്ചാല്‍ മാസാമാസം ലക്ഷം രൂപ അങ്ങോട്ടു നൽകി പദവി ഏറ്റെടുക്കാന്‍ താത്പര്യമുള്ള നൂറു വക്കീലന്മാരെ എങ്കിലും കണ്ടുപിടിക്കാൻ കഴിയും.  

എ ജി യുടെ തലക്കു മുകളിലൂടെ ആണ് തീരുമാനം എടുപ്പിക്കുന്നത്. കഴിഞ്ഞ ഇടതു പക്ഷ സർക്കാരിന്റെ കാലത്തും ശമ്പളം വാങ്ങാത്ത ഉപദേശകർ ഉണ്ടായിരുന്നു. വിഎസിന്റെ ഐടി ഉപദേഷ്ടാവ് ആയിരുന്ന ജോസഫ് മാത്യു ഉദാഹരണം. അദ്ദേഹത്തെ പുകച്ചു പുറത്തു ചാടിച്ചതു പാർട്ടി കമ്മറ്റിയിൽ എടുത്ത തീരുമാനത്തിൽ ആയിരുന്നു. ശമ്പളം വാങ്ങാത്തതു കൊണ്ടു അവിടെ തുടർന്നു പോകട്ടെ എന്നു അന്ന് ആരും കരുതിയില്ലല്ലോ.

ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി എം കെ ദാമോദരൻ ഹാജരായതിനെ ന്യായീകരിക്കാൻ ഇപ്പോൾ പറയുന്ന വാദമുഖങ്ങൾ വളരെ ദുർബലമാണ്. അഭിഭാഷകൻ ആയതു കൊണ്ടു ആർക്കു വേണ്ടിയും ഹാജരാകേണ്ടി വരും, മുന്നിൽ കക്ഷി മാത്രമേയുള്ളു. അതിൽ പോക്കറ്റടിക്കാരനും ബലാൽസംഗ പ്രതിയും കൈകൂലിക്കാരും കൂട്ടിക്കൊടുപ്പുകാരനും സ്പിറിറ്റ് രാജാവും ഒക്കെ ഉണ്ടാകാം. കക്ഷികൾക്ക് വേണ്ടി ഹാജരാകുന്നത് തൊഴിലാണ് എന്നു ഇവർ ചൂണ്ടിക്കാട്ടുന്നു. പക്ഷെ ഒരു കാര്യം കൂടി ഓർക്കണം. ഇത്തരം കളങ്കിതർക്കു വേണ്ടി ഹാജരാകാൻ എത്തിയപ്പോഴാണ് മുൻകേന്ദ്ര മന്ത്രി കപിൽ സിബൽ മുൻകേന്ദ്ര മന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം എന്നിവർക്കെതിരെയും ധാർമികതയുടെ കൊടി നമ്മള്‍  ഉയർത്തിക്കാട്ടിയത്.

സംസ്ഥാനവും സാന്റിയാഗോ മാര്‍ട്ടിനും തമ്മിലുള്ള നിയമ പോരാട്ടത്തില്‍ 2010ൽ മനു അഭിഷേക് സിംഘ്‌വി ഹാജരായപ്പോൾ  കരിങ്കൊടി ആയിട്ടായിരുന്നു നേരിട്ടത്. ഡൽഹിയിലെ മികച്ച അഭിഭാഷകൻ ആയ സിംഘ്‌വി അന്ന് കേന്ദ്രം ഭരിച്ച യുപിഎ സർക്കാരിന്റെ ഒരു പദവിയിലും ഉണ്ടായിരുന്നില്ല. എന്നിട്ടും ചാനൽ ചർച്ചയിൽ ഒത്തുതീർപ്പിന്റെ വക്താക്കളായി ചിത്രീകരിച്ചു കോൺഗ്രസ് പ്രതിനിധികളെ ഇടതുപക്ഷം ചുരുട്ടിക്കെട്ടി. ആകെ  ഉണ്ടായിരുന്ന കോൺഗ്രസ് വക്താവ് പദവിയിൽ നിന്നും അദ്ദേഹത്തെ മാറ്റി നിർത്തണം എന്നു ആവശ്യപ്പെട്ടു എ ഐ സി സി ക്കു കേരളത്തിൽ നിന്നും ഫാക്സ് സന്ദേശം പ്രവഹിച്ചു.

മറ്റൊരു സംഭവം സുപ്രീം കോടതിയിലെ സംസ്ഥാന സർക്കാർ സ്റ്റാൻഡിങ് കൗൺസൽ ആയിരുന്ന എം ടി ജോർജ് ഒരു വനം കേസിൽ സംസ്ഥാന സർക്കാരിന് എതിരായി ഹാജരായത് ആയിരുന്നു. അഡ്വക്കേറ്റ് രമേശ് ബാബു ആയിരുന്നു സർക്കാരിന് വേണ്ടി ഹാജരായത്. എം ടി ജോർജിനെതിരെ എം എൽ എ മാർ പൊട്ടിത്തെറിച്ചു. സർക്കാർ സ്റ്റാൻഡിങ് കൗൺസൽ ആകുന്നതിനു മുൻപേ ഉള്ള കക്ഷിയുടെ കേസ് ആണെന്നും നിയമപരമായി തെറ്റില്ലെന്നും ഒക്കെ പറഞ്ഞാണ് എം ടി ജോർജ് പിടിച്ചു നിൽക്കാൻ ശ്രമിച്ചത്.

കോൺഗ്രസ് ഭരിച്ച പോലെ ഭരിക്കാനല്ലല്ലോ ഇടതു സർക്കാരിനെ ജനങ്ങൾ അധികാരത്തിലേറ്റിയത്. എം കെ ദാമോദരന് ആർക്കു വേണ്ടിയും ഹാജരാകാം. നിയമ പരമായി തെറ്റില്ല. പക്ഷെ മുഖ്യമന്ത്രിയുടെ നിയമ ഉപദേശകനായി ഇരുന്നു കൊണ്ടു ലോട്ടറി രാജാവിന് വേണ്ടി ഹാജരാകുന്നതിനെ പച്ച മലയാളത്തിൽ പോക്കണംകേട് ആണ്. കോൺഗ്രസ്സുകാർ കാണിച്ച മര്യാദ എങ്കിലും സിപിഎം കാണിക്കണം.  കോടിക്കണക്കിനു രൂപയുടെ സ്വത്ത്  ജപ്തി ചെയ്യാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ആണ് വക്കാലത്തുമായി എംകെഡി എന്ന എം കെ ദാമോദരൻ ലോട്ടറിരാജാവിനു വേണ്ടി കോടതി കയറി ഇറങ്ങുന്നത്.

കുറച്ചുകാലമെങ്കിലും വക്താവ് സ്ഥാനത്തിന്റെ പടിക്കു പുറത്തു സിംഘ്‌വിയെ ഇരുത്താൻ വി. ഡി. സതീശനും രമേശ് ചെന്നിത്തലക്കും കഴിഞ്ഞു. ഐസ്ക്രീം കേസിൽ വിഎസിനെതിരായും ലോട്ടറി കേസിൽ സർക്കാരിന് എതിരായും നീങ്ങുന്ന എം.കെ. ദാമോദരനും സംഘത്തിനും ഇടതും വലതും ഭേദമില്ല. ഇവർക്ക് പക്ഷമില്ല ഉള്ളത് താല്പര്യങ്ങൾ മാത്രം. ഇങ്ങനെ ഉള്ള ആളുകളെ ഉപദേഷ്ടാവ് കസേരയിൽ തുടരാൻ അനുവദിക്കണോ എന്നു തീരുമാനിക്കേണ്ടത് മുഖ്യമന്ത്രി ആണ്. അടച്ചുപൂട്ടിയ സ്‌കൂൾ ഏറ്റെടുത്തും ദേവസ്വം ബോർഡിൽ നിയമനത്തിനായി പിഎസ്‌സിയെ ഏർപ്പെടുത്തിയും സത്യസന്ധരായ ഉദ്യോഗസ്ഥരെ താക്കോൽ സ്ഥാനത്തു ഇരുത്തിയും വിപ്ലവകരമായ തീരുമാനങ്ങൾ  ദിവസങ്ങൾക്കുള്ളിൽ  എടുത്ത സർക്കാരിനെ ജനങ്ങൾ  ഹൃദയത്തോട് ചേർത്തു വച്ചിരിക്കുകയാണ്. നിങ്ങളുടെ മുന്നിൽ വരുന്ന ഓരോ ഫയലും ഓരോ ജീവിതമാണ് എന്നു ഉദ്യോഗസ്ഥരോട്  പറഞ്ഞപ്പോൾ ഓരോ പൗരന്‍റെയും നാവായി മുഖ്യമന്ത്രി മാറുകയായിരുന്നു. അത്രമേൽ ഇഷ്ടപ്പെട്ടുപോയി ഈ സർക്കാരിനെ. അതുകൊണ്ടു ജനങ്ങളുടെ വികാരത്തെ മുറിവേൽപ്പിക്കാത്ത ആളുകളെയാണ് ഭരണാധികാരികൾ ഉപദേശകരായി തെരഞ്ഞെടുക്കേണ്ടത്. 

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍